Sunday, September 11, 2011

ജുഡീഷ്യറിയെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമം: പിണറായി

പാമൊലിന്‍ അഴിമതികേസില്‍ ജുഡീഷ്യറിയെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള അപകടകരമായ നീക്കമാണ് ഭരണപക്ഷ ചീഫ് വിപ്പിന്റെ ഭീഷണിക്കത്തുകളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

പാമൊലിന്‍ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുറ്റകരമായ പങ്ക് വിജിലന്‍സ് പ്രത്യേകകോടതി ചൂണ്ടിക്കാട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്. കോടതി വിധി അംഗീകരിച്ച് മുഖ്യമന്ത്രിപദം ഒഴിയാനല്ല ഭരണസംവിധാനം ഉപയോഗപ്പെടുത്തി കേസില്‍നിന്നും രക്ഷനേടാനുള്ള കുതന്ത്രങ്ങളാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരിക്കുന്നത്. പാമൊലിന്‍ കേസ് പരിഗണിക്കുന്ന ന്യായാധിപനെതിരെ മാന്യതയില്ലാത്ത ആക്ഷേപം ഉന്നയിച്ച് രാഷ്ട്രപതി, ഗവര്‍ണര്‍ , സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ജില്ലാ ജഡ്ജി തുടങ്ങിയവര്‍ക്കെല്ലാം മന്ത്രിപദവിയുള്ള ഭരണപക്ഷ ചീഫ് വിപ്പ് കത്തയച്ചത് മുഖ്യമന്ത്രി അടക്കമുള്ള ഭരണകക്ഷി നേതാക്കളുടെ അറിവോടെയാണെന്നത് വ്യക്തമാണ്. താന്‍ ഇതേപ്പറ്റി അറിഞ്ഞിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവാണ്.

വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിധി പറയുന്നതിനുള്ള കോടതിയുടെ നിയമപരമായ അധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ചീഫ് വിപ്പിന്റെ കത്തുകള്‍ . ഇതുവഴി ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുക മാത്രമല്ല ബ്ലാക്ക്മെയില്‍ ചെയ്യുകയുമാണ്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ കുറ്റകരമായ പങ്ക് വ്യക്തമാക്കിയ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീലോ തിരു ത്തല്‍ ഹര്‍ജിയോ നല്‍കാന്‍പോലും ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. ഒരു കോടതിയുടെ ഉത്തരവില്‍ വിയോജിപ്പുണ്ടെങ്കില്‍ ഉയര്‍ന്ന നീതിപീഠങ്ങളെ സമീപിക്കുന്നതിനുപകരം ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ജുഡീഷ്യറിയുടെ അന്തസ്സിനെയും മൂല്യങ്ങളെയും ഇടിച്ചു താഴ്ത്തുന്നതാണ്.

ഉമ്മന്‍ചാണ്ടിക്കെതിരായ കോടതി ഉത്തരവ് വന്ന ഉടന്‍തന്നെ ജഡ്ജിക്കെതിരെ അധിക്ഷേപാര്‍ഹമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ചീഫ് വിപ്പ് കോടതിയലക്ഷ്യക്കേസ് നേരിടുകയാണ്. അതിനുപിന്നാലെയാണ് ഇപ്പോള്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും കത്തയയ്ക്കുകയും അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കോടതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത്. ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന യുഡിഎഫിന്റെ അപകടകരമായ നീക്കത്തില്‍ പ്രതിഷേധിക്കാന്‍ ജനാധിപത്യബോധമുള്ള എല്ലാവരും രംഗത്തു വരണമെന്നും പിണറായി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ജോര്‍ജിനെ വിജിലന്‍സിനെതിരെ ഉമ്മന്‍ചാണ്ടി കരുവാക്കുന്നു: ഐസക്

കളമശേരി: പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടുതല്‍ അബദ്ധത്തിലേക്കു പോകുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. ടി എം തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നേരിട്ടുപറയാന്‍ പറ്റാത്ത കാര്യമാണോ വിജിലന്‍സ് ജഡ്ജിക്കെതിരായ പരാതിയിലൂടെ പി സി ജോര്‍ജ് വഴി പറയിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അന്ന് മന്ത്രിയായിരുന്ന താന്‍ പ്രതിയാണെങ്കില്‍ ധനമന്ത്രിയായ ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്നായിരുന്നു ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ കക്ഷിയില്‍പ്പെട്ട ടി എച്ച് മുസ്തഫയുടെ പ്രതികരണം. തങ്ങളുടെ രണ്ടുപേരുടെയും പങ്ക് ഒന്നുതന്നെയാണെന്നും ഇദ്ദേഹം വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണ്ടതാണെന്നാണ് വിജിലന്‍സ് കോടതിയോട് ആവശ്യപ്പെട്ടത്. കോടതി അനുവദിക്കുകയുംചെയ്തു. എന്നാല്‍ , അന്വേഷണം അനുവദിച്ചത് എന്തിനുവേണ്ടിയാണോ അതൊന്നും അന്വേഷിക്കാതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് പിന്നീട് കോടതി ആവശ്യപ്പെട്ടത്. ഇതു ചെയ്യുന്നതിനുപകരം കോടതിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുകയാണ് ഇക്കൂട്ടര്‍ ചെയ്തത്.

deshabhimani 100911

1 comment:

  1. പാമൊലിന്‍ അഴിമതികേസില്‍ ജുഡീഷ്യറിയെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള അപകടകരമായ നീക്കമാണ് ഭരണപക്ഷ ചീഫ് വിപ്പിന്റെ ഭീഷണിക്കത്തുകളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

    ReplyDelete