Friday, May 17, 2013

ആയുധംകൊണ്ടുള്ള മുറിവുകള്‍ 15 മാത്രം


ടി പി ചന്ദ്രശേഖരന്റെ ശരീരത്തില്‍ ഉണ്ടായത് ആയുധംകൊണ്ടുള്ള 15 മുറിവുകളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം അസി. പ്രൊഫസറും അസി. പൊലീസ് സര്‍ജനുമായ ഡോ. സി സുജിത് ശ്രീനിവാസിനെ വിസ്തരിക്കുമ്പോഴാണ് മുറിവുകളുടെ യഥാര്‍ഥ വിവരം പുറത്തുവന്നത്. ഈ റിപ്പോര്‍ട്ട് കോടതിക്കു മുന്നിലെത്തിയതോടെ ചന്ദ്രശേഖരന്റെ ദേഹത്ത് 51 വെട്ട് ഏറ്റെന്ന മാധ്യമ-പൊലീസ് പ്രചാരണം പൊളിഞ്ഞു. ഒന്നുമുതല്‍ 7 വരെയും 10 മുതല്‍ 13 വരെയുമുള്ള മുറിവുകളാണ് മൂര്‍ച്ചയേറിയ ആയുധമേറ്റുണ്ടായത്. 8, 9, 14, 15 മുറിവുകള്‍ മൂര്‍ച്ചയില്ലാത്ത ഭാഗം കൊണ്ടുള്ള നിസ്സാര പരിക്കാണ്. മൊത്തം 27 മുറിവാണുണ്ടായിരുന്നത്. 16 മുതല്‍ 27 വരെയുള്ള മുറിവുകള്‍ പരുപരുത്ത പ്രതലത്തില്‍ നടന്ന പിടിവലിയെത്തുടര്‍ന്നുണ്ടായതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താമരശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ബിജുരാജ് തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ചന്ദ്രശേഖരന് 51 പരിക്ക് ഏറ്റെന്നാണുള്ളത്. ഇതു വ്യാഖ്യാനിച്ചാണ് മാധ്യമങ്ങള്‍ പൊലീസ് സഹായത്തോടെ 51 വെട്ടെന്നു പ്രചാരണഘോഷം നടത്തിയത്. 51 പരിക്ക് വിവരിച്ചുള്ള ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പോസ്റ്റ്മോര്‍ട്ടത്തിനുമുമ്പ് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിന് പൊലീസ് കൈമാറിയിരുന്നു. എന്നാല്‍, ഫോറന്‍സിക് സര്‍ജന്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍പോലും 27 പരിക്കു മാത്രമേ കണ്ടെത്താനായുള്ളൂ എന്ന വിവരമാണ് കോടതിയില്‍ വ്യക്തമായത്.

2012 മെയ് അഞ്ചിന് 11.40 മുതല്‍ രണ്ടുവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ ഡോക്ടര്‍ മൊഴി നല്‍കി. മരമുപയോഗിച്ചുള്ള മൂര്‍ച്ചയുള്ള ആയുധം കൊണ്ടാലും ഇത്തരം പരിക്കുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ ഡോക്ടര്‍ ബോധിപ്പിച്ചു. കൊലയ്ക്കുപയോഗിച്ചതായി ആരോപണമുള്ള ആയുധങ്ങള്‍ കോടതി അനുമതിയോടെ തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ ചെന്നാണ് പരിശോധിച്ചത്. എന്നാല്‍, താന്‍ അപേക്ഷ നല്‍കിയിട്ടില്ല. പരിശോധന സംബന്ധിച്ച ഒരു റിപ്പോര്‍ട്ടും കോടതിയില്‍ നല്‍കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. പരിശോധനയ്ക്ക് തിരുവനന്തപുരത്ത് പോകുമ്പോള്‍ രണ്ട് പൊലീസുകാര്‍ കൂടെ വന്നിരുന്നു. നീളമുള്ള വാളുപയോഗിച്ചുള്ള വെട്ടാണ് മരണകാരണമെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടോയെന്ന് ഓര്‍മയില്ലെന്നും 136-ാം സാക്ഷിയായ ഡോക്ടര്‍ മൊഴി നല്‍കി.

