Thursday, September 15, 2011

കോടതിവിധിയും ദുര്‍വ്യാഖ്യാനവും

കോടതിവിധികളെ സ്വന്തം രാഷ്ട്രീയസൗകര്യങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ ദുര്‍വ്യാഖ്യാനംചെയ്ത് അവതരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും എക്കാലവും മുമ്പിലാണ്. ബൊഫോഴ്സ് കുംഭകോണക്കേസിലെ നിരവധി സന്ദര്‍ഭങ്ങളില്‍ മുതല്‍ പാമൊലിന്‍കേസിലെ പ്രത്യേക ജഡ്ജിയുടെ ഉത്തരവുകാര്യത്തില്‍വരെ എത്രയോ തവണ കോണ്‍ഗ്രസ് കോടതിവിധിയെ സ്വന്തം ഭാഷ്യംകൊണ്ട് വ്യാഖ്യാനിച്ച് അവതരിപ്പിച്ചിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ കോടതിവിധിയുടെ സത്ത മറച്ചുപിടിക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ; മറ്റു ചിലപ്പോള്‍ കോടതിവിധിയില്‍ ദുരുദ്ദേശം ആരോപിക്കുന്നതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ . എല്ലാം അധികാരം നിലനിര്‍ത്താന്‍വേണ്ടി.

ഈ വിദ്യയില്‍ കോണ്‍ഗ്രസിനോട് ശക്തമായി മത്സരിക്കുകയാണ് ബിജെപിയും സംഘപരിവാര്‍ശക്തികളും എന്ന് വ്യക്തമാക്കിത്തരുന്നതാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് 2002ലെ ഗുജറാത്ത് കലാപത്തിലുള്ള നേതൃപരമായ പങ്ക് സംബന്ധിച്ച പരാതികള്‍ സുപ്രീംകോടതിവിധിയിലൂടെ നിരാകരിക്കപ്പെട്ടിരിക്കുന്നുവെന്ന ബിജെപിയുടെ ഭാഷ്യം. 2002 ഫെബ്രുവരിയില്‍ ഗോധ്ര കൂട്ടക്കൊലയ്ക്കുശേഷം ഗുജറാത്തില്‍ വ്യാപകമായ കലാപം പടര്‍ത്തുന്നതില്‍ നരേന്ദ്രമോഡിക്കുള്ള പങ്ക് സംബന്ധിച്ചുള്ള കേസാണിത്. കലാപത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട സകിയാ എഹ്സാന്‍ ജഫ്രി കൊടുത്ത ഈ കേസില്‍ സുപ്രീംകോടതി നരേന്ദ്രമോഡിയെ വെറുതെവിട്ടുവെന്നും മോഡി കുറ്റവിമുക്തനാക്കപ്പെട്ടുവെന്നുമാണ് ബിജെപി പ്രചാരണം നടത്തുന്നത്. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ചുനടക്കുന്ന നരേന്ദ്രമോഡി ഇത്തരമൊരു പ്രചാരണംകൊണ്ട് തന്റെ കളങ്കം കഴുകിക്കളയാമെന്നു കരുതുന്നുണ്ടാവാം. എന്നാല്‍ , ഇത് കോടതി വിധിയുടെ ദുര്‍വ്യാഖ്യാനമാണ് എന്ന വസ്തുത ബാക്കിനില്‍ക്കും. അഹമ്മദാബാദിലെ ഒരു മജിസ്ട്രേട്ട് കോടതിയില്‍ ഗുല്‍ബര്‍ഗാ സൊസൈറ്റി കൂട്ടക്കൊല സംബന്ധിച്ച കേസ് ഇപ്പോള്‍ നടക്കുകയാണ്. ആ കോടതി പരിശോധിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍ ഈ ഘട്ടത്തില്‍ തങ്ങള്‍ ഇടപെടേണ്ടതില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്രമോഡിക്ക് കൂട്ടക്കൊലയില്‍ പങ്കുണ്ടോ എന്ന പ്രശ്നം ആ മജിസ്ട്രേട്ടിന് റഫര്‍ ചെയ്യുകയാണ് സുപ്രീംകോടതി ചെയ്തത്. അതാകട്ടെ, നിയമത്തിന്റെ സ്വാഭാവികവഴിയാണുതാനും. മോഡിയും സീനിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള മറ്റ് അറുപത്തിമൂന്നു പേര്‍ക്കുമെതിരെ നടപടിയെടുക്കണോ വേണ്ടയോ എന്ന പ്രശ്നം മജിസ്ട്രേട്ട് പരിശോധിക്കട്ടെ എന്നുപറഞ്ഞാല്‍ മോഡി കുറ്റവിമുക്തനായി എന്നാണോ അര്‍ഥം? ജസ്റ്റിസ് ഡി കെ ജയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീംകോടതി ബെഞ്ച്, അന്വേഷണത്തിന്റെ അന്തിമറിപ്പോര്‍ട്ട് വൈകാതെ മജിസ്ട്രേട്ടിന് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിട്ടുണ്ടുതാനും. പരാതി നല്‍കിയിട്ടുള്ള സകിയാ ജഫ്രിക്ക് പറയാനുള്ളത് മജിസ്ട്രേട്ട് കേള്‍ക്കേണ്ടതുണ്ട് എന്നുകൂടി സുപ്രീംകോടതി പറഞ്ഞിട്ടുണ്ട് എന്നതറിയുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാവുന്നുണ്ട്. ഇനി, കീഴ്ക്കോടതി പരാതി തള്ളിക്കളഞ്ഞുവെന്നുവന്നാല്‍പോലും ഹൈക്കോടതിയും സുപ്രീംകോടതിയും അവര്‍ക്ക് മുമ്പിലുണ്ട്. ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ, മോഡി കുറ്റവിമുക്തനായി എന്ന പ്രചാരണം ആരെ തെറ്റിദ്ധരിപ്പിക്കാനാണ്. ഗുജറാത്ത് കൂട്ടക്കൊലയുടെ രക്തക്കറ മോഡിയുടെ കൈകളിലുണ്ട് എന്നത് ഇന്ത്യക്കാര്‍ക്കാകെ അറിവുള്ള കാര്യമാണ്. അതുകൊണ്ടുതന്നെയാണ് തെറ്റായ പ്രചാരണങ്ങളിലൂടെ അത് മറയ്ക്കാന്‍ മോഡിയും കൂട്ടരും വ്യഗ്രതപ്പെടുന്നതും.

