Friday, June 3, 2011

ആദിവാസിഭൂമി തട്ടിയവരെ വെറുതെ വിടരുത്

വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ഭൂമി കൈയേറുന്നവര്‍ക്കും കൈമാറ്റം ചെയ്യുന്നവര്‍ക്കും ഇടനിലക്കാര്‍ക്കും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും തടവും പിഴയും വ്യവസ്ഥചെയ്യുന്നതാണ് കേരള ഭൂസംരക്ഷണ ഭേദഗതി നിയമം. മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവും 50000 മുതല്‍ രണ്ടു ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. ഭൂമി സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥന്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാതിരിക്കുകയോ, ഒത്താശചെയ്യുകയോ ചെയ്താലും ഇതേ ശിക്ഷ ലഭിക്കും. ആ നിലയ്ക്ക് യുഡിഎഫ് എംഎല്‍എ എം വി ശ്രേയാംസ്കുമാറിനും അദ്ദേഹത്തിന് അനധികൃതഭൂമി കൈവശംവയ്ക്കാന്‍ സഹായം നല്‍കിയവര്‍ക്കുമെതിരെ അടിയന്തരമായി കേസെടുത്ത് നിയമനടപടി ആരംഭിക്കാനുള്ള ആഹ്വാനംകൂടിയാണ് കഴിഞ്ഞദിവസം വന്ന ഹൈക്കോടതി വിധി.

വയനാട് ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 754/2ല്‍പ്പെട്ട 16.75 ഏക്കര്‍ സര്‍ക്കാര്‍ഭൂമി പതിച്ചുകിട്ടാനുള്ള എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെ ഹര്‍ജിയാണ്, ഹര്‍ജിക്കാരന്‍ ഭൂമി പതിച്ചുനല്‍കാന്‍ അര്‍ഹനല്ല എന്ന് സംശയരഹിതമായി ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളിയത്. ഭൂമി പതിച്ചുനല്‍കല്‍ നിയമപ്രകാരം ഭൂരഹിതര്‍ക്കുമാത്രമാണ് അതിനര്‍ഹത. ശ്രേയാംസ്കുമാറിന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ വന്‍തോതില്‍ ഭൂമിയുണ്ട്-അതിന്റെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. മാത്രമല്ല, കൈയേറ്റഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യം നേരത്തെ റവന്യു സെക്രട്ടറി നിരസിച്ചതുമാണ്. എന്നിട്ടും പൊതുമുതല്‍ സ്വന്തമാക്കാന്‍ നടത്തിയ നാണംകെട്ട ശ്രമമാണ് ഹൈക്കോടതി ഇപ്പോള്‍ തടഞ്ഞത്. പതിച്ചുകിട്ടാന്‍ അപ്പീല്‍ നല്‍കുമെന്ന് ശ്രേയാംസ്കുമാര്‍ പറയുന്നുണ്ടെങ്കിലും അനധികൃതമായി ഭൂമി ഇത്രയും നാള്‍ കൈവശംവച്ചതിന്റെയും അത് സ്വന്തമാക്കാന്‍ നടത്തിയ വഴിവിട്ട മാര്‍ഗങ്ങളുടെയും നിയമവിരുദ്ധ സ്വഭാവം ഇല്ലാതാകുന്നില്ല. എത്രയും പെട്ടെന്ന് ആദിവാസികള്‍ക്ക് പതിച്ചു നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ട ഭൂമിയാണ് എംഎല്‍എ കൈയേറിയത്. എല്ലാ നിയമങ്ങളും ലംഘിച്ച് ഉന്നതതല സ്വാധീനത്തിന്റെ ബലത്തിലാണ് ഇത്രയും നാള്‍ ഈ ഭൂമി കൈവശംവച്ച് ആദായമെടുത്തത്.

