Sunday, September 18, 2011

കച്ചകെട്ടിയിറങ്ങിയത് പ്രധാനമന്ത്രി നേരിട്ട്

ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അമേരിക്കയുമായുള്ള ആണവകരാര്‍ യാഥാര്‍ഥ്യമാക്കാനാകില്ലെന്ന് യുപിഎയ്ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് അറിയാമായിരുന്നു. അമേരിക്കയുടെ ചുമലില്‍ കയറിമാത്രമേ ലോകശക്തിയാകാന്‍ കഴിയൂ എന്ന "അന്ധവിശ്വാസം" ബാധിച്ച ഡോ. മന്‍മോഹന്‍സിങ് എന്തുവില കൊടുത്തും ആണവകരാര്‍ യാഥാര്‍ഥ്യമാക്കാന്‍ കച്ചകെട്ടിയിറങ്ങി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഉറച്ച പിന്തുണ നല്‍കി. ഇതിന്റെ ബലത്തിലാണ് 2007 ആഗസ്ത് 11ന് "ടെലിഗ്രാഫ്" ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ഇടതുപക്ഷത്തെ പിന്തുണ പിന്‍വലിക്കാന്‍ വെല്ലുവിളിച്ചത്. ആണവകരാറില്‍നിന്ന് പിന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, "ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുന്നെങ്കില്‍ ആയിക്കോട്ടെ" എന്ന് വെല്ലുവിളിച്ചു. ഈ ഘട്ടത്തില്‍തന്നെ, ഇടതുപക്ഷ പിന്തുണയില്ലാതെ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള തന്ത്രങ്ങള്‍ യുപിഎ ആവിഷ്കരിച്ചു.

ജിഎട്ട് സമ്മേളനത്തിനായി ജപ്പാനിലേക്ക് പോകവെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പ്രധാനമന്ത്രി, പ്രത്യേക സുരക്ഷാ കരാറിന് അംഗീകാരം തേടി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെ (ഐഎഇഎ) സമീപിക്കുമെന്ന് അറിയിച്ചു. ഈ കരാറിന്റെ കരട് ഇടതുപക്ഷവുമായി പങ്കുവച്ചശേഷമേ ഐഎഇഎയെ സമീപിക്കുകയുള്ളൂവെന്ന് ആണവകരാര്‍സംബന്ധിച്ച യുപിഎ- ഇടതുപക്ഷ ഏകോപനസമിതിയുടെ 2007 നവംബര്‍ 16ന് ചേര്‍ന്ന ആറാമത്തെ യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ , ഇതിന് തയ്യാറാകാതെയാണ് ഐഎഇഎയെ സമീപിക്കുമെന്ന ഏകപക്ഷീയ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. 2008 ജൂലൈ എട്ടിന് ചൊവ്വാഴ്ച എ കെ ജി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചു. ആണവകരാറിലൂടെ രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവച്ചതായും ഇടതുപക്ഷം ചൂണ്ടിക്കാട്ടി.

ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷമായി. 543 അംഗ പാര്‍ലമെന്റില്‍ 292 പേരുടെ പിന്തുണയാണ് സര്‍ക്കാരിനുണ്ടായിരുന്നത്. ഇതില്‍ 62 അംഗ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാരിന്റെ അംഗബലം 230 ആയി കുറഞ്ഞു. ജനാധിപത്യരീതിയനുസരിച്ച് ഏതൊരു സര്‍ക്കാരും രാജിവയ്ക്കേണ്ട അവസ്ഥ. എന്നാല്‍ , അധികാരത്തില്‍ കടിച്ചുതൂങ്ങി കൃത്രിമ ഭൂരിപക്ഷം ഉണ്ടാക്കാനാണ് യുപിഎ സര്‍ക്കാരും കോണ്‍ഗ്രസും തയ്യാറായത്. സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നായിരുന്നു അന്നത്തെ ധനമന്ത്രി പി ചിദംബരം ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇത് ആവര്‍ത്തിച്ചു. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത് ദുഃഖകരമാണെങ്കിലും ഇനി മുന്നോട്ടുള്ള നീക്കത്തെക്കുറിച്ചായിരിക്കും ആലോചനയെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കുമെന്ന് അവര്‍ പറഞ്ഞു. ആണവകരാറുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി ഒരുവര്‍ഷമായി നടത്തിവന്ന പദ്ധതി വിജയത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് സോണിയ ഗാന്ധി നല്‍കിയത്. ഇതിനൊപ്പം പണവും അധികാരവും ഉപയോഗിച്ച് ചെറിയ കക്ഷികളെയും മറ്റും വലവീശി പിടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ നാണംകെടുത്തിയ സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. അതിന്റെ പരിസമാപ്തിയായിരുന്നു ജൂലൈ 22ന് ലോക്സഭയില്‍ കണ്ടത്.

ശത്രുക്കള്‍ ബന്ധുക്കളായ കാലം

ഉത്തര്‍പ്രദേശില്‍ തങ്ങളുടെ ജനകീയാടിത്തറ തകര്‍ത്ത മുലായം എന്നും കോണ്‍ഗ്രസ്സിന്റെ ശത്രുവായിരുന്നു. എന്നാല്‍ , ആണവക്കരാര്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് ശത്രുത മറന്നു. ഇടതുപക്ഷപിന്തുണ നഷ്ടപ്പെട്ടതോടെ ഭാവി തുലാസിലായ മന്‍മോഹന്‍സിങ് സര്‍ക്കാരിനെ രക്ഷിക്കാനുള്ള കോര്‍ ടീമില്‍ അവര്‍ എസ് പി നേതാവ് അമര്‍സിങ്ങിനെ ഉള്‍പ്പെടുത്തി. ഇതോടെ അമര്‍സിങ്ങിന്റെ ലോധി റോഡിലെ വസതിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവഹമായി, 10 ജനപഥവുമായും പ്രധാനമന്ത്രികാര്യാലയവുമായും അമര്‍സിങ്ങിന് ഹോട്ട്ലൈന്‍ ബന്ധമായി. ബിജെപി എംപിമാരെ വശത്താക്കുകയായിരുന്നു അമര്‍സിങ്ങിന്റെ ചുമതല. ചെറിയ കക്ഷികളെ കൂടെനിര്‍ത്താനുള്ള നീക്കത്തിന് നേതൃത്വം നല്‍കിയത് അഹമ്മദ് പട്ടേലും മറ്റു കോണ്‍ഗ്രസ് നേതാക്കളും. ഒരു എംപിക്ക് 25 കോടി വിലയിട്ടു. എസ്പി പിന്തുണ ലഭിച്ചിട്ടും ഭൂരിപക്ഷത്തിന് നാല് അംഗങ്ങള്‍കുറവ്. എന്നാല്‍ , മുനവര്‍ ഹസ്സന്റെയും മറ്റും നേതൃത്വത്തില്‍ എസ്പിയിലെ ആറോളം എംപിമാര്‍ വിമതവേഷം കെട്ടിയപ്പോള്‍ കോണ്‍ഗ്രസ് ഞെട്ടി. ഹരിയാനയിലെ വിമതനായ കുല്‍ദീപ് ബിഷ്ണോയിയും സര്‍ക്കാരിനെതിരെ രംഗത്തുവന്നതോടെ വിലക്കെടുക്കേണ്ട എംപിമാരുടെ എണ്ണം 11 ആയി. അമര്‍സിങ് മുഖ്യപ്രതിപക്ഷത്തെയാണ് ഉന്നംവച്ചത്. മധ്യപ്രദേശില്‍നിന്നുള്ള അശോക് അര്‍ഗല്‍ , ഫഗ്ഗന്‍സിങ് കുലസ്തെ, രാജസ്ഥാനിലെ മഹാവീര്‍ ബഗോഡ എന്നിവര്‍ അമര്‍സിങ്ങിന്റെ വലയില്‍ കുരുങ്ങി. ഇക്കാര്യം മണത്തറിഞ്ഞ എല്‍ കെ അദ്വാനിയുടെ സഹായി സുധീന്ദ്ര കുല്‍ക്കര്‍ണി ഈ രംഗം ക്യാമറയില്‍ പകര്‍ത്തി.

ഡല്‍ഹിയിലെ ഫിറോസ്ഷാ റോഡിലെ അശോക് അര്‍ഗലിന്റെ നാലാം നമ്പര്‍ വസതിയായിരുന്നു വിലപേശലിന്റെ കേന്ദ്രം. വോട്ടെടുപ്പ് നടന്ന 2008 ജൂലായ് 22ന് രാവിലെയാണ് ബിജെപി എംപിമാര്‍ അമര്‍സിങ്ങിനെ കണ്ടത്. മൂന്നുപേര്‍ക്കും മൂന്ന് കോടി രൂപ വീതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. അഡ്വാന്‍സായി ഒരു കോടിയും. എന്നാല്‍ , പണം അമര്‍സിങ്ങിന്റെ വീട്ടില്‍നിന്ന് സ്വീകരിക്കാന്‍ ബിജെപി എംപിമാര്‍ തയ്യാറായില്ല. അതിനാലാണ് അമര്‍സിങ്ങിന്റെ ഡ്രൈവര്‍ പണവുമായി അശോക് അര്‍ഗലിന്റെ വസതിയില്‍ എത്തുന്നതും അഡ്വാന്‍സായി പണം നല്‍കുന്നതും. ഈ പണമാണ് അര്‍ഗല്‍ ലോക്സഭയില്‍ പ്രദര്‍ശിപ്പിച്ചത്.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഷിബുസൊരനെയും ജെഡിഎസ് നേതാവ് ദേവഗൗഡയെയും കാണാന്‍ കോണ്‍ഗ്രസ് നേതാക്കളോട് സോണിയാഗാന്ധി തന്നെ നിര്‍ദേശിച്ചിരുന്നു. ലഖ്നൗ വിമാനത്താവളത്തിന് ചരണ്‍സിങ്ങിന്റെ പേരിട്ടാണ് അജിത്സിങ്ങിന്റെ മൂന്ന് എംപിമാരുടെ പിന്തുണ നേടാന്‍ ശ്രമിച്ചത്. എന്നാല്‍ , സര്‍ക്കാരിന് അനുകൂലമായി ആര്‍എല്‍ഡി വോട്ട് ചെയ്തില്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരിട്ടാണ് ചത്ത്വാള്‍ എന്ന ബിസിനസ്സുകാരന്റെ സഹായത്തോടെ അകാലിദള്‍ എംപിമാരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചത്. ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനുള്ള ചുമതല രാഹുല്‍ഗാന്ധിക്കായിരുന്നു. ഐ ബി മേധാവി പി സി ചല്‍ദറെയെ കശ്മീരിലേക്ക് അയച്ചാണ് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ പിന്തുണ ഉറപ്പിച്ചത്. കേന്ദ്രമന്ത്രിസഭയില്‍ രണ്ട് സ്ഥാനം നല്‍കാമെന്ന് പറഞ്ഞ് ജെഎംഎമ്മിനെയും വശത്താക്കി. വിശാല നാഗാ സംസ്ഥാനം രൂപീകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് പറഞ്ഞ് ഔട്ടര്‍ മണിപ്പുര്‍ എംപിയെയും ബോഡോകള്‍ക്ക് പട്ടികവര്‍ഗപദവി നല്‍കാമെന്ന് പറഞ്ഞ് ബോഡോ പീപ്പിള്‍സ് പാര്‍ടി എംപിയെയും കോണ്‍ഗ്രസ് വശത്താക്കി ഇതിനുള്ളപണം എവിടെ നിന്ന് കിട്ടിയെന്നതിന് ജൂലായ് 14ന് മുകേഷ് അംബാനി-മന്‍മോഹന്‍സിങ് കൂടിക്കാഴ്ച ഉത്തരം നല്‍കുന്നു.

പണത്തിന്റെ ഉറവിടം മൂടിവച്ച് അന്വേഷണം

ജനാധിപത്യത്തെ അട്ടിമറിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയപ്പോഴും അത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു അന്വേഷണ ഏജന്‍സികളും പൊലീസും. ബിജെപി അംഗങ്ങള്‍ ലോക്സഭയില്‍ ഒരു കോടി രൂപയുടെ കറന്‍സി പ്രദര്‍ശിപ്പിച്ചപ്പോള്‍ ഡല്‍ഹി പൊലീസിനോട് അന്വേഷണം നടത്താന്‍ അന്നത്തെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അമര്‍സിങ്ങിന്റെയും അഹമ്മദ് പട്ടേലിന്റെയും നേതൃത്വത്തില്‍ എംപിമാരെ വശത്താക്കാന്‍ പണം ഒഴുക്കിയ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നപ്പോഴും ഡല്‍ഹി പൊലീസ് ചെറുവിരലനക്കിയില്ല. പ്രതിപക്ഷത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി രൂപീകരിച്ച പാര്‍ലമെന്ററി അന്വേഷണ സമിതിയും നോക്കുകുത്തിയായി.

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കിഷോര്‍ചന്ദ്രദേവിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വോട്ട്കോഴയെക്കുറിച്ച് അന്വേഷിച്ചത്. സോണിയഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹമ്മദ് പട്ടേലിനെയും സമാജ്വാദി പാര്‍ടി ജനറല്‍ സെക്രട്ടറി അമര്‍സിങ്ങിനെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് കിഷോര്‍ചന്ദ്രദേവ് സമര്‍പ്പിച്ചത്. സുധീന്ദ്ര കുല്‍ക്കര്‍ണിയുടെയും സുഹൈല്‍ ഹിന്ദുസ്ഥാനിയുടെയും സഞ്ജീവ് സക്സേനയുടെയും പങ്ക് അന്വേഷിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് പാര്‍ലമെന്ററി സമിതി ചെയ്തിട്ടുള്ളത്. എന്നാല്‍ , അതിനുമേല്‍ നടപടിയെടുക്കാന്‍ ഡല്‍ഹി പൊലീസ് തയ്യാറായില്ല. അമര്‍സിങ്ങിന്റെ വീട്ടില്‍ ബിജെപി എംപിമാരുടെ കാര്‍ കണ്ടു എന്നതുകൊണ്ട് അദ്ദേഹത്തെ കുറ്റക്കാരനായി കാണാനാകില്ലെന്നാണ് പാര്‍ലമെന്ററി സമിതിയുടെ നിരീക്ഷണം. രാജ്യസഭാംഗമായ അമര്‍സിങ്ങിനെ ലോക്സഭാ സ്പീക്കര്‍ നിയമിച്ച പാര്‍ലമെന്ററി സമിതിക്ക് ചോദ്യം ചെയ്യാനാകില്ലെന്ന മുടന്തന്‍ന്യായവും സമിതി മുന്നോട്ടുവച്ചു.

അഹമ്മദ്പട്ടേലിനെയും അമര്‍സിങ്ങിനെയും ഒഴിവാക്കിയ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിലെ മുഹമ്മദ്സലീമും ബിജെപിയിലെ വി കെ മല്‍ഹോത്രയും റിപ്പോര്‍ട്ടില്‍ വിയോജിപ്പ് രേഖപ്പെടുത്തി. ബിജെപി എംപിമാരെ അമര്‍സിങ്ങിന്റെ വീട്ടിലേക്ക് കൊണ്ടുപോയ കാര്‍ഡ്രൈവറെ ചോദ്യംചെയ്യണമെന്ന ആവശ്യം സമിതി നിരാകരിച്ചു. അമര്‍സിങ്ങും സഞ്ജീവ് സക്സേനയും തമ്മിലുള്ള ബന്ധം പരിശോധിക്കാനും സമിതി തയ്യാറായില്ല. പണം നല്‍കി ബിജെപി എംപിമാരെ വശത്താക്കാന്‍ ശ്രമിച്ച രേവതി രമണ്‍ സിങ്ങിനെയും ചോദ്യംചെയ്തില്ല. ബിജെപി എംപിമാര്‍ക്ക് നല്‍കിയ പണത്തിന്റെ ഉറവിടം അന്വേഷിക്കാനും സമിതി ശ്രമം നടത്തിയില്ല. പണം വന്നത് ഇന്‍ഡോറില്‍നിന്നുള്ള ബാങ്ക് ശാഖയില്‍നിന്നാണെന്നു പറഞ്ഞ് അതിനെ ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം ആദ്യമേ പാളിയിരുന്നു. നോയ്ഡ, ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ ബാങ്ക് ശാഖകളില്‍നിന്നാണ് പണം പിന്‍വലിച്ചത് എന്ന് തെളിഞ്ഞെങ്കിലും അത് ആരുടെ പണമാണെന്ന് അന്വേഷിച്ചതുമില്ല.

എന്നാല്‍ , മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ ജെ എം ലിങ്ദോയുടെ നേതൃത്വത്തിലുള്ള ഇന്ത്യ റിജുവനേഷന്‍ ഇനീഷ്യേറ്റീവ് വോട്ട്കോഴ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് 2009 ഏപ്രില്‍ രണ്ടിന് സുപ്രീംകോടതിയിലെത്തി. ഈ കേസിലാണ് സുപ്രീംകോടതി ഡല്‍ഹി പൊലീസിനെ നിശിതമായി വിമര്‍ശിച്ചത്. അര്‍ഥമില്ലാത്ത, പ്രതീക്ഷയറ്റ അന്വേഷണമാണ് ഡല്‍ഹി പൊലീസിന്റെ നേതൃത്വത്തില്‍ നടന്നതെന്ന് ജസ്റ്റിസുമാരായ ആര്‍ എം ലോധ, അഫ്താബ് അലം എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇതുവരെ നടത്തിയ അന്വേഷണം അര്‍ധമനസ്സോടെ നടന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. പാര്‍ലമെന്ററി നടപടിക്രമങ്ങളെ ഇടനിലക്കാര്‍ സ്വാധീനിക്കുന്നത് വേവലാതി ഉളവാക്കുന്നതാണെന്നും കോടതി അഭപ്രായപ്പെട്ടു. എംപിമാരെ വിലയ്ക്കെടുക്കാന്‍ ഉപയോഗിച്ച പണത്തിന്റെ യഥാര്‍ഥ സ്രോതസ്സ് ഏതാണെന്നു കണ്ടെത്താനും പരമോന്നത കോടതി ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു.

ഇതിനുശേഷമാണ് ജൂലൈ 17ന് സഞ്ജീവ് സക്സേനയെ അറസ്റ്റ്ചെയ്തത്. സുഹൈല്‍ ഹിന്ദുസ്ഥാനിയും അമര്‍സിങ്ങും പിന്നീട് അറസ്റ്റിലായി. എങ്കിലും പണത്തിന്റെ യഥാര്‍ഥ സ്രോതസ്സ് എവിടെയെന്നു കണ്ടെത്താന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. സമാജ്വാദിയില്‍നിന്ന് പുറത്തായ അമര്‍സിങ് ഈ കോഴക്കേസിലെ ഇടനിലക്കാരന്‍മാത്രം. വിശ്വാസവോട്ട് നേടി അധികാരത്തില്‍ തുടര്‍ന്നത് മന്‍മോഹന്‍സിങ്ങും കൂട്ടരുമാണ്. അതുകൊണ്ടുതന്നെ അഹമ്മദ് പട്ടേലിലേക്കും സതീഷ് ശര്‍മയിലേക്കും അന്വേഷണം നീളേണ്ടതുണ്ട്. എന്നാല്‍ , ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ കീഴിലുള്ള ഡല്‍ഹിപൊലീസില്‍നിന്ന് അങ്ങനെയൊന്ന് പ്രതീക്ഷിക്കാനാകില്ല. യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാരിന് ഇപ്പോഴും താല്‍പ്പര്യം.

വി ബി പരമേശ്വരന്‍ deshabhimani15-17 September 2011

1 comment:

  1. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അമേരിക്കയുമായുള്ള ആണവകരാര്‍ യാഥാര്‍ഥ്യമാക്കാനാകില്ലെന്ന് യുപിഎയ്ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് അറിയാമായിരുന്നു. അമേരിക്കയുടെ ചുമലില്‍ കയറിമാത്രമേ ലോകശക്തിയാകാന്‍ കഴിയൂ എന്ന "അന്ധവിശ്വാസം" ബാധിച്ച ഡോ. മന്‍മോഹന്‍സിങ് എന്തുവില കൊടുത്തും ആണവകരാര്‍ യാഥാര്‍ഥ്യമാക്കാന്‍ കച്ചകെട്ടിയിറങ്ങി.

    ReplyDelete