മന്ത്രിയുടെ ഔദ്യോഗിക യോഗത്തില്‍ പാര്‍ടി നേതാക്കളുടെ തള്ളിക്കയറ്റം
പത്തനംതിട്ട: ജില്ലയിലെ ശുദ്ധജലവിതരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ഔദ്യോഗിക യോഗത്തില്‍ പാര്‍ടി നേതാക്കളുടെ തള്ളിക്കയറ്റം ചര്‍ച്ചയായി. ജലസേചന മന്ത്രി പി ജെ ജോസഫിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിന്റെ വേദിയിലാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കള്‍ ഇടിച്ചു കയറിയത്. വകുപ്പിലെ ഉദ്യോഗസ്ഥര്‍ , എംഎല്‍എമാര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ , നഗരസഭ ചെയര്‍മാന്‍മാര്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരെയാണ് അവലോകന യോഗത്തില്‍ വിളിച്ചിരുന്നത്. എന്നാല്‍ , മന്ത്രിയെത്തിയതറിഞ്ഞതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പ്രവര്‍ത്തകര്‍ ഹാളില്‍ കയറിപ്പറ്റി. എംഎല്‍എമാര്‍ മണ്ഡലങ്ങളിലെ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരിക്കുമ്പോഴും പ്രവര്‍ത്തകര്‍ ഇടപെടുന്നുണ്ടായിരുന്നു. യോഗത്തിന് ശേഷം നടന്ന ബ്രീഫിങ്ങിലും മന്ത്രിക്കൊപ്പം മാണി വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറി ജോണ്‍ കെ മാത്യു, ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് എന്നിവര്‍ പങ്കെടുത്തത് വിമര്‍ശനത്തിനിടയായി. ഈ വിവരം ചില ജനപ്രതിനിധികള്‍ കലക്ടറെ ധരിപ്പിച്ചെങ്കിലും കാര്യമാക്കിയില്ല.
ത്രിവേണി സ്റ്റോര്‍ ഉദ്ഘാടനത്തിലും കോണ്‍ഗ്രസ് ഗ്രൂപ്പുപോര്
കുണ്ടറ: ഒഴുകുന്ന ത്രിവേണി സ്റ്റോറിന്റെ ഉദ്ഘാടനവേളയിലും കോണ്‍ഗ്രസ് ഗ്രൂപ്പുപോരിന്റെ മുറുമുറുപ്പ്. കോണ്‍ഗ്രസ് ഐ മണ്ഡലം പ്രസിഡന്റ് മന്മഥന്‍നായരെ ചടങ്ങിന് ക്ഷണിക്കാതിരുന്ന "എ" ഗ്രൂപ്പുകാരനായ കണ്‍വീനറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഐ വിഭാഗം വിട്ടുനിന്നു. തുടര്‍ന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന് പരാതിയും നല്‍കി. കുണ്ടറയില്‍നിന്ന് മത്സരിച്ചു തോറ്റ സ്ഥാനാര്‍ഥി ജര്‍മിയാസിന് ഉള്‍പ്പെടെ എ വിഭാഗം നേതാക്കള്‍ക്ക് മുമ്പില്‍ ഇരിപ്പിടം ഒരുക്കിയ കണ്‍വീനര്‍ മന്മഥന്‍നായരെ ഒഴിവാക്കുകയായിരുന്നുവെന്ന് എതിര്‍വിഭാഗം ആരോപിച്ചു. ചടങ്ങ് നടക്കുന്ന റോഡുകടവില്‍ എത്തിയ ഐ വിഭാഗം നേതാക്കള്‍ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് മാറിനിന്ന് പ്രതിഷേധം അറിയിച്ചു.
ഐഎന്‍ടിയുസി നേതാവിന്റെ കുടുംബ സഹായഫണ്ടില്‍ തിരിമറി
പുനലൂര്‍ : പുനലൂരിലെ ഐഎന്‍ടിയുസി നേതാവായിരുന്ന കെ എം ഷാജഹാന്റെ കുടുംബസഹായഫണ്ട് പിരിവില്‍ സാമ്പത്തിക തിരിമറിയെന്ന ആരോപണവുമായി കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്ത്. രസീത് ഉപയോഗിച്ചും അല്ലാതെയും ലക്ഷങ്ങള്‍ പിരിച്ചെടുത്തവര്‍ കുടുംബസഹായഫണ്ട് ഇനിയും കൈമാറിയിട്ടില്ലെന്നും പിരിച്ചെടുത്ത തുകയുടെ കൃത്യമായ കണക്ക് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഐ വെസ്റ്റ് മണ്ഡലം സെക്രട്ടറിയും ഐഎന്‍ടിയുസി വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ സുബേര്‍കുട്ടി കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയ്ക്ക് പരാതി നല്‍കി. ഇതോടെ പുനലൂരില്‍ കോണ്‍ഗ്രസിനുള്ളില്‍ ധനസമാഹരണപ്രശ്നം ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
ഷാജഹാന്റെ കുടുംബത്തിന് സഹായമേകാനാണ് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഫണ്ട് സമാഹരണത്തിന് ശ്രമമാരംഭിച്ചത്. ചെയര്‍മാന്‍ , കണ്‍വീനര്‍ എന്നിവരുടെ നേതൃത്വത്തില്‍ ധനസമാഹരണപ്രവര്‍ത്തനം തുടങ്ങിയിരുന്നു. മാസങ്ങള്‍കൊണ്ട് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തു. പണപ്പിരിവ് പ്രവര്‍ത്തനത്തില്‍ മിക്ക കോണ്‍ഗ്രസ് നേതാക്കളെയും ഐഎന്‍ടിയുസി നേതാക്കളെയും ചിലര്‍ ഒഴിവാക്കിയതായും പിരിച്ചെടുത്ത പണം ചിലര്‍ ദുര്‍വിനിയോഗം ചെയ്യുന്നതായുമാണ് പരാതിയുള്ളത്. കെ എം ഷാജഹാന്റെ കുടുംബത്തിന് എത്രയുംവേഗം തുക കൈമാറണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. തുക സമാഹരിച്ചതിന്റെ വരവുചെലവ് കണക്കുകള്‍ പാര്‍ടി പ്രവര്‍ത്തകരെയും ധനസമാഹരണ കമ്മിറ്റിയെയും ബോധ്യപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഗുരുവായൂര്‍ ക്ഷേത്രംകോയ്മ നിയമനം കോണ്‍ഗ്രസ് സംഘടനാ ഭാരവാഹികള്‍ കോഴവാങ്ങി
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോയ്മക്കാരെ നിയമിക്കുന്നതിന് കോണ്‍ഗ്രസ് അനുകൂലസംഘടനാ ഭാരവാഹികള്‍ കോഴവാങ്ങി. കോഴപ്പണം വീതിക്കുന്നതിനെച്ചൊല്ലി ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് എക്സിക്യുട്ടീവ് യോഗത്തില്‍ തര്‍ക്കംമൂത്ത് കൈയാങ്കളിയിലെത്തി. കോയ്മക്കാരായി നിയമിക്കുന്നതിന് നിരവധി പേരില്‍നിന്നും യൂണിയന്‍ നേതാക്കള്‍ 50,000 മുതല്‍ ഒന്നരലക്ഷം രൂപവരെയാണ് കോഴവാങ്ങിയത്. കോഴനല്‍കിയവരില്‍നിന്ന് അഞ്ചുപേരെ നിയമിക്കാന്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ എംഎല്‍എ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് ശുപാര്‍ശക്കത്ത് നല്‍കിയതോടെയാണ് അണിയറനീക്കം പുറത്തായത്. ദേവസ്വം ഭരണസമിതി നിലവില്‍ വരുന്നതിനുമുമ്പേ കോണ്‍ഗ്രസ് നേതാക്കള്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങാനാരംഭിച്ചിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് യൂണിയന്‍ നേതാക്കളും കോഴവാങ്ങിയതായി ആരോപണമുയര്‍ന്നത്.
കോയ്മനിയമനത്തിന് നീക്കം നടക്കുന്നുവെന്ന് ചില കോണ്‍ഗ്രസുകാര്‍ കണ്ടെത്തി. പങ്ക് തങ്ങള്‍ക്കുവേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വീതം നല്‍കാനാവില്ലെന്ന് ഭാരവാഹികളും. കാര്യങ്ങള്‍ നേതൃത്വത്തില്‍നിന്നും കൈവിട്ടുപോകുകയായിരുന്നു. നിയമനത്തിന് കോഴവാങ്ങിയത് കണ്ടെത്തിയതോടെ സമവായത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തുടരുന്ന ടി എന്‍ പ്രതാപന്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് യൂണിയനിലെത്തന്നെ മറ്റൊരുവിഭാഗം രംഗത്തെത്തിയിരുന്നു അതിനിടെയാണ് പ്രതാപന്‍ നല്‍കിയ ശുപാര്‍ശക്കത്ത് വിവാദമായത്. സംഭവം പുറത്തായപ്പോള്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം ചേര്‍ന്ന് പണം പങ്കിട്ടെടുക്കാമെന്നനിലയില്‍ നിര്‍ദേശം വന്നെങ്കിലും ചിലര്‍ എതിര്‍ത്തു. തുടര്‍ന്ന് ശനിയാഴ്ച എക്സിക്യുട്ടീവ് വിളിച്ചു. കോഴപ്പണം യൂണിയന്‍ പ്രവര്‍ത്തനഫണ്ടാക്കി തടിതപ്പാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും അതിന് വഴങ്ങാന്‍ ചിലര്‍ തയ്യാറാവാഞ്ഞത് നേതൃത്വത്തെ വെട്ടിലാക്കി. യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞതിനേക്കാള്‍ വലിയതുകയാണ് നേതാക്കള്‍ വാങ്ങിയിരിക്കുന്നതെന്നും അഡ്മിനിസ്ട്രേറ്റര്‍ മുമ്പാകെ സമര്‍പ്പിച്ച നിയമനലിസ്റ്റ് തള്ളിക്കളയണമെന്നും ഒരുവിഭാഗം അവശ്യപ്പെട്ടു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തും നിയമനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴവാങ്ങുകയും വിവാദമാകുകയും ചെയ്തിരുന്നു. ആനപ്പാപ്പാന്മാരുടെ നിയമനത്തില്‍ കോഴവാങ്ങിയത് "ദേശാഭിമാനി" റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വിവാദമാകുകയും തുടര്‍ന്ന് ദേവസ്വം ഭരണസമിതിയംഗമായിരുന്ന ത്രിവിക്രമന്‍നായരുടെ പേരില്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു.
മണിചെയിന്‍ തട്ടിപ്പ്: പിടിയിലായവരെ കോണ്‍ഗ്രസ് നേതാക്കള്‍ മോചിപ്പിച്ചു
അടൂര്‍ : മണിചെയിന്‍ തട്ടിപ്പില്‍ പൊലീസ് പിടിയിലായവരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപ്പെട്ട് മോചിപ്പിച്ചു. ഏനാത്ത്, മണ്ണടി, കൊട്ടാരക്കര പ്രദേശങ്ങളിലുള്ള നിരവധി പേരില്‍നിന്ന് നാനോ എക്സല്‍ കമ്പിനിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തവരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപ്പെട്ട് കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ പരാതിക്കാരെ സ്വാധീനിച്ച് വാങ്ങിയ പണത്തിനുള്ള ചെക്ക് തിങ്കളാഴ്ച വാങ്ങികൊടുക്കാമെന്ന വാഗ്ദാനത്തിലാണ് ഇവരെ മോചിപ്പിച്ചത്. തട്ടിപ്പു നടത്തിയവര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധം പുലര്‍ത്തുന്നവരാണ്. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയെതുടര്‍ന്ന് അടൂരില്‍നിന്നാണ് സിഐ അലക്സ് ബേബി ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഏനാത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നതറിഞ്ഞ് എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ പരാതിക്കാരെ സ്വാധീനിക്കുകയായിരുന്നു. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ കേസെടുക്കാന്‍ തയ്യാറായെങ്കിലും പരാതിക്കാര്‍ പിന്മാറിയതുകൊണ്ടാണ് കേസെടുക്കാതെ വിട്ടയച്ചതെന്ന് സിഐ പറഞ്ഞു.
ഗോതമ്പുകടത്ത്: പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍
ചാലക്കുടി: കൊരട്ടി പെരുമ്പിയില്‍ പൊലീസ് പിടികൂടിയ ഗോതമ്പ് കരിഞ്ചന്തയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടുന്ന വന്‍ റാക്കറ്റിന് ബന്ധം. കേസില്‍ പൊലീസ് തെരയുന്ന പുതുക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ എം ബാബുരാജ് ഒളിവിലാണ്. കേസില്‍ പ്രതിയായ കെ കെ അപ്പുവിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ചാലക്കുടി എഫ്സിഐ ഗോഡൗണില്‍നിന്ന് ഇരിങ്ങാലക്കുടയിലെ ഡീലര്‍ അപ്പു, കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരത്തെ ഡീലര്‍ ബാബുരാജ് എന്നിവരുടെ പേരിലെടുത്ത ബില്ലുകളിലാണ് തിരിമറി നടത്തിയത്. ബാബുരാജിന് കൊടുങ്ങല്ലൂരിനു പുറമെ കൊടകരയിലും മൊത്തവ്യാപാര ഗോഡൗണ്‍ ഉണ്ട്. എഫ്സിഐയില്‍നിന്ന് പുറത്തുകടത്തിയ ഗോതമ്പ് നന്തിക്കര ഗ്ലോബല്‍ ഏജന്‍സിയുടെ പേരിലുള്ള വ്യാജ സീല്‍ പതിപ്പിച്ച് കാലടിയിലെ സ്വകാര്യ മില്ലുകളിലേക്ക് കടത്തുകയായിരുന്നു. വന്‍കിട മൊത്തക്കച്ചവടക്കാരും റേഷന്‍ ഡീലര്‍മാരും കാലടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ചില മില്ലുടമകളും റാക്കറ്റില്‍ കണ്ണികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവു ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചാലക്കുടി തൂക്കുപറമ്പില്‍ സെബാസ്റ്റ്യന്‍ (48), പോട്ട കാട്ടുപറമ്പില്‍ നാരായണന്‍ (62), കിഴക്കേ ചാലക്കുടി മൂഴിക്കുളം ദേവസി (62), പടിഞ്ഞാറെ ചാലക്കുടി ചോമാട്ടില്‍ ബാബു (46) എന്നിവരെ സംഭവം നടന്ന ദിവസംതന്നെ പിടികൂടിയിരുന്നു. എഫ്സിഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചില ഇടപാടുകാരും നിരീക്ഷണത്തിലാണ്.
