സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളികളുടെ അവകാശം ഭരണഘടന അംഗീകരിച്ചതാണ്. തൊഴിലുടമകളുടെയും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന ഭരണകൂടങ്ങളുടെയും കൊടിയ ചൂഷണവും കടന്നാക്രമണങ്ങളും ചെറുക്കാന്‍ തൊഴിലാളികളുടെ പക്കലുള്ള ഏറ്റവും കരുത്തുള്ള ആയുധം സംഘടനയാണ്. ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെയാണ് സംഘടിക്കാനുള്ള മൗലികാവകാശം തൊഴിലാളികള്‍ നേടിയെടുത്തത്. നവലിബറല്‍ സാമ്പത്തികനയങ്ങള്‍ അരങ്ങുവാഴുന്ന വര്‍ത്തമാനകാലത്ത് ഈ അവകാശം പോലും കവര്‍ന്നെടുക്കാനാണ് തൊഴിലുടമകളും ഭരണാധികാരികളും ശ്രമിക്കുന്നത്.
ഈ കടന്നാക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാരുതി സുസുകി കമ്പനിയുടെ മാനേസറിലെ ഫാക്ടറിയില്‍ തൊഴിലാളികള്‍ പുതിയൊരു യൂണിയന്‍ രൂപീകരിച്ചതിന് അംഗീകാരം നല്‍കാത്തത്. മാനേസറിലെ ഫാക്ടറിയിലെ 2500-ഓളം തൊഴിലാളികളാണ് പുതിയൊരു യൂണിയനില്‍ സംഘടിച്ചത്. മാരുതി സുസുകി കമ്പനിയില്‍ മാനേജ്‌മെന്റിന്റെ ഏറാന്‍മൂളിയായി വര്‍ത്തിക്കുന്ന സംഘടന തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചുവെന്ന് അനുഭവത്തിലൂടെ ബോധ്യമായതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ പുതിയ യൂണിയന്‍ രൂപീകരിച്ചത്. മഹാഭൂരിപക്ഷം തൊഴിലാളികളുടെയും പ്രാതിനിധ്യമുള്ള ഈ യൂണിയന് അംഗീകാരം നല്‍കാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, സംഘടനാ പ്രവര്‍ത്തനത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന 11 തൊഴിലാളികളെ മാനേജ്‌മെന്റ് പിരിച്ചുവിടുകയും ചെയ്തു. ഒരു ഫാക്ടറിയില്‍ തൊഴില്‍ സമരങ്ങളുണ്ടാകുമ്പോള്‍ പ്രതികാര നടപടികളുടെ ഭാഗമായി തൊഴിലാളികളെ സസ്‌പെന്റ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്യുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ യൂണിയന്‍ രൂപീകരിച്ചതിന്റെ പേരില്‍ നോട്ടീസ് പോലും നല്‍കാതെ തൊഴിലാളികളെ പിരിച്ചുവിടുന്നത് അത്യപൂര്‍വമാണ്. സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശം അനുവദിക്കില്ലെന്ന മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്യുകയല്ലാതെ തൊഴിലാളികളുടെ മുന്നില്‍ മറ്റു വഴികളില്ലായിരുന്നു. ഫാക്ടറിയിലെ തൊഴിലാളികള്‍ പണിമുടക്കി. പത്തുദിവസം പിന്നിട്ട പണിമുടക്ക് പൂര്‍ണമാണ്. മാനേജ്‌മെന്റും ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരും പണിമുടക്ക് പൊളിക്കാന്‍ പതിനെട്ടടവും പയറ്റിയെങ്കിലും വിജയിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ പണിമുടക്ക് നിരോധിച്ചു. കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടുമെന്നും പണിമുടക്കുന്ന ഓരോ ദിവസത്തിനും എട്ടു ദിവസത്തെ വേതനം വെട്ടിക്കുറയ്ക്കുമെന്നും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തി.
ഇതൊന്നും തൊഴിലാളികളുടെ മനോവീര്യത്തെ ഉലച്ചില്ല. ഫാക്ടറിയുടെ പ്രവര്‍ത്തനം സമ്പൂര്‍ണമായി സ്തംഭിച്ചു. മാനേജ്‌മെന്റ് അടിച്ചേല്‍പ്പിച്ച തൊഴില്‍സ്തംഭനം മൂലം പത്തുദിവസത്തില്‍ ഉണ്ടായ ഉത്പാദനനഷ്ടം 300 കോടിയോളം രൂപയുടേതാണ്. മാരുതി-സുസുകിയുടെ ഏറ്റവും ഡിമാന്റുള്ള സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസൈര്‍, എ സ്റ്റാര്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനമാണ് നിലച്ചത്.
