Monday, December 13, 2010

വ്യവസായ വികസനത്തില്‍ ബംഗാള്‍ കുതിക്കുന്നു

പശ്ചിമ ബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ വികസന-വ്യവസായവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് - മാവോയിസ്റ്റ് അക്രമി സംഘവും കോണ്‍ഗ്രസും നടത്തുന്ന എല്ലാ ശ്രമങ്ങളേയും അതിജീവിച്ചു കൊണ്ട് സംസ്ഥാനം അതിവേഗം മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും എത്ര പരിശ്രമിച്ചിട്ടും ബംഗാളിലേക്കുള്ള നിക്ഷേപം തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇവിടെ നിലനില്‍ക്കുന്ന അനുകൂലമായ സാഹചര്യം കണക്കിലെടുത്തു കൊണ്ട്, രാഷ്ട്രീയ പ്രതിസന്ധികള്‍ അവഗണിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി വന്‍ വ്യവസായ മുന്നേറ്റമാണ് നടക്കുന്നത്. 2009ല്‍ മാത്രം 44390 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് നടന്നത്. 206 പദ്ധതികളിലൂടെ 52000 തൊഴിലുകളാണ് പുതുതായി ഇതുവഴി സൃഷ്ടിച്ചത്. പശ്ചിമ ബംഗാള്‍ വ്യവസായ വികസന കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടിന്‍ പ്രകാരം അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 161820 കോടി രൂപ മുതല്‍ മുടക്കുള്ള 97 പ്രമുഖ വ്യവസായ പദ്ധതികളാണ് പൂര്‍ത്തിയാകുക. പതിനായിരക്കണക്കിനാളുകള്‍ക്ക് ഇതുമൂലം തൊഴില്‍ ലഭിക്കും.

    തുറമുഖ പട്ടണമായ ഹാള്‍ദിയയില്‍ 1,369 കോടി രൂപ മുതല്‍മുടക്കുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണ ശുദ്ധീകരണ ശാല, എം സി സി പിടിഎയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന 1,920 കോടി രൂപ മുതല്‍മുടക്കുള്ള പ്യൂരിഫൈഡ് തെറാതലിക് ആസിഡ് പ്ളാന്റ്, 1230 കോടി രൂപയുടെ ഹാള്‍ദിയ പെട്രോ കെമിക്കല്‍സ് വികസനം എന്നിവയ്ക്കു പുറമെ വ്യവസായ മേഖലയായ ദുര്‍ഗാപൂര്‍ - അസന്‍സോള്‍ ഏരിയായില്‍ ഉയര്‍ന്നു വരുന്ന ആസ്റ്റം കമ്പനിയുടെ 172 കോടി രൂപയുടെ ബോയിലര്‍ ഫാക്ടറി, കുള്‍ദിയില്‍ അയണ്‍ & സ്റ്റീല്‍ കമ്പനി നവീകരണം, ബര്‍ദ്വമാന്‍ ജില്ലയില്‍ കച്ചത് എന്ന സ്ഥലത്ത് തവിടില്‍ നിന്ന് എണ്ണയുല്‍പാദിപ്പിക്കാനുള്ള പദ്ധതി, ഹൂഗ്ളി ജില്ലയില്‍ ഹരിപാളില്‍ ഹിമാദ്രി കെമിക്കല്‍സിന്റെ കോള്‍ടാര്‍ പിച്ച് ഫാക്ടറി, പടിഞ്ഞാറന്‍ മിഡ്നാപൂര്‍ ജില്ലയില്‍ ആവിടെക് കമ്പനിയുടെ കമ്പസ്റ്റ്യന്‍ പിസ്റ്റണ്‍ എന്‍ജിന്‍ ഫാക്ടറി എന്നിവയെല്ലാം പുത്തന്‍ വ്യവസായ വികസനത്തിന്റെ പ്രതീകങ്ങളാണ്. വന്‍ വ്യവസായ നിക്ഷേപകങ്ങളുടെ പട്ടികയില്‍പെട്ടതാണ് പുരുളിയ ജില്ലയില്‍ രഘുനാഥപൂരില്‍ പണിപൂര്‍ത്തിയാകുന്ന ബാലാജി ഗ്രൂപ്പിന്റെ 16,000 കോടി രൂപയുടെ സ്റ്റീല്‍ പ്ളാന്റ്, ബര്‍ദ്വമാനിലെ ദൊമനനില്‍ ജാസ് ഇന്ത്യയുടെ 10,800 കോടിയുടെ സ്റ്റീല്‍ ഫാക്ടറി, അസന്‍സോളില്‍ വീഡിയോകോണ്‍ ഗ്രൂപ്പിന്റെ 21,000 കോടി രൂപയുടെ സ്റ്റീല്‍ വൈദ്യുതി സിമന്റ് പ്ളാന്റ്, പനാഗറില്‍ മെട്രിക്സ് കമ്പനിയുടെ 11,000 കോടിയുടെ യൂറിയ നിര്‍മ്മാണ ഫാക്ടറി, കൊല്‍ക്കത്തയില്‍ 606 കോടിയുടെ ഗാര്‍ഡണ്‍ റീച്ച് ഷിപ്പ് നിര്‍മ്മാണ വികസനം തുടങ്ങിയവ. അതിവേഗം നിര്‍മ്മാണ പൂര്‍ത്തിയാകുന്ന ഇവയുടെ പ്രവര്‍ത്തനം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപ്പാന്‍ കമ്പനിയായ കൊബെയുടെ സഹായത്തോടെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ദുര്‍ഗാപൂരില്‍ 5000കോടി രൂപ മുതല്‍മുടക്കുള്ള ഉരുക്കു കട്ടികള്‍ നിര്‍മ്മിക്കാനുള്ള യൂണിറ്റ് സ്ഥാപിക്കും. ദുര്‍ഗാപൂരില്‍ സെയിലിന്റെ അധീനതയിലുള്ള അലോയ് സ്റ്റീല്‍ ഫാക്ടറിയുടെ കൈവശമുള്ള 100 ഏക്കര്‍ അധിക ഭൂമിയിലാണ് ഇത് സ്ഥാപിക്കുക.

    പശ്ചിമ മിഡ്നാപൂരിലെ സാല്‍ബണിയില്‍ മാവോയിസ്റ്റ് അക്രമംമൂലം പണി നിര്‍ത്തി വെക്കേണ്ടി വന്ന ജിന്‍ഡാല്‍ സ്റ്റീല്‍ പ്ളാന്റിന്റെ പണി വീണ്ടും ആരംഭിച്ചു.പിന്നോക്ക പ്രദേശമായ സാല്‍ബണിയില്‍ രൂപം കൊള്ളുന്ന ഇത് രാജ്യത്തെ ഏറ്റവും വലിയ ആധുനിക ഇരുമ്പ് ഉരുക്ക് വ്യവസായ ശാലയെന്നു മാത്രമല്ല ഏഷ്യയിലെ തന്നെ ബൃഹത്തായ വ്യവസായ ശാലകളില്‍ ഒന്നാകും. മൊത്തം 38,000 കോടി രൂപ മുതല്‍ മുടക്കുന്ന ഭീമമായ ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഒരു കോടി ടണ്‍ സ്റ്റീല്‍ ആകും വാര്‍ഷിക ഉത്പാദന ശേഷി. ബംഗാളിന്റെ ചരിത്രത്തില്‍ ഇത്രയും ഭീമമായ തുക വിനിയോഗിച്ചുള്ള ഒരു പദ്ധതിയും മുമ്പ് ഉണ്ടായിട്ടില്ല. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 20,000 പേര്‍ക്ക് നേരിട്ടും അതിന്റെ ഇരട്ടിയലധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് കണക്കാക്കുന്നു. മൂന്നു ഘട്ടങ്ങളായിട്ടാണ് ഇതിന്റെ പണി പൂര്‍ത്തിയാകുക. ആദ്യ ഘട്ടം 2013ല്‍ ഉല്‍പാദനക്ഷമമാകും. രണ്ടാം ഘട്ടം 2015ലും മൂന്നാം ഘട്ടം 2020 ഓടെയും പൂര്‍ത്തിയാകും. സ്റ്റീല്‍ പ്ളാന്റിനോടൊപ്പം 600 മെഗാ വാട്ട് ഉത്പാദനശേഷിയുള്ള ഒരു വൈദ്യുതി നിലയവും ഒരു സിമന്റ് ഫാക്ടറിയും ഇവിടെ ഉയരും.

