Tuesday, June 14, 2011

പൊതുവിതരണം അട്ടിമറിക്കുന്നു

രാജ്യമൊട്ടുക്കും ജനങ്ങള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ഘട്ടത്തിലും കേരളത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് നിലകൊണ്ടത് കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായമാണ്. ആ പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുന്ന നടപടി ഭരണത്തിന്റെ തുടക്കത്തില്‍ത്തന്നെ യുഡിഎഫ് സര്‍ക്കാരില്‍നിന്നുണ്ടാവുന്നതില്‍ അത്ഭുതത്തിനവകാശമില്ലെങ്കിലും അത് ആശങ്കാജനകമാണെന്ന് പറയാതെവയ്യ. സര്‍ക്കാരില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സപ്ലൈകോയ്ക്ക് ലഭിക്കേണ്ടിയിരുന്ന പണം അജ്ഞാതമായ ഏതോ കാരണത്താല്‍ തടഞ്ഞുവച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നിത്യോപയോഗസാധനങ്ങള്‍ സപ്ലൈകോ മൊത്തവിലയ്ക്കെടുത്തിരുന്ന കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള പണം സപ്ലൈകോയ്ക്ക് കൊടുത്തുതീര്‍ക്കാനാവാതെ വന്നിരിക്കുന്നു. ഇതേത്തുടര്‍ന്ന് സപ്ലൈകോയുടെ ടെന്‍ഡറുകള്‍ അവര്‍ ബഹിഷ്കരിക്കുന്ന നിലയും വന്നിരിക്കുന്നു. ഇതാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഈ അവസ്ഥ സപ്ലൈകോയെ തകര്‍ക്കുന്നതിനാവും വഴിവയ്ക്കുക.

പൊതുമേഖലാസ്ഥാപനങ്ങളോടും പൊതുവിതരണ സമ്പ്രദായത്തോടും സഹജമായ ഈര്‍ഷ്യയുള്ളതാണ് യുഡിഎഫിന്റെ നയം എന്നത് ഏവര്‍ക്കും അറിയുന്നതാണ്. ആ നയം നടപ്പാക്കുന്നതിന്റെ ഭാഗമാവാം സപ്ലൈകോയെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി. ഉത്സവവേളകളിലും ഇതര ഘട്ടങ്ങളിലും സപ്ലൈകോപോലുള്ള സ്ഥാപനങ്ങള്‍ കൃത്യമായ തോതില്‍ കമ്പോള ഇടപെടല്‍ നടത്തിയതുകൊണ്ടാണ് കുതിച്ചുയരുന്ന വില ഒട്ടൊക്കെ കടിഞ്ഞാണിട്ടു നിര്‍ത്താനായത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൂടുതല്‍ സ്റ്റാളുകള്‍ തുറന്നു. വില കഴിയുന്നത്ര കുറച്ചും നിത്യോപയോഗസാധനങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍വഴി എത്തിച്ചതിന്റെ ആശ്വാസം ജനങ്ങള്‍ക്ക് മറക്കാവുന്നതല്ല. ആ ഓര്‍മ മങ്ങാതെ ജനഹൃദയങ്ങളില്‍ നിലനില്‍ക്കുമ്പോള്‍തന്നെ ആ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ നടപടിയെടുക്കുകയാണ് സംസ്ഥാനത്ത് പുതുതായി അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ എന്ന് സംശയിക്കണം. വ്യവസായ-വാണിജ്യരംഗങ്ങളിലെ സ്ഥാപിതതാല്‍പ്പര്യക്കാരുടെ പ്രീതിക്കായുള്ളതാണ് ഇതിനുപിന്നിലെ മനോഭാവമെന്ന് സംശയിക്കാന്‍ അടിസ്ഥാനമുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം പൊതുവിതരണസ്ഥാപനങ്ങള്‍ അവഗണനമൂലം അന്ത്യശ്വാസംവലിക്കുന്ന നിലയിലായിരുന്നു. അവയെ ഊര്‍ജസ്വലമായ ഇടപെടലുകളിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് ഭരണത്തില്‍ കൊടിയ നഷ്ടത്തിലായിരുന്ന സപ്ലൈകോയെ എല്‍ഡിഎഫ് ലാഭത്തിലേക്കുയര്‍ത്തിയെടുത്തു. അറുനൂറ് കോടിയുടെ സഞ്ചിതനഷ്ടവും എഴുനൂറു കോടിയുടെ വിറ്റുവരവും എന്നതായിരുന്നു കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ അവസാനകാലത്തെ സപ്ലൈകോയുടെ നില. ഇതിനെ ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ 1200 കോടി രൂപയുടെ വിറ്റുവരവും 17.25 കോടിയുടെ ലാഭവും എന്ന നിലയിലേക്ക് 2007-2008 ആയപ്പോഴേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തി.

2008-2009ല്‍ 1800 കോടിയുടെ വിറ്റുവരവും 22 കോടിയുടെ ലാഭവുമായി. 2009-2010ല്‍ 2284 കോടിയുടെ വിറ്റുവരവും 43 കോടിയുടെ ലാഭവുമായി. ഓരോ വര്‍ഷം കഴിയുന്തോറും സപ്ലൈകോയുടെ സാമ്പത്തികനില കൂടുതല്‍ ഭദ്രവും അതിന്റെ പൊതുവിതരണം കൂടുതല്‍ സമൃദ്ധവുമാവുകയായിരുന്നു. ആ അവസ്ഥ തിരുത്തിക്കുറിക്കാനുള്ള വ്യഗ്രതയാണ് യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റെടുത്ത ഘട്ടത്തില്‍ കാണുന്നത്. സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് കൈമാറാനുള്ള തുക തടഞ്ഞുവച്ച് പൊതുവിതരണരംഗത്തെ ഫലപ്രദമായ ഇടപെടലുകള്‍ക്ക് തടയിടുന്നത് ജനവിരുദ്ധ നടപടിയാണ്. അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് യുഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍തന്നെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു.

deshabhimani editorial 130611

1 comment:

  1. രാജ്യമൊട്ടുക്കും ജനങ്ങള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ഘട്ടത്തിലും കേരളത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് നിലകൊണ്ടത് കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായമാണ്. ആ പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുന്ന നടപടി ഭരണത്തിന്റെ തുടക്കത്തില്‍ത്തന്നെ യുഡിഎഫ് സര്‍ക്കാരില്‍നിന്നുണ്ടാവുന്നതില്‍ അത്ഭുതത്തിനവകാശമില്ലെങ്കിലും അത് ആശങ്കാജനകമാണെന്ന് പറയാതെവയ്യ. സര്‍ക്കാരില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സപ്ലൈകോയ്ക്ക് ലഭിക്കേണ്ടിയിരുന്ന പണം അജ്ഞാതമായ ഏതോ കാരണത്താല്‍ തടഞ്ഞുവച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നിത്യോപയോഗസാധനങ്ങള്‍ സപ്ലൈകോ മൊത്തവിലയ്ക്കെടുത്തിരുന്ന കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള പണം സപ്ലൈകോയ്ക്ക് കൊടുത്തുതീര്‍ക്കാനാവാതെ വന്നിരിക്കുന്നു. ഇതേത്തുടര്‍ന്ന് സപ്ലൈകോയുടെ ടെന്‍ഡറുകള്‍ അവര്‍ ബഹിഷ്കരിക്കുന്ന നിലയും വന്നിരിക്കുന്നു. ഇതാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഈ അവസ്ഥ സപ്ലൈകോയെ തകര്‍ക്കുന്നതിനാവും വഴിവയ്ക്കുക.

    ReplyDelete