Sunday, September 11, 2011

ക്ഷേമപെന്‍ഷനുകളും വിദ്യാര്‍ഥികളുടെ സൗജന്യ അരിയും മുടങ്ങി

ഓണക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന അഞ്ചു കിലോ സൗജന്യ അരിയും പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കുമുള്ള പെന്‍ഷനും ഇത്തവണ മുടങ്ങി. വികലാംഗര്‍, വിധവകള്‍, വയോജനങ്ങള്‍, 50 വയസ്സിനുമുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ തുടങ്ങി 8.33 ലക്ഷത്തില്‍ അധികം വരുന്ന അശരണര്‍ക്കുള്ള പെന്‍ഷന്‍ ഓണത്തിനുമുമ്പ് വിതരണം ചെയ്തില്ല. മാനസികവൈകല്യമുള്ളവരുടെ പെന്‍ഷനും നിഷേധിച്ചു. ഉച്ചഭക്ഷണപദ്ധതിയിലുള്ള എട്ടാംക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും (24 ലക്ഷം പേര്‍) കഴിഞ്ഞവര്‍ഷം ഓണത്തിന് അഞ്ച് കിലോ അരിവീതം സൗജന്യമായി നല്‍കിയിരുന്നു. ഇക്കുറി കുട്ടികള്‍ക്ക് അരി ലഭിച്ചില്ല. 20 ലക്ഷം ദരിദ്രകുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കുറച്ചുപേര്‍ക്ക് മാത്രമാണ് ലഭിച്ചത്. കിറ്റ് വിതരണം ചെയ്തത് രണ്ടുദിവസം മാത്രം. അന്ന് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഇനി കിട്ടുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞവര്‍ഷം രണ്ടാഴ്ച സപ്ലൈകോ മാവേലി സ്റ്റോറുകള്‍ , സൂപ്പര്‍ മാര്‍ക്കറ്റുകള്‍ , ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ , പീപ്പിള്‍സ് ബസാറുകള്‍ എന്നിവ വഴി ഇവ കൃത്യമായി വിതരണം ചെയ്തിരുന്നു. ഇത്തവണത്തെ കിറ്റുകളിലാകട്ടെ നാമമാത്രമായ സാധനങ്ങളാണ് ഉണ്ടായിരുന്നത്. അഞ്ച് ലക്ഷത്തിലേറെ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഓണത്തിന് ലഭിക്കേണ്ട പെന്‍ഷന്‍ നല്‍കിയില്ല. കുടിശ്ശിക അടക്കം 2,400 രൂപ വീതം നല്‍കാനുണ്ട്. ഏറെ വൈകി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതിന് ആവശ്യമായ തുക അനുവദിച്ചില്ല. പണം ലഭിക്കാത്തതും തുടര്‍ച്ചയായ അവധിയുംമൂലം പെന്‍ഷന്‍ തുക വിതരണംചെയ്യാന്‍ ഒട്ടുമിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞില്ല. കൈത്തറിത്തൊഴിലാളി പെന്‍ഷനും മുടങ്ങി. പത്തുമാസത്തെ കുടിശ്ശികയാണ് ലഭിക്കാനുള്ളത്. കഴിഞ്ഞ ഓണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈത്തറിത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും രണ്ടുമാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ 1.18 ലക്ഷം ആദിവാസി കുടുംബങ്ങള്‍ക്ക് 12 കിലോഗ്രാം അരി വീതം സര്‍ക്കാര്‍ സൗജന്യമായി നല്‍കി. ഇത്തവണ ഇതുണ്ടായില്ല.