    2008 നവംബര്‍ രണ്ടിന് സാല്‍ബം പദ്ധതിയുടെ ശിലാ സ്ഥാപനം കഴിഞ്ഞ് മടങ്ങുംവഴി മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യയെ മാവോയിസ്റ്റുകള്‍ കുഴിബോംബ് വെച്ച് വധിക്കാന്‍ ശ്രമിച്ചു. തലനാരിഴ വ്യത്യാസത്തിനാണ് അദ്ദേഹം അന്ന് രക്ഷപ്പെട്ടത്. അതിനുശേഷം സംസ്ഥാനത്ത് അക്രമവും കൊലപാതകവും അഴിച്ചു വിട്ട മാവോയിസ്റ്റുകളും അവരുടെ പിണിയാളുകളായ തൃണമൂല്‍ കോണ്‍ഗ്രസും ചേര്‍ന്ന് പതിനായിരങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുകയും സംസ്ഥാനത്തിന്റെ വ്യവസായ മുന്നേറ്റത്തില്‍ വന്‍ വ്യതിയാനം സൃഷടിക്കുകയും ചെയ്യുമായിരുന്ന സ്റ്റീല്‍ പ്ളാന്റിന്റെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തി. ജനകീയ പിന്തുണയോടെ മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തി അക്രമത്തിന് ശമനം ഉണ്ടാക്കാന്‍ കഴിഞ്ഞതിനെ തുടര്‍ന്നാണ് രണ്ടു വര്‍ഷമായി മുടങ്ങിയ പണി പുനരാരംഭിച്ചത്. പണിയുടെ പുനരാരംഭ ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സ്റ്റീല്‍ വ്യവസായ രംഗത്തെ പ്രമുഖരായ ജിന്‍ഡാല്‍ ഗ്രൂപ്പും പശ്ചിമ ബംഗാള്‍ സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. 89 ശതമാനം ഓഹരി ജിന്‍ഡാല്‍ ഗ്രൂപ്പിനും 11 ശതമാനം സര്‍ക്കാരിനുമാണ്. 4800 ഏക്കര്‍ സ്ഥലത്തായിട്ടാണ് പദ്ധതി സ്ഥാപിക്കുക. അതില്‍ 4500 ഏക്കറോളം ഗവണ്മെന്റില്‍ നിക്ഷിപ്തമായ തരിശു സ്ഥലമാണ്. ബാക്കി ജിന്‍ഡാല്‍ ഗ്രൂപ്പ് ഭൂ ഉടമകളില്‍ നിന്നും നേരിട്ടാണ് വാങ്ങിയത്. അവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട പ്രതിഫലം നല്‍കിയതു കൂടാതെ കമ്പനി ഓഹരിയും നല്‍കും. ഭൂമി നല്‍കിയ കൂടുംബങ്ങളിലെ ഒരാള്‍ക്കു വീതമെങ്കിലും സ്ഥിരമായ ജോലിയും കമ്പനിയില്‍ ലഭിക്കും.

    വിവര സാങ്കേതിക വ്യവസായത്തിലും കഴിഞ്ഞ മൂന്നു വര്‍ഷമായി പശ്ചിമബംഗാള്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ പാതയിലാണ്. സാള്‍ട്ട് ലേക്ക് സെക്ടര്‍, ജ്യോതിബസു നഗര്‍ (രാജാര്‍ ഹട്ട്) ഈസ്റ്റ് കൊല്‍ക്കത്ത ഐടി പാര്‍ക്ക്, സിലിഗുരി, ദുര്‍ഗാപൂര്‍ എന്നിവിടങ്ങളും നിരവധി ഐടി കമ്പനികള്‍ ഉയരുന്നു. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും ഈ രംഗത്ത് ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കാനായി. മൂന്നുവര്‍ഷത്തിനിടെ സോഫ്റ്റ്വെയര്‍ കയറ്റുമതി വരുമാനം 2200 കോടി രൂപയില്‍നിന്ന് 6000 കോടി രൂപയായും ഐടി പ്രൊഫഷണലുകളുടെ എണ്ണം 35,000ല്‍ നിന്ന് ഒരു ലക്ഷമായും വര്‍ദ്ധിച്ചു. നടപ്പു സാമ്പത്തികവര്‍ഷം 28 ശതമാനമാണ് വളര്‍ച്ചാനിരക്ക്. ദേശീയതലത്തില്‍ 12 ശതമാനമാണിത്. ലോകത്തെ ഒന്നാംകിട ഐടി കമ്പനികളടക്കം അഞ്ഞൂറിലേറെ സ്ഥാപനങ്ങള്‍ ഇന്ന് കൊല്‍ക്കത്തയിലുണ്ട്. അതിവേഗം വികസനം നടക്കുന്ന ജ്യോതി ബസു നഗറില്‍ ഐടി വ്യാവസായികാവശ്യത്തിനു മാത്രമായി 2000 കോടി ചതുരശ്ര അടി സ്ഥലമാണ് നീക്കി വെച്ചിരിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 2 ലക്ഷം പേര്‍ക്ക് അവിടെ തൊഴില്‍ ലഭിക്കുമെന്ന് കണക്കാക്കുന്നു. നാസ്ചോം റിപ്പോര്‍ട്ട് അനുസരിച്ച് 2018 ആകുമ്പോഴേക്കും അതിന്റെ നാലിരട്ടി തൊഴിലവസരമാകും ഉണ്ടാകുക.