മുമ്പ് ഇത്തരത്തില്‍ ഗോതമ്പു കടത്ത് പിടികൂടിയിരുന്നു. പിടിക്കപ്പെടുമ്പോള്‍ ലൈസന്‍സ് ഇവരുടെതന്നെ ബിനാമികളുടെ പേരിലുള്ള സംഭരണശാലയിലേക്ക് മാറ്റിയാണ് ഇവര്‍ കൊള്ള തുടര്‍ന്നിരുന്നത്. ഇതിനാവശ്യമായ ഒത്താശ ചെയ്യാന്‍ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നുണ്ട്. അറസ്റ്റിലായവരെ രക്ഷിക്കാന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കളും ഇവരുടെ യൂണിയന്‍ നേതാക്കളും നിരന്തരമായി ഇടപെടുന്നതായി ആരോപണമുണ്ട്. ചാലക്കുടിയിലൂം പുതുക്കാട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പുപ്രവര്‍ത്തന്നങ്ങള്‍ക്ക് റേഷന്‍ കരിഞ്ചന്തക്കാരായ വന്‍ റാക്കറ്റാണ് പ്രവര്‍ത്തിച്ചിരുന്നത്. ചാലക്കുടി എഫ്സിഐ ഗോഡൗണ്‍ വഴി വിതരണം ചെയ്യുന്ന അരിയുടേയും ഗോതമ്പിന്റേയും കരിഞ്ചന്തക്കച്ചവടത്തെക്കുറിച്ച് വലിയ ആരോപണമാണ് തുടര്‍ച്ചയായി ഉയര്‍ന്നുവരുന്നത്.
മുഖ്യമന്ത്രിയെ കാണാനെത്തിയ ഐഎച്ച്ആര്‍ഡി അഡീ. ഡയറക്ടറെ കോണ്‍ഗ്രസുകാര്‍ തടഞ്ഞു
പുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ അനുമതിവാങ്ങി പുതുപ്പള്ളിയിലെ വസതിയിലെത്തിയ ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറെ ഐഎച്ച്ആര്‍ഡിയില്‍നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജീവനക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു. ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ സുരേഷ്കുമാറാണ് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ക്ക് ഒപ്പം മുഖ്യമന്ത്രിയെ കാണാന്‍ ജൂണ്‍ നാലിന് അനുമതി വാങ്ങിയത്. നാട്ടകം ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി അനുമതിയും നല്‍കിയിരുന്നു. നാട്ടകം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രിയെ കാത്തിരുന്ന ഉദ്യോഗസ്ഥരോട് പുതുപ്പള്ളി വീട്ടില്‍ രാത്രി എട്ടിന് വരാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുകയായിരുന്നു. എട്ടുമണിയോടെ രണ്ട് വാഹനങ്ങളിലായി എത്തിയ ഇവരെ ഉമ്മന്‍ചാണ്ടിയുടെ വീടിനുസമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു. ഡയറക്ടറെ ഉമ്മന്‍ചാണ്ടിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി വിഐപി മുറിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുത്തി. സുരേഷ്കുമാറിനെ വാഹനത്തില്‍നിന്ന് പുറത്തിറങ്ങാന്‍പോലും പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. നീ ഞങ്ങളുടെ ജോലികളഞ്ഞ ആളാണ് നിനക്ക് ഞങ്ങളുടെ മുഖ്യമന്ത്രിയെ കാണാന്‍ അനുവാദമില്ല" എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു നടപടി. സുരേഷ്കുമാറിന്റെ വാഹനം തിരികെ കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും അദ്ദേഹം തിരിച്ചുപോവുകയുമായിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഐഎച്ച്ആര്‍ഡി സ്ഥാപനത്തില്‍ അനധികൃതമായി നിയമിതരായിരുന്ന 140 പേരെ പിരിച്ചുവിട്ടിരുന്നു. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി ടിഎച്ച്എസ്ഇയിലെയും പയ്യപ്പാടി അപ്ലൈഡ് സയന്‍സിലെയും 11 പ്യൂണ്‍മാരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പിരിച്ചുവിടപ്പെട്ടവരില്‍ ചിലരാണ് അഡീഷണല്‍ ഡയറക്ടറെ തടഞ്ഞത്. ഈ ജീവനക്കാരുടെ കൂടി സാന്നിധ്യത്തില്‍ ഇവരെ വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഡയറക്ടറെയും അഡീഷണല്‍ ഡയറക്ടറെയും വീട്ടിലേക്ക് വിളിപ്പിച്ചത്. സുരേഷ്കുമാറിന് പരാതി ഇല്ലാതിരുന്നതിനാല്‍ സംഭവം വെളിയില്‍ ആരും അറിഞ്ഞിരുന്നില്ല. അഡീഷണല്‍ ഡയറക്ടറെ തടഞ്ഞ് തിരിച്ചയച്ച സംഭവം തടഞ്ഞവര്‍തന്നെ പരസ്യപ്പെടുത്തിയതോടെയാണ് വിവാദമായത്. നിലവില്‍ ഐഎച്ച്ആര്‍ഡിയില്‍ ജോലിചെയ്യുന്ന എണ്‍പതോളം എക്സ്സര്‍വീസുകാരെ പിരിച്ചുവിട്ടാണ് അനധികൃത നിയമനത്തിനൊരുങ്ങുന്നത്. ഐഎച്ച്ആര്‍ഡിയുടെ പുതിയ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് ലാസ്റ്റ്ഗ്രേഡ് ജീവനക്കാരായി എക്സ്സര്‍വീസുകാരെ മാത്രമെ നിയമിക്കാന്‍ കഴിയൂ. ഇത് മറികടന്നാണ് നിയമനം. അനധികൃത നിയമനത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഐഎച്ച്ആര്‍ഡി ഡയറക്ടറേറ്റിനുമുന്നില്‍ ഡിവൈഎഫ്ഐ കഴിഞ്ഞദിവസം കഴിഞ്ഞദിവസം സമരം നടത്തിയിരുന്നു.
വിവിധ ദിവസങ്ങളിലെ ദേശാഭിമാനി വാര്‍ത്തകള്‍
ജില്ലയിലെ ശുദ്ധജലവിതരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ഔദ്യോഗിക യോഗത്തില്‍ പാര്‍ടി നേതാക്കളുടെ തള്ളിക്കയറ്റം ചര്‍ച്ചയായി. ജലസേചന മന്ത്രി പി ജെ ജോസഫിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിന്റെ വേദിയിലാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കള്‍ ഇടിച്ചു കയറിയത്.
ReplyDeleteകോണ്‍ഗ്രസ് വെള്ളനാട് മണ്ഡലംകമ്മിറ്റിയിലെ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുവഴക്ക് ഓഫീസ് അടിച്ചുതകര്‍ക്കുന്നിടത്തോളം എത്തി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കമല്‍രാജിന്റെ നേതൃത്വത്തിലാണ് മണ്ഡലംകമ്മിറ്റി പ്രവര്‍ത്തനം. മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് കമല്‍രാജിനെ മാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതല്‍ എ ഗ്രൂപ്പിലെ മറ്റൊരു നേതാവിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നുണ്ട്. രണ്ടുദിവസംമുമ്പ് വെള്ളനാട് മണ്ഡലംകമ്മിറ്റി ഓഫീസില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടി അരുവിക്കര എംഎല്‍എ ജി കാര്‍ത്തികേയന് സ്വീകരണം നല്‍കാനുള്ള പരിപാടികള്‍ ആലോചിക്കവെ വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശശിയും കൂട്ടരും കമല്‍രാജിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരുസംഘം ഓഫീസിന്റെ ജനാലകള്‍ അടിച്ചുതകര്‍ക്കുകയും കസേരകള്‍ തറയിലടിച്ച് കമ്മിറ്റി അലങ്കോലപ്പെടുത്തുകയുംചെയ്തു. കമല്‍രാജ് ഇവര്‍ക്കെതിരെ ആര്യനാട് പൊലീസില്‍ കേസ് കൊടുത്തിട്ടുണ്ട്.
ReplyDelete