കോട്ടയം: നീതി നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ കേരളത്തിന്റെ അന്തരീക്ഷം വഷളാകുമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പ്. യുഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസിലേക്കു നടന്ന പ്രതിഷേധറാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഞ്ച് ഭദ്രാസനങ്ങളിലെ വൈദികരും വിശ്വാസികളും അണിനിരന്ന മാര്‍ച്ച് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നിന്നാണ് ആരംഭിച്ചത്. മന്ത്രി ഓഫീസില്‍ ഉണ്ടായിരുന്നു. മാര്‍ച്ചില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും നിലപാടുകള്‍ക്കെതിരെ മുദ്രാവാക്യം മുഴങ്ങി.
ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെ കാര്യത്തില്‍ കോടതിവിധി നടപ്പാക്കുമെന്നു പറയുന്ന ഉമ്മന്‍ചാണ്ടിക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാര്യത്തില്‍ മൗനമാണെന്ന് ഉപരോധത്തില്‍ സംസാരിച്ച നിരണം ഭദ്രാസന മെത്രാപോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പറഞ്ഞു. ഇത്രയും ഇരട്ടത്താപ്പ് കാണിച്ച സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. യുഡിഎഫ് ഭരണത്തില്‍ കയറുമ്പോഴാണ് മലങ്കരസഭയ്ക്ക് തെരുവില്‍ ഇറങ്ങേണ്ടിവന്നിട്ടുള്ളത്. തെരഞ്ഞെടുപ്പു വിജയത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്കുള്ള പങ്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അല്പം ലാഘവത്വം കാണിച്ചത് അബദ്ധമായി. വോട്ട് വാങ്ങി ഫ്രീസറിലിട്ട് കസേരയില്‍ ഞെളിഞ്ഞിരിക്കുന്നതല്ല മാന്യത. സഭാമക്കളെ തെരുവില്‍ വലിച്ചിഴച്ചതിന്റെ പൂര്‍ണ ഉത്തരവാദികള്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരുമാണ്. മലങ്കരസഭയില്‍ മുലപ്പാല്‍ കുടിച്ചവരുണ്ടെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അനുകൂല പരിഹാരമില്ലാത്തപക്ഷം ഞായറാഴ്ച കുര്‍ബാന കഴിയുമ്പോള്‍ അന്തരീക്ഷം വഷളാകുമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത പറഞ്ഞു. 24 മണിക്കൂറും സുതാര്യത പറയുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ നട്ടെല്ലില്ലാത്ത കസേരയാണ് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സഭയുടെ പൈതലെന്ന് ഇതുവരെ കരുതിയ ഉമ്മന്‍ചാണ്ടി നട്ടെല്ലില്ലാത്തവനും പേടിത്തൊണ്ടനുമാണെന്ന് ഇപ്പോള്‍ ബോധ്യമായി. അദ്ദേഹത്തിന് ഒരു വശത്തേ കണ്ണും ചെവിയുമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ വീട് ഇന്ന് ഉപരോധിക്കും
കോട്ടയം: കോലഞ്ചേരി പള്ളിയെ സംബന്ധിച്ച കോടതിവിധി നടപ്പാക്കാന്‍ കൂട്ടാക്കാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമീപനത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വസതി ഉപരോധിക്കുമെന്ന് പുതുപ്പള്ളി വലിയപള്ളി വികാരി തോമസ് ഏബ്രാഹം അറിയിച്ചു. കോട്ടയം, വാകത്താനം, പുതുപ്പള്ളി മേഖലകളിലെ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ഉപരോധത്തില്‍ പങ്കെടുക്കുമെന്ന് പള്ളി ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പകല്‍ 11ന് പുതുപ്പള്ളിപ്പള്ളിയില്‍ നിന്നും പ്രകടനം ആരംഭിക്കും. പുതുപ്പള്ളി കവലയില്‍ വിശദീകരണ യോഗം നടത്തും. പുതുപ്പള്ളി നിലയ്ക്കല്‍ പള്ളിയില്‍ വൈകിട്ട് ആറുവരെ പ്രാര്‍ഥനാ യജ്ഞവും ഉണ്ടാകും. ഉപവാസസമരത്തിന് പിന്തുണ പ്രഖ്യാപിച്ചും നീതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ചും സഭ ഞായറാഴ്ച പ്രതിഷേധദിനം ആചരിക്കും.
കോലഞ്ചേരി പള്ളിത്തര്‍ക്കം: ഒത്തുതീര്‍പ്പുശ്രമം പരാജയപ്പെട്ടു
കോലഞ്ചേരി: ഒരാഴ്ചയിലേറെയായി കോലഞ്ചേരിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവരുന്ന മലങ്കരസഭകള്‍ തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം കാണാനുള്ള ശ്രമം പരാജയപ്പെട്ടു. തര്‍ക്കപരിഹാരത്തിനു നിയോഗിച്ച രണ്ടംഗ അഭിഭാഷകസമിതി ഹൈക്കോടതി മീഡിയേഷന് സെന്റര്‍ ചെയര്മാന് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇരുസഭയും ഉറച്ചുനില്‍ക്കുന്നതിനാല്‍ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകുക അസാധ്യമാണെന്നും പ്രശ്നത്തില്‍ കോടതി ഇടപെടണമെന്നുമാണ് റിപ്പോര്‍ട്ടെന്നാണ് സൂചന. റിപ്പോര്‍ട്ട് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കോടതി പരിഗണിക്കും.
