Monday, September 12, 2011

ജഡ്ജിക്കെതിരായ നീക്കം: യുഡിഎഫ് പ്രതിസന്ധിയില്‍

പാമൊലിന്‍ കേസില്‍ വിജിലന്‍സ് ജഡ്ജിയെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള ഗവര്‍മെന്റ് ചീഫ് വിപ്പിന്റെ നീക്കം വിവാദമായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫും കടുത്ത പ്രതിസന്ധിയില്‍ . കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ച വിജിലന്‍സ് ജഡ്ജി പി കെ ഹനീഫയെ നീക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് പി സി ജോര്‍ജ് രാഷ്ട്രപതി മുതല്‍ ജില്ലാ ജഡ്ജി വരെയുള്ളവര്‍ക്ക് അയച്ച കത്താണ് ഭരണനേതൃത്വത്തെ വെട്ടിലാക്കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും അറിയാതെ ചീഫ് വിപ്പ് ഇങ്ങനെയൊരു കത്തയക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ , കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പ്രശ്നം ജോര്‍ജിന്റെ തലയില്‍ ചാരി തടിയൂരാനാണ് ശ്രമം. ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് നല്‍കിയ പരാതി ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന് നിയമജ്ഞരും ചൂണ്ടിക്കാണിച്ചതോടെ ജോര്‍ജ് മാത്രമല്ല, സര്‍ക്കാരും പ്രതിക്കൂട്ടിലാകുകയാണ്.

വിജിലന്‍സ് ജഡ്ജിയെ നീക്കാന്‍ ജോര്‍ജ് പറഞ്ഞ കാരണങ്ങള്‍ അപകീര്‍ത്തികരവും ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് നിയമജ്ഞനും മുതിര്‍ന്ന അഭിഭാഷകനുമായ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. ഹൈക്കോടതിയില്‍ നിലവിലുള്ള കോടതിയലക്ഷ്യ കേസിനു പുറമേ ഈ പരാമര്‍ശത്തിന്റെ പേരില്‍ ജോര്‍ജിനെതിരെ മറ്റൊരു കോടതിയലക്ഷ്യ കേസ്കൂടി എടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലെ ഉന്നത നേതൃത്വം പറയാതെ ജോര്‍ജ് കത്തയച്ചുവെന്ന് കേരളത്തില്‍ ആരും വിശ്വസിക്കില്ലെന്നും ജുഡീഷ്യറിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് ഭരണനേതൃത്വത്തിന്റെ ശ്രമമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജുഡീഷ്യറിയെ വെല്ലുവിളിക്കുന്ന നിലപാടെടുത്ത ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ജോര്‍ജിനെക്കൊണ്ട് കത്തയപ്പിക്കുകയും ആ വിവരം പുറത്തുവിടുകയും ചെയ്ത് ജഡ്ജിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനായിരുന്നു നീക്കം. എന്നാല്‍ , കത്ത് തിരിഞ്ഞുകുത്തിയതോടെ ജോര്‍ജ് വ്യക്തിപരമായി അയച്ച കത്താണെന്നു പറഞ്ഞ് തടിയൂരാനാണ് ഭരണനേതൃത്വം ശ്രമിക്കുന്നത്. ജോര്‍ജ് നേരത്തെ ഇതേ വിഷയത്തില്‍ ജഡ്ജിയെ "ഒരു പാകിസ്ഥാന്‍കാരന്‍ പോലും പുറപ്പെടുവിക്കാത്ത വിധി പുറപ്പെടുവിച്ചയാള്‍" എന്നുള്‍പ്പെടെ ആക്ഷേപിച്ചിരുന്നു. അന്ന് ജോര്‍ജിന്റെ നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായില്ല. ജഡ്ജിയെ ആക്ഷേപിച്ചതിന് കോടതിയലക്ഷ്യ കേസില്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാകാന്‍ ജോര്‍ജിന് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇതേ ജഡ്ജിക്കെതിരെ കത്തയച്ചത് അതീവ ഗൗരവമായ സംഭവമായാണ് നിയമവിദഗ്ധര്‍ കാണുന്നത്. പ്രശ്നം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും നിലനില്‍പ്പിനെ അപകടത്തിലാക്കുമെന്നു ഭയന്നാണ് ജോര്‍ജിനെ മാത്രം ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.

വിജിലന്‍സ് കോടതിവിധിയില്‍ ഉമ്മന്‍ചാണ്ടിക്കോ യുഡിഎഫിനോ ജോര്‍ജിനോ പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമായിരുന്നു. അഡ്വക്കറ്റ് ജനറലും യുഡിഎഫിന്റെ വിശ്വസ്തരായ മറ്റു നിയമോപദേശകരും അപ്പീല്‍ നല്‍കുന്നതാണ് നല്ലതെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ , ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി കിട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞാണ് ഉമ്മന്‍ചാണ്ടി അപ്പീല്‍ നല്‍കാത്തത്. അതിനു പകരം ജഡ്ജിയെ ഭീഷണിപ്പെടുത്തി കാര്യം നേടാനായിരുന്നു നീക്കം. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് പൊലീസ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ടേ വീണ്ടും നല്‍കൂ. ആ റിപ്പോര്‍ട്ട് കോടതി തള്ളിയാലും ഉമ്മന്‍ചാണ്ടി വെട്ടിലാകും. ഈ സാഹചര്യത്തിലാണ് ജഡ്ജിയെ തന്നെ മാറ്റി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. വിവാദമായാല്‍ ജഡ്ജി സ്വമേധയാ പിന്മാറുമെന്ന പ്രതീക്ഷയും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമുണ്ട്.

deshabhimani 120911

1 comment:

  1. പാമൊലിന്‍ കേസില്‍ വിജിലന്‍സ് ജഡ്ജിയെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള ഗവര്‍മെന്റ് ചീഫ് വിപ്പിന്റെ നീക്കം വിവാദമായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫും കടുത്ത പ്രതിസന്ധിയില്‍ . കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ച വിജിലന്‍സ് ജഡ്ജി പി കെ ഹനീഫയെ നീക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് പി സി ജോര്‍ജ് രാഷ്ട്രപതി മുതല്‍ ജില്ലാ ജഡ്ജി വരെയുള്ളവര്‍ക്ക് അയച്ച കത്താണ് ഭരണനേതൃത്വത്തെ വെട്ടിലാക്കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും അറിയാതെ ചീഫ് വിപ്പ് ഇങ്ങനെയൊരു കത്തയക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ , കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പ്രശ്നം ജോര്‍ജിന്റെ തലയില്‍ ചാരി തടിയൂരാനാണ് ശ്രമം. ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് നല്‍കിയ പരാതി ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന് നിയമജ്ഞരും ചൂണ്ടിക്കാണിച്ചതോടെ ജോര്‍ജ് മാത്രമല്ല, സര്‍ക്കാരും പ്രതിക്കൂട്ടിലാകുകയാണ്.

    ReplyDelete