Monday, July 18, 2011

ആന്ധ്രപ്രദേശിലെ തീ അണയ്ക്കണം

ആന്ധ്രപ്രദേശ് സംഘര്‍ഷഭരിതമാണ്. ആ സംസ്ഥാനത്തിലെ വാറങ്കല്‍ , അദിലാബാദ്, ഖമ്മം, മഹാബുബ്നഗര്‍ , നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗര്‍ , നിസാമാബാദ്, മേദക് എന്നീ ജില്ലകളും തലസ്ഥാനമായ ഹൈദരാബാദും ഉള്‍പ്പെടുന്ന പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കണം എന്നാവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭവും സമ്മര്‍ദവും രാജ്യം നേരിടുന്ന ഗുരുതരമായ ആഭ്യന്തരപ്രശ്നമായി വളര്‍ന്നിരിക്കുന്നു. തെലങ്കാന, റായലസീമ, തീരദേശ ആന്ധ്ര എന്നീ മേഖലകളുള്‍ക്കൊള്ളുന്ന സംസ്ഥാനത്തെ വിഭജിച്ച് പ്രത്യേക സംസ്ഥാനമാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ 2009 ഡിസംബര്‍ 9ന് പ്രഖ്യാപിച്ചതാണ്. ഇത് നടപ്പാക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമായത്.

തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിന് ആറ് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1952ല്‍ 58 ദിവസം നിരാഹാരം കിടന്ന് മരണം വരിച്ച പോട്ടി ശ്രീരാമമുലുവിന്റെ ആവശ്യം തെലുങ്ക് സംസാരിക്കുന്നവരുടെ സംസ്ഥാനം മദിരാശി ആസ്ഥാനമായി രൂപീകരിക്കണം എന്നായിരുന്നു. അതില്‍പ്പിന്നെയാണ് 1953 ഒക്ടോബര്‍ 1ന് കര്‍ണൂല്‍ ആസ്ഥാനമായി ആന്ധ്രസംസ്ഥാനം രൂപംകൊണ്ടത്. ഇന്ത്യയിലെ ഭാഷാടിസ്ഥാനത്തിലുള്ള ആദ്യത്തെ സംസ്ഥാനമാണത്. 56ലാണ് ഹൈദരാബാദ് തലസ്ഥാനമായി ഇന്നത്തെ ആന്ധ്ര രൂപീകരിക്കപ്പെട്ടത്. അന്നുതന്നെ വികസനത്തെച്ചൊല്ലി തെലങ്കാന മേഖലയില്‍ അതൃപ്തി പടര്‍ന്നിരുന്നു. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം അംഗീകരിക്കാതെ, തെലങ്കാനയുടെ വികസനത്തിനായി മേഖലാ കൗണ്‍സില്‍ രൂപീകരിക്കുകയാണുണ്ടായത്. ആ കൗണ്‍സില്‍ നിഷ്പ്രയോജനമായിരുന്നു. ജനങ്ങളുടെ അതൃപ്തിയും പ്രക്ഷോഭവും പലതരത്തില്‍ തുടര്‍ന്നു.

