സ്വകാര്യ എണ്ണ പര്യവേക്ഷണ കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുകവഴി ഖജനാവിന് പതിനായിരക്കണക്കിനു കോടി രൂപയുടെ നഷ്ടമുണ്ടായതായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തി. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് കഴിഞ്ഞാഴ്ച സിഎജി നല്‍കിയ കരട് റിപ്പോര്‍ട്ടിലാണ് 2ജി ഇടപാടിന് സമാനമായ വന്‍അഴിമതി ചൂണ്ടിക്കാട്ടുന്നത്.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായുള്ള ഇടപാടില്‍ മാത്രം 30,000 കോടി രൂപയെങ്കിലും കേന്ദ്രസര്‍ക്കാരിന് നഷ്ടം വന്നിട്ടുണ്ടാകുമെന്ന സൂചനയാണ് സിഎജി നല്‍കുന്നത്. വിശദമായ അന്വേഷണം വേണമെന്നും സിഎജി ആവശ്യപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ പര്യവേക്ഷണചെലവ് പെരുപ്പിച്ച് കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന ഭീമമായ തുക റിലയന്‍സും മറ്റ് രണ്ടു കമ്പനിയും തട്ടിയെടുത്തത്. റിലയന്‍സിനു പുറമെ രാജസ്ഥാനിലെ ബാര്‍മേറില്‍ പെട്രോളിയം പര്യവേക്ഷണം നടത്തിയ കെയിന്‍ എനര്‍ജി, മധ്യപ്രദേശിലെ പന്ന-മുക്ത-തപ്തി മേഖലയിലെ വാതക പര്യവേക്ഷണത്തിന് കരാര്‍ ലഭിച്ച ബ്രിട്ടീഷ് ഗ്യാസ് ഇന്ത്യ തുടങ്ങിയ കമ്പനികള്‍ക്കും യുപിഎ സര്‍ക്കാര്‍ വഴിവിട്ട് സഹായംചെയ്തതെന്ന് സിഎജി പറയുന്നു. 2ജി അഴിമതിക്ക് സമാനമായ അഴിമതിയാണ് ഇതെന്നാണ് നിഗമനം. കരട് റിപ്പോര്‍ട്ടിന്‍മേല്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ മറുപടി ലഭിച്ചതിനുശേഷമേ അന്തിമ റിപ്പോര്‍ട്ട് സിഎജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കൂ. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ കഴിയുമെന്ന് സിഎജി വൃത്തങ്ങള്‍ വിശ്വാസം പ്രകടിപ്പിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിനെയാണ് സിഎജി പ്രധാനമായും വിമര്‍ശിക്കുന്നത്. ആന്ധ്രയിലെ കൃഷ്ണ-ഗോദാവരി തീരത്തെ പ്രകൃതിവാതക പര്യവേക്ഷണത്തിനുള്ള കരാര്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നല്‍കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസിനായിരുന്നു. പര്യവേക്ഷണത്തിനുള്ള ചെലവ് 12,000 കോടി രൂപയായാണ് നിശ്ചയിച്ചിരുന്നത്. വാതക ഉല്‍പ്പാദനം തുടങ്ങിയാല്‍ വരുമാനം സര്‍ക്കാരുമായി പങ്ക് വയ്ക്കണമെന്നായിരുന്നു കരാര്‍ . എന്നാല്‍ , ലാഭം പങ്ക് വയ്ക്കുന്നത് ഒഴിവാക്കാന്‍ പര്യവേക്ഷണത്തിനുള്ള ചെലവ് മൂന്നിരട്ടിയായി മുകേഷ് അംബാനി വര്‍ധിപ്പിച്ച് കാണിച്ചു. 45,000 കോടിയായാണ് കാണിച്ചത്. പെട്രോളിയംമന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോ കാര്‍ബണും ഇതിന് അംഗീകാരം നല്‍കി. ഇതുവഴി 30,000 കോടി രൂപയെങ്കിലും കേന്ദ്രസര്‍ക്കാരിന് നഷ്ടം വന്നു.
പര്യവേക്ഷണ ചെലവ് പെരുപ്പിച്ച് കാട്ടി ഇവിടെനിന്ന് ഖനനം ചെയ്യുന്ന പ്രകൃതിവാതകത്തിന് വില കൂട്ടാനുള്ള നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനെതിരെ സിപിഐ എമ്മും സിഐടിയുവും ശക്തമായി രംഗത്ത് വന്നിരുന്നു. 2007 ജൂലൈ 13ന് സിഐടിയു നേതാവും രാജ്യസഭാംഗവുമായ തപന്‍സെന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. 2004ലെ കരാറനുസരിച്ച് ഒരു തെര്‍മല്‍ യൂണിറ്റ് വാതകത്തിന് 2.4 ഡോളറായിരുന്നു വില നിശ്ചയിച്ചത്. എന്നാല്‍ , പര്യവേക്ഷണ ചെലവ് കൂടിയതിനാല്‍ ഇത് 4.33 ഡോളറാക്കണമെന്ന് റിലയന്‍സ് ആവശ്യപ്പെട്ടു. 85 ശതമാനം വിലവര്‍ധനയാണ് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് തപന്‍സെന്‍ കത്തയച്ചത്. സെപ്തംബര്‍ നാലിന് ഇറക്കിയ പ്രസ്താവനയില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോയും വില വര്‍ധന ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ , പിന്നീട് ഈ വിലവര്‍ധന അനുവദിക്കുകയാണ് ചെയ്തത്. അന്ന് സിപിഐ എം പറഞ്ഞത് ശരിയാണെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രകൃതിവാതക പര്യവേക്ഷണത്തിന് നല്‍കിയ സ്ഥലം മുഴുവന്‍ അവ കണ്ടെത്താന്‍ സാധ്യതയുള്ള മേഖലയായി പ്രഖ്യാപിച്ച് കമ്പനികള്‍ സ്വന്തമാക്കിവച്ചതും അനുവദിക്കാന്‍ പാടില്ലായിരുന്നെന്ന് സിഎജി പറയുന്നു.
വി ബി പരമേശ്വരന്‍ deshabhimani 140611
സ്വകാര്യ എണ്ണ പര്യവേക്ഷണ കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുകവഴി ഖജനാവിന് പതിനായിരക്കണക്കിനു കോടി രൂപയുടെ നഷ്ടമുണ്ടായതായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തി. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് കഴിഞ്ഞാഴ്ച സിഎജി നല്‍കിയ കരട് റിപ്പോര്‍ട്ടിലാണ് 2ജി ഇടപാടിന് സമാനമായ വന്‍അഴിമതി ചൂണ്ടിക്കാട്ടുന്നത്.
ReplyDelete