ന്യൂയോര്‍ക്ക്: ഇറാഖിനു പിന്നാലെ ലിബിയയിലും യുദ്ധത്തിലൂടെ ഭരണ അട്ടിമറി നടത്തിയ അമേരിക്കയുടെ അടുത്ത അടിയന്തര ലക്ഷ്യങ്ങള്‍ സിറിയയും ഇറാനും. സിറിയയില്‍ ലിബിയയിലെ പോലെ കലാപകാരികളെ കുത്തിയിളക്കിയാണ് അട്ടിമറിക്ക് കളമൊരുക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ഇറാനെതിരെ ഗുരുതരമായ ആരോപണമുയര്‍ത്തിയാണ് നീക്കം. അമേരിക്കയിലെ സൗദി അറേബ്യന്‍ സ്ഥാനപതി ആദില്‍ അല്‍ ജൂബൈറിനെ അമേരിക്കയില്‍വച്ച് വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടു എന്നാണ് ആരോപിച്ചിരിക്കുന്നത്. ക്യൂബ, വെനസ്വേല, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയുടെ അജന്‍ഡയിലുണ്ടെങ്കിലും അവയ്ക്കെതിരെ ഉടന്‍ നടപടിക്ക് നീക്കമില്ല.
ലിബിയയില്‍ നടപ്പാക്കിയതിന് സമാനമായ തന്ത്രമാണ്് അമേരിക്ക സിറിയയിലും പ്രയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി സിറിയയെ അറബ് ലീഗില്‍നിന്ന് സസ്പെന്‍ഡ് ചെയ്യിക്കാന്‍ അമേരിക്ക നടത്തിയ നീക്കം കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന അറബ് ലീഗ് യോഗത്തില്‍ പരാജയപ്പെട്ടു. എങ്കിലും അറബ് ലീഗ് സംഘത്തെ സിറിയയിലേക്ക് അയക്കാന്‍ യോഗം തീരുമാനിച്ചു. 22 അംഗ അറബ്ലീഗില്‍ മൂന്നില്‍ രണ്ട് രാജ്യങ്ങളുടെ പിന്തുണയാണ് ഒരു രാജ്യത്തെ സസ്പെന്‍ഡുചെയ്യാന്‍ വേണ്ടത്. ബഹ്റൈനില്‍ ഭൂരിപക്ഷ ഷിയാ വിഭാഗത്തിന്റെ മുന്‍കൈയിലുള്ള ജനകീയപ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അവിടേക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സേനയെ നയിച്ച സൗദി അറേബ്യയാണ് സിറിയക്കെതിരെ ഏറ്റവും കടുത്ത നിലപാടെടുത്തത്. അമേരിക്കന്‍ സഖ്യത്തിലുള്ള മറ്റ് അഞ്ച് ജിസിസി രാഷ്ട്രങ്ങളും സിറിയയെ സസ്പെന്‍ഡുചെയ്യണമെന്ന് ശഠിച്ചെങ്കിലും ലെബനന്‍ , സുഡാന്‍ , അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളുടെ എതിര്‍പ്പുമൂലം നടപ്പായില്ല. തുടര്‍ന്നാണ് ആദ്യ പടിയായി പ്രതിനിധിസംഘത്തെ സിറിയയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.
