Sunday, June 12, 2011

പരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ സ്വാഗതം ചെയ്യും

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ ഡി വൈ എഫ് ഐ സ്വാഗതം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്. മകളുടെ പിജി പ്രവേശനവുമായി ബന്ധപ്പെട്ട്  ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ വി വി രമേശന്‍ രാഷ്ട്രീയ ധാര്‍മികത പാലിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ഇടതുപക്ഷ പുരോഗമന യുവജന നേതാവെന്ന നിലയില്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ല. വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും ഡി വൈ എഫ് ഐ പരിശോധിച്ചശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മെഡിക്കല്‍ പിജി പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്വാശ്രയ മനേജ്‌മെന്റുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും രാജേഷ് ആരോപിച്ചു. യു ഡി എഫ് സര്‍ക്കാര്‍ കടിഞ്ഞാണില്ലാത്ത വിദ്യാഭ്യാസ കച്ചവടത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടുവരും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ മകന്‍  നവാസ് നഹയ്ക്ക് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ വഴിവിട്ട് സീറ്റ് തരപ്പെടുത്തിയത് ഈ ഒത്തുകളിയുടെ ഭാഗമാണ്. കോടതിയുടെ ഇടപെടലും മന്ത്രി സ്ഥാനം നഷ്ടപ്പെടുന്ന ഭയവും മൂലമാണ് സീറ്റ് ഉപേക്ഷിച്ചത്. എന്‍ട്രസ് പരീക്ഷയുടേതടക്കം ചുമതലയുള്ള മന്ത്രിയാണ് സ്വാശ്രയ മാനേജുമെന്റുമായി ഒളിച്ചുകളി നടത്തുന്നത്. പരിയാരത്തെ അഞ്ച് മെറിറ്റ് സീറ്റില്‍ പോലും അലോട്ട്‌മെന്റ് നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പരിയാരം സഹകരണ മെഡിക്കല്‍ കോളജ് എം ബി ബി എസിനും മറ്റും 85 ശതമാനം സീറ്റില്‍ മെറിറ്റില്‍ പ്രവേശനം നല്‍കി സംസ്ഥാനത്തിനാകെ മാതൃകയായപ്പോള്‍ പി ജി കോഴ്‌സിന്റെ മെറിറ്റില്‍ പിശക്പറ്റി. പരിയാരത്ത് പിജി കോഴ്‌സിന് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്.

മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ധവളപത്രം ഇറക്കണം. ഡി വൈ എഫ്‌ഐക്കെതിരെ പ്രസ്താവന ഇറക്കുന്നവര്‍ ഇതിനുള്ള ആര്‍ജവം കാണിക്കണം. മെറിറ്റ് സീറ്റില്‍ പ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കില്ലെന്നാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ്  ഫെഡറേഷന്റെ നിലപാട്. 

സംസ്ഥാനത്ത് അഞ്ഞൂറിലേറെ സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് കെ സന്തോഷ്, സെക്രട്ടറി എന്‍ അജിത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എന്‍ ഷംസീര്‍, പി സന്തോഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സ്വാശ്രയ പി ജി: തീരുമാനം അട്ടിമറിക്കപ്പെടുമെന്ന് എസ് എഫ് ഐ


കോഴിക്കോട്: സ്വാശ്രയ കോളജിലെ 50 ശതമാനം പി ജി സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് എസ് എഫ് ഐ സംസ്ഥാനസെക്രട്ടറി പി ബിജു പറഞ്ഞു. എസ് എഫ് ഐയുടെ അവകാശപത്രികാസമര്‍പ്പണവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 ശതമാനം സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം മാനദണ്ഡം ലംഘിച്ചുകൊണ്ട് നടപ്പാക്കാനാണ് സാധ്യത. നോണ്‍ക്ലിനിക്കല്‍ കോഴ്‌സുകള്‍ സര്‍ക്കാരിന് കൊടുത്ത് ക്ലിനിക്കല്‍ സീറ്റ് സ്ഥാപനത്തിന് കൊടുക്കുന്ന രീതി അവലംബിച്ചാല്‍ എതിര്‍ക്കും. എല്‍ ഡി എഫ് ഭരണത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ ഒഴിച്ച് മറ്റുള്ള കോളജുകളിലെ 50 ശതമാനം സീറ്റുകള്‍ ഒരു പരിധിവരെ പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. 

