Monday, June 13, 2011

അരാഷ്ട്രീയവല്‍ക്കരണം ജനാധിപത്യത്തെ തകര്‍ക്കും

അഴിമതിയും കള്ളപ്പണവും ഇന്ന് രാജ്യത്താകെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. സമീപ കാലത്ത് വെളിപ്പെടുത്തപ്പെട്ട വന്‍ അഴിമതികള്‍, അതേത്തുടര്‍ന്നുണ്ടായ കേസുകള്‍, അതിലൊക്കെപ്പെട്ട് ജയിലില്‍ കഴിയാന്‍ നിര്‍ബന്ധിതരായ മന്ത്രിമാരും, എംപിമാരും, ഉദ്യോഗസ്ഥപ്രമുഖരും സമ്പന്നരായ പ്രമാണിമാരുമൊക്കെ, ഈ പ്രശ്‌നത്തിന്റെ ഗൗരവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. നമ്മുടെ ഏറ്റവും പുതിയ ലോക്‌സഭയില്‍ കോടീശ്വരന്മാര്‍ക്കും, ദശകോടീശ്വരന്മാര്‍ക്കും, പിന്നെ കടുത്ത കുറ്റവാളികള്‍ക്കും  ഭൂരിപക്ഷം! സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നവരുള്‍പ്പെടെ നിരവധി ന്യായാധിപന്മാര്‍ ഇന്ന് അഴിമതിയുടെ കരിനിഴലിലാണ്. നമ്മുടെ കോര്‍പ്പറേറ്റ് മേഖല അഴിമതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നാം കണ്ടു. നീരാ റാഡിയ, ടേപ്പ് കോര്‍പ്പറേറ്റ് ഇടപാടുകാര്‍ക്കുള്ള മീഡിയ ബന്ധം വെളിപ്പെടുത്തിയപ്പോള്‍ ടാറ്റയും റിലയന്‍സുമൊക്കെ അഴിമതികളുടെ അളിഞ്ഞ കേസുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. അധികം വൈകാതെ അഴിമതിക്കാരനായ ഒരു ജഡ്ജിയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്യാന്‍ പോവുകയാണ്. ആ ശ്രമം വിജയിക്കുമോ എന്ന് ഉറപ്പുപറയാന്‍ കഴിയില്ല. അഴിമതിയില്‍ മൂക്കറ്റം മുങ്ങിയ ഒരു ജഡ്ജിയായിരുന്നു പാര്‍ലമെന്റ് ഇംപീച്ച് ചെയ്യാന്‍ ഒരിക്കല്‍ ശ്രമിച്ച ജസ്റ്റിസ് രാമസ്വാമി. പാര്‍ലമെന്റില്‍ അന്ന് വക്കീലെന്ന നിലയില്‍ അഴിമതിക്കാരനായ ജസ്റ്റിസിന്റെ കേസുവാദിച്ചത് ഇന്നത്തെ കേന്ദ്രമന്ത്രി കപില്‍ സിബല്‍ ആയിരുന്നു. അദ്ദേഹം കേസു നന്നായി വാദിച്ചു. പക്ഷെ ഒരു എം പിപോലും അദ്ദേഹത്തിന്റെ വാദം കേട്ട് മനം മാറിയില്ല. ഒരാളുടെയും പിന്തുണ പാര്‍ലമെന്റില്‍ നിന്നും കിട്ടിയില്ലെങ്കിലും ജസ്റ്റിസ് രാമസ്വാമി രക്ഷപ്പെട്ടു. കോണ്‍ഗ്രസിന് നന്ദി. അന്ന് അവരെടുത്ത തീരുമാനമാണ് രാമസ്വാമിയെ രക്ഷപ്പെടുത്തുവാന്‍ പഴുത് സൃഷ്ടിച്ചത്. ഇംപീച്ച്‌മെന്റ് പ്രമേയം വോട്ടിനിട്ടപ്പോള്‍ കോണ്‍ഗ്രസ് നിഷ്പക്ഷതപാലിക്കാന്‍ തീരുമാനിച്ചത് കൊണ്ടാണത് സംഭവിച്ചത്. കാരണം ജസ്റ്റിസുമാരെ ഇംപീച്ച് ചെയ്യണമെങ്കില്‍ പ്രമേയത്തിനനുകൂലമായി മൂന്നില്‍ രണ്ട് എംപിമാര്‍ വോട്ട് ചെയ്യണം. കോണ്‍ഗ്രസിന്റെ നിഷ്പക്ഷത ഇംപീച്ച്‌മെന്റ് പ്രമേയം പരാജയപ്പെടുന്നതിന് വഴിവച്ചു. അഴിമതിക്കാരനായ ജസ്റ്റിസ് രാമസ്വാമി രക്ഷപ്പെട്ടു.

