Monday, September 12, 2011

പുറത്തുപോകണം അല്ലെങ്കില്‍ പുറത്താക്കണം

ജുഡീഷ്യറിയെ മറികടന്ന് സ്വയം രക്ഷപ്പെടാനാണ് 1975ല്‍ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന് ജുഡീഷ്യറിയോടുള്ള ആദരവും മതിപ്പും തങ്ങള്‍ക്കെതിരെ വിധി വരാത്തിടത്തോളമാണ്. എപ്പോഴെല്ലാം കോടതികള്‍ കോണ്‍ഗ്രസിന് വിഷമമുണ്ടാക്കുന്ന തരത്തില്‍ നീതിനിര്‍വഹണത്തിന് ശ്രമിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം ആ പാര്‍ടി ജുഡീഷ്യറിക്കുമേല്‍ കുതിരകയറിയിട്ടുണ്ട്. ജനാധിപത്യ പാര്‍ടിയെന്ന് കോണ്‍ഗ്രസ് സ്വയം പറയാറുണ്ട്. തങ്ങള്‍ക്ക് ഹിതകരമല്ലെങ്കില്‍ ജനാധിപത്യത്തിന്റെ അടിത്തറതന്നെ തോണ്ടാന്‍ അവര്‍ മടിക്കാറില്ല-ഇന്ന് സജീവമായി ചര്‍ച്ചചെയ്യപ്പെടുന്ന വോട്ടിന് കോഴ വിവാദം അതാണ് ചൂണ്ടിക്കാട്ടുന്നത്. ജുഡീഷ്യറിയെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ച കഥ കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ പരസ്യമായി പറഞ്ഞത് ഇക്കഴിഞ്ഞ നാളുകളിലാണ്. ആ സുധാകരനെ വാക്കുകൊണ്ടുപോലും എതിര്‍ക്കാന്‍ കോണ്‍ഗ്രസ് കൂട്ടാക്കിയില്ല-സുധാകരന്‍ ചെയ്തതും പറഞ്ഞതും തള്ളിപ്പറഞ്ഞുമില്ല.

യുഡിഎഫിലെ രണ്ടാംകക്ഷിയായ മുസ്ലിംലീഗിന്റെ നേതൃത്വത്തിനെതിരെയും സമാനമായ ആരോപണം നിലനില്‍ക്കുന്നു-അതില്‍ അന്വേഷണം നടക്കുന്നു. പാമൊലിന്‍ കേസ് വിചാരണ നടത്തുന്ന വിജിലന്‍സ് കോടതി ജഡ്ജി പി കെ ഹനീഫയ്ക്കെതിരെ യുഡിഎഫ് നടത്തുന്ന ആക്രമണം ആ സമീപനത്തിന്റെ തുടര്‍ച്ചയാണ്. കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വിലക്കപ്പെട്ട ഏതുമാര്‍ഗം സ്വീകരിക്കാനും മടിയില്ല എന്നാണ് ജഡ്ജിക്കെതിരെ രാഷ്ട്രപതി മുതല്‍ ജില്ലാ ജഡ്ജിവരെയുള്ളവര്‍ക്ക് പരാതി അയച്ച് ഗവണ്‍മെന്റ് ചീഫ്വിപ്പ് പി സി ജോര്‍ജ് തെളിയിച്ചത്. ഉമ്മന്‍ചാണ്ടിയുടെ കുറ്റകൃത്യം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ടി എച്ച് മുസ്തഫയാണ് കോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയത്. പാമൊലിന്‍ ഇടപാടുകാലത്തെ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കുള്ള ഉത്തരവാദിത്തം രേഖാമൂലം ശ്രദ്ധയില്‍ വന്നതിനെത്തുടര്‍ന്നാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. അങ്ങനെ അന്വേഷണം നടത്തുന്നതിന് പകരം ഉമ്മന്‍ചാണ്ടിയുമായി മാത്രം സംസാരിച്ച് ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ കൊണ്ടുകൊടുക്കുകയും അങ്ങനെ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്ക് കടന്നുചെല്ലാനുള്ള പരവതാനി വിരിക്കുകയുമാണ് വിജിലന്‍സ് ചെയ്തത്. ആ റിപ്പോര്‍ട്ട് സംബന്ധിച്ച്, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. കേസില്‍ വിജിലന്‍സ് കോടതി മുഖംനോക്കാതെ ഇടപെട്ടു. വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിക്ക് വിടുവേലചെയ്തെങ്കില്‍ , കോടതി അതിന് കൂട്ടുനിന്നില്ല. കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് ആ പശ്ചാത്തലത്തിലാണ്. അതിനോട് പി സി ജോര്‍ജ് പ്രതികരിച്ചത്, ജഡ്ജിയുടെ നിഷ്പക്ഷതയെ ചോദ്യംചെയ്തുകൊണ്ടാണ്. കോടതിയുടെ തീര്‍പ്പിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാം. നിയമത്തിന്റെ വഴിയിലൂടെ പോകുമെന്ന് കെപിസിസിയും യുഡിഎഫും പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. പക്ഷേ, ഉമ്മന്‍ചാണ്ടി അതിന് തയ്യാറല്ല. അപ്പീല്‍ നല്‍കിയാല്‍ താന്‍ പരാജയപ്പെടുമെന്ന് ഉറപ്പാക്കിയ അദ്ദേഹം കോടതിയോട് ശിഖണ്ഡിയുദ്ധത്തിനാണ് തയ്യാറാകുന്നത്. വിധിയില്‍ അപാകമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുന്നതിനുപകരം വിധിപറഞ്ഞ ജഡ്ജിക്കെതിരെ അനുചിതമായ പരാതികള്‍ രാഷ്ട്രപതിക്കും മറ്റും അയക്കാന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പിനെത്തന്നെ നിയോഗിച്ചത് അത്തരമൊരു വന്‍ ഗൂഢാലോചനയുടെ ഭാഗമായാണ്. ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാതെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന നിലപാടാണ് വിജിലന്‍സ് ജഡ്ജി സ്വീകരിച്ചിരിക്കുന്നതെന്നും ഇത് നിയമത്തെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണെന്നും പരാതിയില്‍ പി സി ജോര്‍ജ് ആരോപിക്കുന്നു.