    ചെറുകിട കുടില്‍ വ്യവസായത്തിലും രാജ്യത്ത് പശ്ചിമ ബംഗാള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ രംഗത്ത് സംസ്ഥാനം നേടിയ മുന്‍ഗണനയാണ് തുടര്‍ച്ചയായി നിലനിര്‍ത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയ സാമ്പിള്‍ സര്‍വെ (എന്‍എസ്എസ്) തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇത് വെളിപ്പെടുത്തുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം എല്ലായിടത്തും ചെറുകിട കുടില്‍ വ്യവസായങ്ങളേയും ബാധിച്ച സാഹചര്യത്തിലാണ് ബംഗാള്‍ വലിയ തകര്‍ച്ച നേരിടാതെ മുന്നേറിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയിലും മുരടിപ്പ് ബാധിച്ചിരുന്നെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ അതിന് മാറ്റം വന്നു തുടങ്ങി. ഇപ്പോള്‍ സംസ്ഥാനത്ത് ആകെ 27.53 ലക്ഷം ചെറുകിട കുടില്‍ വ്യവസായ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലെല്ലാം കൂടി 54.93 ലക്ഷം ആളുകള്‍ പണിയെടുക്കുന്നു.

    ഈ സാമ്പത്തിക വര്‍ഷം ചെറുകിട കുടില്‍ വ്യവസായ രംഗത്ത് 250 കോടി രൂപ മുതല്‍ മുടക്കുള്ള പുതിയ യൂണിറ്റുകള്‍ കൂടി സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും ഇവ തുടങ്ങുക. ഇതുമൂലം രണ്ട് ലക്ഷം പേര്‍ക്ക് പുതുതായി തൊഴിലവസരം സൃഷ്ടിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 162.2 കോടി രൂപയുടെ ചെറുകിട കുടില്‍ വ്യവസായങ്ങളാണ് തുടങ്ങിയത്. 1.33 ലക്ഷം തൊഴില്‍ ഇതുമൂലം കൂടുതലായി ഉണ്ടായി. ഈ വര്‍ഷം അത് 251.20 കോടിയായി വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദ്ദേശമാണുള്ളത്. അതായത് 15 ശതമാനം വര്‍ദ്ധനവ്.

    പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്്ടിക്കല്‍ പദ്ധതിയനുസരിച്ച് ഏറ്റവും കൂടുതല്‍ തൊഴിവസരം ഉണ്ടാക്കിയതും പശ്ചിമ ബംഗാളാണ് എന്ന് ഒരു കേന്ദ്ര ഗവണ്‍മെന്റ് റിപ്പോര്‍ട്ട് എടുത്തു കാട്ടി. ഈ രംഗത്ത് പുതുതായി 44700 തൊഴിലവസരം കൂടി ഈ വര്‍ഷം സൃഷ്ടിച്ചു. മറ്റൊരു പ്രധാന തൊഴില്‍ മേഖല സ്വയം രക്ഷാ ഗ്രൂപ്പുകളാണ്. ഇപ്പോള്‍ സംസ്ഥാനത്ത് ഇങ്ങനെയുള്ള 9.29 ലക്ഷം ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം അത്് 10.4 ലക്ഷമായി വര്‍ദ്ധിപ്പിക്കും. ഒരു കോടി നാല് ലക്ഷം ആളുകളാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ 90 ശതമാനവും സ്ത്രീകളാണ്. കൈത്തറിയുള്‍പ്പെടെയുള്ള എല്ലാ പരമ്പരാഗത വ്യവസായങ്ങളും വികസിപ്പിക്കാനുള്ള പല പദ്ധതികളും ഗവണ്‍മെന്റ് തയ്യാറാക്കി. കൈത്തറി വികസിപ്പിക്കാനായി സാരികള്‍ പൊതുവിതരണ സമ്പ്രദായം വഴി വില്‍ക്കാനുള്ള പരിപാടിയും ആലോചിക്കുന്നു.

    സിംഗൂര്‍ ടാറ്റാ നാനോകാര്‍ നിര്‍മ്മാണത്തിനെതിരെയും നന്ദിഗ്രാമില്‍ കെമിക്കല്‍ ഹബ്ബിനെതിരെയും തൃണമൂല്‍ കോണ്‍ഗ്രസ് - മാവോയിസ്റ്റ് അക്രമ - കൊലയാളി സംഘത്തിന്റെ പ്രത്യക്ഷവും കോണ്‍ഗ്രസിന്റെ പരോക്ഷവുമായ പിന്തുണയോടു കൂടി നടമാടിയ അക്രമ - കൊലപാതക - അട്ടിമറി പരമ്പരകള്‍ ലക്ഷ്യമിട്ടത് സംസ്ഥാനത്തിന്റെ വികസനവും വ്യവസായ വളര്‍ച്ചയും തടയുവാനാണ്. എന്നാല്‍ സിംഗൂര്‍ - നന്ദിഗ്രാം അട്ടിമറി കലാപത്തിനു ശേഷവും സംസ്ഥാനം കൈവരിച്ച വ്യവസായ വളര്‍ച്ച കടുത്ത എതിരാളികളെ പോലും അമ്പരപ്പിക്കുന്നതാണ്. വ്യവസായികളുടെ സംഘടനയായ അസോസിയേറ്റഡ് ചേംമ്പര്‍ ഓഫ് ഇന്ത്യ (അസോചം) ഇന്ത്യയില്‍ ഏറ്റവും മികച്ച വ്യവസായ നിക്ഷേപ സൌഹൃദ സംസ്ഥാനങ്ങളിലൊന്നായി ബംഗാളിനെ തെരഞ്ഞെടുത്തു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അസോചത്തിന്റെ വിലയിരുത്തലില്‍ ബംഗാളിന്റെ ബിസിനസ് കോണ്‍ഫിഡന്‍സ് ഇന്‍ഡക്സ് പത്തില്‍ 6.5 ആണ്. വ്യവസായ വികസനത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ എടുക്കുന്ന നടപടികളില്‍ അസോചം സന്തുഷ്ടി പ്രകടിപ്പിച്ചു.

ഗോപി കൊല്‍ക്കത്ത ചിന്ത വാരിക 171210

1 comment:

  1. പശ്ചിമ ബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ വികസന-വ്യവസായവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് - മാവോയിസ്റ്റ് അക്രമി സംഘവും കോണ്‍ഗ്രസും നടത്തുന്ന എല്ലാ ശ്രമങ്ങളേയും അതിജീവിച്ചു കൊണ്ട് സംസ്ഥാനം അതിവേഗം മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും എത്ര പരിശ്രമിച്ചിട്ടും ബംഗാളിലേക്കുള്ള നിക്ഷേപം തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇവിടെ നിലനില്‍ക്കുന്ന അനുകൂലമായ സാഹചര്യം കണക്കിലെടുത്തു കൊണ്ട്, രാഷ്ട്രീയ പ്രതിസന്ധികള്‍ അവഗണിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി വന്‍ വ്യവസായ മുന്നേറ്റമാണ് നടക്കുന്നത്. 2009ല്‍ മാത്രം 44390 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് നടന്നത്. 206 പദ്ധതികളിലൂടെ 52000 തൊഴിലുകളാണ് പുതുതായി ഇതുവഴി സൃഷ്ടിച്ചത്. പശ്ചിമ ബംഗാള്‍ വ്യവസായ വികസന കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടിന്‍ പ്രകാരം അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 161820 കോടി രൂപ മുതല്‍ മുടക്കുള്ള 97 പ്രമുഖ വ്യവസായ പദ്ധതികളാണ് പൂര്‍ത്തിയാകുക. പതിനായിരക്കണക്കിനാളുകള്‍ക്ക് ഇതുമൂലം തൊഴില്‍ ലഭിക്കും.

    ReplyDelete