Thursday, June 23, 2011

80 കോടി നഷ്ടമെന്ന പ്രചാരണം തെറ്റ്

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ കരാര്‍തൊഴിലാളികളുടെ പണിമുടക്കിനെത്തുടര്‍ന്ന് 80 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുള്ള കപ്പല്‍ശാല മാനേജ്മെന്റിന്റെ പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കപ്പല്‍ശാലയിലെ മൂവായിരത്തോളം കരാര്‍ -കാഷ്വല്‍ -ഫയര്‍ വാച്ച്മാന്‍ തൊഴിലാളികളുടെ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് മെയ് 20ന് സമരം ആരംഭിച്ചത്. നിലവില്‍ 210 കോടി രൂപയാണ് കപ്പല്‍ശാലയുടെ ലാഭം. വര്‍ഷത്തില്‍ മൂന്നുകോടി രൂപ മാത്രം അധികബാധ്യത വരുത്തുന്ന ശമ്പളപരിഷ്കരണമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. തൊഴിലാളികളുടെ പണിമുടക്കു കാലയളവില്‍ 80 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് മാനേജ്മെന്റിന്റെ ആരോപണം. എന്നിട്ടും മൂന്നുകോടി ചെലവുവരുന്ന ശമ്പളപരിഷ്കരണം അനുവദിക്കാന്‍ മാനേജ്മെന്റ് തയ്യാറല്ല. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതമൂലം സംഭവിച്ച നഷ്ടങ്ങള്‍പോലും തൊഴിലാളികളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം.

ദീര്‍ഘകാലത്തെ സേവനത്തിനുശേഷം കാഷ്വല്‍ -ഫയര്‍ വാച്ച്മാന്‍ തൊഴിലാളികള്‍ ഗ്രാറ്റുവിറ്റിപോലും ലഭിക്കാതെയാണ് പിരിഞ്ഞുപോകുന്നത്. കപ്പല്‍ശാലയില്‍ സ്ഥിരംതൊഴിലാളികള്‍ക്ക് 611 രൂപയും കരാര്‍തൊഴിലാളികള്‍ക്ക് 297 രൂപയുമാണ് ദിവസക്കൂലി. ഇതില്‍ ഇനിയും വര്‍ധന നടപ്പാക്കിയിട്ടില്ല. മാനേജ്മെന്റിന്റെ പിടിവാശി മൂലം ഒത്തുതീര്‍പ്പുശ്രമങ്ങള്‍ പലപ്പോഴും പരാജയപ്പെട്ടു- ഭാരവാഹികള്‍ പറഞ്ഞു. കപ്പല്‍ശാലയിലെ സ്ഥിരംതൊഴിലാളികളുടെ മൂന്ന് അംഗീകൃത സംഘടനകളും പണിമുടക്കിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കരാറുകാരുടെ സംഘടനയും കപ്പല്‍ശാല മാനേജ്മെന്റും പരസ്പരം പഴിചാരി ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുകയാണ്. പണിമുടക്ക് ഒത്തുതീര്‍ക്കാന്‍ മാനേജ്മെന്റ് തയ്യാറാകണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. യൂണിയന്‍പ്രസിഡന്റ് അഡ്വ. എന്‍ സതീഷ്, സെക്രട്ടറി അഡ്വ. എസ് കൃഷ്ണമൂര്‍ത്തി, വി എം പ്രഭാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 
deshabhimani 230611

3 comments:

  1. കൊച്ചി കപ്പല്‍ശാലയിലെ കരാര്‍തൊഴിലാളികളുടെ പണിമുടക്കിനെത്തുടര്‍ന്ന് 80 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുള്ള കപ്പല്‍ശാല മാനേജ്മെന്റിന്റെ പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കപ്പല്‍ശാലയിലെ മൂവായിരത്തോളം കരാര്‍ -കാഷ്വല്‍ -ഫയര്‍ വാച്ച്മാന്‍ തൊഴിലാളികളുടെ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് മെയ് 20ന് സമരം ആരംഭിച്ചത്. നിലവില്‍ 210 കോടി രൂപയാണ് കപ്പല്‍ശാലയുടെ ലാഭം. വര്‍ഷത്തില്‍ മൂന്നുകോടി രൂപ മാത്രം അധികബാധ്യത വരുത്തുന്ന ശമ്പളപരിഷ്കരണമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. തൊഴിലാളികളുടെ പണിമുടക്കു കാലയളവില്‍ 80 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് മാനേജ്മെന്റിന്റെ ആരോപണം. എന്നിട്ടും മൂന്നുകോടി ചെലവുവരുന്ന ശമ്പളപരിഷ്കരണം അനുവദിക്കാന്‍ മാനേജ്മെന്റ് തയ്യാറല്ല. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതമൂലം സംഭവിച്ച നഷ്ടങ്ങള്‍പോലും തൊഴിലാളികളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം.