എല്‍ കെ അദ്വാനിയെ മറികടന്ന് സൂപ്പര്‍നേതാവായി സ്വയം ഉയര്‍ത്തിക്കാട്ടാന്‍ തീവ്രശ്രമം നടത്തുന്ന നരേന്ദ്രമോഡിക്ക്, ഗുജറാത്ത് കലാപത്തിലെ തന്റെ പങ്ക് തീരാക്കളങ്കമാണെന്ന് വ്യക്തമായ ധാരണയുണ്ട്. അദ്വാനിയുമായുള്ള മത്സരത്തില്‍ മേല്‍ക്കൈ നേടാനും ആ കളങ്കം കഴുകിക്കളയേണ്ടതുണ്ടെന്ന് അദ്ദേഹത്തിനറിയാം. വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍ കാരണമില്ലാതെ ഇടപെടാന്‍ സുപ്രീംകോടതിക്കാവില്ല. വിചാരണക്കോടതിയില്‍ എല്ലാം നേര്‍വഴിക്കാണ് നടക്കുന്നത് എന്ന് സുപ്രീംകോടതി കരുതുന്നുമുണ്ടാവാം. അതുകൊണ്ടാവാം ഈ ഘട്ടത്തില്‍ തങ്ങള്‍ ഇടപെടേണ്ടതില്ല എന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ തീര്‍പ്പുകല്‍പ്പിച്ചത്. അതിനെ ദുര്‍വ്യാഖ്യാനംചെയ്ത്, താന്‍ കുറ്റവിമുക്തനായി എന്ന് വരുത്തിത്തീര്‍ക്കാനാണ് നരേന്ദ്രമോഡി ശ്രമിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷതയുടെ ഉന്നതമൂല്യങ്ങളാല്‍തന്നെ ജുഡീഷ്യറി തുടര്‍ന്നും നയിക്കപ്പെടണമെന്നും വര്‍ഗീയകലാപത്തിലേക്ക് നയിച്ചവര്‍ ശിക്ഷിക്കപ്പെടുമെന്നും നമുക്ക് പ്രത്യാശിക്കാം.

deshabhimani editorial 150911

1 comment:

  1. കോടതിവിധികളെ സ്വന്തം രാഷ്ട്രീയസൗകര്യങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ ദുര്‍വ്യാഖ്യാനംചെയ്ത് അവതരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും എക്കാലവും മുമ്പിലാണ്. ബൊഫോഴ്സ് കുംഭകോണക്കേസിലെ നിരവധി സന്ദര്‍ഭങ്ങളില്‍ മുതല്‍ പാമൊലിന്‍കേസിലെ പ്രത്യേക ജഡ്ജിയുടെ ഉത്തരവുകാര്യത്തില്‍വരെ എത്രയോ തവണ കോണ്‍ഗ്രസ് കോടതിവിധിയെ സ്വന്തം ഭാഷ്യംകൊണ്ട് വ്യാഖ്യാനിച്ച് അവതരിപ്പിച്ചിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ കോടതിവിധിയുടെ സത്ത മറച്ചുപിടിക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ; മറ്റു ചിലപ്പോള്‍ കോടതിവിധിയില്‍ ദുരുദ്ദേശം ആരോപിക്കുന്നതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ . എല്ലാം അധികാരം നിലനിര്‍ത്താന്‍വേണ്ടി.

    ReplyDelete