പ്രശ്നം ഇത്രനാള്‍ രൂക്ഷമായി തുടര്‍ന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒത്തുതീര്‍പ്പിന് കാര്യമായ ശ്രമങ്ങളൊന്നുമുണ്ടായില്ല. ചര്‍ച്ച വഴിമുട്ടിയതോടെ കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ്വിഭാഗം നടത്തുന്ന ഉപവാസവും പള്ളിയില്‍ ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായവിഭാഗം നടത്തുന്ന പ്രാര്ഥനായജ്ഞവും ശക്തമാക്കാന്‍ അതത് വിഭാഗങ്ങള്‍ തീരുമാനിച്ചു. ഓര്‍ത്തഡോക്സ് സഭയാ ഞായറാഴ്ച കുര്‍ബാനമധ്യേ പ്രത്യേക പ്രര്‍ഥനയും പ്രതിഷേധറാലിയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പുതുപ്പള്ളി ഇടവകയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വീട് ഉപരോധിക്കാനും തീരുമാനിച്ചതായി ഓര്ത്തഡോക്സ്സഭാനേതൃത്വം അറിയിച്ചു. ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ നടത്തുന്ന പ്രാര്ഥനായജ്ഞവും ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഉപവാസസമരവും ഞായറാഴ്ചയും തുടരും. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും ആശുപത്രിയിലേക്കു മാറാന്‍ ബാവ സമ്മതിച്ചില്ല.
യാക്കോബായസഭ വിശ്വാസസംരക്ഷണറാലി നടത്തുന്നതിനാല്‍ കോലഞ്ചേരിയില്‍ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ ഭരണസംവിധാനം തീരുമാനിച്ചു. തര്‍ക്കം തീരുന്നതുവരെ പള്ളിയില്‍ തല്‍സ്ഥിതി തുടരണമെന്നും സംയമനംപാലിക്കണമെന്നും ഇരുവിഭാഗങ്ങള്‍ക്കും ജില്ലാ ഭരണസംവിധാനം കര്‍ശന നിര്‍ദേശം നല്കി. നിരോധനാജ്ഞ നിലനില്‍ക്കുന്ന പള്ളിപരിസരത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായി കലക്ടര്‍ ഷേഖ് പരീത് അറിയിച്ചു. പള്ളിപരിസരത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ കലക്ടറും ഐ ജി ആര് ശ്രീലേഖയും ഇരുസഭയുടെയും ബാവമാരെ സമരപ്പന്തലില്‍ സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി വയലാര്‍ രവി ഇരു കാതോലിക്കമാരെയും സന്ദര്‍ശിച്ച് ചര്‍ച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല. ഓര്‍ത്തഡോക്സ് സഭാനേതൃത്വത്തെ സന്ദര്‍ശിക്കാനെത്തിയ ജോസഫ് വാഴയ്ക്കന് എംഎല്‍എയെ വിശ്വാസികള്‍ കൂക്കിവിളിച്ചു.
സര്‍ക്കാര്‍ നടപടിയെടുക്കണം: സിപിഐ എം
കോലഞ്ചേരിപള്ളി അവകാശത്തെപ്പറ്റിയുള്ള സഭാതര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സഭാതര്‍ക്കം അനുദിനം രൂക്ഷമാകുകയാണ്. തര്‍ക്കം തക്കസമയത്ത് പരിഹരിക്കാതെ ആളിക്കത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സമീപനം അത്യന്തം പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമാണ്. സഭാനേതൃത്വത്തില്പ്പെട്ട അത്യുന്നതരായ മതനേതാക്കള്‍ നേരിട്ട് സത്യഗ്രഹം ഉള്‍പ്പെടെയുള്ള സമരപരിപാടികളില്‍ ഏര്‍പ്പെടാന്‍ നിര്ബന്ധിതരായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായി ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ നടപടി ഉണ്ടായില്ല. ഇത് വിശ്വാസികളെ മാത്രമല്ല സാമൂഹികമായി സമാധാനവും ഭദ്രതയും ആഗ്രഹിക്കുന്ന സര്‍വരെയും വേദനിപ്പിക്കുന്നു. സഭാതര്‍ക്കം പരിഹരിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയും തികച്ചും പരാജയപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തില്‍ സെക്രട്ടറിയറ്റ് അതീവ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.
deshabhimani 180911
നീതി നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ കേരളത്തിന്റെ അന്തരീക്ഷം വഷളാകുമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പ്. യുഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസിലേക്കു നടന്ന പ്രതിഷേധറാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഞ്ച് ഭദ്രാസനങ്ങളിലെ വൈദികരും വിശ്വാസികളും അണിനിരന്ന മാര്‍ച്ച് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നിന്നാണ് ആരംഭിച്ചത്. മന്ത്രി ഓഫീസില്‍ ഉണ്ടായിരുന്നു. മാര്‍ച്ചില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും നിലപാടുകള്‍ക്കെതിരെ മുദ്രാവാക്യം മുഴങ്ങി.
ReplyDelete