Tuesday, June 21, 2011

നിലപാടെടുക്കാനാകാതെ യുഡിഎഫ്: ഭൂസമരം വീണ്ടും ശക്തിയാര്‍ജിക്കും

കല്‍പ്പറ്റ: ജില്ല വീണ്ടും ശക്തമായ ഭൂസമരത്തിന് വേദിയാകുന്നു. കൃഷ്ണഗിരി വില്ലേജില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവെക്കുന്ന ഭൂമി വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി വിധിയാണ് ഇപ്പോള്‍ വീണ്ടും വിഷയത്തെ സജീവമാക്കുന്നത്. ഭൂമി പതിച്ചുനല്‍കണമെന്ന ശ്രേയാംസിന്റെ അപേക്ഷ തള്ളിക്കളഞ്ഞ ഹൈക്കോടതി വിധി അംഗീകരിക്കാനും തള്ളാനും വയ്യാത്ത അവസ്ഥയിലാണ് യുഡിഎഫ് നേതൃത്വം. അതേസമയം ആദിവാസി ക്ഷേമസമിതിയും ഭൂസമരസഹായസമിതിയും കൃഷ്ണഗിരിയിലെ ഭൂമിയിലേക്ക് ജൂലൈ നാലിന് മാര്‍ച്ച് നടത്തുമെന്നും ഭൂമി പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

തന്റെ തന്നെ അപേക്ഷ തള്ളിക്കളഞ്ഞുകൊണ്ടുള്ള കോടതി വിധി സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശംവെക്കുന്ന എം വി ശ്രേയാംസ്കുമാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്കെല്ലാമുള്ള മറുപടികൂടിയാണ്. പിതൃസ്വത്തായി കിട്ടിയതാണ് എന്ന വാദം തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത് എന്നതും ശ്രദ്ധേയമാണ്. വീരേന്ദ്രകുമാറും മകനും എല്‍ഡിഎഫില്‍ ആയിരുന്നപ്പോള്‍ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും ഇതേ ഭൂമി സംബന്ധിച്ച് വിമര്‍ശനമുയര്‍ത്തിയിരുന്നു. എന്നാല്‍ വീരന്‍ യുഡിഎഫിലെത്തിയതോടെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥിലായിരുന്നു ഈ പാര്‍ടികളുടെ നേതാക്കള്‍ . എന്നാല്‍ കോടതി വിധി തങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട് എന്ന് ചിലര്‍ തുറന്നുപറയുന്നു. വിധി അംഗീകരിച്ച് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കട്ടെ എന്ന് പറയുന്നവരാണ് ഇവര്‍ .

വീരേന്ദ്രകുമാറും മകനും സോഷ്യലിസ്റ്റ് ജനതയില്‍ ഒറ്റപ്പെടുന്നതുപോലെതന്നെ മുന്നണിയില്‍ പാര്‍ടിയും ഒറ്റപ്പെടുന്ന നിലയാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍തന്നെ "സര്‍ക്കാര്‍ ഭൂമി കൈവശം വെക്കുന്നയാളെ" സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഡിസിസി നേതൃത്വം ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു. എന്നാല്‍ ലീഗ് എടുത്ത നിലപാടാണ് വീരനും മകനും ആശ്വാസമായത്. "അവരും എതിര്‍ത്തിരുന്നെങ്കില്‍" സീറ്റ് വിട്ടുകൊടുക്കേണ്ട സ്ഥിതി വരില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം രഹസ്യമായി പറയുന്നുണ്ട്. തെരഞ്ഞെടുപ്പിലും അത് പ്രകടമായിരുന്നു. ലീഗ് പിന്തുണച്ച സ്ഥാനാര്‍ഥിയെ ജയിപ്പിക്കേണ്ട ബാധ്യത അവരുടേത് മാത്രമായി മാറിയിരുന്നു. വിജയത്തിലും ഈ ആഹ്ലാദം പ്രകടമായിരുന്നു. എന്നാല്‍ ഇപ്പോഴുയര്‍ന്ന ഭൂമിക്കേസ് മുസ്ലീം ലീഗിനെയും പ്രതിസന്ധിയിലാക്കി. ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളാണ് അവരെ കൂടുതല്‍ പ്രയാസത്തിലാക്കുന്നത്. ഇത്ര കടുത്ത വിമര്‍ശനം കോടതിയില്‍നിന്നുണ്ടാകുമെന്ന് അവരും കരുതിയിരുന്നില്ല.