മാനേസര്‍ ഫാക്ടറിയിലെ പണിമുടക്കുന്ന തൊഴിലാളികള്‍ പിന്തുണ നല്‍കാന്‍ ഗുഡ്ഗാവ് മാനേസര്‍ വ്യവസായമേഖലയിലെ തൊഴിലാളികള്‍ ഒന്നടങ്കം മുന്നോട്ടുവന്നത് തൊഴിലാളികളുടെ നിലപാട് തീര്‍ത്തും ന്യായമാണെന്നതുകൊണ്ടാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ വ്യവസായകേന്ദ്രമാണ് ഗുര്‍ഗോണ്‍-മാനേസര്‍ പ്രദേശം. ഹീറോഹോണ്ട, ഹോണ്ട മോട്ടോര്‍സൈക്കിള്‍, റികോ ഓട്ടോ തുടങ്ങിയ വന്‍കിട ഓട്ടോമൊബൈല്‍ കമ്പനികളുടെയെല്ലാം ഫാക്ടറികള്‍ ഈ പ്രദേശത്താണ്. ഈ ഫാക്ടറികളില്‍ തൊഴിലാളികള്‍ക്ക് സംഘടിക്കാനും സമരം ചെയ്യാനും അവകാശമുണ്ടായിരുന്നില്ല. എ ഐ ടി യു സിയുടെ നേതൃത്വത്തില്‍ ഹീറോ ഹോണ്ടയിലെ തൊഴിലാളികള്‍ രണ്ട് വര്‍ഷം മുമ്പ് നടത്തിയ ധീരോദാത്തമായ പോരാട്ടത്തിന്റെ വിജയം തൊഴിലാളികള്‍ക്ക് വഴികാട്ടിയായി. സമരത്തിനു നേതൃത്വം നല്‍കിയ തൊഴിലാളി നേതാവിനെ വാടക ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ പോലും മാനേജ്‌മെന്റ് തയ്യാറായി. പൊലീസിന്റെ കിരാതമായ ആക്രമണങ്ങളെ ധീരമായി ചെറുത്ത് സമരം തുടര്‍ന്ന തൊഴിലാളികള്‍ വിജയിച്ചു. എ ഐ ടി യു സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത നേരിട്ട് നേതൃത്വം നല്‍കിയ സമരമായിരുന്നു അത്. ഹീറോ ഹോണ്ടയിലെ സമരം വിജയിച്ചതോടെ മറ്റ് ഫാക്ടറികളിലെ തൊഴിലാളികളും എ ഐ ടി യു സിക്ക് കീഴില്‍ അണിനിരക്കാന്‍ തുടങ്ങി. ഇതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് മാരുതി സുസുകി ഫാക്ടറിയിലെ തൊഴിലാളികള്‍ പുതിയ യൂണിയനില്‍ സംഘടിച്ചു രംഗത്തുവന്നത്.
പണിമുടക്കുന്ന തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആ മേഖലയിലെ തൊഴിലാളികള്‍ ഇന്ന് രണ്ട് മണിക്കൂര്‍ പണിമുടക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത സമരസമിതി രൂപീകരിച്ച് സമരം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും പ്രാഥമികമായ അവകാശം സംരക്ഷിക്കാനാണ് മാരുതി-സുസുകി ഫാക്ടറിയിലെ തൊഴിലാളികള്‍ പൊരുതുന്നത്. അവരുടെ ധര്‍മസമരത്തിന് തൊഴിലാളികളുടെയും മറ്റ് എല്ലാ ജനാധിപത്യ ശക്തികളുടെയും പിന്തുണയുണ്ടാകും. സംഘടിക്കാനുള്ള അവകാശം നിഷേധിക്കുന്ന മാനേജ്‌മെന്റിന്റെയും അതിനു കൂട്ടുനില്‍ക്കുന്ന ഭരണാധികാരികളുടെയും ധാര്‍ഷ്ട്യം ചെറുത്തുതോല്‍പ്പിച്ചെ മതിയാവൂ.
janayugom editorial 140611
സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളികളുടെ അവകാശം ഭരണഘടന അംഗീകരിച്ചതാണ്. തൊഴിലുടമകളുടെയും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന ഭരണകൂടങ്ങളുടെയും കൊടിയ ചൂഷണവും കടന്നാക്രമണങ്ങളും ചെറുക്കാന്‍ തൊഴിലാളികളുടെ പക്കലുള്ള ഏറ്റവും കരുത്തുള്ള ആയുധം സംഘടനയാണ്. ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെയാണ് സംഘടിക്കാനുള്ള മൗലികാവകാശം തൊഴിലാളികള്‍ നേടിയെടുത്തത്. നവലിബറല്‍ സാമ്പത്തികനയങ്ങള്‍ അരങ്ങുവാഴുന്ന വര്‍ത്തമാനകാലത്ത് ഈ അവകാശം പോലും കവര്‍ന്നെടുക്കാനാണ് തൊഴിലുടമകളും ഭരണാധികാരികളും ശ്രമിക്കുന്നത്.
ReplyDelete