Sunday, June 19, 2011

പൊതുമരാമത്ത് എസ്റ്റിമേറ്റ് അധികരിക്കല്‍ മന്ത്രിക്ക് പങ്കുണ്ടോയെന്ന് വ്യക്തമാക്കണം: ഐസക്

പൊതുമരാമത്ത് വകുപ്പില്‍ അഴിമതിക്ക് കളമൊരുക്കുന്നതിനുള്ള നീക്കം വകുപ്പ് മന്ത്രിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്ന് മുന്‍ മന്ത്രി ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ച് അഴിമതി നടത്താനാണ് നീക്കം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതി ഇല്ലാതാക്കാന്‍ നടപ്പാക്കിയ എല്ലാ നടപടിക്രമങ്ങളും തകര്‍ക്കുന്ന സമീപനമാണ് പുതിയ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വകുപ്പിലെ അഴിമതിയുടെ പ്രധാന മേഖല എസ്റ്റിമേറ്റ് തുക അധികരിക്കല്‍ നടപടിയാണ്. പലപ്പോഴും എസ്റ്റിമേറ്റിന്റെ അമ്പത് ശതമാനംവരെ വര്‍ധിപ്പിച്ചുനല്‍കുന്ന സംവിധാനം വകുപ്പിലുണ്ടായിരുന്നു. ഇതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായി ഇടപെട്ടു. 2010 മേയില്‍ സര്‍ക്കാര്‍ എസ്റ്റിമേറ്റ് അധികരിക്കല്‍ അവസാനിപ്പിച്ചു. ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറായില്ലെങ്കില്‍ നേരിട്ട് പുനര്‍ ടെന്‍ഡറിന് അനുവാദം നല്‍കി. ഇതോടെ റോഡ് നിര്‍മാണത്തിനുള്ള ടെന്‍ഡറുകളില്‍ എസ്റ്റിമേറ്റിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് കരാര്‍ ഉറപ്പിക്കാനായി. കോട്ടയം ജില്ലയില്‍ എസ്റ്റിമേറ്റില്‍ നിന്ന് 23 ശതമാനം വരെ കുറഞ്ഞ തുകയ്ക്ക് കരാര്‍ ഉറപ്പിക്കാനായി.

കരാറുകാര്‍ക്ക് കൃത്യമായി പണം നല്‍കിയും വര്‍ഷാവര്‍ഷം പൊതുമരാമത്ത് നിരക്ക് പരിഷ്കരിച്ചുമാണ് അധിക തുക നല്‍കല്‍ ഒഴിവാക്കിയത്. ഇ- ടെന്‍ഡര്‍ സംവിധാനത്തിലൂടെ ഫോറം ലഭ്യമാക്കിയത് കരാറുകാരുടെ ലേലംവിളി ഒഴിവാക്കി. ഈ സംവിധാനങ്ങളെല്ലാം ഇപ്പോള്‍ അട്ടിമറിക്കപ്പെടുകയാണ്. ഫെബ്രുവരി മുതലുള്ള ബില്‍ തുക കരാറുകാര്‍ക്ക് നല്‍കാനുണ്ട്. ട്രഷറിയില്‍ പണം ഇല്ലാത്തതിനാലാണോ ബില്‍തുക നല്‍കാത്തതെന്ന് ധന മന്ത്രി വ്യക്തമാക്കണം. നിരക്ക് പരിഷ്കരണത്തിന് വലിയ അധ്വാനമൊന്നും ആവശ്യമില്ല. ടാര്‍ , മെറ്റല്‍ , സിമന്റ്, കമ്പി, ഇഷ്ടിക തുടങ്ങിയ പരിമിത ഇനങ്ങളില്‍മാത്രമാണ് നിരക്ക് പരിഷ്കരണം കാര്യമായിട്ടുള്ളത്. ഇത് സാധ്യമല്ലെന്ന് പറയുന്നത് അഴിമതിക്കുവേണ്ടിയാണ്- തോമസ് ഐസക് പറഞ്ഞു.

ദേശാഭിമാനി 180611

1 comment:

  1. പൊതുമരാമത്ത് വകുപ്പില്‍ അഴിമതിക്ക് കളമൊരുക്കുന്നതിനുള്ള നീക്കം വകുപ്പ് മന്ത്രിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്ന് മുന്‍ മന്ത്രി ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete