Monday, September 12, 2011

ജീവിതത്തിന്റെ ഹര്‍ഡില്‍സില്‍ നാരായണന് കാലിടറി

അഗളി: മുഷിഞ്ഞ ടീ ഷര്‍ട്ടും കൈലിമുണ്ടും ധരിച്ച് തലയില്‍ നിറംമങ്ങിയ ഒരു തോര്‍ത്തും കെട്ടി നാരായണന്‍ കന്നുകാലികളെ മേച്ച് കുന്നിന്‍ ചരുവിലൂടെ നടന്നുനീങ്ങുകയാണ് നാരായണന്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതായിരുന്നില്ല നാരായണന്റെ ചിത്രം. കായികരംഗത്തെ ആദിവാസി കരുത്തിന്റെ പ്രതീകമായി പത്രങ്ങളിലെ സ്പോര്‍ട്സ് പേജില്‍ നാരായണന്റെ പടവും വാര്‍ത്തയും വരാറുണ്ടായിരുന്നു.

ഭൂതിവഴി ഊരിലെ ചെല്ലന്‍ - മരുതി ദമ്പതികളുടെ ഇളയമകനാണ് നാരായണന്‍ . ഹര്‍ഡിലുകള്‍ക്ക് മുകളിലൂടെ ശരവേഗത്തില്‍ പറക്കുന്ന നാരായണനെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങള്‍ . 1999 മുതല്‍ അഗളി സര്‍ക്കാര്‍ ഹൈസ്കൂളിന്റെ നിരവധി കായികപ്രതിഭകളില്‍ ഒരാളായി നാരായണന്‍ തിളങ്ങിനിന്നു. ഹര്‍ഡില്‍സില്‍ മാത്രമല്ല, ലോങ് ജമ്പിലും ഓട്ടത്തിലുമെല്ലാം നാരായണന്‍ താരമായിരുന്നു. "99ല്‍ സംസ്ഥാന അത്ലറ്റിക്സില്‍ ലോങ്ജമ്പില്‍ സെക്കന്റ്. "99 മുതല്‍ 2004 വരെ പങ്കെടുത്ത മത്സരങ്ങളിലെല്ലാം ഏതെങ്കിലും ഒരു സ്ഥാനം നാരായണനുണ്ടായിരുന്നു. രണ്ടായിരത്തിലെ 45-ാംമത് ദേശീയ സ്കൂള്‍ ഗെയിംസിലും നാരായണന്‍ പങ്കെടുത്തു. ഇത് നാരായണന്റെ ജീവിതത്തിന്റെ ഒരുവശം. കാലുകളില്‍ വന്യമായ ശക്തി ഒളിപ്പിച്ചുവച്ച കാടിന്റെ കറുത്തമുത്തിന് ജീവിതത്തിലെ ചാട്ടം പിഴച്ചു. 2004-05 ലെ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ ഈ യുവാവിനായില്ല. പരീക്ഷയെ അഭിമുഖീകരിക്കാനുള്ള മനഃശക്തി ഉണ്ടായിരുന്നില്ല. ഇതോടെ നാരായണന്‍ എന്ന കായികതാരത്തിന്റെ ജീവിതം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയായി. മാട് മേയ്ക്കലും കൂലിപ്പണിയുമൊക്കെയായി ജീവിതം തള്ളിനീക്കുന്ന നാരായണനും ഭാര്യ സരസ്വതിയും ഭൂതിവഴി ഊരിലെ പഴയ വീട്ടില്‍ താമസിക്കുന്നു.

നാരായണനെപോലെ നിരവധി ആദിവാസി യുവാക്കള്‍ കായികരംഗത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നാരായണന്റെ ജ്യേഷ്ഠന്‍ മുരുകേശനും 1996 മുതല്‍ 97 വരെ അറിയപ്പെടുന്ന കായികതാരമായിരുന്നു. ഇയാള്‍ക്കും കായികതാരത്തിന്റെ ആനുകൂല്യമൊന്നും സര്‍ക്കാരില്‍നിന്ന് ലഭിച്ചില്ല. മറ്റ് ചിലര്‍ തമിഴ്നാട്ടിലെ ഇഷ്ടിക കമ്പനികളില്‍ ചെളിപുരണ്ട ജീവിതം നയിക്കുന്നു. കായികരംഗത്ത് അസാധാരണ കഴിവാണ് ആദിവാസി യുവാക്കള്‍ പ്രകടിപ്പിക്കുന്നത്. പക്ഷേ, സ്കൂള്‍ വിദ്യാഭ്യാസത്തോടെ അവരുടെ കായികജീവിതത്തിന് തിരശീല വീഴുകയാണ്. ഇവര്‍ക്ക് തുടര്‍വിദ്യാഭ്യാസം നല്‍കുന്നതിനോ കായിക പ്രോത്സാഹനം നല്‍കുന്നതിനോ ആരും ശ്രമിക്കാറില്ല. അതുകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട പല കായികപ്രതിഭകളും കൂലിപ്പണിയും കൃഷിയുമൊക്കെയായി ജീവിതം തള്ളിനീക്കുകയാണ്. ആരും ശ്രദ്ധിക്കാനില്ലെങ്കില്‍ നാരായണനെപോലെ പലരും ജീവിത യാത്രയിലെ ഹര്‍ഡിലിനുമുന്നില്‍ കാലിടറി വീഴും. ക്യാമറ കണ്ണിലേക്ക് നിഷ്കളങ്കമായി ഒരു നിമിഷം നോക്കിനിന്ന നാരായണന്‍ കുന്നിന്‍ചരുവിലെ പച്ചപ്പുതേടുന്ന മാടുകള്‍ക്ക് പിന്നാലെ പതുക്കെ നടന്നുനീങ്ങി.

deshabhimani 110911

1 comment:

  1. മുഷിഞ്ഞ ടീ ഷര്‍ട്ടും കൈലിമുണ്ടും ധരിച്ച് തലയില്‍ നിറംമങ്ങിയ ഒരു തോര്‍ത്തും കെട്ടി നാരായണന്‍ കന്നുകാലികളെ മേച്ച് കുന്നിന്‍ ചരുവിലൂടെ നടന്നുനീങ്ങുകയാണ് നാരായണന്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതായിരുന്നില്ല നാരായണന്റെ ചിത്രം. കായികരംഗത്തെ ആദിവാസി കരുത്തിന്റെ പ്രതീകമായി പത്രങ്ങളിലെ സ്പോര്‍ട്സ് പേജില്‍ നാരായണന്റെ പടവും വാര്‍ത്തയും വരാറുണ്ടായിരുന്നു.

    ReplyDelete