Wednesday, June 15, 2011

കേന്ദ്രപദ്ധതികളില്‍ പലതും കേരളത്തിന് അനുയോജ്യമല്ലാത്തത്

ഗ്രാമ വികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ഗ്രാമ വികസന വകുപ്പ് മന്ത്രി കെ സി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയുടെ ഭാഗമായി പണി നടന്നുകൊണ്ടിരിക്കുന്ന 51 റോഡുകളുടെ നിര്‍മാണം നൂറ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ 30 ബ്ലോക്കുകളില്‍ ഇന്റഗ്രേറ്റഡ് വാട്ടര്‍ മാനേജ്‌മെന്റ് സ്‌കീം നടപ്പാക്കും. ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനായിരം വീടുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഭാരത് നിര്‍മ്മാണ്‍ യോജനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികളുടെ പ്രയോജനം സംസ്ഥാനത്ത് നടപ്പാക്കാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. വിവിധ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമല്ല. ഇതുമൂലം പല പദ്ധതികളും കേരളത്തിന് നഷ്ടപ്പെടുന്നുണ്ട്. ഇക്കാര്യം ദേശീയ ആസൂത്രണ കമ്മിഷനെ അറിയിച്ചിട്ടുണ്ട്. ഇത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ സംബന്ധിച്ച വിശദമായ രൂപരേഖ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

സര്‍വവിജ്ഞാന കോശത്തിന്റെ പത്താം വാല്യം ഉടന്‍ പ്രസിദ്ധീകരിക്കും. പല്ലന കുമാര കോടി ആശാന്‍ സ്മാരകം സര്‍ക്കാര്‍  ഏറ്റെടുക്കും. മലയാള ഭാഷയുടേയും ആശാന്‍ കവിതകളുടേയും ഒരു പഠന കേന്ദ്രമാക്കി ഇതിനെ സര്‍ക്കാര്‍ വികസിപ്പിക്കും. തൃശൂര്‍ ജില്ലയിലെ കൂടല്‍ മാണിക്യ ക്ഷേത്രത്തിലും എര്‍ണാകുളം ജില്ലയിലെ ഊരമന ക്ഷേത്രത്തിലും സൂക്ഷിച്ചിരിക്കുന്ന അമൂല്യ രേഖകള്‍ അടങ്ങുന്ന താളിയോലകള്‍, പൗരാണിക രേഖകള്‍ എന്നിവ സംരക്ഷിക്കുന്നതിനായി പുതിയ സംവിധാനം നടപ്പാക്കും. തൈക്കാട് ഗസ്റ്റ് ഹൗസിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന നോര്‍ക്ക സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഇവിടെ പുതുതായി പ്രവാസി മലയാളികള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കോള്‍ സെന്റര്‍ ആരംഭിക്കും. പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റും. പത്രപ്രവര്‍ത്തക പെന്‍ഷന്‍, അവശ പത്രപ്രവര്‍ത്തക പെന്‍ഷന്‍, പ്രമുഖ പത്രപ്രവര്‍ത്തക പെന്‍ഷന്‍ എന്നിവ ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് വഴി നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌പോര്‍ട്ടല്‍ കൂടുതല്‍ മികച്ചതാക്കും. സുതാര്യകേരളം പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കും.

ജനയുഗം 150611

1 comment:

  1. വിവിധ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമല്ല. ഇതുമൂലം പല പദ്ധതികളും കേരളത്തിന് നഷ്ടപ്പെടുന്നുണ്ട്. ഇക്കാര്യം ദേശീയ ആസൂത്രണ കമ്മിഷനെ അറിയിച്ചിട്ടുണ്ട്. ഇത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ ഉറപ്പ് നല്‍കിയിട്ടുണ്ട്.

    ReplyDelete