Friday, June 24, 2011

സ്മാര്‍ട്ട്‌സിറ്റിക്ക് ഐ ടി പാര്‍ക്ക് പദവി നഷ്ടമാകും

ഐ ടി, ഐ ടി അനുബന്ധ പാര്‍ക്ക് എന്ന പദവി സ്മാര്‍ട്ട്‌സിറ്റിക്ക് നഷ്ടമാകും. ഐ ടി ആവശ്യത്തിനായി 70 ശതമാനം ഭൂമിയും ഇതര ആവശ്യങ്ങള്‍ക്കായി 30 ശതമാനം ഭൂമിയും എന്ന കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ കരാര്‍ തിരുത്തിയതോടെയാണ് സേവനമേഖലയ്ക്ക് കൂടി പ്രാധാന്യമുള്ള സംരംഭമായി സ്മാര്‍ട്ട്‌സിറ്റി മാറിയത്. പൂര്‍ണമായും ഐ ടി തൊഴിലധിഷ്ഠിത പാര്‍ക്ക് എന്നതായിരുന്നു എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് കേന്ദ്ര സെസ് നിയമം ബാധകമാക്കാന്‍ തീരുമാനിച്ചതോടെ 50 ശതമാനം ഭൂമി ഐ ടി ആവശ്യത്തിനും 50 ശതമാനം ഭൂമി ഇതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ തത്വത്തില്‍ ടികോമിന് അനുമതി ലഭിച്ചിരിക്കുകയാണ്. നിലവിലെ കരാര്‍ അനുസരിച്ച് ടികോമിന് നല്‍കിയിരുന്ന 246 ഏക്കര്‍ ഭൂമിയോടൊപ്പം കിന്‍ഫ്രയുടെ നാലേക്കര്‍ ഭൂമി കൂടി ടികോമിന് നല്‍കാന്‍ തീരുമാനിച്ചതോടെ പദ്ധതി മേഖല സര്‍വീസസ് സെസിന്റെ പരിധിയില്‍ വരും. സ്‌കൂള്‍, ആശുപത്രി, ഫ്‌ളാറ്റുകള്‍ എന്നിവയ്ക്കുവേണ്ടിയും പദ്ധതി ഭൂമി വിനിയോഗിക്കാമെന്ന് ചുരുക്കം. എല്‍ ഡി എഫ് സര്‍ക്കാരുമായി ഫെബ്രുവരിയില്‍ ഒപ്പുവച്ച കരാറില്‍ 70:30 എന്ന അനുപാതത്തിന് ടികോം വഴങ്ങിയിട്ടും ഇപ്പോള്‍ ഇത് തിരുത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. 50 ശതമാനം ഭൂമി ഐ ടി ഇതര ആവശ്യങ്ങള്‍ക്കു വിട്ടുകൊടുക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം അടിസ്ഥാന കരാറിന്റെ ലംഘനമാണെന്ന് മുന്‍മന്ത്രി എസ് ശര്‍മ ജനയുഗത്തോട് പറഞ്ഞു. ടീകോം കൂടി അംഗീകരിച്ച സ്ഥിതിക്ക് കരാറിലെ ഈ ഭാഗം തിരുത്താനിടയായ സാഹചര്യം ദുരൂഹമാണ്. ഇത് റിയല്‍ എസ്റ്റേറ്റ് പ്രവണതയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂവെന്നും ശര്‍മ പറഞ്ഞു.