ജോര്‍ജ് ഇപ്പോള്‍ത്തന്നെ കോടതിയലക്ഷ്യനടപടി നേരിടുന്നയാളാണ്. ജഡ്ജിയെ പരസ്യമായി അവഹേളിക്കുകയും കുറ്റപ്പെടുത്തുകയും ദുരുദ്ദേശ്യം ആരോപിക്കുകയും ചെയ്തു എന്നത് തെളിയിക്കപ്പെട്ട കുറ്റകൃത്യമാണ്. അതിനുപുറമെയാണ്, ഔദ്യോഗികപദവി ദുരുപയോഗംചെയ്തുകൊണ്ടുള്ള കത്തയക്കല്‍ . ജുഡീഷ്യറിയെ സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിച്ച പ്രശ്നങ്ങളില്‍ ഇതിനുമുമ്പും ജോര്‍ജിന്റെ പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ , സ്വന്തം പാര്‍ടി നേതാവ് പി ജെ ജോസഫിനെ തകര്‍ക്കാന്‍ ഒരു എസ്എംഎസ് കഥ കെട്ടിച്ചമച്ച് കോടതിയിലെത്തിച്ചതിനുപിന്നിലും ജോര്‍ജിന്റെ പേരാണ് ഉയര്‍ന്നത്. അശ്ലീലവാരികക്കാരനുമായി കൂട്ടുചേര്‍ന്ന് രാഷ്ട്രീയദുരാചാരങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നയാള്‍ എന്ന വിശേഷണം പേറുന്ന ജോര്‍ജ് അദ്ദേഹം ഉള്‍ക്കൊള്ളുന്ന പാര്‍ടിയില്‍ത്തന്നെ വെറുക്കപ്പെട്ടവനാണ്. അങ്ങനെയൊരാളെ രംഗത്തിറക്കി കേസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വിധി റദ്ദാക്കാന്‍ ഇടപെടണമെന്നും ജഡ്ജിയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ , സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര നിയമമന്ത്രി എന്നിവര്‍ക്കും കത്തെഴുതിയത് ചീഫ്വിപ്പ് എന്ന നിലയ്ക്കല്ലെന്ന് ജോര്‍ജ് വിശദീകരിക്കുന്നുണ്ട്. മന്ത്രിയുടെ പദവിയും സൗകര്യങ്ങളും നല്‍കി അദ്ദേഹത്തെ ചീഫ് വിപ്പ് പദവിയില്‍ ഇരുത്തിയത് ജുഡീഷ്യറിയെ ഭയപ്പെടുത്തി വരുതിയില്‍ കൊണ്ടുവരാനാണോ എന്ന് ഇനി വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസും യുഡിഎഫ് നേതൃത്വവുമാണ്. കോടതിവിധി അംഗീകരിച്ച് മുഖ്യമന്ത്രിപദം ഒഴിയുന്നതിനുപകരം ഭരണസംവിധാനം ഉപയോഗപ്പെടുത്തി കേസില്‍നിന്ന് രക്ഷനേടാനുള്ള നാണംകെട്ട കുതന്ത്രങ്ങളാണ് ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത് എന്നാണ് ഇതിലൂടെയല്ലാം നിസ്സംശയം തെളിയുന്നത്.

ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ഭരണനേതൃത്വംതന്നെ തടസ്സപ്പെടുത്തുകയാണിവിടെ. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നടപടി പ്രഥമദൃഷ്ട്യാതന്നെ കോടതിയലക്ഷ്യമാണ്. വിജിലന്‍സ് കോടതി നടപടിക്കെതിരെ റിവിഷന്‍ പെറ്റീഷന്‍ നല്‍കാതെ ഇങ്ങനെ ഒളിച്ചുകളിക്കുന്ന ഉമ്മന്‍ചാണ്ടിയില്‍നിന്ന് ഇക്കാര്യത്തിലും നീതിനിഷ്ഠമായ ഇടപെടല്‍ പ്രതീക്ഷിക്കാനില്ല. ജഡ്ജിക്കെതിരായ പോര്‍വിളി അന്വേഷണത്തെ അട്ടിമറിക്കാന്‍ മാത്രമാണ്. പി സി ജോര്‍ജിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ഭരണപക്ഷത്തുനിന്നുതന്നെ പരസ്യമായ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പി സി ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ജോര്‍ജിന്റെ കുറ്റകൃത്യം സംബന്ധിച്ച് ഭരണ-പ്രതിപക്ഷ കക്ഷികളില്‍ അഭിപ്രായവ്യത്യാസമില്ലെന്നര്‍ഥം. ആ നിലയ്ക്ക് ജോര്‍ജ് രാജിവച്ചേ തീരൂ. സര്‍ക്കാര്‍ സ്ഥാനത്തിരുന്നുകൊണ്ട് കുറ്റകൃത്യം ചെയ്യുന്നത് അനുവദിച്ചുകൂടാ. രാജിവയ്ക്കാന്‍ ജോര്‍ജ് തയ്യാറല്ലെങ്കില്‍ യുഡിഎഫ് അദ്ദേഹത്തെ പുറത്താക്കണം. അതിനു കഴിയുന്നില്ലെങ്കില്‍ ജോര്‍ജിന്റെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മിനിമം മര്യാദയെങ്കിലും കാണിക്കണം.


deshabbhimani editorial 110911

1 comment:

  1. ജുഡീഷ്യറിയെ മറികടന്ന് സ്വയം രക്ഷപ്പെടാനാണ് 1975ല്‍ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന് ജുഡീഷ്യറിയോടുള്ള ആദരവും മതിപ്പും തങ്ങള്‍ക്കെതിരെ വിധി വരാത്തിടത്തോളമാണ്. എപ്പോഴെല്ലാം കോടതികള്‍ കോണ്‍ഗ്രസിന് വിഷമമുണ്ടാക്കുന്ന തരത്തില്‍ നീതിനിര്‍വഹണത്തിന് ശ്രമിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം ആ പാര്‍ടി ജുഡീഷ്യറിക്കുമേല്‍ കുതിരകയറിയിട്ടുണ്ട്. ജനാധിപത്യ പാര്‍ടിയെന്ന് കോണ്‍ഗ്രസ് സ്വയം പറയാറുണ്ട്. തങ്ങള്‍ക്ക് ഹിതകരമല്ലെങ്കില്‍ ജനാധിപത്യത്തിന്റെ അടിത്തറതന്നെ തോണ്ടാന്‍ അവര്‍ മടിക്കാറില്ല-ഇന്ന് സജീവമായി ചര്‍ച്ചചെയ്യപ്പെടുന്ന വോട്ടിന് കോഴ വിവാദം അതാണ് ചൂണ്ടിക്കാട്ടുന്നത്. ജുഡീഷ്യറിയെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ച കഥ കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ പരസ്യമായി പറഞ്ഞത് ഇക്കഴിഞ്ഞ നാളുകളിലാണ്. ആ സുധാകരനെ വാക്കുകൊണ്ടുപോലും എതിര്‍ക്കാന്‍ കോണ്‍ഗ്രസ് കൂട്ടാക്കിയില്ല-സുധാകരന്‍ ചെയ്തതും പറഞ്ഞതും തള്ളിപ്പറഞ്ഞുമില്ല.

    ReplyDelete