Tuesday, June 21, 2011

അധികാര ദുര്‍വിനിയോഗം ചെറുക്കും: എല്‍ഡിഎഫ്

യുഡിഎഫ് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളും അധികാര ദുര്‍വിനിയോഗവും ജനങ്ങളെ അണിനിരത്തി ചെറുക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. രാഷ്ട്രീയ പകപോക്കലിനും അഴിമതിക്കുമുള്ള അവസരമായാണ് ഭരണത്തെ യുഡിഎഫ് ഉപയോഗിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തടക്കം സംസ്ഥാനം കൈവരിച്ച നേട്ടം തകര്‍ക്കുന്ന നടപടികളാണ് പുതിയ സര്‍ക്കാരില്‍നിന്നുണ്ടാകുന്നത്. അതിന് എതിരായും കേന്ദ്രത്തിലെ വന്‍ അഴിമതി തുറന്നുകാട്ടിയും വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജൂലൈ 15 മുതല്‍ 21 വരെ നിയോജകമണ്ഡലം അടിസ്ഥാനത്തിലാണ് പ്രചാരണം. സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക് രക്ഷിതാക്കളെ കൊള്ളയടിക്കാന്‍ സര്‍വസ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. സ്വാശ്രയ സ്ഥാപനങ്ങളില്‍ 50 ശതമാനം സര്‍ക്കാര്‍ ക്വോട്ട എന്ന വ്യവസ്ഥ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് അട്ടിമറിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മെറിറ്റും സാമൂഹ്യനീതിയും പുനഃസ്ഥാപിച്ചു. യുഡിഎഫ് വീണ്ടും വന്ന ഉടന്‍ ഭീമമായ ഫീസ് ഈടാക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുകയാണ്. സ്വാശ്രയപ്രശ്നത്തിന് പരിഹാരം കാണാന്‍ സാവകാശം കിട്ടിയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം പരിഹാസ്യമാണ്. നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെ രൂപപ്പെട്ട അവകാശമാണ് യുഡിഎഫ് നിഷേധിക്കുന്നത്. സര്‍ക്കാര്‍ , എയ്ഡഡ് വിദ്യാലയങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതി നല്‍കുന്നു. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ സിബിഎസ്ഇ സ്കൂളുകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ്. അതാണ് അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ യുഡിഎഫ് എടുത്തുകളയുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനുവരി ഒന്നുമുതല്‍ എടുത്ത തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട കേസുകളടക്കം ഇക്കാലത്താണ് ഉയര്‍ന്നുവന്നത്. പി കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, എം കെ മുനീര്‍ , പി ജെ ജോസഫ്, ടി എം ജേക്കബ് തുടങ്ങിയ മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ അട്ടിമറിക്കാനാണ് നീക്കം. പാമൊലിന്‍ കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്ന് തിരക്കിട്ട് റിപ്പോര്‍ട്ട് നല്‍കി. ഈ കേസില്‍ പുതുതായി വന്ന അന്വേഷണോദ്യോഗസ്ഥന്‍ സമാനമായ മറ്റൊരു കേസില്‍ ആരോപണവിധേയനായ ആളാണ്. വിവിധ കേസുകളിലെ അന്വേഷണോദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റുകയാണ്. കൊക്കകോള കമ്പനിയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സംസ്ഥാനത്തിന്റെ ബില്ലിന് അംഗീകാരം നല്‍കാതെ കേന്ദ്രം പിടിച്ചുവച്ചു. തദ്ദേശവകുപ്പ് മൂന്നായി വിഭജിച്ചത് അധികാരവികേന്ദ്രീകരണപ്രക്രിയ തകര്‍ക്കും.

ഇ എം എസ് ഭവനപദ്ധതി ഇല്ലാതാക്കാനുള്ള നീക്കവും തുടങ്ങി. പൊതുവിതരണസംവിധാനവും ഭീഷണിയിലാണ്. പൊതുമരാമത്ത് വകുപ്പില്‍ എസ്റ്റിമേറ്റിനെക്കാള്‍ അധികം തുക നല്‍കുന്ന ഏര്‍പ്പാട് വീണ്ടും വരുന്നു. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനും കര്‍ഷകര്‍ക്ക് ഉപാധിരഹിതപട്ടയം നല്‍കാനും എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചതാണെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. നേരിയ ഭൂരിപക്ഷമുള്ള യുഡിഎഫിന് ഭരിക്കാനുള്ള അവകാശമുണ്ടെങ്കിലും തോന്നിയത് ചെയ്യും എന്ന സമീപനം കൈകെട്ടി നോക്കിനില്‍ക്കില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

deshabhimani 210611

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളും അധികാര ദുര്‍വിനിയോഗവും ജനങ്ങളെ അണിനിരത്തി ചെറുക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. രാഷ്ട്രീയ പകപോക്കലിനും അഴിമതിക്കുമുള്ള അവസരമായാണ് ഭരണത്തെ യുഡിഎഫ് ഉപയോഗിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തടക്കം സംസ്ഥാനം കൈവരിച്ച നേട്ടം തകര്‍ക്കുന്ന നടപടികളാണ് പുതിയ സര്‍ക്കാരില്‍നിന്നുണ്ടാകുന്നത്. അതിന് എതിരായും കേന്ദ്രത്തിലെ വന്‍ അഴിമതി തുറന്നുകാട്ടിയും വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete