Monday, July 18, 2011

യോഗത്തിന് പിന്നാലെ ആര്‍എസ്എസ് ആക്രമണം

ചേര്‍ത്തല വാരനാട് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചതിന് പിന്നാലെ അരീപ്പറമ്പില്‍ ഡിവൈഎഫ്ഐ യോഗസ്ഥലത്ത് ആര്‍എസ്എസ് ആക്രമണം. രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. നിഷ്ക്രിയത്വം പാലിച്ച പൊലീസിന് എതിരെ സര്‍വകക്ഷിയോഗത്തില്‍ രൂക്ഷവിമര്‍ശനം. ഞായറാഴ്ച വൈകിട്ട് 5.45ന് ചേര്‍ത്തല തെക്ക് 15-ാം വാര്‍ഡില്‍ ഡിവൈഎഫ്ഐ ചക്കനാട് യൂണിറ്റ് സംഘടിപ്പിച്ച പഠനോപകരണ വിതരണ സമ്മേളനം ആരംഭിക്കുന്നതിന് അല്‍പ്പം മുമ്പായിരുന്നു ആക്രമണം. യോഗസ്ഥലത്ത് ഉണ്ടായിരുന്ന പ്രവര്‍ത്തകരെയാണ് ബൈക്കിലെത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. 15-ാം വാര്‍ഡ് കണ്ണംപള്ളിച്ചിറ ലൂയിസ് (23), ചിറയില്‍ സുധീഷ് (23) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. യോഗവേദിയിലെ രണ്ട് കസേരകള്‍ അക്രമികള്‍ അടിച്ചുടച്ചു. ഈ സമയം പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ കുട്ടികള്‍ മാത്രമാണ് വേദിയില്‍ ഉണ്ടായിരുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രവീണും ജോസഫുമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിരയായവരെ ആശുപത്രിയിലെത്തിച്ചശേഷം പഠനോപകരണവിതരണവും പ്രതിഷേധയോഗവും നടത്തി. അക്രമികളെ പിന്നീട് അര്‍ത്തുങ്കല്‍ എസ്ഐ കെ പി സനേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

വാരനാട് മേഖലയില്‍ ഏതാനും നാളുകളായി നിലനിന്ന ആക്രമണം അവസാനിപ്പിക്കാന്‍ ആലപ്പുഴ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം ഞായറാഴ്ച ഉച്ചയോടെ തീരുമാനിച്ചിരുന്നു. ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. തൊട്ടുപിന്നാലെയാണ് ആറുകിലോമീറ്റര്‍ അകലെ ചേര്‍ത്തലയില്‍ തന്നെ ആര്‍എസ്എസ് ആക്രമണം നടത്തിയത്. ഏതാനും മാസം മുമ്പ് ഇവിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാരനാട് മോഡല്‍ ആക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പൊലീസ് പിക്കറ്റ് കഴിഞ്ഞദിവസമാണ് പിന്‍വലിച്ചത്. ഇവിടെയും ആര്‍എസ്എസ് വിട്ട് ഡിവൈഎഫ്ഐയില്‍ ചേര്‍ന്നവരെ തെരഞ്ഞുപിടിച്ചാണ് ആക്രമിച്ചത്. ഞായറാഴ്ച മര്‍ദനത്തിനിരയായ ലൂയിസ് മൂന്നാം തവണയാണ് ആക്രമണത്തിനിരയാകുന്നത്. ഈ മേഖലകളില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ പി തമ്പിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ക്വട്ടേഷന്‍സംഘങ്ങള്‍ക്കു പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. കക്ഷിഭേദമന്യെ വിമര്‍ശനം ഉയര്‍ന്നതോടെ പൊലീസിന്റെ വീഴ്ചകളെ കുറിച്ചു എസ്പി സി എച്ച് നാഗരാജുവിന്റെ നേതൃത്വത്തില്‍ പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു. അക്രമസംഭവങ്ങളില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനനടപടിയുണ്ടാകും.