കലാപകാരികള്‍ ഇസ്രയേലില്‍നിന്നുള്ളതടക്കം വിദേശ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കുഴപ്പമുണ്ടാക്കുന്നതെന്ന് അറബ് ലീഗിലെ സിറിയന്‍ സ്ഥാനപതി തെളിവുസഹിതം വാദിച്ചു. ചില അറബ്രാജ്യങ്ങളും കലാപകാരികളെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലിബിയയില്‍ ഫെബ്രുവരിയില്‍ ഗദ്ദാഫി വിരുദ്ധരുടെ കലാപം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ആ രാജ്യത്തെ അറബ് ലീഗില്‍നിന്ന് സസ്പെന്‍ഡുചെയ്തിരുന്നു. തുടര്‍ന്ന് പടിപടിയായി ഗദ്ദാഫി ഭരണകൂടത്തിനുമേല്‍ യുഎന്‍ ഉപരോധങ്ങളും വ്യോമനിരോധനവും ഏര്‍പ്പെടുത്തിയ ശേഷമാണ് മാര്‍ച്ചില്‍ നാറ്റോ വ്യോമാക്രമണം ആരംഭിച്ചത്. യുഎന്നില്‍ അറബ് ലീഗിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഗദ്ദാഫിക്കെതിരെ അമേരിക്കന്‍ നീക്കങ്ങള്‍ . ഇപ്പോള്‍ സിറിയയിലെ ബാഷര്‍ അല്‍ അസദിനെതിരെയും അതേ നീക്കങ്ങള്‍ തന്നെയാണ് പരീക്ഷിക്കുന്നത്. ഇറാനെതിരെ മൂന്ന് പതിറ്റാണ്ടിലധികമായി തുടരുന്ന നീക്കമാണ് അമേരിക്ക ഇപ്പോള്‍ ശക്തിപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയെ കൂട്ടുപിടിച്ച് ഐക്യരാഷ്ട്രസഭയെ സമീപിച്ചിരിക്കുകയാണ് അമേരിക്ക. ഈ ആരോപണത്തിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ അഞ്ച് ഇറാന്‍കാര്‍ക്കെതിരെ വെള്ളിയാഴ്ച ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കെതിരെ വ്യാഴാഴ്ച അമേരിക്കന്‍ കോടതി കുറ്റം ചുമത്തിയിരിക്കുകയാണ്. ഇറാന്‍ അമേരിക്കന്‍ ഇരട്ട പൗരത്വമുള്ള മന്‍സൂര്‍ അര്‍ബാബ്സിയാര്‍ , ഗുലാം ഷുക്രി എന്നിവര്‍ക്കെതിരെയാണ് ന്യൂയോര്‍ക്ക് തെക്കന്‍ ജില്ലാ കോടതി കുറ്റം ചുമത്തിയിരിക്കുന്നത്.
ഇറാനെതിരെ ആക്രമണം നടത്തുന്നതിന് സൗദി സ്ഥാനപതി ജുബൈര്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദംചെലുത്തുന്നതായി വിക്കിലീക്സ് ഈ വര്‍ഷം പുറത്തുവിട്ട രേഖകളിലൂടെ പരസ്യമായിരുന്നു. ഇതിനുപിന്നാലെ ജൂബൈറിനെ വധിക്കാന്‍ മെക്സിക്കന്‍ മയക്കുമരുന്ന് സംഘാംഗത്തെ ഇറാന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ ചുമതലപ്പെടുത്തിയെന്നാണ് ആരോപണം. മയക്കുമരുന്ന് സംഘാംഗമായി നടിച്ചയാള്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ചാരനാണത്രെ. എന്നാല്‍ , ദീര്‍ഘകാലമായി അമേരിക്ക പിന്തുണയ്ക്കുന്ന സ്വേച്ഛാധിപത്യ വാഴ്ചകള്‍ക്കെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളില്‍നിന്നും അമേരിക്കയിലെ ആഭ്യന്ത ജനമുന്നേറ്റത്തില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് ഒബാമ ഭരണകൂടം തങ്ങളെ ലക്ഷ്യമിടുന്നതെന്നാണ് ഇറാന്‍ പറയുന്നത്.
പുതിയ ഭരണത്തില്‍ ലിബിയന്‍ തടവറകള്‍ പീഡനകേന്ദ്രങ്ങള്‍
ട്രിപോളി: ഗദ്ദാഫി യുഗാന്ത്യത്തിനുശേഷം ലിബിയയുടെ ഭരണനേതൃത്വം ഏറ്റെടുത്ത ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ നിരപരാധികളെ തടവില്‍ പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് തൊഴിലിനായി എത്തിയവരെപ്പോലും ഗദ്ദാഫിയുടെ കൂലിപ്പടയാളികള്‍ എന്നാരോപിച്ച് ഇടക്കാല സര്‍ക്കാര്‍സേന പിടിച്ചുകൊണ്ടുപോവുകയാണ്. തലസ്ഥാനമായ ട്രിപോളിയില്‍ മാത്രം മൂവായിരത്തോളം പേര്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്. ഇവരെ നിയമത്തിനുമുന്നില്‍ ഹാജരാക്കാനും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ലണ്ടന്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
നിയമപരമായി കുറ്റംചാര്‍ത്തിയല്ല നിരപരാധികളെ അറസ്റ്റ്ചെയ്യുന്നത്. തടവറയില്‍ കൊടിയ പീഡനമാണ് അരങ്ങേറുന്നതെന്നും ഇരകളെ സന്ദര്‍ശിച്ച് നടത്തിയ പഠനശേഷം ആംനെസ്റ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. വലിയ ലാത്തിയും ദണ്ഡുകളും കൊണ്ട് കാലുകള്‍ തല്ലിത്തകര്‍ക്കുകയാണ്. വളരെ വേഗത്തില്‍ കുറ്റസമ്മതം നടത്താനാണ് ഇത്തരത്തില്‍ മര്‍ദിക്കുന്നതെന്ന് രണ്ട് തടവറയിലെ ഗാര്‍ഡുമാര്‍ സമ്മതിച്ചു. ഗദ്ദാഫിഭരണത്തില്‍ തടവുകാരെ പീഡിപ്പിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഈ രീതി പുതിയ ഭരണാധികാരികളും തുടരുന്നത് ആശാസ്യമല്ലെന്ന് ആംനെസ്റ്റിയുടെ ഉത്തരാഫ്രിക്കന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹസിബ ഹദ്ജ് സഹ്രാവു പറഞ്ഞു. വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കുമെന്ന് പരിവര്‍ത്തന കൗണ്‍സില്‍ ചെയര്‍മാന്‍ മുസ്തഫ അബ്ദില്‍ ജലീല്‍ അറിയിച്ചു.
