Saturday, October 22, 2011

നാട് നമിക്കുന്നു...ഈ സാക്ഷികളെ


പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ അരങ്ങേറിയ അരുംകൊലയ്ക്ക് സാക്ഷിമൊഴി നല്‍കാന്‍ തയ്യാറായ തൊഴിലാളികളുടെ സന്നദ്ധത ഏവരാലും പ്രശംസിക്കപ്പെടുന്നു. പാലക്കാട് പെരുവെമ്പ് സ്വദേശി രഘു (37) 10 ന് രാത്രി ഏഴിനാണ് യാത്രക്കാരുടെ മുന്നില്‍ കൊല്ലപ്പെട്ടത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ എംപിയുടെ ഗണ്‍മാനാണ് സംഭവത്തിലെ പ്രതികളിലൊരാള്‍ എന്നറിഞ്ഞിട്ടും കണ്‍മുമ്പില്‍ കണ്ടത് വിളിച്ചുപറയാന്‍ നെഞ്ചൂക്ക് കാണിച്ചത് കെഎസ്ആര്‍ടിസിയിലെതന്നെ രണ്ടു തൊഴിലാളികളും മറ്റൊരു യാത്രക്കാരനുമാണ്. വാഹനാപകടക്കേസില്‍പ്പോലും സാക്ഷിപറയാന്‍ മടിക്കുന്നവരുടെ നാട്ടിലാണ് മൂന്നു തൊഴിലാളികള്‍ സക്ഷിപറയാന്‍ തയ്യാറായത്. പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ടി കെ സുബൈര്‍ (48), എംപാനല്‍ കണ്ടക്ടര്‍ സിമി ജോണ്‍സന്‍ (32) എന്നിവരാണ് ഒന്നും രണ്ടും സാക്ഷികള്‍ . ഈ സാക്ഷിമൊഴികള്‍ ഇല്ലായിരുന്നെങ്കില്‍ പ്രതികള്‍ ഇന്ന് ജയിലഴിക്കുള്ളിലുണ്ടാകുമായിരുന്നില്ല. കേരളീയരുടെ സാമാന്യബോധത്തെ പരിഹസിച്ചുകൊണ്ട് സംഭവത്തില്‍ കെ സുധാകരന്‍ എംപി പ്രതികരിച്ചതുപോലെ "പൊലീസുകാരന്‍ എന്ന ചുമതലാബോധത്തോടെ അക്രമം തടയുകയാണ് ഗണ്‍മാന്‍ ചെയ്തത്" എന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയേനെ. ഗണ്‍മാന് ജയിലഴിക്കുപകരം സര്‍ക്കാര്‍വക പാരിതോഷികവും നല്‍കിയേനെ.

ഒന്നാംസാക്ഷി സുബൈര്‍ പറഞ്ഞത് "യുവാവിനെ മര്‍ദിക്കുന്നത് പാമ്പുകളി കാണുന്നതുപോലെ വളഞ്ഞുനിന്ന് ആസ്വദിക്കുകയായിരുന്നു കുറേപേര്‍" എന്നാണ്. "പോക്കറ്റടിക്കാരന്‍" രണ്ടു കൊള്ളട്ടേ എന്ന പ്രതികാരമനോഭാവം കാഴ്ചക്കാരില്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ , ക്രൂരമര്‍ദനമേറ്റ് യുവാവ് വെള്ളംചോദിച്ച് കുഴഞ്ഞുവീണപ്പോള്‍പ്പോലും ആരും അടുക്കാന്‍ തയ്യാറായില്ലെന്നത് വേദനാജനകമാണെന്നും സുബൈര്‍ പറഞ്ഞു. പൊലീസ് എത്തി ദൃക്സാക്ഷികളെ അന്വേഷിച്ചപ്പോള്‍ മര്‍ദനം കാണാന്‍ നിന്നവര്‍ മാളത്തിലൊളിച്ചു. ഈ സന്ദിഗ്ധഘട്ടത്തിലാണ് സുബൈര്‍ മനഃസാക്ഷിയോട് നീതിപുലര്‍ത്തിയത്. ആരും കൂട്ടിനില്ലാതിരുന്നിട്ടും അക്രമം തടയാന്‍ തന്നാലാവുന്നത് ചെയ്ത സുബൈര്‍ കണ്‍മുമ്പില്‍ കണ്ടത് പൊലീസിനോടും മാധ്യമങ്ങളോടും പറയാന്‍ മടിച്ചില്ല. 11 വര്‍ഷമായി സര്‍വീസിലുള്ള സുബൈര്‍ വാഴക്കുളം പള്ളിക്കവല സ്വദേശിയാണ്. മൂന്നുവര്‍ഷമായി എംപാനല്‍ കണ്ടക്ടറായി ജോലിനോക്കുന്ന കരിമുകള്‍ കാണിനാട് സ്വദേശി സിമി ജോണ്‍സനും സംഭവം മാധ്യമങ്ങളിലൂടെ ലോകത്തോടു വിളിച്ചുപറയുന്നതില്‍ ഒട്ടും പിശുക്കു കാണിച്ചില്ല. ഇവര്‍ക്കു പുറമെ യാത്രക്കാരനായ കറുകുറ്റി കരയാംപറമ്പ് അച്ചിനിമാടന്‍ വീട്ടില്‍ ബെന്നി(43)യും സാക്ഷിമൊഴി നല്‍കി. സ്വകാര്യവാഹനങ്ങളുടെ ഡ്രൈവറായ ബെന്നി സുഹൃത്തിനെ കാണാന്‍ പെരുമ്പാവൂരിലെത്തി മടങ്ങുമ്പോഴാണ് ദാരുണരംഗത്തിന് സാക്ഷ്യംവഹിച്ചത്.
(എം ഐ ബീരാസ്)