    ReplyDelete
  2. കരാര്‍തൊഴിലാളികള്‍ക്ക് 297 രൂപയുമാണ് ദിവസക്കൂലി.. I can pay 400rs per day if he is ready to work in my paddy field... :)

    ReplyDelete
  3. കപ്പല്‍ശാലയിലെ കരാര്‍തൊഴിലാളികള്‍ 25 ദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. കാഷ്വല്‍ തൊഴിലാളികള്‍ക്കും ഫയര്‍വാച്ചര്‍മാര്‍ക്കും ഗ്രാറ്റുവിറ്റിക്കു പകരം വെല്‍ഫെയര്‍ ഫണ്ട് അനുവദിക്കാന്‍ മാനേജ്മെന്റ് തയ്യാറായതോടെയാണ് സമരം തീര്‍ന്നത്. വ്യാഴാഴ്ച വൈകിട്ട് കമ്പനി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കാര്‍ത്തിക് സുബ്രഹ്മണ്യവുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വെള്ളിയാഴ്ച തൊഴിലാളികള്‍ ജോലിക്കുകയറും. മുന്നൂറോളം ലേബര്‍ അസിസ്റ്റന്റ് തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി അനുവദിക്കണമെന്നതായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം. വര്‍ക്ക് ഓര്‍ഡറില്‍ ഒപ്പിടുന്ന തൊഴിലാളി കോണ്‍ട്രാക്ട് ലൈസന്‍സ് എടുക്കണമെന്ന ആവശ്യത്തില്‍നിന്ന് മാനേജ്മെന്റ് പിന്മാറി. കോണ്‍ട്രാക്ട് ലൈസന്‍സ് ഇല്ലാതെതന്നെ ഗ്രാറ്റുവിറ്റിക്കു പകരം വെല്‍ഫെയര്‍ ഫണ്ട് അനുവദിക്കാന്‍ മാനേജ്മെന്റ് തയ്യാറായി. തൊഴിലാളികളുടെ കാലഹരണപ്പെട്ട കരാര്‍ മുന്‍കാല പ്രാബല്യത്തോടെ 15 ദിവസത്തിനകം പുതുക്കും. ശമ്പളപരിഷ്കരണമടക്കമുള്ള വ്യവസ്ഥകളോടെയാവും കരാര്‍ പുതുക്കുക. ഇതോടൊപ്പം കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷനും തൊഴിലാളികളുടെ കരാര്‍ പുതുക്കും. തൊഴിലാളികളുടെ കരാര്‍ പുതുക്കുക, കാഷ്വല്‍ തൊഴിലാളികള്‍ക്കും ഫയര്‍വാച്ചര്‍മാര്‍ക്കും ഗ്രാറ്റുവിറ്റി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഷിപ്പ്യാര്‍ഡ് വര്‍ക്കേഴ്സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ മെയ് 30നാണ് മൂവായിരത്തോളം തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങിയത്. ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ ഉള്‍പ്പെടെ നിരവധിതവണ നടത്തിയ ചര്‍ച്ചകള്‍ മാനേജ്മെന്റിന്റെ പിടിവാശിമൂലം പരാജയപ്പെട്ടു. കപ്പല്‍ശാലയിലെ സ്ഥിരംതൊഴിലാളികളുടെ മുഴുവന്‍ യൂണിയനുകളുടെയും പിന്തുണയോടെയായിരുന്നു സമരം. ബഹുജന പിന്തുണയോടെ സമരം കൂടുതല്‍ ശക്തമാക്കിയതോടെ മാനേജ്മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കപ്പല്‍ശാലയിലെത്തി പിന്തുണ പ്രഖ്യാപിക്കുകയും സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തിരുന്നു

    ReplyDelete