ഖാദി, ബീഡി - ചുരുട്ട്, ഈറ്റ, കാട്ടുവള്ളി, തഴ, ബാര്‍ബര്‍ - ബ്യൂട്ടിഷ്യന്‍ , അലക്ക് തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്തുള്ള ഉത്സവ ആനുകൂല്യം വിതരണംചെയ്തില്ല. തൊഴിലില്ലായ്മ വേതനവും ബഹുഭൂരിപക്ഷം പേര്‍ക്ക് ലഭിച്ചില്ല. ബിപിഎല്‍ കുടുംബങ്ങള്‍ക്കും അന്ത്യോദയ അന്നയോജന (എഎവൈ) കുടുംബങ്ങള്‍ക്കുമുള്ള ഒരു രൂപ അരി വിതരണവും നാമമാത്രമായി. എഫ്സിഐക്ക് കൃത്യമായി പണം അടയ്ക്കാത്തതുമൂലമാണ് അരി വിതരണം തടസ്സപ്പെട്ടത്.

ഓണക്കാലത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചില്ല. ഓണംവിപണനമേളകള്‍ ചടങ്ങായി മാറി. രണ്ടു രൂപ അരിവിതരണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഒരു രൂപ അരി 20 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതും ഓണാഘോഷത്തിന് കരിനിഴല്‍ വീഴ്ത്തി. ഓണത്തിന് അവശ്യവസ്തുക്കള്‍ വില കുറച്ച് വില്‍ക്കാന്‍ സപ്ലൈകോയ്ക്ക് ഒരു രൂപ പോലും അനുവദിച്ചില്ല. കണ്‍സ്യൂമര്‍ഫെഡ് ഈ ആവശ്യത്തിനായി 100 കോടി രൂപ സര്‍ക്കാര്‍ സഹായം തേടിയിരുന്നു. ഇത് മന്ത്രിസഭായോഗത്തിലെ ചര്‍ച്ചയില്‍ ഒതുങ്ങി. ഓണനാളുകളിലെ വര്‍ധിച്ച ആവശ്യം മുതലെടുത്ത് പച്ചക്കറിക്കും പഴങ്ങള്‍ക്കും വിപണികളില്‍ തോന്നിയ വിലയാണ് ഈടാക്കിയത്. സര്‍ക്കാര്‍ ഒത്താശയോടെ പാല്‍ ലിറ്ററിന് ഒറ്റയടിക്ക് അഞ്ചുരൂപ വര്‍ധിപ്പിച്ച മില്‍മ ഉത്രാടനാളില്‍ അധികമായി കൈക്കലാക്കിയത് ഒരു കോടി രൂപയാണ്. അന്നു വിറ്റ പാലില്‍ എട്ട് ലക്ഷം ലിറ്ററും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളതായിരുന്നു.
(ജി രാജേഷ്കുമാര്‍)

deshabhimani 100911

1 comment:

  1. ഓണക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന അഞ്ചു കിലോ സൗജന്യ അരിയും പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കുമുള്ള പെന്‍ഷനും ഇത്തവണ മുടങ്ങി. വികലാംഗര്‍, വിധവകള്‍, വയോജനങ്ങള്‍, 50 വയസ്സിനുമുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ തുടങ്ങി 8.33 ലക്ഷത്തില്‍ അധികം വരുന്ന അശരണര്‍ക്കുള്ള പെന്‍ഷന്‍ ഓണത്തിനുമുമ്പ് വിതരണം ചെയ്തില്ല. മാനസികവൈകല്യമുള്ളവരുടെ പെന്‍ഷനും നിഷേധിച്ചു. ഉച്ചഭക്ഷണപദ്ധതിയിലുള്ള എട്ടാംക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും (24 ലക്ഷം പേര്‍) കഴിഞ്ഞവര്‍ഷം ഓണത്തിന് അഞ്ച് കിലോ അരിവീതം സൗജന്യമായി നല്‍കിയിരുന്നു. ഇക്കുറി കുട്ടികള്‍ക്ക് അരി ലഭിച്ചില്ല. 20 ലക്ഷം ദരിദ്രകുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കുറച്ചുപേര്‍ക്ക് മാത്രമാണ് ലഭിച്ചത്. കിറ്റ് വിതരണം ചെയ്തത് രണ്ടുദിവസം മാത്രം. അന്ന് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഇനി കിട്ടുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

    ReplyDelete