കിന്‍്രഫയുടെ ഭൂമി ഐടി ആവശ്യങ്ങള്‍ക്കുമാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കെ സര്‍വീസസ് സെസ് പദവി ലഭിക്കുന്നതിനായി നാല് ഏക്കര്‍ വിട്ടുകൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതിക്കായി അനുവദിച്ച 246 ഏക്കര്‍ ഭൂമിയില്‍ 136 ഏക്കറിന് സെസ് പദവി ലഭിച്ചിരുന്നു. 110 ഏക്കറിന് സെസ് പദവി ലഭിക്കാനുണ്ട്. ഇതിനൊപ്പം നാല് ഏക്കറുകൂടി ചേര്‍ത്ത്  സെസിന് അപേക്ഷ നല്‍കാന്‍ ടീകോമിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നാല് ഏക്കര്‍ ഭൂമിയുടെ വില സംബന്ധിച്ച വിവരം വ്യക്തമാക്കായിട്ടില്ല. 2006ല്‍ 246 ഏക്കര്‍ ഭൂമിക്ക് 35 കോടി രൂപമാത്രമാണ് വിലയായി അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ നിശ്ചയിച്ചത്. 2007 മെയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിടുമ്പേള്‍ ഭൂമിവിലയായി 104 കോടി രൂപ നല്‍കണമെന്ന ആവശ്യം ടീകോമിന് അംഗീകരിക്കേണ്ടിവന്നു. എന്നാല്‍ അപ്പോഴത്തെ ഭൂമിവില അനുസരിച്ച് 300 കോടി സര്‍ക്കാരിന് നഷ്ടപ്പെടുമെന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി അടക്കം ആക്ഷേപം ഉന്നയിച്ചത്. സര്‍ക്കാരുമായി അന്തിമ കരാറില്‍ ഒപ്പിടുമ്പോഴോ ദീര്‍ഘകാലത്തെ ചര്‍ച്ചകളിലോ നാല് ഏക്കര്‍ ഭൂമി കൂടുതല്‍ വേണമെന്ന ആവശ്യം ടീകോം ഉന്നയിച്ചിട്ടില്ല. ഐക്യകണ്‌ഠേന അംഗീകരിക്കപ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്ന് ടീകോം രേഖാമൂലം അറിയിച്ചിരുന്ന സ്ഥിതിക്ക് കരാറിന് പുറമേയുള്ള ആവശ്യങ്ങളും അനുവാദങ്ങളും വരുന്നതില്‍ പിന്നില്‍ ദുരൂഹതയുണ്ട്.

യു ഡി എഫ് സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ ഇന്‍ഫോപാര്‍ക്ക് ദുബൈ സംഘത്തിന് കൈമാറാന്‍ നടത്തിയ നീക്കമാണ് പദ്ധതിയെ ആദ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ഇന്‍ഫോപാര്‍ക്ക് കൈമാറിക്കൊണ്ട് പദ്ധതി നടപ്പാക്കുന്നതിനെതിരെ ഇടതുജനാധിപത്യ മുന്നണി  ശക്തമായി നിലകൊണ്ടു. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ വിവാദമായ തീരുമാനങ്ങളെല്ലാം ഒഴിവാക്കിപദ്ധതിയുടെ നടത്തിപ്പുകാരായ ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സുമായി പുതിയ കരാറുണ്ടാക്കി. 2007 മെയ് 13ന് കരാറില്‍ ഒപ്പിടുകയും ചെയ്തു. നവംബര്‍ 16ന് പദ്ധതിയുടെ തറക്കല്ലിടലും നടന്നു. ഇതിനുശേഷമാണ് 12 ശതമാനം ഭൂമിയിലെ സ്വതന്ത്ര നിര്‍മാണ അവകാശം സംബന്ധിച്ച തര്‍ക്കം ഉടലെടുക്കുന്നത്. പദ്ധതി വിഭാവനം ചെയ്തിരിക്കുന്ന 246 ഏക്കറില്‍ 12 ശതമാനം ഭൂമിക്ക്‌സ്വതന്ത്ര നിര്‍മാണ അവകാശം ആവശ്യപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. പ്രത്യേക സാമ്പത്തിക മേഖലാ പദവിക്ക് പുറത്ത് സ്വന്ത്ര നിര്‍മാണ അവകാശം വേണമെന്ന ടീകോമിന്റെ ആവശ്യമാണ് തര്‍ക്കത്തിന് കാരണമായത്. വില്‍പ്പനാവകാശത്തോടെ സ്വതന്ത്ര നിര്‍മാണ അവകാശം വേണമെന്ന ടീകോം വാശിപിടിച്ചു. എന്നാല്‍ 29 ഏക്കര്‍ വരുന്ന സ്വതന്ത്ര അവകാശ ഭൂമി വില്‍ക്കാന്‍ അനുവദിക്കില്ലെന്നും സെസിന് പുറത്ത് സ്വതന്ത്ര അവകാശം അനുവദിക്കില്ലെന്നുമുള്ള നിലപാടില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഉറച്ചുനിന്നു. ഈ നിലപാടില്‍ അവസാനം വരെ ഉറച്ചുസര്‍ക്കാര്‍ ഉറച്ചുനിന്നതോടെ ടീകോമിന് മുന്‍ നിലപാടില്‍ നിന്ന് പിറകോട്ട് പോകേണ്ടി വന്നു. തുടര്‍ന്ന് പാട്ടകരാര്‍ ഒപ്പുവയ്ച്ചതോടെയാണ് സ്മാര്‍ട്ട്‌സിറ്റിക്ക് പുതുജീവന്‍ ലഭിച്ചത്.
(രാജേഷ് വെമ്പായം)

