Tuesday, June 14, 2011

പ്രധാനമന്ത്രികാര്യാലയം കൂട്ടുനിന്നു: എ കെ ബാലന്‍

അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കാതിരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്ന് മുന്‍ വൈദ്യുതിമന്ത്രി എ കെ ബാലന്‍ പറഞ്ഞു. ബാഹ്യശക്തികളുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേന്ദ്രമന്ത്രിയോട് നിര്‍ദേശിച്ചത്. ഇതിന് തെളിവുണ്ട്.

കേന്ദ്രസര്‍ക്കാര്‍ മൂന്നുതവണ പാരിസ്ഥിതികാനുമതി നല്‍കിയ പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രി ജയറാം രമേശിന് എന്തധികാരമാണുള്ളത്. 1989ല്‍ പ്രാഥമികപരിശോധനയും നടപടികളും പൂര്‍ത്തിയാക്കി "98ലും 2005ലും 2007ലും അതിരപ്പിള്ളിപദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെയും വനം-പരിസ്ഥിതിവകുപ്പിന്റെയും അനുമതി ലഭിച്ചതാണ്. കേരളത്തില്‍ ഒരു ജലവൈദ്യുതപദ്ധതിക്കും ഇനി അനുവാദം ലഭിക്കില്ലെന്നതിന്റെ സൂചനയാണ് കേന്ദ്രമന്ത്രി നല്‍കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതിമന്ത്രി ആര്യാടനും നിലപാടെടുക്കുമോയെന്ന് വെളിപ്പെടുത്തണം. ഒരു ജനാധിപത്യരാജ്യത്ത് ഏകപക്ഷീയമായി ഇത്തരം സമീപനമെടുക്കാന്‍ ഒരു മന്ത്രിക്ക് അധികാരമുണ്ടോ. വൈദ്യുതി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളിപോലുള്ള പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ചാല്‍ കേരളം ഇരുട്ടിലാകും. നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കും. പൂയംകുട്ടിക്കും അതിരപ്പിള്ളിയുടെ ഗതിയാകും ഉണ്ടാകുകയെന്നാണ് കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ തെളിയിക്കുന്നത്. മൂന്നുവട്ടം അനുമതി കിട്ടിയ പദ്ധതി പഠിക്കാന്‍ വീണ്ടും കമ്മിറ്റിയെ നിയോഗിച്ചതുതന്നെ പദ്ധതി ഇല്ലാതാക്കാനാണ്. പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പോയവരാണ് ആ കമ്മിറ്റിയിലെ കേരളത്തില്‍നിന്നുള്ള പ്രതിനിധികള്‍ . ഇവരുള്‍പ്പെടുന്ന കമ്മിറ്റിയില്‍നിന്ന് നീതി പ്രതീക്ഷിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani 140611

2 comments:

  1. അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കാതിരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്ന് മുന്‍ വൈദ്യുതിമന്ത്രി എ കെ ബാലന്‍ പറഞ്ഞു. ബാഹ്യശക്തികളുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേന്ദ്രമന്ത്രിയോട് നിര്‍ദേശിച്ചത്. ഇതിന് തെളിവുണ്ട്.

    ReplyDelete
  2. ചീമേനിയിലെ 1200 മെഗാവാട്ട് പ്രകൃതിവാതക താപവൈദ്യുതി പദ്ധതി ഉപേക്ഷിക്കരുതെന്ന് മുന്‍ വൈദ്യുതിമന്ത്രി എ കെ ബാലന്‍ ആവശ്യപ്പെട്ടു. പദ്ധതിക്കായി ആഭ്യന്തര പ്രകൃതിവാതകം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം, ഗോവ, പോണ്ടിച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സതേണ്‍ ഗ്യാസ് ഗ്രിഡിന് രൂപംനല്‍കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചീമേനിയില്‍ 2400 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കല്‍ക്കരി താപവൈദ്യുത പദ്ധതി ചീമേനിയില്‍ ആരംഭിക്കുന്നതിന് 2009 ഫെബ്രുവരിയിലാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ , കേരളത്തിന്റെ പ്രത്യേക സ്ഥിതിഗതികള്‍ പരിഗണിച്ച് 2400 മെഗാവാട്ട് കല്‍ക്കരി താപവൈദ്യുതി പദ്ധതി 1200 മെഗാവാട്ട് പ്രകൃതിവാതക താപവൈദ്യുതി പദ്ധതിയാക്കി സര്‍ക്കാര്‍ മാറ്റുകയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള പാരിസ്ഥിതികപ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിശോധിക്കേണ്ടതും അംഗീകാരം തരേണ്ടതും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് അതിരപ്പിള്ളി പദ്ധതി അട്ടിമറിച്ചതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ജയറാം രമേശ് പ്രധാനമന്ത്രിക്ക് അയച്ച കത്ത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ ഈ പദ്ധതിക്ക് എതിരാണെന്ന് ജയറാം രമേഷ് സ്വന്തം ഫയലില്‍ എഴുതിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ടി കെ എ നായര്‍ തയ്യാറാകണം. മൂന്നുപ്രാവശ്യം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച അതിരപ്പിള്ളി പദ്ധതി റദ്ദാക്കാന്‍ ഒരു മന്ത്രിക്ക് എന്ത് അവകാശമാണുള്ളത്. മാവധ് ഗാഡ്ഗില്‍ ചെയര്‍മാനായ വിദഗ്ധസമതി ഇത് പരിശോധിച്ചുകൊണ്ടിരിക്കെ, എന്തിന് ഇങ്ങനെയൊരു തീരുമാനമെടുത്തു. ഇതിന്റെ ബാഹ്യപ്രേരണ ആരാണ്. പൂയംകുട്ടി പദ്ധതിക്കും പാത്രക്കടവ് പദ്ധതിക്കും ഇതേ ഗതികേട് വരാന്‍ പോകുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് രാഷ്ട്രീയ തീരുമാനമെടുക്കണം-ബാലന്‍ ആവശ്യപ്പെട്ടു.

    ReplyDelete