Sunday, June 12, 2011

മുംബൈയില്‍ പത്രപ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെടിവച്ചുകൊന്നു

അധോലോകത്തിന്റെയും എണ്ണ മാഫിയയുടെയും പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനെ പട്ടാപ്പകല്‍  നടുറോഡില്‍വച്ച് വെടിവച്ചു കൊന്നു. മുംബൈയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മിഡ് ഡേ ടാബ്‌ളോയിഡ് പത്രത്തിന്റെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍ ജ്യോതിര്‍മയി ഡേയാണ് (56) അക്രമികളുടെ തോക്കിനിരയായത്. പവായിക്കടുത്ത് വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഡേയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. രണ്ടു ബൈക്കുകളിലായി എത്തിയ നാലു പേര്‍ ഹീരാനന്ദനിയില്‍ വച്ച് ഡേയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിനു പിന്നില്‍ ആരാണെന്നതിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. ഡേയ്ക്കു നേരെ അഞ്ചു ചുറ്റ് വെടിവച്ച ശേഷം അക്രമികള്‍ കടന്നുകളഞ്ഞു. ഡേയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.

രണ്ടു പതിറ്റാണ്ടായി പത്രപ്രവര്‍ത്തന രംഗത്തുള്ള ജ്യോതി ഡേ അധോലോക, മാഫിയാ രംഗത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. അടുത്തിടെ മഹാരാഷ്ട്രയിലെ എണ്ണ മാഫിയയെക്കുറിച്ച് ഡേ ഒരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഡേയുടെ ജീവന് ഭീഷണിയുണ്ടായിരുന്നതായി അറിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് സൂചനയൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജോയിന്റ് പൊലീസ് കമ്മിഷണര്‍ രജനീഷ് സേത്ത് പറഞ്ഞു.

പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ പറഞ്ഞു. കുറ്റക്കാരെ നിമയത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. പത്രലേഖകര്‍ ഇതുവരെ അക്രമികളുടെ ലക്ഷ്യമായിരുന്നില്ലെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു. അധോലോകത്തെക്കുറിച്ച് നിരന്തരം അന്വേഷിക്കുകയും എഴുതുകയും ചെയ്തിരുന്നെങ്കിലും ആരെയും ഡേ പ്രത്യേകമായി ലക്ഷ്യമിട്ടിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അധോലോകത്തിന്റെയും മാഫിയകളുടെയും പ്രവര്‍ത്തനം തുറന്നുകാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തതെന്ന് ഭുജ്ബല്‍ അനുസ്മരിച്ചു. ആസൂത്രിതമായ കൊലയാണ് നടന്നിരിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് മുന്‍ ആഭ്യന്തര മന്ത്രികൂടിയായ ഭുജ്ബല്‍ പറഞ്ഞു.

ഡേയുടെ കൊലപ്പെടുത്തിയവരുടെ ലക്ഷ്യത്തെക്കുറിച്ച് സൂചനകളൊന്നുമില്ലെന്ന് മിഡ് ഡേ എഡിറ്റര്‍ സച്ചിന്‍ കല്‍ബാഗ് പറഞ്ഞു. പ്രധാനപ്പെട്ട ഏതെങ്കിലും വാര്‍ത്ത തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നില്ല അദ്ദേഹം. അതുകൊണ്ടുതന്നെ കൊലപാതകത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സൂചനകളൊന്നും പറയാനാവില്ലെന്ന് കല്‍ബാഗ് പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും ജോലി ചെയ്തിട്ടുള്ള ജ്യോതി ഡേ ആധോലോകത്തെക്കുറിച്ചുള്ളഒട്ടേറെ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മുംബൈയിലെ അറിയപ്പെടുന്ന ക്രൈം റിപ്പോര്‍ട്ടറായിരുന്നു അദ്ദേഹം. പൊലീസിന് വിവരം കൊടുക്കുന്നവരെക്കുറിച്ച് അദ്ദേഹം എഴുതിയ സീറോ ഡയല്‍ എന്ന പുസ്തകം മൂന്നു മാസം മുമ്പാണ് പുറത്തിറക്കിയത്.

janayugom 120611

3 comments:

  1. അധോലോകത്തിന്റെയും എണ്ണ മാഫിയയുടെയും പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനെ പട്ടാപ്പകല്‍ നടുറോഡില്‍വച്ച് വെടിവച്ചു കൊന്നു. മുംബൈയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മിഡ് ഡേ ടാബ്‌ളോയിഡ് പത്രത്തിന്റെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍ ജ്യോതിര്‍മയി ഡേയാണ് (56) അക്രമികളുടെ തോക്കിനിരയായത്. പവായിക്കടുത്ത് വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഡേയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.

    ReplyDelete
  2. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ മരണത്തിനു പിന്നില്‍ എണ്ണ മാഫിയായിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള എല്ലാ മേഖലകളിലും അന്വേഷണം നടത്തുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കൊലപാതകികള്‍ മിക്കവാറും മുബൈയ്‌ക്കോ ഒരു പക്ഷേ മഹാരാഷ്ട്രയ്‌ക്കോ പുറത്തു നിന്നുള്ളവരാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിനു പിന്നിലുള്ളവരെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്യിരാജ് ചവാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃത്യമായ ആസൂത്രണം നടത്തിയ ശേഷമാണ് ആക്രമികള്‍ കൊലപാതകം നടത്തിയിട്ടുള്ളത്. ഡേയുടെ പൊസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അഞ്ച് ബുള്ളറ്റുകള്‍ അദേഹത്തിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍, പൊലീസ് കമ്മിഷണര്‍ അരൂപ് പട്ട്‌നായിക്, ജോയിന്റ് പൊലീസ് കമ്മിഷണര്‍മാരായ രജനീഷ് സേത്ത്, ഹിമാംശു റോയ് തുടങ്ങിയ മുതിര്‍ന്ന ഉദ്യാഗസ്ഥര്‍ പങ്കെടുത്തു. പത്ര പ്രവര്‍ത്തകരുടെ സുരക്ഷാകാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് യോഗത്തിന് ശേഷം ആര്‍ ആര്‍ പട്ടീല്‍ പറഞ്ഞു. അധോലോകത്തിന്റെയും എണ്ണ മാഫിയയുടേയും സംബന്ധിക്കുന്ന വാര്‍ത്തകള്‍ പുറത്തുകൊണ്ടു വരുന്നതിലൂടെ ശ്രദ്ധായേനായിരുന്നു ഡേ. മുംബൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മിഡ്‌ഡേ ടാബ്ലോയിഡ് പത്രത്തിന്റെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍ ആയിരുന്ന ഡേ അധോലോകവുമായി ബന്ധപ്പെട്ട പുസ്തകവും എഴുതിയിട്ടുണ്ട്.

    ReplyDelete
  3. മുംബൈ: മുംബൈയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജ്യോതീന്ദ്ര ഡേ വെടിയേറ്റു മരിച്ച കേസില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായിരുന്ന അനില്‍ മഹാബോലെയെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡേയുടെ കൊലപാതകത്തിന് പിന്നില്‍ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. മഹാബോലെയ്ക്ക് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി- കമ്പനിയുമായി ബന്ധമുണ്ടെന്ന് ഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    ReplyDelete