Friday, October 21, 2011

ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ഉയര്‍ത്തുക

അതിവേഗം ബഹുദൂരം കേരളത്തെ നയിക്കുമെന്ന് പറഞ്ഞ് അധികാരത്തിലിരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റില്‍പറത്തി ജനദ്രോഹ നടപടികള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിന്റെ അവസാന ഉദാഹരണമാണ് നിയമസഭയില്‍നിന്ന് രണ്ട് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടി. ജനകീയ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ഇടപെടലും നിയമസഭയില്‍ അംഗീകരിക്കില്ല എന്നതിന്റെ പ്രതിഫലനംകൂടിയായിരുന്നു അത്. മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം ലഭിച്ച തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്ന് സ്വമേധയാ പഠനം നിര്‍ത്തി പുന്നപ്രയിലെ സ്വാശ്രയ കോളേജില്‍ മറ്റൊരു കോഴ്സിന് ചേര്‍ന്ന നിര്‍മല്‍ മാധവിനെ ചട്ടങ്ങള്‍ മറികടന്ന് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ മെറിറ്റ് സീറ്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കോളേജിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രക്ഷോഭരംഗത്തിറങ്ങി. ഈ പ്രക്ഷോഭത്തിന് ആധാരമായ മുദ്രാവാക്യങ്ങള്‍ ശരിയായിരുന്നുവെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിതന്നെ വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ സമരം ന്യായമായിരുന്നുവെന്നതിന്റെ തെളിവായിരുന്നുവല്ലോ ഇത്. നിര്‍മല്‍ മാധവിനെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ ഉത്തരവാദിത്തവുമേറ്റെടുത്ത മുഖ്യമന്ത്രി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പക്ഷേ തയ്യാറായില്ല. ന്യായമായ ആവശ്യമുന്നയിച്ച് സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെപ്പുണ്ടായി. തോക്കുമായി ഭ്രാന്ത് പിടിച്ചപോലെ ഓടിനടന്ന എസിപി രാധാകൃഷ്ണപിള്ള കുട്ടികള്‍ക്കു നേരെ നിറയൊഴിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ കേരളമാകെ കണ്ടതാണ്. വെടിവയ്ക്കുന്നതിനുള്ള എല്ലാ ചട്ടങ്ങളെയും മറികടന്നുകൊണ്ടാണ് രാധാകൃഷ്ണപിള്ള നിറയൊഴിച്ചത്. എസിപിയെ സസ്പെന്‍ഡ് ചെയ്യാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍നടപടി തനി ധിക്കാരമല്ലാതെ മറ്റെന്തായിട്ടാണ് കണക്കാക്കേണ്ടത്. വെടിവയ്പിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉപക്ഷേപം കൊണ്ടുവന്നു. എന്നാല്‍ , അത് ഗൗരവത്തിലെടുക്കാനോ വ്യക്തമായ മറുപടി നല്‍കാനോ മുഖ്യമന്ത്രി തയ്യാറായില്ല. ന്യായമായ ആവശ്യം പരിഗണിക്കാതെ സഭാനടപടികളുമായി മുന്നോട്ടുപോയ സ്പീക്കറുടെ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് ഉള്‍പ്പെടെ കൈയേറ്റംചെയ്യുന്ന സ്ഥിതിയുണ്ടായി. ഇക്കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതിനും പ്രതിഷേധത്തില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിനുമായി വനിത വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചുവെന്നും അപമാനിച്ചുവെന്നും പരാതി ഉന്നയിച്ച് യുഡിഎഫ് രംഗത്തിറങ്ങി. തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്ന് ആദ്യം പറഞ്ഞ ഈ വനിത പിന്നീട് യുഡിഎഫിന്റെ സമ്മര്‍ദത്തിന് വഴങ്ങി പുതിയ കഥകളും അഭിനയവും ആരംഭിച്ചു.

പഴയ നാടകനടികൂടിയായ ഇവര്‍ക്ക് ഇത്തരത്തിലൊരു ഭാവപ്പകര്‍ച്ച എളുപ്പമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നിയമസഭയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വനിത വാച്ച് ആന്‍ഡ് വാര്‍ഡിനു നേരെ കൈയേറ്റം ഉണ്ടായില്ല എന്ന് വ്യക്തമായി. എന്നിട്ടും കള്ളപ്രചാരണങ്ങള്‍ തുടരുകയായിരുന്നു യുഡിഎഫ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമസഭാ അംഗത്വംപോലും ഉപേക്ഷിക്കാമെന്ന് രണ്ട് പ്രതിപക്ഷ അംഗങ്ങള്‍ വെല്ലുവിളിച്ചു. ഭരണപക്ഷമാകട്ടെ ഉന്നയിച്ച ആരോപണം തെറ്റാണെങ്കില്‍ അവര്‍ രാജിവയ്ക്കണമെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായതുമില്ല. കള്ളം പറയുന്നവര്‍ക്ക് അറിയാമായിരുന്നുവല്ലോ നിജസ്ഥിതി. ഒക്ടോബര്‍ 17ന് സ്പീക്കറുമായി കക്ഷിനേതാക്കള്‍ ചര്‍ച്ച നടത്തി ഒരു ധാരണയില്‍ എത്തിച്ചേര്‍ന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. തുടര്‍ന്ന് ഈ പ്രശ്നത്തെ സംബന്ധിച്ച റൂളിങ് സഭയില്‍ ഉണ്ടായി. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നും ചെയ്തില്ലെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചു. സംഭവങ്ങളില്‍ ടി വി രാജേഷും ജെയിംസ് മാത്യുവും ഖേദം പ്രകടിപ്പിച്ചുവെന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ തെറ്റായ ഈ പരാമര്‍ശം അംഗങ്ങള്‍ സ്പീക്കറുടെ ശ്രദ്ധയില്‍പെടുത്തി. സ്പീക്കര്‍ റൂളിങ് തുടരുകയും മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിക്കുകയുംചെയ്തു. തുടര്‍ന്നാണ് രണ്ട് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാനുള്ള മുന്‍കൂട്ടി തയ്യാറാക്കിയ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചതും എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ച് പാസാക്കുകയും ചെയ്തത്. രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷമുള്ള യുഡിഎഫ് നില ഭദ്രമാക്കുന്നതിനായി ഉണ്ടാക്കിയ നാടകങ്ങളായിരുന്നു ഇതെല്ലാം. നേരത്തെ ഉണ്ടാക്കിയ സമവായത്തിന് എതിരായാണ് സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചതെന്ന ശക്തമായ അഭിപ്രായം ഉയര്‍ന്നപ്പോള്‍ 17ന് സ്പീക്കര്‍ പറഞ്ഞതിലെ തെറ്റ് ചൂണ്ടിക്കാണിച്ചതിനാണ് നടപടിയെടുത്തത് എന്നായി ഭരണപക്ഷത്തിന്റെ വാദം. പിന്നെന്തുകൊണ്ടാണ് പ്രമേയം നേരത്തെ തയ്യാറാക്കിയത് എന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല. 17നുണ്ടായ സംഭവത്തിനാണ് സസ്പെന്‍ഷനെങ്കില്‍ അതെന്തുകൊണ്ട് പ്രമേയത്തില്‍ പറഞ്ഞില്ല എന്നതിനും ഉത്തരമില്ല. 14ന് നടന്ന സംഭവത്തെക്കുറിച്ചാണ് സ്പീക്കര്‍ സംസാരിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയോട് അഭിപ്രായം ചോദിച്ചത് എന്നിരിക്കെ 17ലെ സംഭവത്തിനാണ് സസ്പെന്‍ഷന്‍ എന്നുപറഞ്ഞാല്‍ ആര്‍ക്കാണ് വിശ്വസിക്കാന്‍ കഴിയുക. സ്പീക്കര്‍ പറഞ്ഞ കാര്യത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ചത് എങ്ങനെ സസ്പെന്‍ഷന് ഇടയാകുന്ന സംഭവമായിത്തീരും എന്നതിനും മറുപടിയില്ല.

17ന് തന്നെയാണ് സഭയുടെ എല്ലാ ചട്ടങ്ങളെയും മറികടന്ന് മന്ത്രി കെ പി മോഹനന്‍ പ്രതിപക്ഷ അംഗങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കാല് മേശപ്പുറത്ത് ഉയര്‍ത്തി ആഭാസച്ചുവട് വച്ചത്. അദ്ദേഹത്തിനെതിരെ എന്തുകൊണ്ട് നടപടി ഉണ്ടായില്ല എന്നതിനും വ്യക്തമായ മറുപടി നല്‍കിയില്ല. പ്രമേയം അവതരിപ്പിച്ചപ്പോള്‍ പാലിക്കേണ്ട നടപടികളൊന്നും മുഖ്യമന്ത്രി പാലിച്ചില്ല. ഇങ്ങനെ പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളെയും അട്ടിമറിക്കുന്നതിനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. സ്പീക്കര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അരുനില്‍ക്കാതിരിക്കുക എന്നതും പ്രധാനമാണ്. സ്പീക്കറുടെ ഓഫീസില്‍നിന്ന് രണ്ട് പ്രതിപക്ഷ എംഎല്‍എമാരെ അയോഗ്യരാക്കണം എന്ന് പറഞ്ഞ് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഫാക്സ് സന്ദേശം മാധ്യമങ്ങള്‍ക്ക് കൊടുക്കുകയുണ്ടായി. സ്പീക്കറുടെ ഓഫീസ് കോണ്‍ഗ്രസ് ഓഫീസായി മാറ്റുന്ന നില ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയ്ക്ക് പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയിലാണ് "ചികിത്സ". തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധചികിത്സ ഉണ്ടെന്നിരിക്കെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുതന്നെ ശരിയായ നടപടിയല്ല. പിള്ള നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യവും പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഉള്‍പ്പെടെ ഫോണില്‍ വിളിച്ചിട്ടുണ്ട് എന്ന കാര്യം അവര്‍ക്കുതന്നെ അംഗീകരിക്കേണ്ടി വന്നു.

തടവുശിക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ ലഭിക്കാമായിരുന്ന വന്‍ശിക്ഷ ഒഴിവാക്കി നാല് ദിവസത്തെ കൂടുതല്‍ ശിക്ഷമാത്രമാണ് പിള്ളയ്ക്ക് നല്‍കിയത്. മലയാളിയുടെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ബാലകൃഷ്ണപിള്ള മാനേജരായുള്ള വാളകത്തെ സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സംഭവം. അദ്ദേഹം അതിനീചമായ രീതിയില്‍ ആക്രമിക്കപ്പെട്ടുവെന്ന് പൊലീസും ഡോക്ടര്‍മാരുമാണ് വെളിപ്പെടുത്തിയത്. എന്നാല്‍ , പിന്നീട് ഇത് അട്ടിമറിക്കപ്പെടുന്ന രീതിയിലെത്തി കാര്യങ്ങള്‍ . സംഭവത്തെ അപകടം എന്ന നിലയില്‍ ചിത്രീകരിച്ച് സംശയത്തിന്റെ നിഴലിലായ ബാലകൃഷ്ണപിള്ളയെ ഉള്‍പ്പെടെ രക്ഷപ്പെടുത്തുന്നതിനും അധ്യാപകന്റെ കുടുംബത്തെ താറടിക്കുന്നതിനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. തൃശൂരില്‍ ആദിവാസി സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ മാരകമായി മര്‍ദിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

വിദ്യാര്‍ഥി-യുവജന സമരത്തെ എല്ലാ ജനാധിപത്യമര്യാദകളും ലംഘിച്ച് അടിച്ചൊതുക്കുന്ന പൊലീസിന് ഗുണ്ടകളെയും പെണ്‍വാണിഭക്കാരെയും പിടിച്ചുപറിക്കാരെയും കാണുമ്പോള്‍ മുട്ടുവിറയ്ക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ ഗൂഢാലോചനയുടെ ഫലമാണ് കൂത്തുപറമ്പ് വെടിവയ്പെന്ന് വെളിപ്പെടുത്തിയത് കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണനാണ്. നാല്‍പ്പാടി വാസുവിന്റെ കൊലപാതകം തൊട്ട് ഇ പി ജയരാജനെ വെടിവച്ച് കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കാര്യത്തിലുള്‍പ്പെടെ സുധാകരന്റെ പങ്ക് പകല്‍പോലെ വ്യക്തമായതാണ്. ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് കൂത്തുപറമ്പ്വെടിവയ്പിലെ ഗൂഢാലോചനയും നടക്കുന്നത്. അതുകൊണ്ടു തന്നെ ഈ സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്തണം. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നു പറഞ്ഞതുപോലെയാണ് കെ സുധാകരന്റെ ഗണ്‍മാന്റെ കാര്യം. ബസില്‍ പോക്കറ്റടിച്ചു എന്ന് പറഞ്ഞുകൊണ്ട് പാലക്കാട് പെരുവമ്പ് തങ്കയം വീട്ടില്‍ രഘുവിനെ സുധാകരന്റെ ഗണ്‍മാന്‍ സതീഷും മൂവാറ്റുപുഴ സ്വദേശി സന്തോഷും ചേര്‍ന്ന് തല്ലിക്കൊന്നു. കേരളത്തില്‍ ഇന്നുവരെ കേട്ടുകേള്‍വിയില്ലാത്ത കാട്ടുനീതിയാണ് സുധാകരന്റെ ഗണ്‍മാന്‍ നടത്തിയത്. ഈ കൊലപാതകത്തിന് ജനങ്ങള്‍ സാക്ഷിയാണ്. മനഃസാക്ഷി അല്‍പ്പമെങ്കിലും അവശേഷിക്കുന്നവരെല്ലാം ഈ സംഭവത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. എന്നാല്‍ , കുറ്റവാളിയായ തന്റെ ഗണ്‍മാനെ സംരക്ഷിക്കുന്ന നിലപാടുമായാണ് സുധാകരന്‍ രംഗപ്രവേശം ചെയ്തത്. മനുഷ്യസ്നേഹത്തിന്റെ ഒരു അംശം പോലും സുധാകരനില്‍ ശേഷിക്കുന്നില്ലെന്ന് തെളിയിച്ച സംഭവമായിരുന്നു ഇത്.

