Saturday, September 17, 2011

അമേരിക്കക്കാരില്‍ ആറിലൊന്നും ദരിദ്രര്‍

വാഷിങ്ടണ്‍ : അമേരിക്കന്‍ ജനതയില്‍ ആറിലൊന്നും ജീവിക്കുന്നത് ദാരിദ്ര്യത്തില്‍ . യുഎസ് സെന്‍സസ് ബ്യൂറോയുടെ പുതിയ കണക്കിലാണ് ഈ വെളിപ്പെടുത്തല്‍ . ആഗോള സാമ്പത്തിക പ്രതിസന്ധി അമേരിക്കയിലെ സാധാരണക്കാരെ എത്രത്തോളം രൂക്ഷമായി ബാധിച്ചെന്നതിന് തെളിവാണിത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും അമേരിക്കയുടെ ദാരിദ്ര്യനിരക്കില്‍ വര്‍ധന രേഖപ്പെടുത്തി. റിപ്പോര്‍ട്ടനുസരിച്ച് 2010ല്‍ അമേരിക്കയില്‍ 4.62 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. കഴിഞ്ഞ 52 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിത്. 2009ല്‍ ദരിദ്രര്‍ 4.36 കോടിയായിരുന്നു. 2010ല്‍ അമേരിക്കയുടെ ദാരിദ്ര്യനിരക്ക് 15.1 ശതമാനമാണ്. 2009ല്‍ ഇത് 14.3 ശതമാനമായിരുന്നു. യൂറോപ്പിലെ വന്‍ സമ്പദ്വ്യവസ്ഥകളടക്കം പ്രതിസന്ധിയില്‍ ആടിയുലയുമ്പോഴാണ് അമേരിക്കയിലെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്.

ഇതിനിടെ, ഫ്രാന്‍സിലെ മൂന്ന് പ്രധാനബാങ്കില്‍ രണ്ടിന്റെ റേറ്റിങ് മൂഡീസ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി താഴ്ത്തി. യൂറോ മേഖലയിലെ രാജ്യങ്ങളുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ബോണ്ടുകള്‍ ഇറക്കുമെന്ന് യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ജോസ് മാനുവല്‍ ബറോസോ പ്രഖ്യാപിച്ചു. അമേരിക്കന്‍ സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് നാലംഗ കുടുംബങ്ങളില്‍ പ്രതിവര്‍ഷം 22,314 ഡോളറില്‍താഴെ മാത്രം വരുമാനമുള്ളവരെയാണ് ദരിദ്രരായി കണക്കാക്കുന്നത്. വ്യക്തികളുടെ വിഭാഗത്തില്‍ 11,139 ഡോളറിനുതാഴെ മാത്രം വരുമാനമുള്ളവരെയും ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. പതിനെട്ട് വയസ്സിന് താഴെയുള്ള ദരിദ്രരുടെ എണ്ണം 1.55 കോടിയില്‍നിന്ന് 1.64 കോടിയിലേക്ക് ഉയര്‍ന്നു. 18 നും 64നുമിടെ പ്രായമുള്ള 2.63 കോടി അമേരിക്കക്കാര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. 2009ല്‍ ഇത് 2.47 കോടിയായിരുന്നു. 65 വയസ്സിനു മുകളിലുള്ള 35 ലക്ഷം പേര്‍ ദരിദ്രരുടെ പട്ടികയിലുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മാന്ദ്യം ബാധിച്ചെന്ന് റിപ്പോര്‍ട്ടിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കറുത്ത വംശജരുടെയും വെളുത്തവരുടെയും കുടുംബങ്ങളില്‍ വരുമാനം കുറഞ്ഞു. മാന്ദ്യത്തിന് മുമ്പുള്ള വര്‍ഷങ്ങളിലെ നിലയിലേക്ക് ഒരു വിഭാഗത്തിന്റെയും വരുമാനനിരക്ക് മടങ്ങിയെത്തിയിട്ടില്ല.

അതേസമയം, ദരിദ്രരുടെ എണ്ണം വര്‍ധിക്കുമ്പോഴും സാധാരണക്കാര്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍പ്പോലും സര്‍ക്കാര്‍ പരാജയമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആരോഗ്യ പരിരക്ഷ ഇല്ലാത്തവരുടെ എണ്ണം ഒരുവര്‍ഷത്തിനിടെ ഒമ്പത് ലക്ഷത്തോളം വര്‍ധിച്ചു. 2010ല്‍ 4.99 കോടി ജനങ്ങളാണ് ആരോഗ്യപരിരക്ഷയ്ക്ക് പുറത്ത്. മുന്‍വര്‍ഷം ഇത് 4.90 കോടിയായിരുന്നു. 16.3 ശതമാനവും പരിരക്ഷയ്ക്ക് പുറത്താണെന്ന് സെന്‍സസ് ബ്യൂറോയുടെ കണക്കില്‍ പറയുന്നു.

2007 ഡിസംബര്‍ മുതല്‍ 2009 ജൂണ്‍വരെ നിലനിന്ന സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് അമേരിക്ക ഇനിയും കരകയറിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഔദ്യോഗികമായിത്തന്നെ പുറത്തുവന്ന പുതിയ കണക്കുകള്‍ . സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം മേലേത്തട്ടില്‍ മാത്രമാണെന്നും സമൂഹത്തെ ബാധിച്ചിട്ടില്ലെന്നുമുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ വാദമുഖങ്ങളെയും സെന്‍സസ് റിപ്പോര്‍ട്ട് പൊളിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിസന്ധിക്കുശേഷം ആദ്യവര്‍ഷം പൂര്‍ണമായും കുടുംബവരുമാനം ഇടിഞ്ഞു. ഇതിനുമുമ്പുള്ള മൂന്ന് മാന്ദ്യങ്ങളെത്തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ദരിദ്രരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ , ഇത്രയും ഭീമമായ വര്‍ധന ഇതാദ്യമാണ്. അമേരിക്ക നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

deshabhimani news 150911

1 comment:

  1. അമേരിക്കന്‍ ജനതയില്‍ ആറിലൊന്നും ജീവിക്കുന്നത് ദാരിദ്ര്യത്തില്‍ . യുഎസ് സെന്‍സസ് ബ്യൂറോയുടെ പുതിയ കണക്കിലാണ് ഈ വെളിപ്പെടുത്തല്‍ . ആഗോള സാമ്പത്തിക പ്രതിസന്ധി അമേരിക്കയിലെ സാധാരണക്കാരെ എത്രത്തോളം രൂക്ഷമായി ബാധിച്ചെന്നതിന് തെളിവാണിത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും അമേരിക്കയുടെ ദാരിദ്ര്യനിരക്കില്‍ വര്‍ധന രേഖപ്പെടുത്തി

    ReplyDelete