ലക്ഷ്യം അഴിമതിരഹിത ഭരണമെന്ന് ഉമ്മന്‍ചാണ്ടി
യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലെ പ്രധാന ഇനം അഴിമതിരഹിതഭരണം ഉറപ്പുവരുത്തലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും പേഴ്സണല്‍ സ്റ്റാഫിന്റെയും സ്വത്തു വിവരം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും അഴിമതികളെക്കുറിച്ച് വിവരം അറിയിക്കുന്നവര്‍ ആരാണെന്ന കാര്യം പുറത്തുവിടില്ലെന്നും അവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കേസുകളിലെ പ്രതികളും അന്വേഷണം നേരിടുന്നവരും മന്ത്രിമാരായിരിക്കെ അഴിമതിവിരുദ്ധപ്രഖ്യാപനം നടത്തുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ആരോപണമുന്നയിച്ചാല്‍ കുറ്റവാളിയാകില്ലെന്നായിരുന്നു പ്രതികരണം. വിവിധ കേസുകളില്‍ പ്രതികളായ അടൂര്‍ പ്രകാശ്, എം കെ മുനീര്‍ , ടി എം ജേക്കബ്, അന്വേഷണം നേരിടുന്ന പി കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി നൂറു ദിന കര്‍മപരിപാടി പ്രഖ്യാപിച്ചത്.
അഴിമതിവിരുദ്ധപ്രഖ്യാപനത്തിലെ ആത്മാര്‍ഥത സര്‍ക്കാരിന്റെ പ്രവര്‍ത്തനം നോക്കി ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് കോഴ വാങ്ങുന്നതടക്കമുള്ള ആരോപണങ്ങളില്‍ പരാതി കിട്ടിയാലേ അന്വേഷിക്കാനാവൂ. ആക്ഷേപം അന്തരീക്ഷത്തില്‍ ഉണ്ടായാല്‍ പോരാ. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ല. ഇത്തരത്തില്‍ നിയമനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. അഴിമതി ശ്രദ്ധയില്‍പെടുത്തുന്നവര്‍ക്ക് അവാര്‍ഡ് നല്‍കും. വിവരം സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സംവിധാനമൊരുക്കും. തന്റെ ഓഫീസ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും ഇത് തത്സമയം സംപ്രേഷണംചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടെന്‍ഡറുകള്‍ , പര്‍ച്ചേസ് നടപടികള്‍ക്ക് മുഖ്യ വിജിലന്‍സ് കമീഷന്റെ മാര്‍ഗരേഖ നടപ്പാക്കും. കേന്ദ്രലോക്പാല്‍ ബില്ലിനനുസൃതമായി സംസ്ഥാന ലോകായുക്ത ബില്‍ ഭേദഗതിചെയ്യും. എല്ലാ ജില്ലയിലും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി സംഘടിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ കലക്ടര്‍മാരും ജനസമ്പര്‍ക്കം നടത്തും. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഒരു രൂപയ്ക്ക് 25 കിലോ അരി വീതം ഓണം മുതല്‍ നല്‍കും. അപേക്ഷ നല്‍കി കാത്തിരിക്കുന്ന മൂന്നു ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കും. ഇതിനുശേഷം, അപേക്ഷിക്കുന്ന അന്നുതന്നെ എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് കൊടുക്കും. അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാര്‍ , വകുപ്പ് തലവന്മാര്‍ , അഡ്വക്കറ്റ് ജനറല്‍ , സര്‍ക്കാര്‍ നിയമ ഓഫീസര്‍മാര്‍ എന്നിവരും അവരുടെ കുടുംബാംഗങ്ങളും സ്വത്ത് വിവരം പ്രസിദ്ധപ്പെടുത്തും. എല്ലാ സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിക്കുന്ന ദിവസംതന്നെ വെബ്സൈറ്റില്‍ വരും. വിവരാവകാശപ്രകാരമുള്ള അപേക്ഷയും ഫീസും ഓണ്‍ലൈനായി നല്‍കാന്‍ സംവിധാനമുണ്ടാക്കും.
കൂടുതല്‍ ഉന്നത സ്വാശ്രയ കോളേജുകള്‍ക്ക് എന്‍ഒസി നല്‍കും. ഐടി , ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കും. ആരോഗ്യസുരക്ഷാ ഇന്‍ഷുറന്‍സ് വിപുലമാക്കും. കുട്ടനാട്ടില്‍ നെല്ല് സംഭരിച്ച വകയിലുള്ള നൂറ് കോടി രൂപ കുടിശ്ശിക ഉടന്‍ വിതരണംചെയ്യും. കൃഷി പ്രോത്സാഹിപ്പിക്കാന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ലോട്ടറി ഓര്‍ഡിനന്‍സ് ആദ്യനിയമസഭാ സമ്മേളനത്തില്‍തന്നെ നിയമമാക്കും. പരിസ്ഥിതിയും വികസനവും സമന്വയിപ്പിക്കുന്ന നയം നടപ്പാക്കും. ഭൂവുടമകള്‍ക്ക് സ്വീകാര്യമായ ഭൂമി ഏറ്റെടുക്കല്‍ നയം നടപ്പാക്കും. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കും. വൈദ്യുതി നിരക്ക് വര്‍ധനയെക്കുറിച്ചു ചോദിച്ചപ്പോള്‍ വൈദ്യുതി ബോര്‍ഡ് ഗുരുതരമായ സാമ്പത്തികപ്രശ്നം നേരിടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കര്‍മമില്ലാത്ത പരിപാടി
അഴിമതിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുരിശുയുദ്ധം പ്രഖ്യാപിച്ചത് അഴിമതിക്കേസില്‍പ്പെട്ട സഹപ്രവര്‍ത്തകരെ ചുറ്റുമിരുത്തി. ഏറെ കൊട്ടിഘോഷിച്ച് ഉമ്മന്‍ചാണ്ടി നടത്തിയ പ്രഖ്യാപനത്തിനു സാക്ഷിയായി വേദിയില്‍ ഇരുന്നത് വിവിധ അഴിമതികേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും പ്രതികളും അന്വേഷണം നേരിടുന്നവരുമായ അടൂര്‍ പ്രകാശ്, പി കെ കുഞ്ഞാലിക്കുട്ടി, ടി എം ജേക്കബ് തുടങ്ങിയവര്‍ . നൂറ് ദിവസത്തെ കര്‍മപരിപാടി എന്ന പേരില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അഞ്ചുവര്‍ഷത്തെ നയപ്രഖ്യാപനം മാത്രമാണ്. സമയബന്ധിതമായി നൂറുദിവസം കൊണ്ട് പ്രാവര്‍ത്തികമാക്കുന്ന കാര്യങ്ങളൊന്നും കര്‍മപദ്ധതിയിലില്ല. അധികാരത്തിലെത്തി ഇത്രദിവസമായിട്ടും സംസ്ഥാനത്തിന്റെ അടിയന്തരാവശ്യങ്ങള്‍ നിര്‍ണയിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് പ്രഖ്യാപനം തെളിയിച്ചു.
പരിപാടിയിലെ മുഖ്യഇനം ഭരണസുതാര്യതയും അഴിമതിക്കെതിരായ കുരിശുയുദ്ധവുമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നതിനപ്പുറം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിരഹിതഭരണപ്രഖ്യാപനത്തിന് ആരും വില കല്‍പ്പിക്കുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒട്ടുമിക്ക പരിപാടികളും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ചതാണ്. അധികാരത്തില്‍വന്ന് രണ്ടാഴ്ചയ്ക്കകം വിവാദങ്ങളുടെ പരമ്പരയാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത്. ബാറുടമകള്‍ക്കുവേണ്ടി ബിവറേജസ് കോര്‍പറേഷന്‍ വിദേശമദ്യവില്‍പ്പനശാലകള്‍ വേണ്ടെന്നുവച്ചതും 65 പിജി മെഡിക്കല്‍ സീറ്റുകള്‍ വിറ്റ് കോടികളുണ്ടാക്കാന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക് അവസരം നല്‍കിയതും പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് ലക്ഷങ്ങളുടെ ഇടപാട് നടത്തിയതുമൊക്കെ ഇതില്‍ ചിലത് മാത്രം. സര്‍ക്കാരിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഇത് തെളിയിക്കുന്നു. എങ്ങനെയെങ്കിലും ഭരണം നിലനിര്‍ത്തുക എന്ന മിനിമം പരിപാടിയേ ഉമ്മന്‍ചാണ്ടിക്കുള്ളൂ. അഴിമതിക്കേസില്‍ പെട്ടവരെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല. അതേസമയം