ഈ സംഭവങ്ങളൊക്കെ ജനത്തിന്റെ മനസ് മടുപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ പിന്നില്‍ ജനം അണിനിരക്കുന്നത്; അവര്‍ ആരെന്ന് നോക്കാതെതന്നെ.

ഈ വലിയ അഴിമതിയുടെ മറ്റൊരു മുഖമാണ് കള്ളപ്പണം, സ്വദേശിയും വിദേശീയുമുള്‍പ്പെടെ. കഴിഞ്ഞ 8 വര്‍ഷക്കാലത്തെ മാത്രം വിദേശകള്ളപ്പണത്തിന്റെ കണക്ക് 4.8 ലക്ഷം കോടി രൂപ എന്നതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ദശാബ്ദങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട കള്ളപ്പണത്തിന്റെ സാമ്രാജ്യം എത്രയോ വലുതാണ്.

ഈ പ്രശ്‌നങ്ങള്‍ നിരന്തരം പാര്‍ലമെന്റിലും പൊതുവേദികളിലും തുടര്‍ച്ചയായി ഉന്നയിക്കുകയും, ശക്തവും മൂര്‍ച്ചയുള്ളതുമായ നിയമങ്ങളും ഭരണനടപടികളും വേണമെന്ന് ശക്തമായി വാദിക്കുകയും ചെയ്തത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷങ്ങളും പുരോഗമന ചിന്താഗതിയുള്ള കോണ്‍ഗ്രസുകാരുമുള്‍പ്പെട്ട വലിയൊരു ജനാധിപത്യശക്തിയാണ്. ഈ പ്രശ്‌നത്തില്‍ കേന്ദ്രം ഭരിച്ച സര്‍ക്കാരുകളൊക്കെ ഒളിച്ചുകളിയാണ് നടത്തിയിട്ടുള്ളത്.

ഇത്തരം ഒരു ഗൗരവമേറിയ പ്രശ്‌നം ആഴത്തില്‍ പഠിക്കാതെയും കൈകാര്യം ചെയ്യാതെയും ഇതൊരു ധാര്‍മ്മിക പ്രശ്‌നമെന്ന നിലയില്‍ ഇതിനെ സമീപിച്ച് തങ്ങളുടെ നിരാഹാരസമരം
വഴി പരിഹാരം കാണാമെന്ന മട്ടില്‍ രംഗത്തുവന്നവരാണ് അന്നാഹസാരെയും രാംദേവും.