വികസന പ്രവര്‍ത്തനങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച ആറായിരത്തോളം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അട്ടിമറിച്ചത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഭാഗമായി പകര്‍ച്ചവ്യാധി വ്യാപകമാകുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ മരിക്കുകയും ചെയ്തു. മദ്യപാനികളാണ് പനിബാധിച്ച് മരിച്ചതെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം കേരള ജനതയെ അപമാനിക്കലാണ്. കേരളത്തിലെ ആശുപത്രികളില്‍ മരുന്നും ഡോക്ടര്‍മാരുമില്ലാത്ത നിലയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണംതന്നെ തകര്‍ക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു. അധ്യാപക സംരക്ഷണം എന്ന പേരില്‍ സ്വകാര്യമാനേജ്മെന്റുകള്‍ക്ക് ലക്ഷങ്ങള്‍ കോഴ വാങ്ങാനുള്ള അവസരമൊരുക്കി. മലയാളം ഒന്നാം ഭാഷയാക്കാനുള്ള നടപടികള്‍ അതിന് ആവശ്യമായ പീരിയഡ് അനുവദിക്കാതെ ഏടില്‍ത്തന്നെ കിടക്കുകയാണ്. പ്ലാച്ചിമടയിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. അത് നിലവില്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മതമാവശ്യമായിരുന്നു. എന്നാല്‍ , ഇതുവരെ അത് ലഭിച്ചിട്ടില്ല. കോര്‍പറേറ്റ് കമ്പനികളുടെ താല്‍പ്പര്യത്തിനു വേണ്ടി ജനകീയ താല്‍പ്പര്യങ്ങളെ ബലികഴിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിലും കേന്ദ്രസര്‍ക്കാര്‍ ജനപക്ഷത്തല്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരായി സംസാരിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെയോ കോണ്‍ഗ്രസിന്റെയോ നയം എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്കെതിരല്ലെന്ന് സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ സ്വീകരിച്ച നിലപാട് തെളിയിച്ചു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങളെ സഹായിക്കുന്ന നിലപാട് കേന്ദ്രം സ്വീകരിക്കുന്നില്ല. റെയില്‍വേ മേഖലയിലെ വികസനത്തിനായി സോണ്‍ വേണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.

അടിസ്ഥാന സൗകര്യവികസനത്തെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നില്ല. മലബാര്‍ മേഖലയിലെ റെയില്‍വേ വികസനത്തെ സഹായിക്കുന്ന സ്ഥാപനങ്ങള്‍ പോലും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളം സ്വകാര്യ ബാങ്കുകളിലൂടെ നല്‍കുന്നതിനുള്ള തീരുമാനം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്തിരിക്കുന്നു. ഇത് സംസ്ഥാനത്തെ ട്രഷറി സംവിധാനത്തെതന്നെ അട്ടിമറിക്കുന്നതിലേക്കാണ് നയിക്കുക. അഴിമതി നടത്തുകയാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും വ്യക്തമാണ്. എല്‍ഡിഎഫ് ഭരണകാലത്ത് പവര്‍കട്ടും ലോഡ്ഷെഡിങ്ങുമില്ലായിരുന്നു. എന്നാല്‍ , യുഡിഎഫ് ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ കേരളം ഇരുട്ടിലേക്ക് നീങ്ങുന്ന നില വന്നിരിക്കുന്നു. പാല്‍ വിലയും വെള്ളക്കരവും കൂട്ടി. വൈദ്യുതി, ബസ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചു. ഇത്തരത്തില്‍ സമസ്ത മേഖലയിലും ദുരിതം വിതച്ച് മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ ജനകീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സഭയ്ക്ക് അകത്തും പുറത്തും എല്‍ഡിഎഫ് നടത്തുന്ന പോരാട്ടങ്ങള്‍ക്ക് മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.

വൈക്കം വിശ്വന്‍ deshabhimani 211011

1 comment:

  1. അതിവേഗം ബഹുദൂരം കേരളത്തെ നയിക്കുമെന്ന് പറഞ്ഞ് അധികാരത്തിലിരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റില്‍പറത്തി ജനദ്രോഹ നടപടികള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിന്റെ അവസാന ഉദാഹരണമാണ് നിയമസഭയില്‍നിന്ന് രണ്ട് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടി. ജനകീയ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ഇടപെടലും നിയമസഭയില്‍ അംഗീകരിക്കില്ല എന്നതിന്റെ പ്രതിഫലനംകൂടിയായിരുന്നു അത്.

    ReplyDelete