അഴിമതി ചൂണ്ടിക്കാട്ടിയാല്‍ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. പൊതുപ്രവര്‍ത്തകര്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന നിയമം നിലവിലുണ്ട്. എന്നാല്‍ , പുതിയ കാര്യം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ജനപക്ഷവികസനനയം അട്ടിമറിക്കുമെന്ന സൂചനയാണ് നൂറുദിന പരിപാടിയിലെ മിക്ക പ്രഖ്യാപനങ്ങളും. ക്ഷേമപെന്‍ഷനുകള്‍ 400 രൂപയാക്കാനുള്ള തീരുമാനം നടപ്പാക്കുമോയെന്ന സൂചനയില്ല. നവജാതശിശുക്കളുടെ പേരില്‍ നിക്ഷേപം തുടങ്ങുന്ന പദ്ധതിയെക്കുറിച്ചും പറയുന്നില്ല. പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മൂവായിരം രൂപ വീതം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കാലവര്‍ഷം ആരംഭിച്ച ഘട്ടത്തില്‍ തയ്യാറാക്കിയ കര്‍മപരിപാടിയില്‍ ഇതേക്കുറിച്ചും പരാമര്‍ശമില്ല. ലോട്ടറി തൊഴിലാളികളെ സഹായിക്കുമെന്ന് പറയുമ്പോഴും ലോട്ടറി തൊഴിലാളികള്‍ക്ക് മാസം ആയിരം രൂപ വീതം സഹായം നല്‍കാനുള്ള എല്‍ഡിഎഫ് പദ്ധതിയും മറന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുന്നത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ധവളപത്രത്തിനു പിന്നാലെ വന്ന നിയന്ത്രണങ്ങളുടെയും ആനുകൂല്യങ്ങള്‍ തട്ടിപ്പറിക്കലിന്റെയും സാഹചര്യം ഓര്‍മിപ്പിക്കുന്നു. എല്‍ഡിഎഫിന്റെ സാമ്പത്തികാസൂത്രണത്തിന്റെ ഫലമായി കേരളം കൈവരിച്ച സാമ്പത്തികഭദ്രതയും വളര്‍ച്ചയും വെല്ലുവിളി നേരിടാന്‍ പോകുന്നതിന്റെ മുന്നറിയിപ്പായാണ് ധവളപത്രപ്രഖ്യാപനം പൊതുവെ വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ പത്തുവര്‍ഷത്തെ സാമ്പത്തിക സ്ഥിതി ധവളപത്രത്തില്‍ ഉള്‍പ്പെടുത്തുമോയെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്ന് മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് അഭിപ്രായപ്പെട്ടു. ജനപക്ഷത്ത് ഉറച്ചുനിന്ന് എല്‍ഡിഎഫ് കൈവരിച്ച നേട്ടങ്ങള്‍ പുറകോട്ടുവലിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ആരോഗ്യരംഗത്തും വിദ്യാഭ്യാസമേഖലയിലും വിദേശത്തുനിന്നടക്കം സ്വകാര്യനിക്ഷേപം കൊണ്ടുവരുമെന്ന പ്രഖ്യാപനം ഈ മേഖലയിലെ നേട്ടങ്ങള്‍ അട്ടിമറിക്കും.
(കെ എം മോഹന്‍ദാസ്)
ദേശാഭിമാനി 030611
അഴിമതിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുരിശുയുദ്ധം പ്രഖ്യാപിച്ചത് അഴിമതിക്കേസില്‍പ്പെട്ട സഹപ്രവര്‍ത്തകരെ ചുറ്റുമിരുത്തി. ഏറെ കൊട്ടിഘോഷിച്ച് ഉമ്മന്‍ചാണ്ടി നടത്തിയ പ്രഖ്യാപനത്തിനു സാക്ഷിയായി വേദിയില്‍ ഇരുന്നത് വിവിധ അഴിമതികേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും പ്രതികളും അന്വേഷണം നേരിടുന്നവരുമായ അടൂര്‍ പ്രകാശ്, പി കെ കുഞ്ഞാലിക്കുട്ടി, ടി എം ജേക്കബ് തുടങ്ങിയവര്‍ . നൂറ് ദിവസത്തെ കര്‍മപരിപാടി എന്ന പേരില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അഞ്ചുവര്‍ഷത്തെ നയപ്രഖ്യാപനം മാത്രമാണ്. സമയബന്ധിതമായി നൂറുദിവസം കൊണ്ട് പ്രാവര്‍ത്തികമാക്കുന്ന കാര്യങ്ങളൊന്നും കര്‍മപദ്ധതിയിലില്ല. അധികാരത്തിലെത്തി ഇത്രദിവസമായിട്ടും സംസ്ഥാനത്തിന്റെ അടിയന്തരാവശ്യങ്ങള്‍ നിര്‍ണയിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് പ്രഖ്യാപനം തെളിയിച്ചു.
ReplyDelete