Tuesday, June 14, 2011

ഒത്തുകളി വീണ്ടും; സ്വാശ്രയ ചര്‍ച്ച പ്രഹസനം

സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയും പ്രഹസനമായി. എംബിബിഎസിന് മെറിറ്റ് ക്വോട്ടയിലും ഉയര്‍ന്ന ഫീസ് വേണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം അംഗീകരിക്കാനുള്ള ഒത്തുകളിയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് സൂചന. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് ഫെഡറേഷനും കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളേജുമായി സര്‍ക്കാര്‍ ധാരണയില്‍ എത്തിയാലേ തങ്ങളും ധാരണയ്ക്കുള്ളൂ എന്ന് മറ്റ് കോളേജ് മാനേജ്മെന്റുകളുടെ സംഘടനയായ മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ , ചൊവ്വാഴ്ചത്തെ ചര്‍ച്ചയിലേക്ക് ക്രിസ്ത്യന്‍ മാനേജ്മെന്റുകളെ പ്രതിനിധാനംചെയ്യുന്ന സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷനെ വിളിച്ചിരുന്നില്ല. ഫെഡറേഷനുമായി പിന്നീട് ചര്‍ച്ച നടത്താമെന്നാണ് മന്ത്രിസഭാ ഉപസമിതി നിലപാട്.

യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ജൂണ്‍ ഏഴിനാണ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളുമായി ആദ്യഘട്ട ചര്‍ച്ച നടത്തിയത്. അന്നും അസോസിയേഷന്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. അന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഫെഡറേഷന്‍ പ്രതിനിധികളാവട്ടെ ഈ വര്‍ഷം തങ്ങള്‍ ധാരണയ്ക്കില്ലെന്നും പറഞ്ഞു. ആദ്യചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങള്‍ പഠിച്ചശേഷം ചൊവ്വാഴ്ചത്തെ യോഗത്തില്‍ നിലപാട് വ്യക്തമാക്കാമെന്ന് ഉപസമിതി അംഗങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ , ചൊവ്വാഴ്ച അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നത് കേട്ടതല്ലാതെ മന്ത്രിമാര്‍ ഒന്നും മിണ്ടിയില്ല. ഇതോടെ ചര്‍ച്ച അവസാനിപ്പിച്ച് അസോസിയേഷന്‍ പ്രതിനിധികള്‍ പുറത്തിറങ്ങി. ഏകീകൃത ഫീസ് ഘടനയെന്ന ആവശ്യം അസോസിയേഷന്‍ വീണ്ടും ആവര്‍ത്തിച്ചു. മെറിറ്റ്-മാനേജ്മെന്റ് ക്വോട്ട ഭേദമില്ലാതെ മൂന്നര ലക്ഷം രൂപ വാര്‍ഷിക ഫീസ് വേണമെന്നാണ് ആവശ്യം.

സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ അലാവുദീന്റെ അത്ഭുത വിളക്കില്ലെന്നാണ് ഉപസമിതിയുടെ നേതൃത്വം സ്വയം ഏറ്റെടുത്ത ധനമന്ത്രി കെ എം മാണി വാര്‍ത്താലേഖകരോട് പറഞ്ഞത്. അടുത്തയാഴ്ച വീണ്ടും എല്ലാവരുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞുവെങ്കിലും ഇതുസംബന്ധിച്ചും ധാരണയിലെത്താനായില്ല. എല്ലാവര്‍ക്കും ഒരേ നീതി വേണമെന്നാണ് തങ്ങളുടെ നിലപാടെന്ന് അസോസിയേഷന്‍ പ്രതിനിധിയും എം ഇ എസ് ചെയര്‍മാനുമായ ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഫെഡറേഷനും അമൃതയും ധാരണയില്‍ എത്താതെ ഒരു ധാരണയ്ക്കുമില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏത് ഫീസും അംഗീകരിക്കുമെന്ന് പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ എം വി ജയരാജന്‍ ചര്‍ച്ചയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ നിരക്കാണ് ഈടാക്കിയത്. ഫീസ് ഘടന ഉടന്‍ നിശ്ചയിച്ച് അറിയിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. മന്ത്രിസഭാഉപസമിതിയില്‍ ആരൊക്കെയാണ് അംഗങ്ങള്‍ എന്നതില്‍ വ്യക്തതയില്ല. അടൂര്‍ പ്രകാശ്, പി കെ അബ്ദുറബ്ബ്, കെ എം മാണി, പി ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കെ ബി ഗണേഷ്കുമാര്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍ എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ , ചൊവ്വാഴ്ച മന്ത്രി കെ സി ജോസഫും അടൂര്‍ പ്രകാശ്, പി കെ അബ്ദുറബ്ബ്, കെ എം മാണി എന്നിവരോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. മെഡിക്കല്‍ പിജി പ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉപസമിതി അംഗങ്ങള്‍ ഉന്നയിച്ചതുപോലുമില്ല.

deshabhimani 150611

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയും പ്രഹസനമായി. എംബിബിഎസിന് മെറിറ്റ് ക്വോട്ടയിലും ഉയര്‍ന്ന ഫീസ് വേണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം അംഗീകരിക്കാനുള്ള ഒത്തുകളിയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് സൂചന. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് ഫെഡറേഷനും കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളേജുമായി സര്‍ക്കാര്‍ ധാരണയില്‍ എത്തിയാലേ തങ്ങളും ധാരണയ്ക്കുള്ളൂ എന്ന് മറ്റ് കോളേജ് മാനേജ്മെന്റുകളുടെ സംഘടനയായ മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ , ചൊവ്വാഴ്ചത്തെ ചര്‍ച്ചയിലേക്ക് ക്രിസ്ത്യന്‍ മാനേജ്മെന്റുകളെ പ്രതിനിധാനംചെയ്യുന്ന സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷനെ വിളിച്ചിരുന്നില്ല. ഫെഡറേഷനുമായി പിന്നീട് ചര്‍ച്ച നടത്താമെന്നാണ് മന്ത്രിസഭാ ഉപസമിതി നിലപാട്.

    ReplyDelete