കോടതി നടപടികള്‍ വൈകിപ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് കൂച്ചുവിലങ്ങിടാനും വഴിവിട്ടു നടത്തിയ നീക്കങ്ങള്‍ക്ക് കണക്കില്ല. മാധ്യമങ്ങളിലും ദുഃസ്വാധീനംചെലുത്തി ഇതുസംബന്ധിച്ച യാഥാര്‍ഥ്യം പുറത്തുവരുന്നത് തടയാന്‍ നിരന്തരം ശ്രമിച്ചു. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള പട്ടിണിപ്പാവങ്ങളടക്കമുള്ള ആദിവാസികള്‍ക്കവകാശപ്പെട്ട ഭൂമി തട്ടിയെടുത്തത് സാധാരണ ഒരു ഭൂവുടമയല്ല, ജനപ്രതിനിധികൂടിയായ രാഷ്ട്രീയ നേതാവാണ് എന്നത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു. പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയുന്ന നിയമപ്രകാരമുള്ള കുറ്റകൃത്യംകൂടിയാണ് എംഎല്‍എയുടേത്. ആദിവാസിഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് സംസ്ഥാന പട്ടികജാതി -ഗോത്രവര്‍ഗ കമീഷന്‍ നേരത്തെ വയനാട് കലക്ടറോട് വിശദീകരണം തേടിയതാണ്. അതിന്‍മേലുള്ള നടപടിയും മരവിപ്പിക്കുകയാണുണ്ടായത്. കോഴിക്കോട്- മൈസൂരു ദേശീയപാത 212ലാണ് ശ്രേയാംസ്കുമാര്‍ കൈയേറിയ ഭൂമി. കൃഷ്ണഗിരി വില്ലേജ് ഓഫീസിലെ രേഖയില്‍ അത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയാണ്. ഭൂമിയുടെ രജിസ്ട്രേഷന്‍ വില നിശ്ചയിച്ച് തയ്യാറാക്കിയ റെക്കോഡുകളിലും സര്‍ക്കാര്‍ഭൂമിതന്നെ. സ്ഥലം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ 2007 സെപ്തംബര്‍ ഒമ്പതിന് ഉത്തരവിട്ടതാണ്. ഭൂമി തിരിച്ചുപിടിക്കാന്‍ വിവിധ കാലങ്ങളിലായി റവന്യൂ വകുപ്പ് എട്ട് ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ സ്ഥലത്തിന് നികുതി സ്വീകരിക്കുന്നുമില്ല. ഇതൊക്കെയായിട്ടും പണവും സ്വാധീനവുമുപയോഗിച്ച് പൊതുസ്വത്ത് കൈക്കലാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ , ഇദ്ദേഹം ഇന്നാട്ടിലെ ജനങ്ങളുടെ പ്രതിനിധി തന്നെയല്ലേ എന്ന ചോദ്യമാണുയര്‍ത്തുന്നത്. ആദിവാസികള്‍ക്ക് പതിച്ചുകൊടുക്കേണ്ട ഭൂമിയാണ് കൃഷ്ണഗിരിയിലേത്. ഭൂസമരസഹായസമിതിയുടെയും ആദിവാസി ക്ഷേമസമിതിയുടെയും നേതൃത്വത്തില്‍ അവിടെ ആദിവാസികള്‍ കുടില്‍കെട്ടി സമരം നടത്തിയിരുന്നു. ഹൈക്കോടതി വിധി വന്നതോടെ ഭൂമി അര്‍ഹരായ ആദിവാസികള്‍ക്ക് പതിച്ചുകൊടുക്കാനുള്ള തടസ്സമാണ് നീങ്ങിയത്.

