Saturday, September 17, 2011

വയനാട്ടില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി; ബത്തേരിയില്‍ ലാത്തിച്ചാര്‍ജ്

കല്‍പ്പറ്റ: വയനാടിനെ അവഗണിച്ചതിനും എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിനുമെതിരെ ജില്ലയില്‍ വന്‍പ്രതിഷേധം. ബത്തേരിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ച ആദിവാസി ക്ഷേമസമിതിയുടെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തി വീശി. എകെഎസ് സംസ്ഥാന കമ്മിറ്റിയംഗം ഇ എ ശങ്കരന്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.

വയനാടിനെയും ആദിവാസികളെയും വഞ്ചിച്ച സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് മുഖ്യമന്ത്രിയുടെ വയനാട്ടിലെ ഔദ്യോഗിക പരിപാടികളില്‍ ഉയര്‍ന്നത്. നൂറുദിന പരിപാടിയുടെ സമാപനത്തിനാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ആറ് മന്ത്രിമാര്‍ വെള്ളിയാഴ്ച ജില്ലയിലെത്തിയത്. വൈത്തിരി, കല്‍പ്പറ്റ, ബത്തേരി, പനമരം എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ്, എകെഎസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ബത്തേരിയില്‍ മുഖ്യമന്ത്രിയുടെ വാഹനം പോയതിനുശേഷമാണ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയത്. തലയ്ക്കും കാലിനും ലാത്തിയടിയേറ്റ ഇ എ ശങ്കരനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചിച്ചു.

വൈത്തിരിയില്‍ അതിരാവിലെയാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സമാധാനപരമായി കരിങ്കൊടി കാണിച്ചത്. കല്‍പ്പറ്റയിലും നിരവധി പേര്‍ പ്രതിഷേധവുമായി എത്തി. പ്രതിഷേധപ്രകടനത്തിനിടയിലേക്ക് ബത്തേരിയിലും പനമരത്തും യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകോപനം സൃഷ്ടിച്ച് എത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. പനമരത്ത് പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം വഴിമാറിയാണ് ഔദ്യോഗിക പരിപാടി ക്കെത്തിയത്. എല്‍ഡിഎഫ്-എകെഎസ് പ്രവര്‍ത്തകര്‍ പനമരം പാലത്തിനുസമീപം കരിങ്കൊടിയുമായി കാത്തുനിന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനം ഇതുവഴി വന്നില്ല. ഇതിനിടെ പ്രകടനത്തിനിടയിലേക്ക് ഒരുസംഘം യുഡിഎഫുകാര്‍ പ്രകടനമായെത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു.

deshabhimani 170911

1 comment:

  1. വയനാടിനെ അവഗണിച്ചതിനും എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിനുമെതിരെ ജില്ലയില്‍ വന്‍പ്രതിഷേധം. ബത്തേരിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ച ആദിവാസി ക്ഷേമസമിതിയുടെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തി വീശി. എകെഎസ് സംസ്ഥാന കമ്മിറ്റിയംഗം ഇ എ ശങ്കരന്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.

    ReplyDelete