Friday, September 2, 2011

കുഞ്ഞാലിക്കുട്ടി-എന്‍ഡിഎഫ് ബന്ധം മുനീര്‍ മുമ്പും പറഞ്ഞു

കാസര്‍കോട്: പി കെ കുഞ്ഞാലിക്കുട്ടിയുടെ എന്‍ഡിഎഫ് ബന്ധത്തെക്കുറിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥരോടു പറഞ്ഞതിന് സമാനമായ കാര്യങ്ങള്‍ എം കെ മുനീര്‍ കാസര്‍കോട് വെടിവയ്പിനുശേഷം വാര്‍ത്താസമ്മേളനത്തിലും വെളിപ്പെടുത്തിയിരുന്നു. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിയും അന്ന് മുനീറിനൊപ്പമുണ്ടായിരുന്നു. വെടിവയ്പ് കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ടതിന്റെ പ്രധാന കാരണം അക്രമികളായ എന്‍ഡിഎഫുമായി ലീഗിനുള്ള ബന്ധം പുറത്താവുമെന്ന ഭയമാണ്. കമീഷനു കിട്ടിയ തെളിവുകള്‍ ഇക്കാര്യം അടിവരയിടുന്നു. വെടിവയ്പ് നടന്ന് രണ്ടുദിവസം കഴിഞ്ഞ് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡിഎഫ് തീവ്രവാദികള്‍ ലീഗ്പ്രകടനത്തില്‍ നുഴഞ്ഞുകയറിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്ന് മുനീര്‍ പറഞ്ഞു. 2010 നവംബര്‍ 19ന് ചേര്‍ന്ന ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിലും മുനീര്‍ ഇക്കാര്യം പറഞ്ഞു. ഇപ്പോള്‍ എന്‍ഡിഎഫ് ഇല്ലെന്നും, അവര്‍ പോപ്പുലര്‍ഫ്രണ്ട് എന്ന പേരില്‍ പുതിയ പാര്‍ടി ഉണ്ടാക്കിയെന്നും അവരെക്കുറിച്ച് ചര്‍ച്ച വേണ്ടെന്നുമാണ് ഇതിനു കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞത്.
തുടക്കത്തില്‍ എന്‍ഡിഎഫിനെ ലീഗ് എതിര്‍ത്തിരുന്നു. മുസ്ലിംലീഗിലെ തീവ്രവാദികളായ യുവാക്കള്‍ എന്‍ഡിഎഫിനൊപ്പം ചേര്‍ന്നതാണ് കാരണം. ഐസ്ക്രീം പ്രശ്നത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനവും പാര്‍ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടിവന്നതോടെ എന്‍ഡിഎഫുമായി അടുത്തു. പാര്‍ടിയില്‍ പിടിമുറുക്കാന്‍ എന്‍ഡിഎഫിലെ തീവ്രവാദികളെ കുഞ്ഞാലിക്കുട്ടി ഉപയോഗിക്കുകയായിരുന്നു. അക്രമം നടത്താനും സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന വികാരം അണികളിലുണ്ടാക്കാനുമാണ് എന്‍ഡിഎഫിനെ ഉപയോഗിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎഫ് പരസ്യമായി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതോടെ പഴയ ലീഗുകാരായ ഭൂരിപക്ഷം എന്‍ഡിഎഫ് പ്രവര്‍ത്തകരും ലീഗിനൊപ്പം ചേര്‍ന്നു. എന്‍ഡിഎഫ് പിന്നീട് എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചു. ഇവരെ ഉപയോഗിച്ചാണ് മലബാര്‍ ജില്ലകളില്‍ അക്രമങ്ങള്‍ സംഘടിപ്പിച്ചത്. കുഞ്ഞാലിക്കുട്ടി ഇതിനെല്ലാം പിന്തുണ നല്‍കി. ലീഗ് നേതാക്കളെപ്പോലും ഇവര്‍ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെയാണ് മുനീറിനെപ്പോലുള്ള ചില നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

കാസര്‍കോട് സംഭവത്തിനു തൊട്ടുമുമ്പ് തളിപ്പറമ്പിലും നാദാപുരത്തും കുഴപ്പം ഉണ്ടാക്കിയതും ഇതിന്റെ മറവില്‍ കാസര്‍കോട് കലാപത്തിന് ശ്രമിച്ചതും ലീഗില്‍ കടന്നുകൂടിയ എന്‍ഡിഎഫ് സംഘമാണ്. ഇതു തിരിച്ചറിഞ്ഞാണ് കാസര്‍കോട് കലാപത്തില്‍ എന്‍ഡിഎഫിന്റെ പങ്ക് അന്വേഷിക്കണമെന്ന് മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. പൊലീസ് അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായി. അതുകൊണ്ടാണ് വിവിധ പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിന്റെ തെളിവ് ജുഡീഷ്യല്‍ കമീഷനെ അറിയിച്ചത്.

deshabhimani 020911

1 comment:

  1. പി കെ കുഞ്ഞാലിക്കുട്ടിയുടെ എന്‍ഡിഎഫ് ബന്ധത്തെക്കുറിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥരോടു പറഞ്ഞതിന് സമാനമായ കാര്യങ്ങള്‍ എം കെ മുനീര്‍ കാസര്‍കോട് വെടിവയ്പിനുശേഷം വാര്‍ത്താസമ്മേളനത്തിലും വെളിപ്പെടുത്തിയിരുന്നു. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിയും അന്ന് മുനീറിനൊപ്പമുണ്ടായിരുന്നു.

    ReplyDelete