50 ശതമാനം പിജി സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും എസ് എഫ് ഐ നടത്തില്ല. പരിയാരം മെഡിക്കല്‍ കോളജ് സാമൂഹ്യനിയന്ത്രണം പാലിക്കണം. എന്നാല്‍ പരിയാരത്തിന്റെ പുകമറ സൃഷ്ടിച്ച് മറ്റ് ഒമ്പത് സ്വാശ്രയ സ്ഥാപനങ്ങളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇത്തരം സ്ഥാപനങ്ങളും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. 50 ശതമാനം സര്‍ക്കാര്‍ ക്വാട്ടയുടെ മെറിറ്റ് ലിസ്റ്റ് മെയ് 30നകം കോളജുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ കൂട്ടാക്കത്തതാണ് പ്രധാനപ്രശ്‌നം. മന്ത്രിമാരുടെ മക്കളെ പിന്‍വലിക്കുന്നതുവരെ ലിസ്റ്റ് കൊടുക്കാന്‍ വൈകിപ്പിക്കുകയായിരുന്നു. പരിയാരത്തിന്റെ പേരില്‍ മന്ത്രിയുടെ മകനെ രക്ഷിക്കാന്‍ സമ്മതിക്കില്ല. എം ബി ബി എസ് സീറ്റിന്റെ കാര്യത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പരിയാരം. എന്നാല്‍ പി ജിയുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഡി വൈ എഫ് ഐ നേതാവിന്റെ മകള്‍ക്ക് പ്രവേശനം കൊടുത്തകാര്യത്തില്‍ ധാര്‍മ്മികപ്രശ്‌നം മാത്രമാണ് നിലവിലുള്ളതെന്നും ബന്ധുക്കളുടെ പിന്‍ബലത്തില്‍ എന്‍ ആര്‍ ഐ സീറ്റ് നല്‍കുന്നതില്‍ നിയമവിരുദ്ധതയില്ലെന്നും ബിജു പറഞ്ഞു. സാമൂഹ്യനിയന്ത്രണം ലംഘിച്ചാല്‍ പരിയാരമല്ല ഏത് കോളജായാലും അതിനെതിരെ സമരം നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പി എസ് സി ക്ക് വിടുക, സ്വാശ്രയപ്രവേശനം മെറിറ്റിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമാക്കുക, സ്വാശ്രയമെഡിക്കല്‍ കോളജുകളിലെ പി ജി കോഴ്‌സുകളില്‍ 50 ശതമാനം സര്‍ക്കാര്‍ ക്വാട്ടയുടെ മെറിറ്റ് ലിസ്റ്റ് അടിയന്തരമായി നല്‍കുക, പുതുതായി ഐ സി എസ് ഇ, സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ അവകാശപത്രിക  സര്‍ക്കാരിന് സമര്‍പ്പിക്കും.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 15ന് അവകാശദിനം ആചരിക്കാനും അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് 23ന് ജില്ലാകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്താനും എസ് എഫ് ഐ തീരുമാനിച്ചതായും ബിജു പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാനപ്രസിഡന്റ് കെ വി സുമേഷും സംബന്ധിച്ചു.

ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരുടേത് സത്യപ്രതിജ്ഞാ ലംഘനം: എ ഐ വൈ എഫ്

മലപ്പുറം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സാമൂഹിക നീതിയും മെറിറ്റും അട്ടിമറിക്കാന്‍ കൂട്ടുനിന്ന് തങ്ങളുടെ മക്കള്‍ക്ക് സ്വാശ്രയ കോളജുകളില്‍ അഡ്മിഷന്‍ തരപ്പെടുത്തിയ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാര്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ ആരോപിച്ചു. അട്ടിമറി വിവാദത്തിലേക്ക് വഴിമാറിയപ്പോഴാണ് അഡ്മിഷന്‍ പിന്‍വലിക്കാന്‍ തയ്യാറായത്. മന്ത്രിമാര്‍ നടത്തിയ ഗുരുതരമായ വീഴ്ചയ്ക്ക് ഇത് പരിഹാരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ നൈതികതയും മൂല്യങ്ങളും സ്വന്തം ജീവിതത്തില്‍ ഉറപ്പുവരുത്തേണ്ടവര്‍ വ്യക്തിപരമായ താല്‍പ്പര്യ സംരക്ഷണത്തിന് വേണ്ടി ഈ മൂല്യങ്ങളെ കാറ്റില്‍ പറത്തുന്നത് പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാഭ്യാസ മേഖലയില്‍ മാനേജ്‌മെന്റുകളുടെ കച്ചടത്തിന് സഹായം നല്‍കാന്‍ തരത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്നതിന്റെ തെളിവാണ് അപമാന കരമായ സംഭവങ്ങള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പരിധിയില്‍ സ്വാശ്രയ കോളജുകള്‍ ആരംഭിച്ചതു മുതല്‍ നടന്ന മുഴുവന്‍ അഡ്മിഷനുകളും വരണം.

സ്വകാര്യ മാനേജ്‌മെന്റുകളുടെ സാമ്പത്തികസ്രോതസ്സും അന്വേഷണപരിധിയില്‍ വരണം. ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കൊഴിഞ്ഞുപോയി എന്ന കണക്ക് നിലനില്‍ക്കേ അഞ്ഞൂറിലേറെ സി ബി എസ് ഇ, ഐ സി എസ് സി സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കാനുളള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും രാജന്‍ അഭിപ്രായപ്പെട്ടു.

അഴിമതിക്കേസില്‍ പ്രതിയായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രിം കോടതി വിധിച്ച ശിക്ഷാകാലാവധിക്ക് ഇളവ് കൊടുക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗസ്തില്‍ അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു.

എ ഐ വൈ എഫ് സംസ്ഥാന വൈസ്പ്രസിഡണ്ട് പിപി ലെനിന്‍ദാസ്, സംസ്ഥാനകമ്മിറ്റി അംഗം കെ ബാബുരാജ്, മലപ്പുറം ജില്ലാപ്രസിഡന്റ് അഡ്വ. കെ കെ സമദ്, സെക്രട്ടറി മോഹനന്‍ നന്നമ്പ്ര എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

janayugom 120611

1 comment:

  1. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ ഡി വൈ എഫ് ഐ സ്വാഗതം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്. മകളുടെ പിജി പ്രവേശനവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ വി വി രമേശന്‍ രാഷ്ട്രീയ ധാര്‍മികത പാലിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ഇടതുപക്ഷ പുരോഗമന യുവജന നേതാവെന്ന നിലയില്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ല. വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും ഡി വൈ എഫ് ഐ പരിശോധിച്ചശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete