Thursday, October 6, 2011

ദില്ലിയാത്ര എന്ന പാഴ്വേല

ഉമ്മന്‍ചാണ്ടിയും മറ്റ് ഒമ്പത് സംസ്ഥാന മന്ത്രിമാരും ദില്ലി സന്ദര്‍ശിച്ച് 15 കേന്ദ്രമന്ത്രിമാരെ മാറിമാറി കണ്ടതിനെ മഹാ സംഭവമായാണ് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. 24-ാം തീയതിയിലെ മേപ്പടി പത്രങ്ങളുടെ തലക്കെട്ടുകണ്ടാല്‍ കേരളം ഒറ്റയടിക്ക് രക്ഷപ്പെടാന്‍ പോകുന്നു എന്ന പ്രതീതി തോന്നും. തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനേയും കൂട്ടരേയും വാനോളം വാഴ്ത്തുന്നതില്‍ മനോരമതന്നെയാണ് മുന്‍പന്തിയില്‍ . വമ്പന്‍ തലക്കെട്ടില്‍ അവര്‍ നല്‍കിയ വാര്‍ത്തയില്‍ ഊന്നിപ്പറയുന്നത് ഇങ്ങനെയാണ്: "മികച്ച ഗൃഹപാഠം നടത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലെത്തിയ ഉന്നതതല സംഘം മുന്നോട്ടുവച്ച പുതിയ വികസന മാതൃകയ്ക്ക് കേന്ദ്രത്തിന്റെ അംഗീകാരം". വാര്‍ത്തകള്‍ സൂക്ഷ്മ വായനയ്ക്ക് വിധേയമാക്കുമ്പോഴാണ് വായനക്കാര്‍ വഞ്ചിക്കപ്പെടുകയാണെന്ന് വെളിവാകുന്നത്. "നോക്കട്ടെ", "പരിഗണിക്കാം" തുടങ്ങിയ സ്ഥിരം ചില ഡയലോഗുകള്‍ പറഞ്ഞ് മര്യാദയുടെ ഔചിത്യം കേന്ദ്രമന്ത്രിമാര്‍ കാട്ടിയെന്നുമാത്രം.
 
    കൊച്ചി മെട്രോ ചെന്നൈ മാതൃകയില്‍ എന്ന വാര്‍ത്തയ്ക്കാണ് മാധ്യമങ്ങള്‍ മുഖ്യ ഊന്നല്‍ നല്‍കിയിരിക്കുന്നത്. അവരുടെ എഴുത്തുകണ്ടാല്‍ പിറ്റേദിവസം മെട്രോ റെയില്‍ യാഥാര്‍ത്ഥ്യം ആകുമെന്ന് തോന്നും. എന്നാല്‍ യാഥാര്‍ത്ഥ്യവുമായി അതിന് പുലബന്ധംപോലുമില്ലെന്ന് വസ്തുതകള്‍ വെളിപ്പെടുത്തുന്നു. കേന്ദ്രമന്ത്രി കമല്‍നാഥിനെ കണ്ടു. വിശദാംശങ്ങള്‍ അദ്ദേഹം ചോദിച്ചിരിക്കയാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കൊച്ചി മെട്രോയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്നാണ് ആസൂത്രണകമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേഗ് സിങ് അലുവാലിയ വ്യക്തമാക്കിയത്. കൊച്ചി മെട്രോയ്ക്ക് അംഗീകാരം ആകണമെങ്കില്‍ ആദ്യം ആസൂത്രണകമ്മീഷന്‍ അനുമതി നല്‍കണം. പിന്നീട് പല വകുപ്പുകളുടെ അംഗീകാരം വേണം. കേന്ദ്ര മന്ത്രിസഭ അംഗീകരിക്കണം. വസ്തുത ഇതായിരിക്കെ കമല്‍നാഥ് ചില വിശദീകരണങ്ങള്‍ ചോദിച്ചാല്‍ അത് പദ്ധതിക്ക് അംഗീകാരമാണെന്ന് എങ്ങനെ കരുതാന്‍ കഴിയും. അക്ഷരം എഴുതാന്‍ ഒരു വിദ്യാര്‍ത്ഥി തുടങ്ങുമ്പോഴേക്ക് അയാള്‍ പോസ്റ്റ്ഗ്രാജുവേഷന്‍ പാസായി എന്ന് കൊട്ടിഘോഷിച്ചാല്‍ എങ്ങനെയിരിക്കും? കേരളത്തിന് ഐഐടി എന്ന വാര്‍ത്തയ്ക്കാണ് വീരേന്ദ്രകുമാറിെന്‍റയും കോണ്‍ഗ്രസ് നേതാവ് പി വി ചന്ദ്രെന്‍റയും സ്വന്തം പത്രമായ മാതൃഭൂമി ഊന്നല്‍ നല്‍കിയത്. ഐഐടി ക്ക് ഉറപ്പു ലഭിച്ചു എന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വെവ്വേറെ പത്രസമ്മേളനത്തില്‍ പറഞ്ഞെങ്കിലും വ്യക്തത ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്, അടുത്ത പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തും എന്നു മാത്രമാണ് വിശദാംശങ്ങള്‍ ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും കാര്യമായ ഒന്നും നടന്നിട്ടില്ല.
   