അക്രമസംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് വീഴ്ച വന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പറഞ്ഞു. പ്രായമായവര്‍ക്കുനേരെയും ആര്‍എസ്എസ് ആക്രമണം ഉണ്ടായി. വീടുകള്‍ അടിച്ചുപൊളിച്ചു. വളരെ ഭീകരമായ ആക്രമണമാണ് വീടുകള്‍ക്കു നേരെയുണ്ടായത്. പാത്രങ്ങള്‍ ഉള്‍പ്പെടെ വീട്ടുപകരണങ്ങള്‍ തകര്‍ത്തു. ക്ലോസറ്റും ജലവിതരണകുഴലുകളും വൈദ്യുതി ഉപകരണങ്ങളും തല്ലിതകര്‍ത്തു. പണം മോഷ്ടിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. ഇതു രാഷ്ട്രീയപ്രവര്‍ത്തനമല്ല, മറിച്ചു കൊള്ളയാണ്. ആദ്യഘട്ടത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നു ശക്തമായ ഇടപെടല്‍ ഉണ്ടായെങ്കില്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു. പിന്നീട് പൊലീസ് ശക്തമായ നടപടികളെടുത്തു. അക്രമങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കണം. തുറന്ന മനസോടെ ചര്‍ച്ചയ്ക്കു സിപിഐ എം തയാറാണ്. ക്രിമിനല്‍സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒരുതരം ഭീകരപ്രവര്‍ത്തനമാണ്. അതു അടിച്ചമര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. അക്രമപ്രവര്‍ത്തനങ്ങളില്‍ സിപിഐ എമ്മിനു പങ്കില്ലെന്നു ഏരിയ സെക്രട്ടറി എ എസ് സാബു പറഞ്ഞു. നിരവധി പാര്‍ടി പ്രവര്‍ത്തകര്‍ക്കു നേരെയും വീടുകള്‍ക്കു നേരെയും അക്രമണമുണ്ടായി. സിപിഐ എം പ്രവര്‍ത്തകരുടെ കുടുംബങ്ങളെയും ആക്രമിച്ചു. എല്‍ഡിഎഫ് ബൂത്ത് ഓഫീസ് കത്തിച്ചു. തുടര്‍ച്ചയായി ആര്‍എസ്എസ് ആക്രമണങ്ങളുണ്ടായി. അക്രമങ്ങള്‍ നടത്തുന്ന ആര്‍എസ്എസുകാര്‍ സിപിഐ എമ്മിനെ അക്രമകാരികളാക്കി ചിത്രീകരിക്കുന്നു. ഇതു അംഗീകരിക്കാനാവില്ല. ബിജെപി വിട്ടു സിപിഐ എമ്മില്‍ വന്നവരെ ആക്രമിക്കാനും ഒറ്റപ്പെടുത്താനുമാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നു ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ പറഞ്ഞു. പൊലീസ് നിഷ്ക്രിയത്വം പാലിച്ചെന്ന് ബിജെപി-ആര്‍എസ്എസ് നേതാക്കളും ആരോപിച്ചു. കേന്ദ്രഊര്‍ജ്ജസഹമന്ത്രി കെ സി വേണുഗോപാല്‍ , പി തിലോത്തമന്‍ എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എന്‍ ആര്‍ ബാബുരാജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ കെ ചെല്ലപ്പന്‍ , ബി വിനോദ്, പി എസ് ശ്രീകുമാര്‍ , സിപിഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറിയറ്റംഗം ബിമല്‍റോയ്, ബിജെപി ജില്ലാ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്‍ , ആര്‍എസ്എസ് കാര്യവാഹക് പത്മകുമാര്‍ , ആര്‍ഡിഒ ജി മോഹനന്‍പിള്ള, ഡിവൈഎസ്പി പി ടി ജേക്കബ് എന്നിവരും പങ്കെടുത്തു.