janayugom 240611

1 comment:

  1. ഐ ടി, ഐ ടി അനുബന്ധ പാര്‍ക്ക് എന്ന പദവി സ്മാര്‍ട്ട്‌സിറ്റിക്ക് നഷ്ടമാകും. ഐ ടി ആവശ്യത്തിനായി 70 ശതമാനം ഭൂമിയും ഇതര ആവശ്യങ്ങള്‍ക്കായി 30 ശതമാനം ഭൂമിയും എന്ന കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ കരാര്‍ തിരുത്തിയതോടെയാണ് സേവനമേഖലയ്ക്ക് കൂടി പ്രാധാന്യമുള്ള സംരംഭമായി സ്മാര്‍ട്ട്‌സിറ്റി മാറിയത്. പൂര്‍ണമായും ഐ ടി തൊഴിലധിഷ്ഠിത പാര്‍ക്ക് എന്നതായിരുന്നു എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് കേന്ദ്ര സെസ് നിയമം ബാധകമാക്കാന്‍ തീരുമാനിച്ചതോടെ 50 ശതമാനം ഭൂമി ഐ ടി ആവശ്യത്തിനും 50 ശതമാനം ഭൂമി ഇതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ തത്വത്തില്‍ ടികോമിന് അനുമതി ലഭിച്ചിരിക്കുകയാണ്. നിലവിലെ കരാര്‍ അനുസരിച്ച് ടികോമിന് നല്‍കിയിരുന്ന 246 ഏക്കര്‍ ഭൂമിയോടൊപ്പം കിന്‍ഫ്രയുടെ നാലേക്കര്‍ ഭൂമി കൂടി ടികോമിന് നല്‍കാന്‍ തീരുമാനിച്ചതോടെ പദ്ധതി മേഖല സര്‍വീസസ് സെസിന്റെ പരിധിയില്‍ വരും. സ്‌കൂള്‍, ആശുപത്രി, ഫ്‌ളാറ്റുകള്‍ എന്നിവയ്ക്കുവേണ്ടിയും പദ്ധതി ഭൂമി വിനിയോഗിക്കാമെന്ന് ചുരുക്കം. എല്‍ ഡി എഫ് സര്‍ക്കാരുമായി ഫെബ്രുവരിയില്‍ ഒപ്പുവച്ച കരാറില്‍ 70:30 എന്ന അനുപാതത്തിന് ടികോം വഴങ്ങിയിട്ടും ഇപ്പോള്‍ ഇത് തിരുത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. 50 ശതമാനം ഭൂമി ഐ ടി ഇതര ആവശ്യങ്ങള്‍ക്കു വിട്ടുകൊടുക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം അടിസ്ഥാന കരാറിന്റെ ലംഘനമാണെന്ന് മുന്‍മന്ത്രി എസ് ശര്‍മ ജനയുഗത്തോട് പറഞ്ഞു. ടീകോം കൂടി അംഗീകരിച്ച സ്ഥിതിക്ക് കരാറിലെ ഈ ഭാഗം തിരുത്താനിടയായ സാഹചര്യം ദുരൂഹമാണ്. ഇത് റിയല്‍ എസ്റ്റേറ്റ് പ്രവണതയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂവെന്നും ശര്‍മ പറഞ്ഞു.

    ReplyDelete