    പദ്ധതിയുടെ സാമ്പത്തിക ടെണ്ടര്‍ ഇനിയും പൊട്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ടെണ്ടര്‍ നല്‍കിയിട്ടുള്ള സ്ഥാപനങ്ങളായ മുദ്ര പോര്‍ട്സ്, വെല്‍ഡണ്‍ കമ്പനി എന്നിവയ്ക്ക് സുരക്ഷാ ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ സാമ്പത്തിക ടെണ്ടര്‍ പൊട്ടിക്കാന്‍ കഴിയൂ. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തെ കണ്ടു. "മറ്റ് മന്ത്രാലയങ്ങളുമായി ആലോചിച്ചശേഷം പരിഗണിക്കാം" എന്നു മാത്രം ചിദംബരം ഭംഗിവാക്കു പറഞ്ഞു. ഇടുക്കിയെ ക്ഷീര ജില്ലയാക്കാന്‍ ഒരു ലക്ഷം പശുക്കളെ വളര്‍ത്താനുള്ള പദ്ധതിയാണ് കേരളം സമര്‍പ്പിച്ച പ്രധാനപ്പെട്ട മറ്റൊന്ന്. "ഇത്രയും പശുക്കുട്ടികളെ നിങ്ങള്‍ എവിടെനിന്നു ലഭ്യമാക്കും" എന്ന് കേന്ദ്ര കൃഷിമന്ത്രി ശരത്പവാര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും മൊഴിമുട്ടി. ലളിതമായ ഈ ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ കഴിയാത്ത ഉമ്മന്‍ചാണ്ടിയും കൂട്ടരും എന്തു ഗൃഹപാഠം ചെയ്തു എന്നാണ് "മനോരമ" പറയുന്നത്? മന്ത്രിപ്പടയുടെ ദില്ലിയാത്രകൊണ്ട് കേരളത്തിെന്‍റ വികസനത്തിന് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നുതന്നെയാണ് വസ്തുതകള്‍ നമ്മോടു പറയുന്നത്. മാധ്യമങ്ങളിലൂടെ നടത്തുന്ന "ഗിമ്മിക്കു"കള്‍ക്ക് ആ നാണക്കേടിനെ മറച്ചുവെയ്ക്കാനാവില്ല. അതിനുള്ള ശ്രമം വല്ലാതെ പരാജയപ്പെട്ടിരിക്കുന്നു.

    ഗിരീഷ് ചേനപ്പാടി chintha 071011

1 comment:

  1. ഉമ്മന്‍ചാണ്ടിയും മറ്റ് ഒമ്പത് സംസ്ഥാന മന്ത്രിമാരും ദില്ലി സന്ദര്‍ശിച്ച് 15 കേന്ദ്രമന്ത്രിമാരെ മാറിമാറി കണ്ടതിനെ മഹാ സംഭവമായാണ് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. 24-ാം തീയതിയിലെ മേപ്പടി പത്രങ്ങളുടെ തലക്കെട്ടുകണ്ടാല്‍ കേരളം ഒറ്റയടിക്ക് രക്ഷപ്പെടാന്‍ പോകുന്നു എന്ന പ്രതീതി തോന്നും. തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനേയും കൂട്ടരേയും വാനോളം വാഴ്ത്തുന്നതില്‍ മനോരമതന്നെയാണ് മുന്‍പന്തിയില്‍ . വമ്പന്‍ തലക്കെട്ടില്‍ അവര്‍ നല്‍കിയ വാര്‍ത്തയില്‍ ഊന്നിപ്പറയുന്നത് ഇങ്ങനെയാണ്: "മികച്ച ഗൃഹപാഠം നടത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലെത്തിയ ഉന്നതതല സംഘം മുന്നോട്ടുവച്ച പുതിയ വികസന മാതൃകയ്ക്ക് കേന്ദ്രത്തിന്റെ അംഗീകാരം". വാര്‍ത്തകള്‍ സൂക്ഷ്മ വായനയ്ക്ക് വിധേയമാക്കുമ്പോഴാണ് വായനക്കാര്‍ വഞ്ചിക്കപ്പെടുകയാണെന്ന് വെളിവാകുന്നത്. "നോക്കട്ടെ", "പരിഗണിക്കാം" തുടങ്ങിയ സ്ഥിരം ചില ഡയലോഗുകള്‍ പറഞ്ഞ് മര്യാദയുടെ ഔചിത്യം കേന്ദ്രമന്ത്രിമാര്‍ കാട്ടിയെന്നുമാത്രം.

    ReplyDelete