ആര്‍എസ്എസ്-പൊലീസ് അക്രമം സിപിഐ എം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് 20ന്

ആര്‍എസ്എസ്-പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ എം ബുധനാഴ്ച പന്തളത്ത് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. സിപിഐ എം, സിഐടിയു, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആര്‍എസ്എസ് അക്രമത്തിലെ പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നടപടിയിലും സിപിഐ എം പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കി കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദിച്ച സംഭവത്തിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്. പാര്‍ടി ഓഫീസിനുളളില്‍ നടത്തിയ പൊലീസ് വേട്ടയ്ക്ക് പുറമെ പ്രവര്‍ത്തകരുടെ വീടുകളിലും പരിസരത്തും രാത്രികാലങ്ങളില്‍ നടത്തുന്ന അനാവശ്യ നിരീക്ഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരെ കൂടിയാണ് മാര്‍ച്ച്. മഹിളകളും, യുവജനങ്ങളും തൊഴിലാളികളും, വര്‍ഗ്ഗബഹുജന സംഘടനാ പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിനിരക്കണമെന്ന് സിപിഐ എം പന്തളം ഏരിയാ സെക്രട്ടറി ഡി രവീന്ദ്രന്‍ അഭ്യര്‍ഥിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നേരത്തെ പന്തളത്ത് സിപിഐഎം പ്രകടനവും യോഗവും നടത്തിയിരുന്നു.

മൂവാറ്റുപുഴയില്‍ ബിജെപിക്ക് പുതിയ പ്രസിഡന്റ്; സേവ് ബിജെപി ഫോറം കോടതിയില്‍

മൂവാറ്റുപുഴയില്‍ ബിജെപിയില്‍ ആഭ്യന്തരകലാപം. പുതിയ മണ്ഡലം പ്രസിഡന്റിനെ നിയമിച്ചതിനെതിരെ സേവ് ബിജെപി ഫോറം കോടതിയില്‍ . മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റായി സംസ്ഥാന പ്രസിഡന്റ് നിര്‍ദേശിച്ച കെ കെ ദിലീപ്കുമാറിനെതിരെയാണ് മൂവാറ്റുപുഴ കോടതിയില്‍ ഫോറം കണ്‍വീനറും മുന്‍ മണ്ഡലം സെക്രട്ടറിയുമായ സജീവ് ഹര്‍ജി നല്‍കിയത്.

കാലങ്ങളായി മൂവാറ്റുപുഴയിലെ ബിജെപി ഘടകങ്ങളില്‍ നിലനില്‍ക്കുന്ന ചേരിതിരിവുമൂലം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് നിലവിലുണ്ടായിരുന്ന തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു. വാളകം പഞ്ചായത്തുതല കമ്മിറ്റിയിലെ എ എസ് വിജുമോനെ മണ്ഡലം കണ്‍വീനറാക്കിയിരുന്നു. കഴിഞ്ഞമാസം വിജുമോനെ ആ സ്ഥാനത്തുനിന്ന് മാറ്റി. പ്രസിഡന്റിന് ചുമതല നല്‍കുകയും ദിലീപിനെ പ്രസിഡന്റായി സംസ്ഥാന പ്രസിഡന്റ് നിര്‍ദേശിക്കുകയും ചെയ്തതാണ് പുതിയ വിവാദങ്ങള്‍ക്കു കാരണം. പാര്‍ടി ഭരണഘടനാ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള പിരിച്ചുവിടലും നിയമിക്കലും അസാധുവാക്കി പുതിയ പ്രസിഡന്റിനെ ചുമതല ഏറ്റെടുക്കന്നതില്‍നിന്ന് വിലക്കണമെന്നുമാണ് പരാതി. ജില്ലാ, സംസ്ഥാന പ്രസിഡന്റുമാര്‍ക്കെതിരെയും ആക്ഷേപമുണ്ട്. സംസ്ഥാന സെക്രട്ടറി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മൂവാറ്റുപുഴയില്‍ എത്തി വിജുവിന്റെ കമ്മിറ്റിക്കു പിന്തുണ നല്‍കിയതിന്റെ പിറ്റേന്നാണ് വിജുവിനെ മാറ്റി ദിലീപിനെ തീരുമാനിച്ചത്. ദിലീപ് പ്രവര്‍ത്തനരംഗത്ത് സജീവമല്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനുപിന്നില്‍ കരമണല്‍ ലോബിയുമുണ്ടെന്നാണ് ആക്ഷേപം.

