Tuesday, June 14, 2011

ജനവിധി എന്തിനുമുള്ള ലൈസന്‍സല്ല: പിണറായി

കോട്ടക്കല്‍ : യുഡിഎഫിനു കിട്ടിയ ജനവിധി എന്തിനുമുള്ള ലൈസന്‍സല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റേത് തെറ്റായ തുടക്കമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ നടപടികള്‍ തൊട്ടുകളിക്കാനാണ് ശ്രമം. "ഇ എം എസിന്റെ ലോകം" ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ മേഖല തകര്‍ക്കാനുള്ള ശ്രമത്തോടെയാണ് തുടക്കം. സിബിഎസ്ഇ സ്കൂളുകള്‍ ഇഷ്ടംപോലെ അനുവദിക്കാനുള്ള തീരുമാനം പൊതുവിദ്യാലയങ്ങളെ തകര്‍ക്കും. സര്‍ക്കാര്‍ , എയിഡഡ് സ്കൂളുകള്‍ പഠനനിലവാരത്തില്‍ കുതിച്ചുചാട്ടം നടത്തുന്ന കാലത്താണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടിയാകണം. ജനങ്ങളെന്നാല്‍ 98 ശതമാനത്തോളം വരുന്ന പാവപ്പെട്ടവരും ഇടത്തരക്കാരുമാണ്. രണ്ട് ശതമാനം വരുന്ന സമ്പന്നര്‍ക്കായി സര്‍ക്കാര്‍ നയമുണ്ടാക്കരുത്. അണ്‍എയിഡഡ് സ്കൂള്‍ നടത്തുന്ന മുതലാളിമാരെ കണ്ട് ജനങ്ങളാണെന്ന് തെറ്റിദ്ധരിക്കരുത്. പൊതുവിദ്യാലയങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. അത്തരം പ്രതിഷേധങ്ങള്‍ക്കുമുമ്പില്‍ തകര്‍ന്നുപോകുന്ന ഭരണസംവിധാനമാണെന്ന് ഓര്‍മ വേണം.

അഴിമതി തടയുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു താത്പര്യവുമില്ല. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കാലതാമസം പാടില്ല. ജുഡീഷ്യറിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. പണാധിപത്യം തടയുന്ന രീതിയില്‍ തെരഞ്ഞെടുപ്പുരംഗം സമൂലമായി പരിഷ്കരിക്കണം. ബംഗാളില്‍ ഇടതുപക്ഷത്തെ ഇല്ലാതാക്കാമെന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വ്യാമോഹമാണ്.

കേരളം ഇന്നത്തെ നിലയില്‍ രൂപംകൊള്ളുന്നതില്‍ ഇ എം എസ് വഹിച്ച പങ്ക് നിസ്തുലമാണ്. കേരളത്തിന്റെ വികസനം സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം താത്വിക പ്രശ്നങ്ങള്‍ നേരിടുന്നകാലത്ത് അദ്ദേഹം ശരിയായ നിലപാട് സ്വീകരിക്കുകയും അത് ജനങ്ങളിലെത്തിക്കുകയും ചെയ്തു. വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിലും പാര്‍ടി ഒരു നിലപാടെടുത്താല്‍ പിന്നീട് അതിന്റെ വക്താവായി അദ്ദേഹം മാറുമായിരുന്നു. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാതൃകാപരമായ പങ്കുവഹിച്ചു. മാധ്യമങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് തികഞ്ഞ അവബോധമുണ്ടായിരുന്നു. മതവിശ്വാസവും വര്‍ഗീയതയും രണ്ടാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. ന്യൂനപക്ഷ അവകാശ സംരക്ഷണം പ്രാധാന്യത്തോടെയാണ് അദ്ദേഹം കണ്ടതെന്ന് പിണറായി പറഞ്ഞു. സമാപന സമ്മേളനത്തില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി. പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ സംസാരിച്ചു. എന്‍ പുഷ്പരാജന്‍ സ്വാഗതവും എ പി സത്യനാഥന്‍ നന്ദിയും പറഞ്ഞു.

deshabhimani 150611

1 comment:

  1. പൊതുവിദ്യാഭ്യാസ മേഖല തകര്‍ക്കാനുള്ള ശ്രമത്തോടെയാണ് തുടക്കം. സിബിഎസ്ഇ സ്കൂളുകള്‍ ഇഷ്ടംപോലെ അനുവദിക്കാനുള്ള തീരുമാനം പൊതുവിദ്യാലയങ്ങളെ തകര്‍ക്കും. സര്‍ക്കാര്‍ , എയിഡഡ് സ്കൂളുകള്‍ പഠനനിലവാരത്തില്‍ കുതിച്ചുചാട്ടം നടത്തുന്ന കാലത്താണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടിയാകണം. ജനങ്ങളെന്നാല്‍ 98 ശതമാനത്തോളം വരുന്ന പാവപ്പെട്ടവരും ഇടത്തരക്കാരുമാണ്. രണ്ട് ശതമാനം വരുന്ന സമ്പന്നര്‍ക്കായി സര്‍ക്കാര്‍ നയമുണ്ടാക്കരുത്. അണ്‍എയിഡഡ് സ്കൂള്‍ നടത്തുന്ന മുതലാളിമാരെ കണ്ട് ജനങ്ങളാണെന്ന് തെറ്റിദ്ധരിക്കരുത്. പൊതുവിദ്യാലയങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. അത്തരം പ്രതിഷേധങ്ങള്‍ക്കുമുമ്പില്‍ തകര്‍ന്നുപോകുന്ന ഭരണസംവിധാനമാണെന്ന് ഓര്‍മ വേണം.

    ReplyDelete