1969ലും 72ലും രൂക്ഷമായ കുഴപ്പങ്ങളാണുണ്ടായത്. അതെല്ലാം പിന്നീട് ശാന്തമായെങ്കിലും 2000ല്‍ വൈ എസ് രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ അശാന്തിയുടെ നാളുകള്‍ തിരികെയെത്തി. അന്ന് 41 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രത്യേക സംസ്ഥാന ആവശ്യം പരസ്യമായി ഉന്നയിച്ചു. കെ ചന്ദ്രശേഖര്‍ റാവു പുതിയ സംഘടനയുമായി മുന്നോട്ടുവന്നു. അദ്ദേഹം നിരാഹാരസമരം നടത്തി. ആ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുപിഎ സര്‍ക്കാര്‍ സംസ്ഥാന രൂപീകരണം പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം കോണ്‍ഗ്രസ് വിഴുങ്ങിയതോടെ കൂട്ടരാജിയും പ്രക്ഷോഭവും ആന്ധ്രയില്‍ അരങ്ങേറുകയാണ്. ആന്ധ്രയില്‍ ആകെയുള്ളത് 294 എംഎല്‍എമാരാണ്. അവരില്‍ 118 പേര്‍ തെലങ്കാന പ്രദേശത്തുനിന്നുള്ളവര്‍ . അതില്‍ 99 പേര്‍ രാജിവച്ചുകഴിഞ്ഞു. അക്കൂട്ടത്തില്‍ 12 മന്ത്രിമാരുമുണ്ട്. 14 എംപിമാരും രാജി നല്‍കി. സംസ്ഥാനത്ത് സങ്കീര്‍ണമായ രാഷ്ട്രീയസ്ഥിതിയാണ് ഈ രാജിമൂലം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ നിലനില്‍പ്പ് മുള്‍മുനയിലായി. അരക്ഷിതാവസ്ഥയും അനിശ്ചിതത്വവും ഭരണസ്തംഭനവുമാണവിടെ. കോണ്‍ഗ്രസാണ് പ്രതിക്കൂട്ടില്‍ . അവഗണനയും അസന്തുലിതവികസനവും പ്രാദേശികമായ സങ്കുചിതവാദങ്ങള്‍ക്ക് വളമിടുന്നു. അങ്ങനെ ഉയരുന്ന അതൃപ്തിയെ രാഷ്ട്രീയ മുതലെടുപ്പിനാണ് കോണ്‍ഗ്രസ് എന്നും പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇവിടെ അതിനുള്ള തീവ്ര ശ്രമങ്ങളുണ്ടായി. ഡോ. ചെന്ന റെഡ്ഡിയുടെ നേതൃത്വത്തില്‍ 1971 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തെലങ്കാനയിലെ 14 ലോക്സഭാ സീറ്റുകളില്‍ 11ലും വിജയിച്ച തെലങ്കാന പ്രജാ സമിതിയെ അപ്പാടെ വിഴുങ്ങാനാണ് അന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തയ്യാറായത്. ഇന്ന് ഗൗരവമുള്ള ഒരു പ്രശ്നത്തില്‍ വിവേകപൂര്‍ണവും ഉചിതവുമായ തീരുമാനമെടുക്കാതെ വഴുവഴുപ്പന്‍ നയമാണ് മന്‍മോഹന്‍ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. എംഎല്‍എമാരുടെ കൂട്ടരാജിക്കുപിന്നാലെ ജൂലൈ 5, 6 തീയതികളില്‍ 48 മണിക്കൂര്‍ ബന്ദ് നടന്നു. അതിനെതിരെ പൊലീസ് നടപടിയുണ്ടായി. ആന്ധ്രയും കേന്ദ്രവും ഭരിക്കുന്ന കോണ്‍ഗ്രസിന് ഇതൊന്നും കാണാനുള്ള കണ്ണില്ല. ഏകപക്ഷീയമായി തെലങ്കാന സംസ്ഥാനരൂപീകരണം പ്രഖ്യാപിച്ച പി ചിദംബരത്തിന് ഇന്ന് ശബ്ദമില്ല. അപകടം മണത്ത് രണ്ടാഴ്ചയ്ക്കകം ചിദംബരംതന്നെ അത് തിരുത്തിയെങ്കിലും ആ തിരുത്തല്‍ ഫലംചെയ്തില്ല. രാഷ്ട്രീയ പാര്‍ടികളുമായി ആലോചിച്ച് സമവായമുണ്ടാക്കിയതിനുശേഷം തീരുമാനമെടുക്കും എന്നാണ് പിന്നീട്, കേന്ദ്രം പറഞ്ഞത്. സര്‍വകക്ഷിയോഗം വിളിച്ച്, പ്രശ്നം സമഗ്രമായി പഠിക്കുന്നതിന് ജസ്റ്റിസ് ശ്രീകൃഷ്ണ അധ്യക്ഷനായ കമീഷനെ നിയോഗിച്ചു. ആ കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് ആറുമാസം കഴിഞ്ഞു. പ്രശ്നപരിഹാരത്തിന് ആറ് മാര്‍ഗമാണ് അതില്‍ നിര്‍ദേശിക്കുന്നത്. അതിന്‍മേല്‍ നടപടിയെടുക്കാന്‍ തയ്യാറാകാതെ ആന്ധ്രയിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും തലയിലേക്ക് സ്വന്തം ഉത്തരവാദിത്തം വച്ചുകൊടുക്കാനാണ് യുപിഎ സര്‍ക്കാര്‍ തയ്യാറായത്. അങ്ങനെ വിളിച്ച സര്‍വകക്ഷിയോഗം ടിആര്‍എസ്, ബിജെപി, ടിഡിപി തുടങ്ങിയ പാര്‍ടികള്‍ ബഹിഷ്കരിച്ചു. അതോടെ കോണ്‍ഗ്രസ് വീണ്ടും നിഷ്ക്രിയത്വത്തിലായി. അവര്‍ക്ക് തീരുമാനമെടുക്കാനുള്ള പ്രാപ്തിയോ സന്നദ്ധതയോ ഇല്ല.

