Wednesday, June 15, 2011

അഭയകേസ്: ആശങ്കയുണര്‍ത്തി പുതിയ നിയമപ്രശ്നങ്ങള്‍

സിസ്റ്റര്‍ അഭയ ലൈംഗികപീഡനത്തിനിരയായെന്ന സംശയം ശക്തമായ സാഹചര്യത്തില്‍ കേസിന്റെ ഭാവിയെക്കുറിച്ച് ആശങ്ക വര്‍ധിപ്പിക്കുന്നു. കുറ്റപത്രത്തിലെ സിബിഐ കണ്ടെത്തലും രാസപരിശോധനാറിപ്പോര്‍ട്ടിലെ തിരുത്തലും കേസില്‍ പുതിയ നിയമപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന തിരുവനന്തപുരത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നിരീക്ഷണം സിബിഐ കോടതിയില്‍ സിബിഐ നല്‍കിയ കുറ്റപത്രത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ബലാല്‍സംഗം നടന്നിട്ടുണ്ടോ എന്ന് തുടരന്വേഷണം നടത്തിയാല്‍മാത്രമേ വ്യക്തമായി അറിയാന്‍ സാധിക്കൂ എന്ന് നിയമവൃത്തങ്ങള്‍ പറയുന്നു. സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ ഒരിടത്തും കൊല്ലപ്പെടുംമുമ്പ് അഭയ ലൈംഗികപീഡനത്തിന് ഇരയായെന്ന് പറഞ്ഞിട്ടില്ല. പക്ഷേ അഭയയുടെ ആന്തരികാവയവങ്ങളില്‍ പുരുഷബീജം കണ്ടെത്തിയെന്ന രാസപരിശോധനാറിപ്പോര്‍ട്ട് തിരുത്തിയെന്ന് കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയ സാഹചര്യത്തിലാണ് പീഡനം നടന്നെന്ന സംശയം ശക്തിപ്പെട്ടത്. അഭയയുടെ രാസപരിശോധനാറിപ്പോര്‍ട്ടില്‍ പുരുഷബീജം പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയത് നെഗറ്റീവ് എന്നാക്കിയതടക്കം എട്ട് തിരുത്തുകള്‍ നടത്തിയെന്നാണ് കണ്ടെത്തിയത്. ചീഫ് കെമിക്കല്‍ എക്സാമിനര്‍ ഡോ. ഗീതയും കെമിക്കല്‍ അനലിസ്റ്റ് ഡോ. ചിത്രയും ഇക്കാര്യത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആയിരുന്ന ചെറിയാന്‍ വര്‍ഗീസ് കണ്ടെത്തിയിരുന്നു.

വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയ കേസിന്റെ വിചാരണ തിരുവനന്തപുരം സിജെഎം കോടതിയില്‍ നടക്കുമ്പോള്‍ ഫാ. തോമസ് എം കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും സിസ്റ്റര്‍ സെഫിയും ഉള്‍പ്പെട്ട കൊലക്കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയില്‍ സമാന്തരമായി നടക്കും. രണ്ടു കേസും പരസ്പരബന്ധിതമായതിനാല്‍ സംയുക്ത വിചാരണയാകാമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പല ഘട്ടങ്ങളിലായി മൂന്നുതവണ മൂന്ന് ജഡ്ജിമാര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത്രയും അന്വേഷണങ്ങള്‍ നടന്നിട്ടും വര്‍ക്ക് രജിസ്റ്ററിലെ തിരുത്തലിനെക്കുറിച്ചും ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടോ എന്നതിനെക്കുറിച്ചും സിബിഐ അന്വേഷണം നടത്തിയില്ല. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ അഭയയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 10ന്ആന്തരികാവയവങ്ങളുടെ രാസപരിശോധനയ്ക്കായി തിരുവനന്തപുരത്തെ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ എത്തിച്ചു. ആദ്യപരിശോധനാറിപ്പോര്‍ട്ട് ഏപ്രില്‍ 18ന് പ്രതികള്‍ തിരുത്തി എന്നാണ് കോടതി കണ്ടെത്തിയത്. കൊലപാതകം നടന്നതുമുതല്‍ കേസിനെ അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമം നടത്തിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കേസ് ആത്മഹത്യയാണെന്ന് എഴുതിത്തള്ളാന്‍ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു പോലും ഇടപെട്ടു എന്നും ആരോപണം ഉയര്‍ന്നു. അഭയ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

deshabhimani 150611

1 comment:

  1. സിസ്റ്റര്‍ അഭയ ലൈംഗികപീഡനത്തിനിരയായെന്ന സംശയം ശക്തമായ സാഹചര്യത്തില്‍ കേസിന്റെ ഭാവിയെക്കുറിച്ച് ആശങ്ക വര്‍ധിപ്പിക്കുന്നു. കുറ്റപത്രത്തിലെ സിബിഐ കണ്ടെത്തലും രാസപരിശോധനാറിപ്പോര്‍ട്ടിലെ തിരുത്തലും കേസില്‍ പുതിയ നിയമപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും

    ReplyDelete