Monday, June 13, 2011

വെള്ളം വാര്‍ന്നുപോയശേഷം അണകെട്ടുന്നവര്‍

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി പ്രവേശന കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി മറനീക്കി പുറത്തുവന്നിരിക്കുന്നു. ഒരുവശത്ത് അമ്പതുശതമാനം സീറ്റ് ഏറ്റെടുത്ത് മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നടത്തുമെന്ന രീതിയില്‍ ഉത്തരവിറക്കുക. മറുവശത്ത് ഈ സീറ്റുകള്‍ വിറ്റ് കൊള്ളയടിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് കൂട്ടുനില്‍ക്കുക. ഈ കാപട്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വെള്ളം മുഴുവന്‍ വാര്‍ന്നുപോയതിനുശേഷം അണക്കെട്ട് കെട്ടാന്‍ ചെല്ലുംപോലെയായി വൈകി ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി. അധികാരത്തില്‍വന്നശേഷമുള്ള നിര്‍ണായക ദിവസങ്ങളില്‍ ചെയ്യേണ്ടതൊന്നും ചെയ്യാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ നൂറുശതമാനം പിജി ക്വോട്ടയും മാനേജ്മെന്റിന്റെ അധീനതയിലാവാന്‍വേണ്ട സാഹചര്യമൊരുക്കിക്കൊടുത്തത്.

മെയ് 18ന് അധികാരത്തില്‍വന്നതാണ് ഈ ഗവണ്‍മെന്റ്. മെയ് 23ന് വിദ്യാഭ്യാസവകുപ്പുമന്ത്രിയുണ്ടാകുകയും ചെയ്തു. മെയ് 31നകം പിജി പ്രവേശനപ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ഉത്തരവുള്ള കാര്യം യുഡിഎഫ് സര്‍ക്കാരിന് അറിയാമായിരുന്നു. മെയ് 30നുള്ളില്‍ സര്‍ക്കാര്‍ ക്വോട്ടാ ലിസ്റ്റ് നല്‍കാതിരുന്നാല്‍ 31നകം പ്രവേശന പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകള്‍ നൂറുശതമാനം സീറ്റ് കൈയടക്കുമെന്നും അതിനെ ചോദ്യംചെയ്യാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യം സര്‍ക്കാരിനു മുന്നില്‍ സംജാതമാകുമെന്നും വിദ്യാഭ്യാസമന്ത്രി മുതല്‍ മുഖ്യമന്ത്രിവരെയുള്ള എല്ലാവര്‍ക്കും നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അനങ്ങാതിരുന്നുകൊടുത്തു. സര്‍ക്കാര്‍ ക്വോട്ട മെറിറ്റ്ലിസ്റ്റ് സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് സമയത്ത് കൊടുക്കാതിരുന്നു. മാനേജ്മെന്റാകട്ടെ തങ്ങള്‍ക്ക് ഇഷ്ടമുള്ളപ്രകാരം പ്രവേശനം നടത്തുകയുംചെയ്തു. സ്വാശ്രയ മാനേജ്മെന്റുകളുടെ താല്‍പ്പര്യം എന്തായിരുന്നോ, അത് പൂര്‍ണമായും നിറവേറിക്കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു. മെറിറ്റ് സീറ്റില്‍ പ്രവേശനം നടത്തുമെന്ന് കാണിച്ച് ഉത്തരവിറക്കി. ഇത് ആരെ കബളിപ്പിക്കാനാണ്? സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ചെയ്യേണ്ടിയിരുന്നത്, അധികാരത്തില്‍വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മെറിറ്റ് ക്വോട്ടാ ലിസ്റ്റ് മാനേജ്മെന്റുകള്‍ക്ക് നല്‍കുകയായിരുന്നു. ഇതാകട്ടെ ബുദ്ധിമുട്ടുള്ള കാര്യമേ ആയിരുന്നില്ല. പിജി പ്രവേശനത്തിനായി പ്രവേശനപരീക്ഷാ കമീഷണറേറ്റ് തയ്യാറാക്കിയ റാങ്ക്ലിസ്റ്റ് ആരോഗ്യവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കൈവശമുണ്ടായിരുന്നു. രജിസ്ട്രേഷനും അലോട്ട്മെന്റും പ്രവേശനവുമെല്ലാം ഓണ്‍ലൈന്‍ സമ്പ്രദായത്തിലാകയാല്‍ ഒരു ദിവസംകൊണ്ടുതന്നെ സര്‍ക്കാരിന് പ്രക്രിയ പൂര്‍ത്തിയാക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സര്‍ക്കാര്‍ ക്വോട്ടയെ മാനിക്കാതെ തന്നിഷ്ടപ്രകാരം പ്രവേശനം നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ബോധപൂര്‍വം നിഷ്ക്രിയത്വം പാലിച്ച് നൂറുശതമാനം സീറ്റുകളും സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുക്കാന്‍ പാകത്തില്‍ അമ്പത് ശതമാനം മെറിറ്റ് ക്വോട്ട അട്ടിമറിക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ . സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് ഇങ്ങനെ വഴിവിട്ട് സഹായം ചെയ്തുകൊടുത്തത് വിവാദമാകുമെന്നുവന്നപ്പോഴാണ് മെറിറ്റ് സീറ്റില്‍ പ്രവേശനം നടത്തുമെന്നുകാണിച്ച് സര്‍ക്കാര്‍ പ്രഹസനമെന്നോണം ഉത്തരവിറക്കിയത്. മെയ് 31നുള്ളില്‍ പ്രവേശന പ്രക്രിയ തീര്‍ക്കണമെന്ന് കോടതി നിദേശിക്കുന്ന സാഹചര്യത്തില്‍ ഈ ഉത്തരവിന് നിയമസാധുതയുണ്ടാകില്ലെന്നും, അഥവാ ഉണ്ടായാല്‍ത്തന്നെ, അതിനെ കോടതി നടപടികളിലൂടെ ഇല്ലാതാക്കാന്‍ വേണ്ട സാഹചര്യം സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് കാലതാമസത്തിലൂടെ തങ്ങള്‍ ഒരുക്കികൊടുത്തിട്ടുണ്ടെന്നും യുഡിഎഫ് സര്‍ക്കാരിന് ബോധ്യമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന് ഇതെല്ലാം വേണ്ടപോലെ ചെയ്തുവയ്ക്കാമായിരുന്നില്ലേ എന്നതാണ് ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയുടെ ചോദ്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യാനുള്ളതെല്ലാം ചെയ്തു എന്നതാണ് യാഥാര്‍ഥ്യം. അതിന്റെ തുടര്‍ച്ച യുഡിഎഫ് സര്‍ക്കാര്‍ ചെയ്യാത്തതാണ് പ്രശ്നം.

എല്‍ഡിഎഫ് ഭരണകാലത്ത് ഒന്നാം ഘട്ട അലോട്ട്മെന്റ് നടത്തി. രണ്ടാംഘട്ട അലോട്ട്മെന്റിലാണ് സ്വാഭാവികമായും സ്വാശ്രയകോളേജുകളിലേക്ക് പ്രവേശനം നടത്തുക. ഇത് മെയ് മൂന്നാംവാരത്തിലേ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. അഖിലേന്ത്യാ ക്വോട്ടയില്‍നിന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കുള്ള വിഹിതം കിട്ടാനുള്ളതുകൊണ്ടാണിത്. അപ്പോഴേക്കും സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിരുന്നു. അഖിലേന്ത്യാ ക്വോട്ട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധി മാനേജ്മെന്റുകള്‍ക്ക് അനുകൂലമാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സുപ്രീംകോടതി വിധി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെമാത്രം ബാധിക്കുന്ന പ്രശ്നമാണെന്നും ഇത് സ്വാശ്രയ മെഡിക്കല്‍ കോളേജിലേക്ക് ഗവണ്‍മെന്റ് ക്വോട്ട അനുവദിക്കുന്നതിന് തടസ്സമാവില്ലെന്നും മാനേജ്മെന്റുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടും ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു. അപ്പോള്‍പ്പിന്നെ, എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് സ്വന്തം വീഴ്ച മറയ്ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ വൃഥാശ്രമം മാത്രമാണെന്ന് വ്യക്തം. എല്‍ഡിഎഫ് സര്‍ക്കാര്‍ അങ്ങേയറ്റം ആത്മാര്‍ഥതയുള്ള സമീപനമായിരുന്നു ഇക്കാര്യത്തില്‍ അനുവര്‍ത്തിച്ചുപോന്നത്. പിജി പ്രവേശനകാര്യത്തില്‍ എല്ലാ മാനേജ്മെന്റുകളുമായും കരാറുണ്ടാക്കിയതും അമ്പത് ശതമാനം സീറ്റ് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. അമ്പത് ശതമാനം സീറ്റ് ഏറ്റെടുത്ത് ഉത്തരവിറക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പിജി അലോട്ട്മെന്റിന്റെ ആദ്യഘട്ടം ഏപ്രില്‍ 25നാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. അത് ആക്ഷേപരഹിതമാംവിധം എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. സ്വാശ്രയ സ്ഥാപനങ്ങളിലെ സീറ്റുകളുടെയും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ ഇതര സീറ്റുകളുടെയും കാര്യം രണ്ടാംഘട്ടത്തിലേ വരുമായിരുന്നുള്ളൂ. അത് യുഡിഎഫ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ക്കായി അട്ടിമറിച്ചു. ഇതാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ജൂണ്‍ 30 വരെ നീട്ടിയ സുപ്രീംകോടതിവിധി സംസ്ഥാനത്തെ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് ബാധകമാക്കണമെന്ന് കാണിച്ച് യുഡിഎഫ് സര്‍ക്കാരിന് കോടതിയില്‍ പോകാമായിരുന്നു. അത് ചെയ്യാന്‍ അവര്‍ സന്നദ്ധമല്ല. ഇതെന്താണ് തുറന്നുകാണിക്കുന്നത്? സമയത്ത് സര്‍ക്കാര്‍ ലിസ്റ്റ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് മെയ് 31 ആവുമ്പോഴേക്കും എല്ലാ സീറ്റിലും സ്വന്തം ഇഷ്ടപ്രകാരം പ്രവേശനം നടത്തിയ സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുടെ ചെയ്തി മാറ്റംവരാതെ സംരക്ഷിക്കണമെന്ന സര്‍ക്കാരിന്റെ താല്‍പ്പര്യം തന്നെയല്ലേ. പ്രവേശനം മെയ് 31നകം പൂര്‍ത്തിയാക്കണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശത്തില്‍ ഇളവുകിട്ടാന്‍ ശ്രമിക്കാത്തത് സ്വാശ്രയ മാനേജ്മെന്റുകളുടെ താല്‍പ്പര്യ സംരക്ഷണത്തിനുതന്നെ. അമ്പതുശതമാനം സീറ്റ് ഗവണ്‍മെന്റ് ക്വോട്ടയിലായാല്‍തന്നെയും അതിലെ ഫീസ് നിരക്ക് തങ്ങള്‍ നിയന്ത്രിക്കുംവിധമായിരിക്കുമെന്നാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ പറയുന്നത്. ഈ പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാനുള്ള മുന്‍കൈ സര്‍ക്കാരില്‍നിന്നുണ്ടാകുന്നില്ല എന്നതും സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകളുടെ താല്‍പ്പര്യ സംരക്ഷകരായി മാറുന്നു എന്നതിന്റെ സ്ഥിരീകരണമാണ്.

സര്‍ക്കാര്‍ സമയത്ത് ലിസ്റ്റ് തരാതിരുന്നതുകൊണ്ടാണ് സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയതെന്നും അതില്‍ മാറ്റംവരുത്തില്ലെന്നുമാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ പറയുന്നത്. അതങ്ങനെതന്നെ നടക്കട്ടെ എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ മനസ്സിലിരുപ്പ്. 50 ശതമാനം സീറ്റ് ഏറ്റെടുത്ത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിയമക്കുരുക്കില്‍പ്പെട്ട് അപ്രസക്തമായി തീര്‍ന്നുകൊള്ളുമെന്നതാണ് ഇവരുടെ പ്രത്യാശ. ഇതിന് വില നല്‍കേണ്ടിവരുന്നത്, ഉയര്‍ന്ന മാര്‍ക്കോടെ പ്രവേശന പരീക്ഷ വിജയിച്ച സമര്‍ഥരായ ഡോക്ടര്‍മാരും അക്കാദമിക് സമൂഹവുമാണ്.

janayugom 130611

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി പ്രവേശന കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി മറനീക്കി പുറത്തുവന്നിരിക്കുന്നു. ഒരുവശത്ത് അമ്പതുശതമാനം സീറ്റ് ഏറ്റെടുത്ത് മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നടത്തുമെന്ന രീതിയില്‍ ഉത്തരവിറക്കുക. മറുവശത്ത് ഈ സീറ്റുകള്‍ വിറ്റ് കൊള്ളയടിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് കൂട്ടുനില്‍ക്കുക. ഈ കാപട്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വെള്ളം മുഴുവന്‍ വാര്‍ന്നുപോയതിനുശേഷം അണക്കെട്ട് കെട്ടാന്‍ ചെല്ലുംപോലെയായി വൈകി ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി. അധികാരത്തില്‍വന്നശേഷമുള്ള നിര്‍ണായക ദിവസങ്ങളില്‍ ചെയ്യേണ്ടതൊന്നും ചെയ്യാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ നൂറുശതമാനം പിജി ക്വോട്ടയും മാനേജ്മെന്റിന്റെ അധീനതയിലാവാന്‍വേണ്ട സാഹചര്യമൊരുക്കിക്കൊടുത്തത്.

    ReplyDelete