ചങ്ങനാശേരി: 50 ശതമാനം വിദ്യാര്‍ഥികളോട് ഇരട്ടി ഫീസ് വാങ്ങി മറ്റ് 50 ശതമാനം വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ സ്വാശ്രയ നിലപാടിനെതിരെ ചിലര്‍ രംഗത്തു വരുന്നതില്‍ ദുരൂഹതയുണ്ട്. 50:50 എന്ന നിലപാട് 18 വര്‍ഷം മുമ്പ് കോടതി വിധിയില്‍ വന്ന ധാരണയാണ്. ഈ നിലപാട് സുപ്രീംകോടതി റദ്ദാക്കി. കോടതി റദ്ദാക്കിയ നിലപാട് തുടരണമെന്നു പറയുന്നവര്‍ ജനാധിപത്യത്തെയും കോടതിയേയും വെല്ലുവിളിക്കുകയാണ്. എല്ലാ വിഭാഗങ്ങളും ചര്‍ച്ചചെയ്ത് തെറ്റിദ്ധാരണ മാറ്റി അഭിപ്രായ രൂപീകരണം സാധിക്കണമെങ്കില്‍ കാലതാമസമുണ്ടാകും. ആ സാഹചര്യത്തിലാണ് കോടതികള്‍ പരോക്ഷമായിട്ടെങ്കിലും അംഗീകരിച്ച വ്യവസ്ഥ ഈ വര്‍ഷം തുടരണമെന്ന് ധാരണയായത്. മാസങ്ങള്‍ക്കുളളില്‍ ധാരണയുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം യുഡിഎഫ് വാണിജ്യവല്‍ക്കരിക്കുന്നു കോടിയേരി
കൊച്ചി: വിദ്യാഭ്യാസരംഗം വാണിജ്യവല്‍ക്കരിക്കാനുള്ള നയമാണ് യുഡിഎഫ്സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെഎംസിഎസ്യു സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മുതലാളിമാര്‍ക്ക് തീറെഴുതി കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എംബിബിഎസ്, പിജി മെറിറ്റ് സീറ്റുകളില്‍ കൂടി മാനേജ്മെന്റുകള്‍ക്ക് പ്രവേശനം നടത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയതിലൂടെ സ്വാശ്രയ കോളേജുകളില്‍ അമ്പതുശതമാനം സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നുള്ള ധാരണയാണ് അട്ടിമറിക്കപ്പെട്ടത്. മെറിറ്റ് സീറ്റുകളില്‍ കൂടി പ്രവേശനം നടത്തിയ ക്രിസ്റ്റ്യന്‍ മാനേജ്മെന്റ് അസോസിയേഷന്റെ നടപടിക്കെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോടിയേരി പറഞു
നഷ്ടപ്പെട്ടത് 800 മെറിറ്റ് സീറ്റ്: പി കെ ശ്രീമതി
സ്വാശയമാനേജ്മെന്റുമായി യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമായി എണ്ണൂറോളം വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് സീറ്റ് നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 45-ാം സംസ്ഥാന സമ്മേളനത്തില്‍ സോവനീര്‍ പ്രകാശനംചെയ്തു സംസാരിക്കുകയായിരുന്നു അവര്‍ .
ക്രിസ്ത്യന്‍ മാനേജ്മെന്റിന് പൂര്‍ണമായും കീഴടങ്ങുന്ന സമീപനം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതോടെ മെറിറ്റ് ക്വോട്ട ഇല്ലാതാകും. ഇതിലൂടെ സംസ്ഥാനത്ത് കുറഞ്ഞ ഫീസ് നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നഷ്ടപ്പെടും. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള മറ്റു സ്വാശ്രയ മാനേജ്മെന്റുകള്‍ കഴിഞ്ഞ വര്‍ഷംവരെ സര്‍ക്കാരുമായി ധാരണയുണ്ടായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴടങ്ങിയതോടെ വിദ്യാഭ്യാസരംഗത്ത് ഉണ്ടായിരുന്ന സാമൂഹ്യനീതി ഇല്ലാതാകുകയാണ്. കനത്ത എതിര്‍പ്പുകളെ അതിജീവിച്ചാണ് സംസ്ഥാനത്ത് ഒരുവിഭാഗം ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധിച്ചത്. തുടക്കത്തില്‍ എതിര്‍ത്തവര്‍പോലും പിന്നീട് ഇത് അംഗീകരിച്ചു. ഇക്കൂട്ടത്തില്‍പ്പെടാത്ത ചുരുക്കം ചിലര്‍ക്ക് യുഡിഎഫില്‍നിന്ന് കിട്ടിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ പ്രാക്ടീസ് വേണമെന്ന രീതിയില്‍ വീണ്ടും ചര്‍ച്ച ഉരുത്തിരിയുന്നത്. മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്കുമാത്രമാണ് സ്വകാര്യ പ്രാക്ടീസ് നിരോധിച്ചത്. പണത്തിന്റെ പിന്നാലെ പോകുന്ന അത്യാര്‍ത്തിയുള്ള കൂട്ടരാണ് പുതിയ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു.
എംഇഎസ് ആരോപണം ശരിയല്ല: അബ്ദുറബ്ബ്
മലപ്പുറം: ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്ന എംഇഎസ് ആരോപണം ശരിയല്ലെന്ന്് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ എല്ലാ മാനേജുമെന്റുകള്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങള്‍ പരിഗണിച്ച് മന്ത്രിസഭാ ഉപസമിതി അവസാന തീരുമാനമെടുക്കും.
ഇന്റര്‍ചര്‍ച്ച് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടയും: എംഎസ്എഫ്
കോഴിക്കോട്: സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന നിലപാട് തിരുത്തിയില്ലെങ്കില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് എംഎസ്എഫ്. തിങ്കളാഴ്ച തൃശൂര്‍ അമല കോളേജിലേക്ക് മാര്‍ച്ച് നടത്തുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസും ജനറല്‍ സെക്രട്ടറി ടി പി അഷ്റഫലിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടപ്പു വര്‍ഷം തന്നെ സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് സര്‍ക്കാര്‍ മാനദണ്ഡം ഏര്‍പ്പെടുത്തണം.
ദേശാഭിമാനി 190611
50 ശതമാനം വിദ്യാര്‍ഥികളോട് ഇരട്ടി ഫീസ് വാങ്ങി മറ്റ് 50 ശതമാനം വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ പ്രസ്താവനയില്‍ പറഞ്ഞു.
ReplyDelete