deshabhimani 18071

3 comments:

  1. ചേര്‍ത്തല വാരനാട് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചതിന് പിന്നാലെ അരീപ്പറമ്പില്‍ ഡിവൈഎഫ്ഐ യോഗസ്ഥലത്ത് ആര്‍എസ്എസ് ആക്രമണം. രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. നിഷ്ക്രിയത്വം പാലിച്ച പൊലീസിന് എതിരെ സര്‍വകക്ഷിയോഗത്തില്‍ രൂക്ഷവിമര്‍ശനം. ഞായറാഴ്ച വൈകിട്ട് 5.45ന് ചേര്‍ത്തല തെക്ക് 15-ാം വാര്‍ഡില്‍ ഡിവൈഎഫ്ഐ ചക്കനാട് യൂണിറ്റ് സംഘടിപ്പിച്ച പഠനോപകരണ വിതരണ സമ്മേളനം ആരംഭിക്കുന്നതിന് അല്‍പ്പം മുമ്പായിരുന്നു ആക്രമണം. യോഗസ്ഥലത്ത് ഉണ്ടായിരുന്ന പ്രവര്‍ത്തകരെയാണ് ബൈക്കിലെത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. 15-ാം വാര്‍ഡ് കണ്ണംപള്ളിച്ചിറ ലൂയിസ് (23), ചിറയില്‍ സുധീഷ് (23) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. യോഗവേദിയിലെ രണ്ട് കസേരകള്‍ അക്രമികള്‍ അടിച്ചുടച്ചു. ഈ സമയം പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ കുട്ടികള്‍ മാത്രമാണ് വേദിയില്‍ ഉണ്ടായിരുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രവീണും ജോസഫുമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിരയായവരെ ആശുപത്രിയിലെത്തിച്ചശേഷം പഠനോപകരണവിതരണവും പ്രതിഷേധയോഗവും നടത്തി. അക്രമികളെ പിന്നീട് അര്‍ത്തുങ്കല്‍ എസ്ഐ കെ പി സനേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

    ReplyDelete
  2. ചെങ്ങന്നൂര്‍ : ബിജെപി ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വധശ്രമം. ബിജെപി മണ്ഡലം ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനം രാത്രി എടുക്കാന്‍ ചെന്നപ്പോഴാണ് ബിജെപി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാറിന് നേരെ ആക്രമണമുണ്ടായത്. പരിക്കുകളോടെ കൃഷ്ണകുമാര്‍ രക്ഷപെട്ടു. അടുത്തകാലത്ത് ചെങ്ങന്നൂരിലെ ബിജെപിയിലുണ്ടായ വിഭാഗീയതയാണ് പൊട്ടിത്തെറിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൃഷ്ണകുമാറിനെ ആര്‍എസ്എസിന്റെ അനഭിമതനാക്കി. കൊല്ലത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിടിയിലായതെന്നാണ് സൂചന. കൊല്ലം എസ്എന്‍ കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അജയ് പ്രസാദിനെ വധിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയും സംഘത്തിലുണ്ടെന്നറിയുന്നു. ചെങ്ങന്നൂര്‍ പൊലീസ് സിഐ ജോസിന്റെ നേതൃത്വത്തില്‍ പ്രത്യേകം രൂപീകരിച്ച സ്ക്വാഡിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

    ReplyDelete
  3. പന്തളം. പന്തളത്ത് സിഐടിയു പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ ബുധനാഴ്ച കുളനട കൈപ്പുഴ ഇളമ്പില്‍ വീട്ടില്‍ സുനില്‍കുമാര്‍(20)നെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. സിഐടിയു പ്രവര്‍ത്തകരായ കൃഷ്ണന്‍കുട്ടി, വിനോദ് എന്നിവരെ ആക്രമിച്ച സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇതോടെ അക്രമത്തില്‍ അഞ്ച് ആര്‍എസ്എസ്കാര്‍ അറസ്റ്റിലായി.

    ReplyDelete