ഗദ്ദാഫിസേനയില്‍നിന്ന് പിടിച്ചെടുത്ത മേഖലകളില്‍നിന്നെല്ലാം ഇടക്കാല സര്‍ക്കാര്‍ സേന ആളുകളെ പിടികൂടി കൊണ്ടുപോകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലിബിയന്‍ ജനതയില്‍ കറുത്തവംശജര്‍ക്കാണ് ഏറെ പീഡനം അനുഭവിക്കേണ്ടിവരുന്നത്. മിസ്റാത്ത തിരിച്ചുപിടിക്കാന്‍ ഗദ്ദാഫിസേന താവളമുറപ്പിച്ച തവര്‍ഗ മേഖലയില്‍നിന്നുള്ള കറുത്തവംശജരെ കൂട്ടത്തോടെ തടവിലാക്കി. വീടുകളും ആശുപത്രികളും വരെ റെയ്ഡ് ചെയ്താണ് ഇവരെ പിടിച്ചുകൊണ്ടുപോയത്. ഗദ്ദാഫിക്കായി യുദ്ധംചെയ്യാനെത്തിയവര്‍ എന്നാരോപിച്ചാണ് മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെ പിടികൂടുന്നത്. ആഴ്ചകളോളം തടങ്കലില്‍ പീഡിപ്പിച്ചശേഷം തെളിവില്ലെന്നുകണ്ട് പലരെയും വിട്ടയച്ചു. രണ്ടുദിവസം തുടര്‍ച്ചയായി തല്ലിച്ചതച്ചശേഷമാണ് തന്നെ വിട്ടയച്ചതെന്ന് നൈജറില്‍നിന്നുള്ള തൊഴിലാളി ആംനെസ്റ്റി പ്രവര്‍ത്തകരോട് കണ്ണീരോടെ വെളിപ്പെടുത്തി. നിരപരാധികളെ നിറത്തിന്റെ പേരിലാണ് പീഡിപ്പിക്കുന്നതെന്ന് പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച അല്‍ ജസീറ ലേഖകന്‍ ജെയിംസ് ബേയ്സ് പറഞ്ഞു. ഇടക്കാല സര്‍ക്കാരിന്റെ കൂട്ടഅറസ്റ്റിലും തടങ്കല്‍പീഡനത്തിലും ഐക്യരാഷ്ട്രസഭയും റെഡ്ക്രോസും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഗദ്ദാഫിയുടെ മൃതദേഹം ഇറച്ചിക്കടയില്‍
ട്രിപോളി: അമേരിക്കന്‍ സഖ്യസേനയുടെ സഹായത്തോടെ വിമതര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലിബിയന്‍ മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ മൃതദേഹം ഇറച്ചിക്കടയില്‍ . മൃതദേഹം എപ്പോള്‍ , എവിടെ മറവുചെയ്യണമെന്ന് ഇടക്കാല സര്‍ക്കാരിന് ഇനിയും തീരുമാനിക്കാനായില്ല. ഇതുസംബന്ധിച്ച അഭിപ്രായഭിന്നത രൂക്ഷമായി തുടരുന്നതിനാല്‍ മൃതദേഹം മിസ്റാത്തയിലെ പഴയ മാര്‍ക്കറ്റില്‍ ഇറച്ചി സൂക്ഷിക്കുന്ന കോള്‍ഡ് സ്റ്റോറേജില്‍ വച്ചിരിക്കുകയാണ്.
നാലുപതിറ്റാണ്ടിലേറെ രാജ്യംഭരിച്ച ഗദ്ദാഫിയെ അധികാരഭ്രഷ്ടനാക്കിയ വിമതര്‍ക്ക് ലിബിയയെ ഐക്യത്തോടെ നയിക്കാനാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഗദ്ദാഫിയുടെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍പ്പോലും അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിയാത്തത് വ്യക്തമായ ആശയമോ നിലപാടോ ഇല്ലാത്ത ആള്‍ക്കൂട്ടമാണ് ദേശീയ പരിവര്‍ത്തന കൗണ്‍സിലെന്ന വിമര്‍ശനം ശരിവയ്ക്കുന്നു. ഗദ്ദാഫിയുടെ മകനും അനന്തരാവകാശിയുമായ സെയ്്ഫ് അല്‍ ഇസ്ലാമിനെ കണ്ടെത്താന്‍ കഴിയാത്തതും കൗണ്‍സിലിന് തിരിച്ചടിയായി. എട്ടുമാസത്തെ ആഭ്യന്തരപ്രക്ഷോഭത്തിനൊടുവില്‍ വ്യാഴാഴ്ചയാണ് ജന്മനാടായ സിര്‍ത്തെയില്‍ കേണല്‍ ഗദ്ദാഫിയെ ഇടക്കാല സര്‍ക്കാര്‍സേനാംഗങ്ങള്‍ കൊലപ്പെടുത്തിയത്. ചോരയൊലിക്കുന്ന മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചു. ആയുധധാരികളെ നിയന്ത്രിക്കുന്നതിനും സൈന്യത്തെ അച്ചടക്കത്തോടെ നിര്‍ത്തുന്നതിനും പുതിയ ഭരണാധികാരികള്‍ക്ക് ശേഷിയില്ലെന്ന് വ്യക്തമാക്കുന്നതാണ് സൈനികരുടെ പെരുമാറ്റമെന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഗദ്ദാഫിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതും ആക്ഷേപത്തിനിടയാക്കി. ഇസ്ലാം മതാചാരപ്രകാരം മൃതദേഹം മറവുചെയ്യണമെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഗദ്ദാഫിയുടെ ഗോത്രമായ ഗദ്ദാദ്ഫ മൃതദേഹം വിട്ടുകിട്ടാന്‍ ശ്രമം നടത്തുന്നുണ്ട്.
ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിനൊടുവില്‍ തൂക്കിലേറ്റിയ സദ്ദാം ഹുസൈന്റെ മൃതദേഹം ഇപ്രകാരം വിട്ടുകൊടുത്തിരുന്നു. എന്നാല്‍ , ഗദ്ദാഫിയുടെ മൃതദേഹം രഹസ്യമായി മറവുചെയ്യാനാണ് വിമതര്‍ ആലോചിക്കുന്നത്. കബറിടം പിന്നീട് തീര്‍ഥാടനകേന്ദ്രമായി മാറുന്നത് ഒഴിവാക്കാനാണിത്. ഗദ്ദാഫി കൊല്ലപ്പെട്ടോയെന്ന സംശയങ്ങള്‍ കെട്ടടങ്ങുന്നതിനായി കുറച്ചു ദിവസം മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ വയ്ക്കണമെന്നാണ് തന്റെ നിര്‍ദേശമെന്ന് ഇടക്കാല സര്‍ക്കാരിലെ എണ്ണമന്ത്രി അലി തര്‍ഹൗനി പറഞ്ഞു. മരണം സംബന്ധിച്ച ദുരൂഹത അകറ്റാന്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ പരിശോധനയ്ക്കുശേഷമേ മൃതദേഹം മറവുചെയ്യൂവെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ, ഗദ്ദാഫിയുടെ മരണം എങ്ങനെയാണെന്നതു സംബന്ധിച്ച നിഗൂഢതയും തുടരുകയാണ്. ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഗദ്ദാഫിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൊല്ലപ്പെട്ടെന്നാണ് ഇടക്കാല പ്രധാനമന്ത്രി അറിയിച്ചത്. എന്നാല്‍ , നിയമത്തിനുമുന്നില്‍ ഹാജരാക്കുന്നതിനു പകരം ഗദ്ദാഫിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പുറത്തുവന്ന മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഗദ്ദാഫിയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭാ മാനുഷ്യാവകാശവിഭാഗം വ്യക്തമാക്കി.
