Thursday, October 6, 2011

2 ജി സ്പെക്ട്രം: രാജയേക്കാള്‍ കുറ്റവാളി ചിദംബരം

2ജി സ്പെക്ട്രം അഴിമതി പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. വിവേക് ഗാര്‍ഗ് എന്ന ന്യൂഡല്‍ഹിയിലെ അഭിഭാഷകന്‍ വിവരാവകാശ നിയമമനുസരിച്ച് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പുറത്തുവന്ന ധനമന്ത്രാലയത്തിന്റെ കത്താണ് കേസിന് പുതിയ വഴിത്തിരിവ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രികാര്യാലയവും ധനമന്ത്രികാര്യാലയവും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ കത്തിടപാടുകളുടെ അഞ്ഞൂറിലധികം പേജ് വരുന്ന രേഖാസമാഹാരത്തിലാണ് 2ജി സ്പെക്ട്രം സംബന്ധിച്ച 13 പേജ് വരുന്ന രേഖയും പുറത്തു വന്നത്. 2 ജി സ്പെക്ട്രമെന്ന അപൂര്‍വ പ്രകൃതി സമ്പത്ത് വില്‍പന നടത്തുന്ന വേളയില്‍ രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതില്‍ അന്നത്തെ ധനമന്ത്രിയും ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരം വീഴ്ച വരുത്തിയെന്നാണ് മാര്‍ച്ച് 25 ന് പ്രധാനമന്ത്രി കാര്യാലയത്തിന് നല്‍കിയ കത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞിട്ടുള്ളത്. അന്ന് ധനമന്ത്രി പൊതുലേലം വേണമെന്ന് ശഠിച്ചിരുന്നുവെങ്കില്‍ കേന്ദ്ര ഖജാനക്ക് സിഎജി ചൂണ്ടിക്കാട്ടിയതുപോലെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകില്ലെന്നാണ് യുപിഎ മന്ത്രിസഭയിലെ രണ്ടാമന്‍ കൂടിയായ പ്രണബ് മുഖര്‍ജി ആരോപിച്ചിട്ടുള്ളത്.
  
    സ്പെക്ട്രം ഇടപാടില്‍ പി ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കേണ്ടതില്ലെന്ന് സിബിഐ സുപ്രിംകോടതിയില്‍ പറഞ്ഞതിന് തൊട്ടുപുറകെയാണ് ധനമന്ത്രാലയത്തിന്റെ കത്തു പുറത്തായത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ ആഭ്യന്തരമന്ത്രിക്കെതിരെ ധനമന്ത്രി തന്നെ രംഗത്തുവരുന്നത് യുപിഎ സര്‍ക്കാരിന് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ധനമന്ത്രിയുടെ നോര്‍ത്ത്ബ്ലോക്കിലെ ഓഫീസ് മുറിയില്‍ രഹസ്യങ്ങള്‍ ചോര്‍ത്താനായി ചില ഉപകരണങ്ങള്‍ വെച്ചത് നേരത്തേ വിവാദമുയര്‍ത്തിയിരുന്നു. ധനമന്ത്രി പ്രണബ് മുഖര്‍ജി ഇക്കാര്യത്തില്‍ പരാതിപ്പെട്ടുവെന്നും വാര്‍ത്ത പരന്നിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ വിവാദം. ഏതായാലും സ്പെക്ട്രം ഇടപാടിന്റെ ഉത്തരവാദിത്വം ഡിഎംകെയുടെ ചുമലില്‍ ഇട്ട് സ്വന്തം മുഖം രക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് പുതിയ സംഭവവികാസങ്ങളിലൂടെ പാളുന്നത്. സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കേണ്ടതില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍ പറഞ്ഞതിനു പിന്നാലെ ധനമന്ത്രാലയത്തിന്റെ കത്ത് പുറത്തായത് കേസില്‍ നിര്‍ണായക വഴിത്തിരിവാകും. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ ആഭ്യന്തരമന്ത്രിക്കെതിരെ ധനമന്ത്രി തന്നെ രംഗത്തുവന്നത് യുപിഎ സര്‍ക്കാരിനും പ്രതിസന്ധി സൃഷ്ടിക്കും. സ്പെക്ട്രം ഇടപാടിന്റെ ഉത്തരവാദിത്വം ഇതുവരെ ഡിഎംകെയില്‍ ചാരിയിരുന്ന കോണ്‍ഗ്രസിന് അഴിമതിയില്‍ നിന്ന് മാറിനില്‍ക്കാനാവാത്ത സാഹചര്യമാണ് ഉരുത്തിരിയുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ചിദംബരം രാജിവെയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ടികള്‍ മുന്നോട്ടുവെച്ചു കഴിഞ്ഞു. ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും സിപിഐ എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഉയര്‍ത്തിയിട്ടുണ്ട്. സുപ്രിം കോടതിയിലും ഈ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 25 നാണ് സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന കത്ത് ധനമന്ത്രാലയം പ്രധാനമന്ത്രി കാര്യാലയത്തിലേക്ക് അയച്ചത്. ധനമന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പിജിഎസ് റാവു പിഎംഓയിലെ ജോയിന്റ് സെക്രട്ടറി വിനി മഹാജനാണ് 13 പേജ് വരുന്ന ഓഫീസ് മെമ്മോറാണ്ടം അയച്ചുകൊടുത്തത്. ധനമന്ത്രി പ്രണബ് മുഖര്‍ജി പരിശോധിച്ച ശേഷമാണ് കത്ത് പിഎംഓയിലേക്ക് വിട്ടത്. കേബിനറ്റ് സെക്രട്ടറി, ടെലികോം സെക്രട്ടരി, ധനകാര്യ സെക്രട്ടറി എന്നിവരുടെയെല്ലാം പങ്കാളിത്തത്തോടെ 22 യോഗങ്ങള്‍ ചേര്‍ന്നതിന് ശേഷം തയ്യാറാക്കിയ പശ്ചാത്തല രേഖയാണിതെന്നും പ്രണബ് മുഖര്‍ജി പിന്നീട് വിശദീരിക്കുകയുണ്ടായി. 2001 ലെ പ്രവേശനനിരക്കില്‍ 2008 ല്‍ സ്പെക്ട്രവും ലൈസന്‍സുകളും വിതരണം ചെയ്ത രാജയുടെ നടപടി ധനമന്ത്രിയായിരുന്ന ചിദംബരത്തിന് തടയാമായിരുന്നെന്ന് കത്തില്‍ വിശദമാക്കുന്നു.
   
    രാജ വിതരണം ചെയ്ത ലൈസന്‍സുകള്‍ ധനമന്ത്രാലയത്തിന് റദ്ദാക്കാനുള്ള അധികാരം പോലും ഉണ്ടായിരുന്നു. ലൈസന്‍സിനൊപ്പം തുടക്കത്തില്‍ അനുവദിക്കുന്ന 4.4 മെഗാഹെര്‍ട്സ് വരെ സ്പെക്ട്രം ലേലം ചെയ്യണമെന്ന ആദ്യ നിലപാടില്‍ പോലും ധനമന്ത്രാലയം ഉറച്ചുനിന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ലൈസന്‍സ് വിതരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ടെലികോം മന്ത്രാലയത്തിന് കഴിയുമായിരുന്നില്ല. 2001 ലെ നിരക്കില്‍ തന്നെ 2008 ലും സ്പെക്ട്രം അനുവദിക്കാമെന്ന ടെലികോം വകുപ്പിന്റെ നിര്‍ദേശം അതേപടി അംഗീകരിക്കുകയാണ് ധനമന്ത്രാലയം ചെയ്തത്. സ്പെക്ട്രത്തിന് 2001 ലെ പ്രവേശനനിരക്ക് ഈടാക്കുന്നതിന് പകരം വിപണി വില ഈടാക്കാമെന്നു കാട്ടി 2007 നവംബര്‍ 22 ന് അന്നത്തെ ധനസെക്രട്ടറിയും ഇന്ന് ആര്‍ബിഐ ഗവര്‍ണറുമായ ഡി സുബ്ബറാവു കുറിപ്പ് തയ്യാറാക്കിയിരുന്നു. പിന്നീട് ഈ നിലപാടില്‍ മാറ്റം വരികയും ടെലികോം വകുപ്പുമായി ധാരണയിലെത്തുകയുമാണ് ഉണ്ടായത്. ഇതാണ് പിന്നീട് സിഎജി ചൂണ്ടിക്കാട്ടിയ ഭീമമായ നഷ്ടത്തിന് വഴിവെച്ചത്. സ്പെക്ട്രം ലേലം ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ ടെലികോം വകുപ്പിന് ലൈസന്‍സുകള്‍ റദ്ദാക്കേണ്ടി വരുമായിരുന്നു. 2008 ഫെബ്രുവരി 11 ന് ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പ് ലൈസന്‍സ് ലഭിച്ച പുതിയ കമ്പനികളില്‍ നിന്നും പഴയ കമ്പനികളില്‍ നിന്നും സ്പെക്ട്രത്തിന് നിരക്ക് ഈടാക്കണമെന്ന് കാട്ടി വകുപ്പുതല കുറിപ്പ് തയ്യാറാക്കിയിരുന്നു. ടെലികോം മന്ത്രാലയം താല്‍പ്പര്യപത്രം ക്ഷണിച്ചിരുന്നെങ്കിലും സ്പെക്ട്രത്തിന് വില ഈടാക്കാന്‍ സാമ്പത്തികാര്യ വകുപ്പിന് നിയമപരമായി അവകാശമുണ്ടെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഈ കുറിപ്പില്‍ പറയുന്നുണ്ട്. സ്പെക്ട്രം ലഭിച്ച ടെലികോം കമ്പനികള്‍ നിയമവഴിക്ക് നീങ്ങിയാല്‍ കൂടി നിരക്ക് ഈടാക്കേണ്ടതുണ്ടെന്നായിരുന്നു സാമ്പത്തികാര്യ വകുപ്പിന്റെ നിലപാട്. എന്നാല്‍ ചിദംബരം ഇതും അട്ടിമറിച്ചു. 2008 ഏപ്രില്‍ 21ന് ചിദംബരം രാജയ്ക്ക് അയച്ച കത്തില്‍ 4.4 മെഗാഹെര്‍ട്സില്‍ കൂടുതലുള്ള സ്പെക്ട്രത്തിന് മാത്രം പ്രത്യേക നിരക്ക് ഈടാക്കിയാല്‍ മതിയെന്ന് തത്വത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. ടെലികോം മന്ത്രാലയം താല്‍പ്പര്യപ്പെട്ടതും ഇതേ നിലപാടു തന്നെയാണ്. കത്ത് ചിദംബരത്തിന് എതിരാണെങ്കിലും പല കാര്യങ്ങളിലും പ്രധാനമന്ത്രി കാര്യാലയം നിരുത്തരവാദിത്വം കാട്ടിയെന്ന് വ്യക്തമാണ്. സ്പെക്ട്രം ഇടപാടില്‍ സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയ ഘട്ടത്തില്‍ ചിദംബരത്തെ ന്യായീകരിക്കുന്ന നിലപാടായിരുന്നു ധനമന്ത്രാലയം സ്വീകരിച്ചത്. ഇപ്പോള്‍ വിരുദ്ധ നിലപാടുമായി രംഗത്തെത്തിയത് പ്രണബ് മുഖര്‍ജിയുടെ താല്‍പ്പര്യപ്രകാരമാണെന്ന് വ്യക്തം.
   
    2 ജി സ്പെക്ട്രം കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ എ രാജയും ധനമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. പൊതുലേലത്തിന് പകരം ആദ്യം വന്നയാള്‍ക്ക് ആദ്യം 2 ജി ലെസന്‍സ് നല്‍കിയതും ലൈസന്‍സ് കിട്ടിയ കമ്പനികള്‍ വിദേശകമ്പനികള്‍ക്ക് ഓഹരിവിറ്റതും ധനമന്ത്രിയുടെ കൂടി ഉപദേശപ്രകാരമായിരുന്നുവെന്നും 2 ജി സ്പെക്ട്രം കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ രാജ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിക്കും ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നുവെന്ന് രാജയും പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ വ്യക്തമാക്കുന്നു. ഏതായാാലും 2 ജി സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതില്‍ ധനമന്ത്രാലയത്തിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രിം കോടതി സിബിഐയോട് ആവശ്യപ്പെട്ടിരിക്കുയാണ്. ചിദംബരത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയ മുന്‍ ധനകാര്യ സെക്രട്ടറി ഡി സുബ്ബറാവുവിന്റെ പ്രസ്താവനയും ഹാജരാക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വി ബി പരമേശ്വരന്‍ chintha 071011

1 comment:

  1. 2ജി സ്പെക്ട്രം അഴിമതി പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. വിവേക് ഗാര്‍ഗ് എന്ന ന്യൂഡല്‍ഹിയിലെ അഭിഭാഷകന്‍ വിവരാവകാശ നിയമമനുസരിച്ച് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പുറത്തുവന്ന ധനമന്ത്രാലയത്തിന്റെ കത്താണ് കേസിന് പുതിയ വഴിത്തിരിവ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രികാര്യാലയവും ധനമന്ത്രികാര്യാലയവും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ കത്തിടപാടുകളുടെ അഞ്ഞൂറിലധികം പേജ് വരുന്ന രേഖാസമാഹാരത്തിലാണ് 2ജി സ്പെക്ട്രം സംബന്ധിച്ച 13 പേജ് വരുന്ന രേഖയും പുറത്തു വന്നത്. 2 ജി സ്പെക്ട്രമെന്ന അപൂര്‍വ പ്രകൃതി സമ്പത്ത് വില്‍പന നടത്തുന്ന വേളയില്‍ രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതില്‍ അന്നത്തെ ധനമന്ത്രിയും ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരം വീഴ്ച വരുത്തിയെന്നാണ് മാര്‍ച്ച് 25 ന് പ്രധാനമന്ത്രി കാര്യാലയത്തിന് നല്‍കിയ കത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞിട്ടുള്ളത്. അന്ന് ധനമന്ത്രി പൊതുലേലം വേണമെന്ന് ശഠിച്ചിരുന്നുവെങ്കില്‍ കേന്ദ്ര ഖജാനക്ക് സിഎജി ചൂണ്ടിക്കാട്ടിയതുപോലെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകില്ലെന്നാണ് യുപിഎ മന്ത്രിസഭയിലെ രണ്ടാമന്‍ കൂടിയായ പ്രണബ് മുഖര്‍ജി ആരോപിച്ചിട്ടുള്ളത്.

    ReplyDelete