ആദിവാസി ക്ഷേമസമിതി പ്രഖ്യാപിച്ച സമരത്തോടെടുക്കേണ്ട നിലപാട് സംബന്ധിച്ചും യുഡിഎഫില്‍ ശക്തമായ അഭിപ്രായ വ്യത്യാസമാണുള്ളത് എന്നറിയുന്നു. കൃഷ്ണഗിരിയിലെ ഭൂമി സംബന്ധിച്ചുണ്ടായ കോടതി വിധി ജില്ലയിലെ ഭൂസമരം വീണ്ടും ശക്തിയാര്‍ജിക്കുന്നതിനിടയാക്കും. വയനാട്ടില്‍ത്തന്നെ എം പി വീരേന്ദ്രകുമാര്‍ , ജോര്‍ജ് പോത്തന്‍ തുടങ്ങിയവര്‍ കൈവശംവെക്കുന്ന ഭൂമി സംബന്ധിച്ചും എച്ച്എംഎല്‍ കമ്പനിയുടെ അധീനതയിലുള്ള ഭൂമി സംബന്ധിച്ചുമുള്ള വിവാദങ്ങളും വീണ്ടും ചര്‍ച്ചയാകും. ശക്തമായ സമരത്തിനാണ് ആദിവാസി ക്ഷേമസമിതി രൂപം നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് വിധി പുറത്തുവന്നതിനെത്തുടര്‍ന്ന് എകെഎസ് നേതൃത്വത്തില്‍ നൂറുകണക്കിന് ആദിവാസികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് മുന്നോടിയായി ജില്ലയില്‍ പ്രചാരണജാഥ സംഘടിപ്പിച്ചിരുന്നു. ജൂണ്‍ 27ന് കലക്ടറേറ്റിനുമുന്നില്‍ എകെഎസ് ജില്ലാഭാരവാഹികള്‍ സത്യഗ്രഹമിരിക്കും. ഭൂമി വിട്ടുകൊടുക്കാന്‍ കോടതി അന്തിമമായി സമയം നല്‍കിയ 30ന് ബഹുജനകണ്‍വന്‍ഷനും ചേരും. തുടര്‍ന്നാണ് ജൂലൈ നാലിന് കൃഷ്ണഗിരിയിലെ ഭൂമിയിലേക്ക് ബഹുജനമാര്‍ച്ച് നടക്കുക.

deshabhimani 210611

1 comment:

  1. ജില്ല വീണ്ടും ശക്തമായ ഭൂസമരത്തിന് വേദിയാകുന്നു. കൃഷ്ണഗിരി വില്ലേജില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവെക്കുന്ന ഭൂമി വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി വിധിയാണ് ഇപ്പോള്‍ വീണ്ടും വിഷയത്തെ സജീവമാക്കുന്നത്. ഭൂമി പതിച്ചുനല്‍കണമെന്ന ശ്രേയാംസിന്റെ അപേക്ഷ തള്ളിക്കളഞ്ഞ ഹൈക്കോടതി വിധി അംഗീകരിക്കാനും തള്ളാനും വയ്യാത്ത അവസ്ഥയിലാണ് യുഡിഎഫ് നേതൃത്വം. അതേസമയം ആദിവാസി ക്ഷേമസമിതിയും ഭൂസമരസഹായസമിതിയും കൃഷ്ണഗിരിയിലെ ഭൂമിയിലേക്ക് ജൂലൈ നാലിന് മാര്‍ച്ച് നടത്തുമെന്നും ഭൂമി പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

    ReplyDelete