സിവില്‍ സൊസൈറ്റിയുടെ പേരില്‍ സമരം ചെയ്ത ഹസാരയെ വമ്പിച്ച തോതില്‍ ഊതി വീര്‍പ്പിച്ചു, ഡല്‍ഹിയിലെ മീഡിയ. ഇവര്‍ക്ക് ആളെകൂട്ടാന്‍ ചില കേന്ദ്രങ്ങള്‍ പണം മുടക്കി ഏര്‍പ്പാടുകള്‍ ചെയ്തു. ഈ പ്രശ്‌നത്തെ ലഘൂകരിക്കുകയും, അരാഷ്ട്രവല്ക്കരിക്കുകയും ചെയ്യുന്ന ഈ സമീപനത്തിന്റെ പ്രണേതാക്കള്‍ ജനാധിപത്യത്തേയും ജനാധിപത്യ പ്രസ്ഥാനങ്ങളെയും, ജനങ്ങളുടെ പങ്കിനേയും നിസ്സാരവത്ക്കരിച്ചുകാണാന്‍ ശ്രമിച്ചു. പല സ്ഥാപിത താല്‍പര്യങ്ങളും ഇതിന്റെ പിന്നിലണിനിരന്നു. ഈ വഴിയിലൂടെ മുന്നോട്ടുള്ള യാത്രയുടെ അപകടം മുന്‍കൂട്ടിക്കാണുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഈ സമരക്കാരുടെ മുന്‍പില്‍ കീഴടങ്ങി. ആരും പ്രതീക്ഷിക്കുകപോലും ചെയ്യാത്ത ഒരു ദയനീയമായ കീഴടങ്ങലായിരുന്നു അത്്.
ഒരിക്കല്‍ മനുഷ്യരക്തത്തിന്റെ സ്വാദനുഭവിച്ച കടുവ 'നരഭോജി' ആയി മാറുന്ന ദൃശ്യമാണ് അടുത്ത രംഗത്ത് നാം രാംദേവിലൂടെ ദര്‍ശിച്ചത്. സംശയകരമായ ഇടപാടുകളിലൂടെ സമ്പാദിച്ച വന്‍ സമ്പത്തും, കണക്കില്ലാത്ത കോടികളുടെ സ്വത്ത് സ്വദേശത്തും വിദേശത്തും സ്വന്തമായുള്ള രാംദേവ് ആര്‍ എസ് എസിന്റെയും ബിജെപിയുടെയും പരസ്യമായ അനുഗ്രഹത്തോടെയാണ് രംഗത്തിറങ്ങിയത്. ഒരു ഘട്ടത്തില്‍ സായുധ സമര ഭീഷണിയും ഇദ്ദേഹം മുഴക്കി. സ്വന്തം ജെറ്റ് വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയ ഈ സന്യാസിയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചു കേന്ദ്രസര്‍ക്കാര്‍. നാലുപ്രമുഖരായ കേന്ദ്രമന്ത്രിമാര്‍ വിമാനത്താവളത്തിലിദ്ദേഹത്തെ സ്വീകരിച്ചു. അനന്തമായ കൂടിയാലോചനകള്‍, വാഗ്ദാനങ്ങള്‍, ഹോട്ടലില്‍ രഹസ്യ കൂടിക്കാഴ്ച, ഒത്തുതീര്‍പ്പാകുന്നുവെന്ന പ്രഖ്യാപനം, ഇവയൊക്കെ നടത്തിയാണ് കേന്ദ്രസര്‍ക്കാര്‍ രാംദേവിനെ ആകാശത്തോളം വലുതാക്കിയത്. രാംദേവിനും തോന്നി താന്‍ ശരിക്കും വലിയവനാണെന്ന്. തുടര്‍ന്നുള്ള രാംദേവിന്റെ നടപടികള്‍ അസഹനീയമായി കേന്ദ്രസര്‍ക്കാരിന്. ആദരിച്ചവര്‍തന്നെ പൊലീസിനെയയച്ച് അര്‍ദ്ധരാത്രിയില്‍ തികച്ചും മനുഷ്യത്വരഹിതവും, ക്രൂരവും, ജനാധിപത്യവിരുദ്ധവുമായ മര്‍ദ്ദന നടപടികളിലൂടെ രാംദേവിനേയും കൂട്ടാളികളേയും ഡല്‍ഹിയില്‍ നിന്നും ''തല്ലിയോടിച്ചു''.

ഹരിദ്വാറില്‍ അനിശ്ചിതകാല നിരാഹാരം തുടര്‍ന്ന രാംദേവ് ഇന്നലെയാണ് നിരാഹാരം അവസാനിപ്പിച്ചത്. വാഗ്ദത്തമായ ജന്‍ ലോക്പാല്‍ നിയമം ആഗസ്റ്റ് 15ന് മുന്‍പ് പാസാക്കിയില്ലെങ്കില്‍ താന്‍ മരണം വരെയുള്ള ഉപവാസം അടുത്ത ദിവസം മുതല്‍ തുടങ്ങുമെന്ന് അന്നാഹസാരെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇനി എന്തുചെയ്യും. സമരക്കാര്‍ക്കും സര്‍ക്കാരിനും വലിയ നിശ്ചയമില്ല ഇക്കാര്യത്തില്‍.