ഐക്യ ആന്ധ്രപ്രദേശിനുവേണ്ടി തത്വാധിഷ്ഠിതമായ നിലപാട് കൈക്കൊള്ളുന്നത് സിപിഐ എം മാത്രമാണ്. മറ്റെല്ലാ പാര്‍ടികളും ഒഴുക്കിനനുസരിച്ച് നീന്തുമ്പോള്‍ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കാനും രാജിനാടകംപോലെയുള്ളവയില്‍നിന്ന് വിട്ടുനില്‍ക്കാനും സിപിഐ എം തയ്യാറാകുന്നു. ഭാഷാടിസ്ഥാനത്തിലുള്ള വിഭജനത്തിനപ്പുറമുള്ള സംസ്ഥാന രൂപീകരണം രാജ്യത്ത് അത്തരം ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അത് ആപത്തിന്റെ വഴിയാണെന്നുമുള്ളതാണ് സിപിഐ എം സമീപനം. അതാകട്ടെ, രാജ്യത്താകെ പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. എന്നാല്‍ , കോണ്‍ഗ്രസിലെയും മറ്റും തെലങ്കാന മേഖലക്കാര്‍ വിഭജനത്തിനായും റായലസീമയിലെയും തീരദേശ ആന്ധ്രയിലെയും നേതാക്കള്‍ വിഭജനത്തിനെതിരെയുമാണ് സമരംചെയ്യുന്നത്. വിചിത്രമായ ഈ സമീപനം തിരുത്തി പ്രശ്നപരിഹാരത്തിനുള്ള സമചിത്തതയോടെയുള്ള ഇടപെടലാണ് കേന്ദ്രസര്‍ക്കാരില്‍നിന്നുണ്ടാകേണ്ടത്. അതിനായി ഇന്നത്തെ സങ്കുചിത രീതികള്‍ അവര്‍ വെടിഞ്ഞേ തീരൂ.

deshabhimani editorial 180711

1 comment:

  1. ആന്ധ്രപ്രദേശ് സംഘര്‍ഷഭരിതമാണ്. ആ സംസ്ഥാനത്തിലെ വാറങ്കല്‍ , അദിലാബാദ്, ഖമ്മം, മഹാബുബ്നഗര്‍ , നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗര്‍ , നിസാമാബാദ്, മേദക് എന്നീ ജില്ലകളും തലസ്ഥാനമായ ഹൈദരാബാദും ഉള്‍പ്പെടുന്ന പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കണം എന്നാവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭവും സമ്മര്‍ദവും രാജ്യം നേരിടുന്ന ഗുരുതരമായ ആഭ്യന്തരപ്രശ്നമായി വളര്‍ന്നിരിക്കുന്നു. തെലങ്കാന, റായലസീമ, തീരദേശ ആന്ധ്ര എന്നീ മേഖലകളുള്‍ക്കൊള്ളുന്ന സംസ്ഥാനത്തെ വിഭജിച്ച് പ്രത്യേക സംസ്ഥാനമാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ 2009 ഡിസംബര്‍ 9ന് പ്രഖ്യാപിച്ചതാണ്. ഇത് നടപ്പാക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമായത്.

    ReplyDelete