ഇടുക്കി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ഭൂമി കൈയേറ്റം നടന്നത് വയനാട്ടിലാണ്. നേരത്തെ ജില്ലാ കലക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം വയനാട്ടില്‍ തൊണ്ണൂറോളം ഹെക്ടര്‍ മിച്ചഭൂമിയുണ്ട്. ഇതില്‍ ഭൂരിഭാഗവും മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറിന്റെ കുടുംബത്തിന്റെ കൈവശമാണ്. കൃഷ്ണഗിരി ഭൂമിക്കുപുറമെ കല്‍പ്പറ്റ- മാനന്തവാടി ദേശീയപാതയില്‍ കോടികള്‍ വിലമതിക്കുന്ന 14.87 ഏക്കര്‍ സര്‍ക്കാര്‍ഭൂമി വീരേന്ദ്രകുമാറും സഹോദരന്‍ എം പി ചന്ദ്രനാഥും കൈയേറിയിട്ടുണ്ട്. വയനാട് ജില്ലയിലെ കൈയേറ്റഭൂമിയില്‍ ഭൂരിഭാഗവും വീരേന്ദ്രകുമാറിന്റെയും കുടുംബത്തിന്റേതുമാണ്. വൈത്തിരി താലൂക്കില്‍ കൈയേറിയ 43.7353 ഹെക്ടര്‍ സര്‍ക്കാര്‍ഭൂമിയില്‍ 41 ഹെക്ടറും ഇവരുടേതാണ്. ബത്തേരി താലൂക്കില്‍ 41 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതില്‍ 17ഉം വീരേന്ദ്രകുമാറിന്റെയും കുടുംബത്തിന്റെയുമാണ്. കൂടാതെ പുറക്കാടി ദേവസ്വത്തിന്റെ 73 ഏക്കര്‍ ഭൂമിയും വീരേന്ദ്രകുമാറും കുടുംബവും കൈയേറി കൈവശം വയ്ക്കുന്നു. ഈ കുടുംബം ഇന്ന് യുഡിഎഫ് സര്‍ക്കാരിന്റെ രക്ഷകരാണ്. ഭരണത്തിലെയും മാധ്യമത്തിലെയും സ്വാധീനമുപയോഗിച്ച് ഇനിയും ഇത്തരം കൈയേറ്റങ്ങള്‍ തുടരാന്‍ അനുവദിച്ചുകൂടാ. ഭൂപ്രശ്നത്തില്‍ ലോപമില്ലാതെ വാചകമടിക്കുന്ന ഉമ്മന്‍ചാണ്ടി സ്വന്തം കൂടാരത്തിലെ ഈ ഹിമാലയന്‍ തട്ടിപ്പിനെയും തട്ടിപ്പുകാരെയുംകുറിച്ച് പ്രതികരിക്കണം. ഭരണത്തെ താങ്ങിനിര്‍ത്തുന്നവര്‍ക്ക് പ്രത്യേക നിയമമൊന്നും ഇന്നാട്ടിലില്ല എന്നോര്‍ക്കാനുള്ള വിവേകമെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയാല്‍ വയനാട്ടിലെ ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ദിവസങ്ങള്‍ക്കകം ലഭിക്കുമെന്ന് ഉറപ്പാക്കാം.

ദേശാഭിമാനി മുഖപ്രസംഗം 030611

1 comment:

  1. വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ഭൂമി കൈയേറുന്നവര്‍ക്കും കൈമാറ്റം ചെയ്യുന്നവര്‍ക്കും ഇടനിലക്കാര്‍ക്കും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും തടവും പിഴയും വ്യവസ്ഥചെയ്യുന്നതാണ് കേരള ഭൂസംരക്ഷണ ഭേദഗതി നിയമം. മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവും 50000 മുതല്‍ രണ്ടു ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. ഭൂമി സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥന്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാതിരിക്കുകയോ, ഒത്താശചെയ്യുകയോ ചെയ്താലും ഇതേ ശിക്ഷ ലഭിക്കും. ആ നിലയ്ക്ക് യുഡിഎഫ് എംഎല്‍എ എം വി ശ്രേയാംസ്കുമാറിനും അദ്ദേഹത്തിന് അനധികൃതഭൂമി കൈവശംവയ്ക്കാന്‍ സഹായം നല്‍കിയവര്‍ക്കുമെതിരെ അടിയന്തരമായി കേസെടുത്ത് നിയമനടപടി ആരംഭിക്കാനുള്ള ആഹ്വാനംകൂടിയാണ് കഴിഞ്ഞദിവസം വന്ന ഹൈക്കോടതി വിധി.

    ReplyDelete