deshabhimani 221011

2 comments:

  1. ഈ സാക്ഷിമൊഴികള്‍ ഇല്ലായിരുന്നെങ്കില്‍ പ്രതികള്‍ ഇന്ന് ജയിലഴിക്കുള്ളിലുണ്ടാകുമായിരുന്നില്ല. കേരളീയരുടെ സാമാന്യബോധത്തെ പരിഹസിച്ചുകൊണ്ട് സംഭവത്തില്‍ കെ സുധാകരന്‍ എംപി പ്രതികരിച്ചതുപോലെ "പൊലീസുകാരന്‍ എന്ന ചുമതലാബോധത്തോടെ അക്രമം തടയുകയാണ് ഗണ്‍മാന്‍ ചെയ്തത്" എന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയേനെ. ഗണ്‍മാന് ജയിലഴിക്കുപകരം സര്‍ക്കാര്‍വക പാരിതോഷികവും നല്‍കിയേനെ.

    ReplyDelete
  2. കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ സതീഷ് അടക്കമുള്ളവര്‍ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ പാലക്കാട് പെരുവെമ്പ് സ്വദേശി രഘുവിനെ(37) തല്ലികൊന്ന സംഭവത്തിലെ മൂന്നാംപ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു. അഞ്ചടി ഉയരവും ഇരുനിറവും ഏകദേശം 40 വയസ്സും തോന്നിക്കുന്നയാളുടെ രേഖാചിത്രമാണ് ഡിവൈഎസ്പി പി കെ ഹരികൃഷ്ണന്‍ പുറത്തുവിട്ടത്. സതീഷും മറ്റൊരു പ്രതിയായ മൂവാറ്റുപുഴ സ്വദേശി സന്തോഷും ആലുവ സബ്ജയിലില്‍ റിമാന്‍ഡിലാണ്. മോഷണം ആരോപിച്ച് ഇവര്‍ക്കൊപ്പം രഘുവിനെ മര്‍ദിച്ച മൂന്നാമനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ദൃക്സാക്ഷികളുടെ സഹായത്തോടെ രേഖാചിത്രം തയാറാക്കിയത്. അവ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ രേഖാചിത്രം പ്രയോജനപ്പെടുമൊയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. കെ സുധാകരന്‍ എംപിയുടെ ഡ്രൈവര്‍ , ബസില്‍ ഉണ്ടായിരുന്ന അങ്കമാലി മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കമുള്ള യാത്രക്കാരില്‍നിന്നും പൊലീസ് മൊഴി എടുത്തു. എന്നാല്‍ രഘുവിന്റെപക്കല്‍ ഉണ്ടായിരുന്ന പണം നഷ്ടമായതെങ്ങനെയെന്ന് വിവരിക്കാന്‍ ഇതുവരെ പൊലീസിനായില്ല.

    ReplyDelete