ഒരുജനാധിപത്യ രാജ്യത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്നും സമരം ചെയ്യുന്നതെന്നുമുള്ള പ്രാഥമിക കാര്യം വിസ്മരിച്ചവരാണ് ഈ സമരക്കാര്‍. ആ പരമാര്‍ത്ഥം മറന്നവരാണ് യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരും.

ഒരു പ്രശ്‌നത്തെ ഇതിനേക്കാള്‍ വഷളാക്കി കൈകാര്യം ചെയ്യാന്‍ മറ്റാര്‍ക്കും കഴിയുകയില്ലെന്നു തെളിയിച്ചു യുപിഎ സര്‍ക്കാരും, പ്രധാനമന്ത്രിയും കൂട്ടുകാരും.
ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ വിളിച്ചുകൂട്ടി പ്രശ്‌നം പരിഹരിക്കുന്നതിന് സമവായം സൃഷ്ടിക്കുക എന്നതാണ് ഏത് ഭരണാധികാരിയും ജനാധിപത്യത്തില്‍ സ്വീകരിക്കുന്ന ഒരു സാധാരണ നടപടിക്രമം. ഇതുവരെ യുപിഎ സര്‍ക്കാര്‍ അതുവഴിക്ക് ചിന്തിച്ചതേയില്ല. എന്തൊരു പാപ്പരത്തം. ഇനിയും വൈകിയിട്ടില്ല, ആവഴിക്കു ചിന്തിക്കുവാന്‍. ജനാധിപത്യത്തില്‍ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളൊക്കെ ഒരുമിച്ചിരുന്ന് പ്രശ്‌നപരിഹാരം കാണുന്ന പ്രക്രിയയ്ക്ക് വിരാമമിടുകവഴി, സര്‍ക്കാരും അരാഷ്ട്ര ശക്തികളുടെ കൈയ്യില്‍ കളിച്ച് ജനാധിപത്യത്തിന് ഭീഷണിസൃഷ്ടിക്കുകയാണ്.

ഈ പറഞ്ഞതിനേക്കാള്‍ സങ്കീര്‍ണ്ണവും ഗൗരവമുള്ളതുമായിരുന്നെങ്കില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യാം.

അടിച്ചമര്‍ത്തല്‍ ഒട്ടും അഭിലഷണീയമായൊരു മാര്‍ഗ്ഗമല്ല, സായുധ സമരവും.

ജനാധിപത്യത്തെയും ജനാധിപത്യ പ്രസ്ഥാനങ്ങളെയും രക്ഷിക്കാനാഗ്രഹിക്കുന്നവരുടെ മുന്‍പില്‍ മറ്റൊരു മാര്‍ഗ്ഗമില്ല, പ്രശ്‌നപരിഹാരത്തിന്. അരാഷ്ട്രീയവല്ക്കരണം വഴി സമരക്കാരും സര്‍ക്കാരും തകര്‍ക്കുന്നത് ജനാധിപത്യത്തെയാണ്.

സി കെ ചന്ദ്രപ്പന്‍ janayugom 130611

1 comment:

  1. അഴിമതിയും കള്ളപ്പണവും ഇന്ന് രാജ്യത്താകെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. സമീപ കാലത്ത് വെളിപ്പെടുത്തപ്പെട്ട വന്‍ അഴിമതികള്‍, അതേത്തുടര്‍ന്നുണ്ടായ കേസുകള്‍, അതിലൊക്കെപ്പെട്ട് ജയിലില്‍ കഴിയാന്‍ നിര്‍ബന്ധിതരായ മന്ത്രിമാരും, എംപിമാരും, ഉദ്യോഗസ്ഥപ്രമുഖരും സമ്പന്നരായ പ്രമാണിമാരുമൊക്കെ, ഈ പ്രശ്‌നത്തിന്റെ ഗൗരവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

    ReplyDelete