വടകര ഗവ. ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സി കെ ആനന്ദിനെ 137-ാം സാക്ഷിയായും വിസ്തരിച്ചു. ചന്ദ്രശേഖരന്‍ മരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തിയ ഡോക്ടറെന്ന നിലയ്ക്കാണ് ആനന്ദിനെ സാക്ഷിയാക്കിയത്. മരിച്ചുവെന്ന് ഉറപ്പിക്കുമ്പോള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ഡോക്ടര്‍ മൊഴി നല്‍കി. രാത്രി 10.51നാണ് ആളെ കൊണ്ടുവന്നത്. മരണം സ്ഥിരീകരിച്ചശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മരിച്ചുവെന്ന് തിരിച്ചറിഞ്ഞാല്‍ ഇന്‍ക്വസ്റ്റിനുമുമ്പ് സാധനങ്ങള്‍ എടുക്കരുതെന്ന് അറിയാമെന്ന് പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ സാക്ഷി ബോധിപ്പിച്ചു. എന്നാല്‍, ഷര്‍ട്ടിന്റെ കീശയിലുള്ള സാധനങ്ങളും മറ്റും എടുത്ത് പൊലീസിനെ ഏല്‍പ്പിച്ചത് എസ്ഐ ആവശ്യപ്പെട്ടിട്ടാണ്. ഇത്തരം സാഹചര്യത്തില്‍ എസ്ഐയുടെ നിര്‍ദേശം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്ന് അറിയാമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, എം അശോകന്‍, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരും പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരനും സാക്ഷികളെ വിസ്തരിച്ചു. കേസ് ഡയറിയിലെ 236, 272, 273 സാക്ഷികളെ വെള്ളിയാഴ്ച വിസ്തരിക്കും.
(പി വിജയന്‍)

മുല്ലപ്പള്ളി കേരള പൊലീസിനെ അവഹേളിക്കുന്നു: തിരുവഞ്ചൂര്‍

തിരു: ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ കേരള പൊലീസിനെ അവഹേളിക്കുന്നതാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തിലാണ് തിരുവഞ്ചൂര്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചത്. വിചാരണ നടക്കുമ്പോഴുള്ള ആക്ഷേപം കേസിനെ ദുര്‍ബലപ്പെടുത്താനാണ്. കേസന്വേഷണത്തില്‍ ഒത്തുകളി നടന്നതായി മുല്ലപ്പള്ളിക്ക് തോന്നുന്നുണ്ടെങ്കില്‍ അദ്ദേഹം അന്വേഷിക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

എന്തിനാണിപ്പോള്‍ ഇത്തരം വിവാദം കുത്തിപ്പൊക്കുന്നത്. പ്രതികളോടില്ലാത്ത വാശി അന്വേഷണസംഘത്തോട് കാട്ടുന്നത് എന്തിന്. അന്വേഷണസംഘം നൂറു ശതമാനവും അഭിനന്ദനാര്‍ഹമായ രീതിയിലാണ് കേസന്വേഷിച്ചത്. ഈ കാര്യത്തില്‍ അവരെ അഭിനന്ദിക്കാന്‍ ഈ വിമര്‍ശകരാരും ഉണ്ടായില്ല. വിചാരണ നടക്കുന്ന കേസ് സിബിഐക്ക് വിടണമെന്ന വാദം അംഗീകരിക്കാനാകില്ല. വിചാരണകോടതിയിലുള്ള കേസ് സിബിഐക്ക് വിടാനാകില്ലെന്ന് ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ വിധി സമീപകാലത്താണുണ്ടായത്. മുമ്പ് സിബിഐ അന്വേഷണം ആവശ്യപ്പെടാത്തവര്‍ വിചാരണ നടക്കുമ്പോള്‍ ഈ ആവശ്യം ഉന്നയിക്കുന്നത് എന്തിനാണ്. വിചാരണവേളയില്‍ പുതിയ തെളിവുകള്‍ ലഭിക്കുകയോ അന്വേഷണസംഘത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യുകയോ ചെയ്യാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം നടത്തേണ്ട കാര്യമില്ല. പുതിയ തെളിവുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തരുന്നതിന് പകരം പറഞ്ഞ് പറഞ്ഞ് തങ്ങളെ പ്രലോഭിപ്പിക്കരുതെന്ന് തിരുവഞ്ചൂര്‍ പരിഹസിച്ചു.

deshabhimani

No comments:

Post a Comment