ഗദ്ദാഫിവധം നിഷ്ഠുരമായ നടപടി: ഷാവെസ്
കരാക്കസ്: ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയെ വധിച്ചതിനെ നിഷ്ഠുരനടപടിയായി വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവെസ് വിശേഷിപ്പിച്ചു. ലോകം കീഴടക്കാനുള്ള സാമ്രാജ്യത്വത്തിന്റെയും കൂട്ടാളികളുടെയും വ്യഗ്രതയാണ് ദാരുണമായ ഈ കൊലപാതകത്തിന് കാരണം. മഹാനായ പോരാളിയായ ഗദ്ദാഫി രക്തസാക്ഷിയായി മാറിയിരിക്കുകയാണെന്നും ഷാവെസ് പറഞ്ഞു. അര്‍ബുദരോഗ ചികിത്സയ്ക്കുശേഷം ക്യൂബയില്‍നിന്ന് മടങ്ങിയെത്തിയ ഷാവെസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ചികിത്സ ഫലപ്രദമായെന്നും താന്‍ പൂര്‍ണ രോഗവിമുക്തി നേടിയെന്നും ഷാവെസ് അറിയിച്ചു.
കണ്ണ് എണ്ണയില്‍ തന്നെ
ട്രിപോളി: പെട്രോളിയം ശേഖരത്തില്‍ കണ്ണുവച്ചുതന്നെയാണ് അമേരിക്ക ലിബിയയില്‍ അങ്കത്തിനിറങ്ങിയത്. ആഫ്രിക്കന്‍ വന്‍കരയുടെ വടക്കേഭാഗത്തുള്ള "ഗ്രേറ്റ് സോഷ്യലിസ്റ്റ് പീപ്പിള്‍സ് ലിബിയന്‍ അറബ് ജമഹിരിയ" 17.6 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള രാജ്യമാണ്്. 95 ശതമാനം പ്രദേശവും പൂര്‍ണമായോ ഭാഗികമായോ മരുഭൂമിയായ രാജ്യം എണ്ണയും പ്രകൃതിവാതകവുംകൊണ്ടു സമ്പന്നമാണ്. 4,300 കോടി ബാരല്‍ എണ്ണയാണ് ലിബിയയുടെ ശേഖരത്തില്‍ കണക്കാക്കുന്നത്. ഈ എണ്ണസമ്പത്തുതന്നെയാണ് ലിബിയയുടെ സാമ്പത്തികാടിത്തറ. കയറ്റുമതി വരുമാനത്തിന്റെ 95 ശതമാനവും എണ്ണയില്‍ നിന്നാണ്. 1.48 ലക്ഷം കോടി ക്യുബിക് മീറ്റര്‍ പ്രകൃതിവാതകശേഖരവും ലിബിയക്കുണ്ട്. ഇവയില്‍ നിന്നുള്ള വരുമാനത്തിലൂടെ ചികിത്സയും വിദ്യാഭ്യാസവും ഗദ്ദാഫി സൗജന്യമാക്കിയിരുന്നു.
deshabhimani 221011
ഇറാഖിനു പിന്നാലെ ലിബിയയിലും യുദ്ധത്തിലൂടെ ഭരണ അട്ടിമറി നടത്തിയ അമേരിക്കയുടെ അടുത്ത അടിയന്തര ലക്ഷ്യങ്ങള്‍ സിറിയയും ഇറാനും. സിറിയയില്‍ ലിബിയയിലെ പോലെ കലാപകാരികളെ കുത്തിയിളക്കിയാണ് അട്ടിമറിക്ക് കളമൊരുക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ഇറാനെതിരെ ഗുരുതരമായ ആരോപണമുയര്‍ത്തിയാണ് നീക്കം. അമേരിക്കയിലെ സൗദി അറേബ്യന്‍ സ്ഥാനപതി ആദില്‍ അല്‍ ജൂബൈറിനെ അമേരിക്കയില്‍വച്ച് വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടു എന്നാണ് ആരോപിച്ചിരിക്കുന്നത്. ക്യൂബ, വെനസ്വേല, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയുടെ അജന്‍ഡയിലുണ്ടെങ്കിലും അവയ്ക്കെതിരെ ഉടന്‍ നടപടിക്ക് നീക്കമില്ല.
ReplyDelete