Saturday, September 17, 2011

രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചതില്‍ രാജ്യവ്യാപക പ്രതിഷേധം. യുപിഎ ഘടകകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. ജനങ്ങളെ കൊള്ളയടിക്കാന്‍ തെറ്റിദ്ധാരണ പരത്തിയാണ് പെട്രോള്‍ വിലവര്‍ധിപ്പിച്ചതെന്നും വരും ദിവസങ്ങളില്‍ രൂക്ഷമായ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും വിവിധ പാര്‍ടിനേതാക്കള്‍ പറഞ്ഞു. അഗര്‍ത്തല, കാണ്‍പുര്‍ , ഹൈദരാബാദ് എന്നിവിടങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. ലഖ്നൗവില്‍ സമാജ്വാദി പാര്‍ടിപ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് ലാത്തിവീശി. പെട്രോള്‍ വിലവര്‍ധനയില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രതിഷേധിച്ചു. വര്‍ധന അടിയന്തരമായി പിന്‍വലിക്കണം. പെട്രോളിന്റെ വിലനിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ അധികാരം പുനഃസ്ഥാപിക്കണം. പണപ്പെരുപ്പം രണ്ടക്കത്തിലെത്തി നില്‍ക്കുമ്പോള്‍ ഇരുട്ടടി പോലെയാണ് വിലവര്‍ധന. ഈവര്‍ഷം നാലാംതവണയാണ് സര്‍ക്കാര്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും പെട്രോള്‍ വില കൂട്ടിയത് വിലക്കയറ്റം ഇനിയും രൂക്ഷമാക്കും. കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്ന് ജനം തിരിച്ചറിയുന്നുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തണം-പി ബി അഭ്യര്‍ഥിച്ചു.

വിലവര്‍ധനയ്ക്ക് കാരണമായി അന്താരാഷ്ട്രമാര്‍ക്കറ്റിലെ ക്രൂഡോയില്‍ വിലവര്‍ധനയും ഡോളറിന്റെ വിനിമയമൂല്യവര്‍ധനവും ചൂണ്ടിക്കാണിക്കുന്നത് വഞ്ചനയാണെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. രൂപയെ അപേക്ഷിച്ച് ഡോളറിന്റെ വില താഴ്ന്നപ്പോഴോ ക്രൂഡോയില്‍ വില കുറഞ്ഞപ്പോഴോ പെട്രോള്‍വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്വകാര്യ പെട്രോളിയം കമ്പനികളെ സഹായിക്കാനാണ് വില അടിക്കടി വര്‍ധിപ്പിക്കുന്നത്. എല്ലാ തൊഴിലാളികളും ഇതിനെതിരെ രംഗത്തുവരണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ പ്രക്ഷോഭമുയര്‍ത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചു. വിലവര്‍ധനയില്‍ പ്രതിഷേധിക്കുന്ന മമതബാനര്‍ജി, നടപടി പിന്‍വലിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്. തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോട് കലിതുള്ളുകയാണ് കോണ്‍ഗ്രസെന്നും ബിജെപി വക്താവ് ഷാനവാസ്ഖാന്‍ ഹുസൈന്‍ പറഞ്ഞു. പെട്രോള്‍ വിലവര്‍ധിപ്പിച്ച നടപടിയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും പ്രതിഷേധിച്ചു. തീരുമാനമറിഞ്ഞ് ഞെട്ടിയതായി റെയില്‍വേ മന്ത്രി ദിനേശ്ത്രിവേദി പറഞ്ഞു.

പ്രതിഷേധത്തെ ചോരയില്‍ മുക്കി

പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ സമരംചെയ്ത യുവാക്കളെയും വിദ്യാര്‍ഥികളെയും തലസ്ഥാനനഗരിയില്‍ പൊലീസ് തല്ലിച്ചതച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ ആരംഭിച്ച പൊലീസ് വേട്ട മണിക്കൂറുകളോളം നഗരത്തെ യുദ്ധക്കളമാക്കി. യുവാക്കളെ തലങ്ങും വിലങ്ങും തല്ലിച്ചതച്ചു. യൂണിവേഴ്സിറ്റി കോളേജില്‍ ക്ലാസിലിരിക്കയായിരുന്ന വിദ്യാര്‍ഥിയുടെ പല്ലടിച്ചു കൊഴിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. പെട്രോള്‍ വില വര്‍ധനവിനെതിരെ കേരളമെങ്ങും പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് സമരത്തെ ചോരയില്‍ മുക്കി അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ജനറല്‍ പോസ്റ്റ് ഓഫീസിലേക്കും എസ്എഫ്ഐ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്കുമാണ് മാര്‍ച്ച് നടത്തിയത്.

സമരം നേരിടാനെന്ന പേരില്‍ യൂണിവേഴ്സിറ്റി കോളേജിലേക്ക് അതിക്രമിച്ചു കയറിയ സായുധ പൊലീസ് വിദ്യാര്‍ഥികളെ അടിച്ചോടിച്ചു. രണ്ട് തവണ ഗ്രനേഡ് പ്രയോഗിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹിം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി ബിജു, ജില്ലാ ജോയിന്റ് സെക്രട്ടറി പി എസ് ഹരികുമാര്‍ , ജില്ലാ കമ്മിറ്റി അംഗം പി എസ് പ്രഷീദ്, കെ എസ് പ്രദീപ്, യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി ആഷിഷ് മനോഹര്‍ , ഷൈജു, ദീപു, ദീനുപ്രകാശ് എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിപ്പോര്‍ട്ടര്‍ ടി വി ക്യാമറാമാന്‍ വി എസ് ബിജു, ടിസിഎന്‍ സിറ്റി ചാനല്‍ ക്യാമറാമാന്‍ സി അനില്‍കുമാര്‍ , ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ ദീപു എന്നിവര്‍ക്കും പരിക്കേറ്റു. ഡിവൈഎഫ്ഐ മാര്‍ച്ച് ജനറല്‍ പോസ്റ്റോഫീസില്‍ എത്തിയപ്പോള്‍ തന്നെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് ലാത്തിയടി തുടങ്ങി. എംജി റോഡിലും ജിപിഒയ്ക്ക് താഴെയുള്ള റോഡിലും പ്രവര്‍ത്തകരെ പിന്തുടര്‍ന്ന് ഓടിച്ചിട്ട് തല്ലിവീഴ്ത്തി. ഏജീസ് ആപ്പിനുമുന്നില്‍ ഡിവൈഎഫ്ഐ പേരൂര്‍ക്കട ഏരിയ പ്രസിഡന്റ് അജ്മല്‍ഖാനെ പൊലീസ് വലിച്ചിഴച്ച് വാനില്‍ കയറ്റിയത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം ഉണ്ടെന്നും റോഡിലെ ക്യാമറ തകര്‍ത്തെന്നും വയര്‍ലസില്‍ വ്യാജ സന്ദേശം ലഭിച്ചതോടെയാണ് പൊലീസ് സര്‍വസന്നാഹവുമായി കോളേജിലേക്ക് ഇരച്ചുകയറിയത്. വിവരമറിഞ്ഞ് കോളേജിലെത്തിയ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹീമിനെ പൊലീസ് സംഘം വളഞ്ഞുവച്ച് തലയ്ക്കടിച്ചു വീഴ്ത്തി. റഹീമിനെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചത് തടഞ്ഞ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ബെന്‍ ഡാര്‍വിനെയും തല്ലി റോഡില്‍ വീഴ്ത്തി. ഏതാനും പൊലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു.

സമരം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം നഗരത്തില്‍ രണ്ടിടത്ത് രണ്ട് വാഹനം അഗ്നിക്കിരയായി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്‍ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദന്‍ , എ കെ ബാലന്‍ തുടങ്ങിയവര്‍ യൂണിവേഴ്സിറ്റി കോളേജും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാം, ഡിസിപി രാജ്പാല്‍ മീണ, എസിപിമാരായ എം രാധാകൃഷ്ണന്‍ , കൃഷ്ണന്‍കുട്ടിനായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നഗരം സ്തംഭിപ്പിച്ച് പൊലീസ് നരനായാട്ട് നടത്തിയത്. വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് പുതിയങ്ങാടി റിലയന്‍സ് പമ്പ് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. എഐവൈഎഫ് പ്രവര്‍ത്തകര്‍ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഓഫീസ് ഉപരോധിച്ചു. എഐവൈഎഫ് നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വെ ഡിവിഷണല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

deshabhimani 170911

1 comment:

  1. പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചതില്‍ രാജ്യവ്യാപക പ്രതിഷേധം. യുപിഎ ഘടകകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. ജനങ്ങളെ കൊള്ളയടിക്കാന്‍ തെറ്റിദ്ധാരണ പരത്തിയാണ് പെട്രോള്‍ വിലവര്‍ധിപ്പിച്ചതെന്നും വരും ദിവസങ്ങളില്‍ രൂക്ഷമായ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും വിവിധ പാര്‍ടിനേതാക്കള്‍ പറഞ്ഞു. അഗര്‍ത്തല, കാണ്‍പുര്‍ , ഹൈദരാബാദ് എന്നിവിടങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു.

    ReplyDelete