Friday, October 21, 2011

കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈയൊഴിയുന്നു

അഴിമതിയും വിലക്കയറ്റവും തടയാനാകാത്ത കോണ്‍ഗ്രസിനെതിരെ ജനങ്ങള്‍ വിധിയെഴുത്ത് ആരംഭിച്ചെന്ന് നാല് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഹരിയാനയിലെ ഹിസാറിലും ആന്ധ്രപ്രദേശ്, ബിഹാര്‍ , മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിയമസഭയിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിധിയെഴുത്താണുണ്ടായത്.

ജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റമാണ് രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ ജനങ്ങള്‍ തിരിഞ്ഞതിന് പ്രധാനകാരണം. 2ജി, 3ജി, കൃഷ്ണ ഗോദാവരി വാതകഖനനം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി ഒന്നിനുപുറകെ ഒന്നായി വരുന്ന അഴിമതികളും കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. അണ്ണ ഹസാരെ പ്രസ്ഥാനത്തിന്റെ പ്രചാരണമാണ് ഈ കോണ്‍ഗ്രസ് വിരുദ്ധതയ്ക്ക് കാരണമെന്നതിന് ഉപതെരഞ്ഞെടുപ്പ് ഫലം ശക്തമായ സൂചനകളൊന്നും നല്‍കുന്നുമില്ല. ഹിസാറില്‍ കോണ്‍ഗ്രസ്് പലവട്ടം പരാജയപ്പെട്ടിട്ടുണ്ടെങ്കിലും കെട്ടിവച്ച കാശ് പോകുന്നത് ഇതാദ്യമാണ്. ഭജന്‍ലാലിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനും ജനഹിത കോണ്‍ഗ്രസ് അധ്യക്ഷനുമായ കുല്‍ദീപ് ബിഷ്ണോയിയും എതിരാളി ഐഎന്‍എല്‍ഡി നേതാവ് ഓംപ്രകാശ് ചൗതാലയുടെ മകന്‍ അജയ്സിങ് ചൗതാലയും നല്ല മുന്നേറ്റമാണുണ്ടാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ യഥാക്രമം 8.8 ശതമാനവും 8.9 ശതമാനവും വോട്ട് ഇവര്‍ വര്‍ധിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന് 8.4 ശതമാനം വോട്ട് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചൗതാലയുടെ സ്ഥാനാര്‍ഥിയായിരുന്ന സമ്പത്ത്സിങ് കോണ്‍ഗ്രസില്‍ വന്നശേഷമാണ് ഈ തോല്‍വിയെന്നത് പരാജയത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. ജാട്ട് മുഖ്യമന്ത്രി ഹൂഡ രണ്ടാഴ്ച പ്രചാരണം നടത്തിയിട്ടും ജാട്ട് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടും കോണ്‍ഗ്രസിന് രക്ഷയുണ്ടായില്ല. ബിഷ്ണോയിയാകട്ടെ ജാട്ട് വിരുദ്ധ വോട്ടുകള്‍ നേടുന്നതില്‍ വിജയിച്ചു. ബിജെപിയുമായുള്ള സഖ്യം സവര്‍ണവോട്ടുകള്‍ നേടാനും സഹായിച്ചു.

ബിഹാറിലെ ദരൗണ്ടയില്‍ നതീഷ്കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡി യുവിന്റെ സ്ഥാനാര്‍ഥി 44.3 ശതമാനത്തില്‍നിന്ന് 51 ശതമാനമായി വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 4.2 ശതമാനം വോട്ട് മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 7.6 ശതമാനം വോട്ട് ലഭിച്ചിരുന്നു. 3.4 ശതമാനം വോട്ട് കുറഞ്ഞ് ഇവിടെയും കെട്ടിവച്ച കാശ് പോയി.ലാലുപ്രസാദിന്റെ ആര്‍ജെഡി പോലും 16 ശതമാനത്തില്‍നിന്ന് 31 ആയി വോട്ട് വര്‍ധിപ്പിച്ചപ്പോഴാണ് കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം.മഹാരാഷ്ട്രയിലെ ഖാദക്വാസ്ല മണ്ഡലത്തിലും ആന്ധ്രയിലെ ബന്‍സ്വാഡയിലും കോണ്‍ഗ്രസ് തോറ്റു.

deshabhimani 211011

2 comments:

  1. അഴിമതിയും വിലക്കയറ്റവും തടയാനാകാത്ത കോണ്‍ഗ്രസിനെതിരെ ജനങ്ങള്‍ വിധിയെഴുത്ത് ആരംഭിച്ചെന്ന് നാല് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഹരിയാനയിലെ ഹിസാറിലും ആന്ധ്രപ്രദേശ്, ബിഹാര്‍ , മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിയമസഭയിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിധിയെഴുത്താണുണ്ടായത്.

    ReplyDelete
  2. http://itsmyblogspace.blogspot.com/2011/10/blog-post_21.html

    ReplyDelete