Friday, September 2, 2011

മാരന് സിബിഐയുടെ ക്ലീന്‍ചിറ്റ്; ജസ്വന്തിനെ ചോദ്യംചെയ്യും

2ജി സ്പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന് അനുകൂലമായി സുപ്രീംകോടതിയില്‍ സിബിഐയുടെ റിപ്പോര്‍ട്ട്. ടെലികോം കമ്പനിയായ എയര്‍സെല്ലിന്റെ ഓഹരിവില്‍പ്പനയില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദതന്ത്രം മന്ത്രിയെന്ന നിലയില്‍ മാരന്‍ പ്രയോഗിച്ചതായി അറിയില്ലെന്ന് സുപ്രീംകോടതിയില്‍ വ്യാഴാഴ്ച സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ സിബിഐ അറിയിച്ചു. സ്പെക്ട്രം വില്‍പ്പനയില്‍ എന്‍ഡിഎ കാലത്തും മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ഇടപാടുകള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും അടുപ്പമുള്ള ഒരു സംരംഭകന് തന്നെ എയര്‍സെല്‍ കമ്പനി വില്‍പ്പനയിലൂടെ ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ മന്ത്രിപദവി ദുരുപയോഗം ചെയ്തതായി ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

എയര്‍സെല്‍ മുന്‍ഉടമ ശിവശങ്കരന്‍ നേരത്തെ മാരന്‍ സഹോദരന്മാര്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നതിനെ തുടര്‍ന്ന് ദയാനിധി മാരന് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു. ബിസിനസ് വിപുലപ്പെടുത്തുന്നതിന് ആവശ്യമായ ലൈസന്‍സ് അനുവദിക്കാന്‍ മാരന്‍ മടികാട്ടിയെന്ന ആരോപണമാണ് ശിവശങ്കരന്‍ ഉന്നയിച്ചത്. ഇതേതുടര്‍ന്ന് താന്‍ 2006ല്‍ കമ്പനി വില്‍ക്കാന്‍ നിര്‍ബന്ധിതനായെന്നും ശിവശങ്കരന്‍ പറഞ്ഞിരുന്നു. ഈ പരാതി സിബിഐ അന്വേഷിച്ചു. മലേഷ്യന്‍ കമ്പനിയായ മാക്സിസ് എയര്‍സെല്‍ വാങ്ങിയതിന് പിന്നില്‍ മാരന്റെ ഇടപെടലുകള്‍ ഇതുവരെ തെളിയിക്കാനായിട്ടില്ലെന്ന് സിബിഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ , മാക്സിസ് കമ്പനി മാരന്‍ സഹോദരന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

എന്‍ഡിഎ ഭരണകാലത്ത് പ്രമോദ് മഹാജനും അരുണ്‍ ഷൂരിയും ടെലികോം മന്ത്രിമാരായിരിക്കുമ്പോള്‍ മാനദണ്ഡം ലംഘിച്ച് സ്പെക്ട്രം വില്‍പ്പന നടന്നിട്ടുണ്ടെന്ന് പുതിയ സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ സിബിഐ പറഞ്ഞു. അന്ന് ധനമന്ത്രിയായിരുന്ന ജസ്വന്ത് സിങ്ങിനെ അടുത്തുതന്നെ ചോദ്യം ചെയ്യുമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ വേണുഗോപാല്‍ പറഞ്ഞു. നിയന്ത്രിത മൊബൈല്‍ സേവനം, ഏകീകൃത ലൈസന്‍സിങ് തുടങ്ങിയ വിഷയങ്ങളില്‍ രൂപീകരിച്ച പ്രത്യേക മന്ത്രിസമിതിയുടെ തലവനായിരുന്നു ജസ്വന്ത് സിങ്. 2001 മുതല്‍ 2007 വരെയുള്ള സ്പെക്ട്രം ഇടപാട് വിശദമായി പരിശോധിക്കുകയാണെന്നും സിബിഐ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഈ അന്വേഷണം പൂര്‍ത്തിയാകുമെന്ന് വേണുഗോപാല്‍ പറഞ്ഞു. ഷൂരിയെയും മാരനെയും ചോദ്യംചെയ്യുന്നുണ്ടോയെന്ന് ഈ ഘട്ടത്തില്‍ ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. ഇതിന് വേണുഗോപാല്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

deshabhimani 020911

1 comment:

  1. 2ജി സ്പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന് അനുകൂലമായി സുപ്രീംകോടതിയില്‍ സിബിഐയുടെ റിപ്പോര്‍ട്ട്. ടെലികോം കമ്പനിയായ എയര്‍സെല്ലിന്റെ ഓഹരിവില്‍പ്പനയില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദതന്ത്രം മന്ത്രിയെന്ന നിലയില്‍ മാരന്‍ പ്രയോഗിച്ചതായി അറിയില്ലെന്ന് സുപ്രീംകോടതിയില്‍ വ്യാഴാഴ്ച സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ സിബിഐ അറിയിച്ചു. സ്പെക്ട്രം വില്‍പ്പനയില്‍ എന്‍ഡിഎ കാലത്തും മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ഇടപാടുകള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും അടുപ്പമുള്ള ഒരു സംരംഭകന് തന്നെ എയര്‍സെല്‍ കമ്പനി വില്‍പ്പനയിലൂടെ ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ മന്ത്രിപദവി ദുരുപയോഗം ചെയ്തതായി ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

    ReplyDelete