Saturday, October 22, 2011

2 ജി കേസില്‍ കുറ്റം ചുമത്തി

2 ജി സ്പെക്ട്രം അഴിമതി കേസില്‍ വിചാരണയ്ക്ക് വഴിയൊരുക്കി എ രാജയും കനിമൊഴിയുമടക്കം 17 പ്രതികളുടെയും പേരില്‍ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തി. പരമാവധി ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ വിശ്വാസംലംഘനം ആരോപിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 409-ാം വകുപ്പ് എല്ലാ പ്രതികള്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. കോഴവാങ്ങലടക്കം കനിമൊഴിയ്ക്കെതിരെ സിബിഐ മുന്നോട്ടുവെച്ച എല്ലാ കുറ്റങ്ങളും കോടതി അംഗീകരിച്ചിട്ടുണ്ട്. ക്രിമിനല്‍ വിശ്വാസംലംഘനം, കോഴ വാങ്ങല്‍ എന്നീ കുറ്റങ്ങള്‍ക്ക് പുറമെ വഞ്ചന, അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും അഴിമതി നിരോധനനിയമത്തിലെയും വിവിധ വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. പ്രത്യേക കോടതി കുറ്റം ചുമത്തിയ സാഹചര്യത്തില്‍ പ്രതികള്‍ക്ക് വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാം.

കോടതി ചുമത്തിയ കുറ്റങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു. രണ്ടുമാസം നീണ്ട വാദത്തിന് ശേഷം എല്ലാ പ്രതികള്‍ക്കുംമേല്‍ കുറ്റംചുമത്തി 450 പേജുള്ള വിധിന്യായമാണ് പ്രത്യേക ജഡ്ജി ഒ പി സെയ്നി ശനിയാഴ്ച പുറപ്പെടുവിച്ചത്. വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, തട്ടിപ്പ്, കോഴപണം വാങ്ങല്‍ , പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ ക്രിമിനല്‍ ലംഘനം എന്നീ കുറ്റങ്ങളാണ് രാജയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോഴ വാങ്ങല്‍ , ക്രിമിനല്‍ വിശ്വാസലംഘനം, കോഴഇടപാടിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കനിമൊഴിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

deshabhimani

1 comment:

  1. 2 ജി സ്പെക്ട്രം അഴിമതി കേസില്‍ വിചാരണയ്ക്ക് വഴിയൊരുക്കി എ രാജയും കനിമൊഴിയുമടക്കം 17 പ്രതികളുടെയും പേരില്‍ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തി. പരമാവധി ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

    ReplyDelete