Tuesday, June 21, 2011

മണ്ണു സംരക്ഷിക്കാനുള്ള പോരാട്ടം

ബഹുരാഷ്‌ട്ര കമ്പനികള്‍ക്കും രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമ താല്‍പര്യങ്ങള്‍ അവയ്‌ക്കു മുമ്പില്‍ അടിയറവെയ്‌ക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കും എതിരെ കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഒറിസയിലെ ജഗത്‌സിംഗ്‌പൂര്‍ ജില്ലയിലെ ജനങ്ങള്‍ ധീരോദാത്തമായ പോരാട്ടം നടത്തിവരികയാണ്‌. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ തീക്ഷ്‌ണവും വീറുറ്റതുമായ പോരാട്ടമാണിത്‌. ദക്ഷിണകൊറിയന്‍ ബഹുരാഷ്‌ട്ര കമ്പനിയായ പോസ്‌കോക്ക്‌ ഉരുക്ക്‌ പ്ലാന്റു സ്ഥാപിക്കുന്നതിനുവേണ്ടി രാജ്യത്ത്‌ നിലവിലുള്ള നിയമങ്ങളെല്ലാം ലംഘിച്ച്‌ അനുമതി നല്‍കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടിന്‌ എതി്‌രായാണ്‌ ജനങ്ങള്‍ സമരം ചെയ്യുന്നത്‌. നൂറു കണക്കിനു ഏക്കര്‍ വരുന്ന വനഭൂമിയും കൃഷിയുമാണ്‌ പോസ്‌കോ പ്ലാന്റിനുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്‌. വനഭൂമി വ്യവസായ ആവശ്യത്തിന്‌ ഏറ്റെടുക്കുന്നത്‌ വനസംരക്ഷണ നിയമം ലംഘിച്ചുകൊണ്ടാണ്‌. വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വനാവകാശ നിയമം പാര്‍ലമെന്റ്‌ പാസാക്കിയതാണ്‌. ഒന്നാം യു പി എ സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നതാണ്‌ വനാവകാശ നിയമം. വനത്തെ ആശ്രയിച്ചു കഴിയുന്നവരുടെ അനുമതിയില്ലാതെ വനഭൂമി മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ വിട്ടുകൊടുക്കാന്‍ പാടില്ലെന്നതാണ്‌ ഈ നിയമത്തിലെ ഒരു പ്രധാന വ്യവസ്ഥ. ബന്ധപ്പെട്ട ഗ്രാമസഭകളുടെ അംഗീകാരം വനഭൂമി വിട്ടുകൊടുക്കുന്നതിനുള്ള മുന്‍ ഉപാധിയാണ്‌. ഈ വ്യവസ്ഥകളെല്ലാം ഒറിസയിലെ ഗവണ്‍മെന്റും കേന്ദ്രഗവണ്‍മെന്റും ലംഘിച്ചു,.

മഹാനദീതടത്തിലെ ഫലഭൂയിഷ്‌ടമായ കൃഷിഭൂമിയും പോസ്‌കോക്കുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. തലമുറകളായി കൃഷിക്കാരുടെ ജീവിതോപാധിയാണ്‌ ഈ ഭൂമി. വ്യാപകമായതോതില്‍ വെറ്റില കൃഷി ആ പ്രദേശങ്ങളില്‍ കൃഷിക്കാര്‍ നടത്തുന്നുണ്ട്‌. കൃഷിക്കാരെയും ആദിവാസികളെയും അവരുടെ ഭൂമിയില്‍ നിന്നും ആട്ടിയോടിച്ച്‌ ഭൂമി ഏറ്റെടുത്ത്‌ ബഹുരാഷ്‌ട്ര കമ്പനിക്കു കൈമാറാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.

വനസംരക്ഷണ നിയമവും വനാവകാശ നിയമവും പരിസ്ഥിതി നിയമവുമെല്ലാം ലംഘിച്ചുകൊണ്ടാണ്‌ കേന്ദ്ര സര്‍ക്കാര്‍ പ്ലാന്റിന്‌ അനുമതി നല്‍കിയത്‌. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്‌ധ കമ്മിറ്റികളെല്ലാം പ്ലാന്റിന്‌ പരിസ്ഥിതി അനുമതി നല്‍കരുതെന്ന്‌ ആവശ്യപ്പെട്ടിരുന്നു. അനുമതി നല്‍കില്ലെന്ന്‌ കേന്ദ്ര പരിസ്ഥിതി-വനംവകുപ്പ്‌ മന്ത്രി ജയറാം രമേശ്‌ ഒരു ഘട്ടത്തില്‍ ഉറപ്പുനല്‍കുകയും ചെയ്‌തു. എന്നാല്‍ ബഹുരാഷ്‌ട്ര കമ്പനിയുടെ സമ്മര്‍ദം ശക്തിപ്പെട്ടപ്പോള്‍ ജയറാം രമേശ്‌ സ്വന്തം പ്രഖ്യാപനങ്ങള്‍ വിഴുങ്ങി. ചില ഉപാധികളോടെ അനുമതി നല്‍കുകയാണെന്ന്‌ ജയറാം രമേശ്‌ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ ഒറീസ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി രംഗത്തുവന്നു. ആയിരക്കണക്കിനു പൊലീസുകാരുമായാണ്‌ റവന്യു വകുപ്പ്‌ ഉദ്യോഗസ്ഥന്‍മാരും കമ്പനിയുടെ പ്രതിനിധികളും ഭൂമി ഏറ്റെടുക്കാന്‍ എത്തിയത്‌. തോക്കും ലാത്തിയും ടിയര്‍ ഗ്യാസ്‌ ഷെല്ലുകളുമായി എത്തിയ പൊലീസ്‌ സേനയെ നേരിട്ടത്‌ നിരായുധരായ ആയിരക്കണക്കിനു സ്‌ത്രീകളും കുട്ടികളുമായിരുന്നു. പൊരി വെയിലത്ത്‌ അവര്‍ നിരനിരയായി കിടന്നു. കഴിഞ്ഞ നിരവധി ദിവസങ്ങളായി സഹനസമരം തുടരുന്ന ജനങ്ങള്‍ക്ക്‌ പിന്തുണ ഏറിവരികയാണ്‌. ഒറിസയിലെ സമാരാധ്യ കമ്മ്യൂണിസിറ്റ്‌ നേതാവായ അഭയസാഹു നയിക്കുന്ന പോസ്‌കോ പ്രതിരോധ സംഗ്രാം സമിതിയാണ്‌ സമരത്തിനു നേതൃത്വം നല്‍കുന്നത്‌. അറസ്റ്റും മര്‍ദനവും ജയില്‍ വാസവുമെല്ലാം തൃണവല്‍ഗണിച്ചുകൊണ്ട്‌ സമരം നയിക്കുന്ന അഭയസാഹുവിനെ പോസ്‌കോ വിരുദ്ധ സമരത്തിന്റെ പ്രതീകമായാണ്‌ ജനങ്ങള്‍ കാണുന്നത്‌. സമരത്തിനു ലഭിക്കുന്ന ജനപിന്തുണ ഭരണാധികാരികളെ വിറളിപിടിപ്പിക്കുന്നുണ്ട്‌. ഭീഷണിയും മര്‍ദനങ്ങളുമൊന്നും വിലപ്പോകുന്നില്ലെന്ന്‌ ബോധ്യമായപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ തല്‍ക്കാലം നിര്‍ത്തിവെയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അതേസമയം പോസ്‌കോ പദ്ധതി ഉപേക്ഷിക്കില്ലെന്ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്‌. കൂടുതല്‍ പൊലീസുകാരെ രംഗത്തിറക്കി ജനങ്ങളുടെ ചെറുത്തുനില്‍പ്പ്‌ തകര്‍ക്കാനാണ്‌ സര്‍ക്കാരിന്റെ നീക്കം.

പോസ്‌കോ വിരുദ്ധ സമരം ഒരു ചൂണ്ടുപലകയാണ്‌. ബഹുരാഷ്‌ട്ര കമ്പനികളുടെ ധനശക്തിക്കും രാഷ്‌ട്രീയ സ്വാധീനത്തിനും എതിരായ പോരാട്ടമാണ്‌ ജനങ്ങള്‍ നടത്തുന്നത്‌. സ്വന്തം മണ്ണും തൊഴിലും ജീവിക്കാനുള്ള അവകാശവും കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണത്‌. ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക്‌ വിടുപണി ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ എതിരായ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുന്ന ജനങ്ങള്‍ക്ക്‌ പിന്തുണ നല്‍കാന്‍ എല്ലാ ദേശസ്‌നേഹികളും മുന്നോട്ടുവരണം. ജൂണ്‍ 24 ന്‌ ദേശവ്യാപകമായി നടക്കുന്ന പോസ്‌കോ വിരുദ്ധ ദിനാചരണം നീതിക്കുവേണ്ടി പൊരുതുന്നവരോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരമാണ്‌.

janayugom editorial 210611

1 comment:

  1. ബഹുരാഷ്‌ട്ര കമ്പനികള്‍ക്കും രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമ താല്‍പര്യങ്ങള്‍ അവയ്‌ക്കു മുമ്പില്‍ അടിയറവെയ്‌ക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കും എതിരെ കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഒറിസയിലെ ജഗത്‌സിംഗ്‌പൂര്‍ ജില്ലയിലെ ജനങ്ങള്‍ ധീരോദാത്തമായ പോരാട്ടം നടത്തിവരികയാണ്‌. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ തീക്ഷ്‌ണവും വീറുറ്റതുമായ പോരാട്ടമാണിത്‌.

    ReplyDelete