Wednesday, October 5, 2011

ആന്ധ്രപ്രദേശ് നിശ്ചലാവസ്ഥയില്‍ കോണ്‍ഗ്രസ് നേതൃത്വം ഉറക്കത്തില്‍

 സെപ്തംബര്‍ അവസാനത്തോടുകൂടി തെലങ്കാനാ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടും കേന്ദ്ര ഗവണ്‍മെന്‍റും പറഞ്ഞിരുന്നത്. സംസ്ഥാനത്തിനുപറ്റിയ ഒരു ഫോര്‍മുല കണ്ടെത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട്, ആന്ധ്രപ്രദേശിെന്‍റ ചാര്‍ജ്ജുള്ള ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിനെ ഏല്‍പിച്ചിരുന്നതുമാണ്. എന്നാല്‍ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുങ്ങിക്കിടക്കുന്ന കേന്ദ്ര നേതൃത്വത്തിന് തെലങ്കാനാ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമയമോ കഴിവോ ദീര്‍ഘവീക്ഷണമോ വ്യക്തമായ നയമോ ഒന്നുമില്ല എന്നതാണ് വസ്തുത. തെലങ്കാന എന്ന പ്രത്യേക സംസ്ഥാനത്തിന് അനുകൂലമാണോ കോണ്‍ഗ്രസ്, അതോ ഐക്യ ആന്ധ്രപ്രദേശ് എന്ന ആശയമാണോ അവര്‍ക്കുള്ളത് എന്ന ഏറ്റവും ലളിതമായ ചോദ്യത്തിനുപോലും വ്യക്തമായ ഉത്തരം കോണ്‍ഗ്രസ് നേതൃത്വത്തിനും കേന്ദ്ര ഗവണ്‍മെന്‍റിനും ഇല്ല. അതുകൊണ്ടുതന്നെയാണ്, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നില്‍ രണ്ടു കൊല്ലത്തോളമായി ഭരണം സ്തംഭിച്ചിട്ടും, അതിന്റെ തലസ്ഥാനം സ്ഥിതി ചെയ്യുന്ന തെലങ്കാനാ മേഖലയിലെ പത്തു ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഭരണം എന്നൊന്നില്ലാതായിട്ടും, കേന്ദ്ര ഗവണ്‍മെന്‍റും കോണ്‍ഗ്രസ് ഹൈക്കമാണ്ടും ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ ഇരുട്ടില്‍ത്തപ്പുന്നത്.
  
    യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ആണ് തെലങ്കാനാപ്രശ്നം ഇത്രത്തോളം വഷളാക്കിയതും ഇപ്പോഴും കൂടുതല്‍ കൂടുതല്‍ വഷളാക്കിക്കൊണ്ടിരിക്കുന്നതും. സെപ്തംബര്‍ 13 തൊട്ട് തെലങ്കാനാമേഖലയിലെ പത്തു ജില്ലകളില്‍ സര്‍ക്കാര്‍ ഭരണം എന്നൊന്നില്ല. ജനജീവിതം സ്തംഭിച്ചിരിക്കുന്നു. സംയുക്ത സമരസമിതിയുടെ ആഹ്വാനം അനുസരിച്ചുള്ള പൊതുപണിമുടക്കില്‍ ഗവണ്‍മെന്‍റ് ജീവനക്കാരും റോഡ് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരും ഖനിത്തൊഴിലാളികളും പെട്രോള്‍ ബങ്ക് ജീവനക്കാരും എല്ലാം ഇറങ്ങാന്‍ നിര്‍ബന്ധിതരായതോടെ ആ മേഖലയാകെ നിശ്ചലമായിരിക്കുന്നു. രണ്ടുദിവസം തുടര്‍ച്ചയായി നടന്ന തീവണ്ടി തടയല്‍ സമരത്തെ ഭയന്ന് ആ മേഖലയില്‍നിന്ന് പുറപ്പെടുന്നതും ആ വഴിയ്ക്ക് ഓടുന്നതുമായ 41 എക്സ്പ്രസ്സുകള്‍ റദ്ദാക്കുകയും 28 എണ്ണം വഴിതിരിച്ചുവിടുകയും 43 എണ്ണം ഭാഗികമായി റദ്ദാക്കുകയും 222 ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തതോടെ, ആ മേഖലയിലെ ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ സ്തംഭിച്ചു. സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളും അടഞ്ഞുകിടക്കുന്നു.
  
    സിംഗറേണിയിലെ കല്‍ക്കരി ഖനിത്തൊഴിലാളികളും കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രാമഗുണ്ടത്തെ എന്‍ടിപിസിയുടെ താപവൈദ്യുതനിലയത്തിലെ ജീവനക്കാരും സമരത്തിലായതിനാല്‍ വൈദ്യുതി ഉല്‍പാദനവും കുറഞ്ഞു. തലസ്ഥാനനഗരിയിലടക്കം വിവിധ മേഖലകളില്‍ ലോഡ്ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തേണ്ടിവന്നു. തെലങ്കാനാ മേഖലയില്‍ സെപ്തംബര്‍ 13ന് ആരംഭിച്ച പൊതുപണിമുടക്ക് സര്‍വമേഖലകളേയും താറുമാറാക്കിയിരിക്കുന്നു. പൂജാരിമാര്‍ ശ്രീകോവിലുകള്‍ പൂട്ടി പണിമുടക്കിയിരിക്കുന്നുവെന്ന് പറഞ്ഞാല്‍ , സമരത്തിന്റെ സ്വാധീനം എത്രമാത്രം വ്യാപകവും അഗാധവുമാണെന്ന് ഊഹിയ്ക്കാമല്ലോ. സംസ്ഥാനത്തെ വിഭജിയ്ക്കണമോ അതോ ഏകീകൃത സംസ്ഥാനമായി തുടര്‍ന്നും നിലനില്‍ക്കണമോ എന്ന വിവാദമായ വിഷയത്തില്‍ ഇപ്പോഴും ഒരു തീരുമാനമെടുക്കാതെ ഉരുണ്ടുകളിയ്ക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടും കേന്ദ്ര കോണ്‍ഗ്രസ്സും. തെലങ്കാനാ പ്രശ്നത്തില്‍ ഈ മേഖലയില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും (കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡി ഒഴിച്ച്) മുഴുവനും രാജിവെച്ചിട്ടും, ആ രാജി കാര്യത്തില്‍പോലും ഒരു തീരുമാനം കൈക്കൊള്ളാത്ത കോണ്‍ഗ്രസ് ഹൈക്കമാണ്ട്, തങ്ങളുടെ എംഎല്‍എമാരേയും എംപിമാരേയും ത്രിശങ്കു സ്വര്‍ഗത്തില്‍ കെട്ടിത്തൂക്കിനിര്‍ത്തി പരിഹാസപാത്രമാക്കുകയാണ്.
   
    സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ കോണ്‍ഗ്രസുകാരുടെ കണ്ണില്‍ അവര്‍ , പാര്‍ടി അച്ചടക്കം പാലിയ്ക്കാത്ത വിരുദ്ധന്മാരും തെലങ്കാനാവാദികളുടെ കണ്ണില്‍ അവര്‍ നട്ടെല്ലില്ലാത്ത ജനവഞ്ചകരും ആണ്. രണ്ട് ഭാഗത്തും സ്വീകാര്യത നഷ്ടപ്പെട്ട നീലക്കുറുക്കന്മാര്‍! പ്രത്യേക തെലങ്കാനാ പ്രശ്നം ഏറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെങ്കിലും പ്രായേണ ശാന്തമായിക്കിടന്നിരുന്ന ഒരവസരത്തിലാണ് പ്രത്യേക സംസ്ഥാനം രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം 2009 ഡിസംബര്‍ 9ന് പെട്ടെന്ന് ലോകസഭയില്‍ പ്രഖ്യാപിച്ചത്. കൂടിയാലോചനകളോ വീണ്ടുവിചാരമോ ദീര്‍ഘവീക്ഷണമോ ഒന്നുമില്ലാതെ നടത്തിയ ഈ പ്രഖ്യാപനമാണ്, ഭൂതത്തെ കുടത്തില്‍നിന്ന് തുറന്നുവിട്ടത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം തെന്‍റ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തു. അതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. പ്രത്യേക തെലങ്കാനാ സംസ്ഥാനത്തിനുവേണ്ടിയുള്ള സമരം വീണ്ടും രൂക്ഷമായി. സമരം തണുപ്പിക്കുന്നതിനായി സര്‍ക്കാര്‍ ശ്രീകൃഷ്ണ കമ്മീഷനെ നിയമിച്ചു. ആ കമ്മീഷെന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ട് എട്ടു മാസത്തിലേറെയായി. കമ്മീഷെന്‍റ ആറ് നിര്‍ദേശങ്ങളില്‍ ഏതാണ് സ്വീകാര്യം എന്ന് കേന്ദ്ര ഗവണ്‍മെന്‍റ് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് സമവായം വേണമെന്നുപറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു. അവിടെയും വ്യക്തമായ ഒരു നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചില്ല. സമവായം ഉണ്ടായതുമില്ല. തുടര്‍ന്നാണ് തെലങ്കാനാസമരം കൂടുതല്‍ ശക്തിപ്പെട്ടതും ആ മേഖലയില്‍നിന്നുള്ള എംഎല്‍എമാരെക്കൊണ്ടും എംപിമാരെക്കൊണ്ടും തെലങ്കാനാ സംയുക്ത സമരസമിതിക്കാര്‍ രാജിവെപ്പിച്ചതും. ഐക്യ ആന്ധ്രപ്രദേശ് എന്ന സങ്കല്‍പനത്തില്‍ തത്വത്തില്‍ ഉറച്ചുനില്‍ക്കുന്ന സിപിഐ എമ്മിന് ആ മേഖലയില്‍ ഒരേയൊരു എംഎല്‍എ മാത്രമേ ഉള്ളൂ. അദ്ദേഹം രാജിവെച്ചിട്ടില്ല. പ്രത്യേക തെലങ്കാന രൂപീകരണം എന്ന പ്രശ്നത്തില്‍ സിപിഐ എം ഒഴിച്ച് ആന്ധ്രപ്രദേശിലെ മറ്റ് രാഷ്ട്രീയ പാര്‍ടികളെല്ലാം രണ്ടു തട്ടിലാണ്. ആ പാര്‍ടികള്‍ ഈ പ്രശ്നത്തില്‍ നെടുകെ പിളര്‍ന്നിരിക്കുന്നുവെന്നുതന്നെ പറയാം. ഉദാഹരണത്തിന് കോണ്‍ഗ്രസിന്റെ തെലങ്കാനാമേഖലയില്‍നിന്നുള്ള നേതാക്കന്മാര്‍ പ്രത്യേക തെലങ്കാനയ്ക്കുവേണ്ടി വാദിയ്ക്കുമ്പോള്‍ , തീരദേശ ആന്ധ്രയില്‍നിന്നുള്ള നേതാക്കന്മാര്‍ ഐക്യ ആന്ധ്രയ്ക്കുവേണ്ടി വാദിക്കുന്നു. സംസ്ഥാനത്തെ മറ്റൊരു പ്രധാന പാര്‍ടിയായ ടിഡിപിയും നെടുകെ പിളര്‍ന്നിരിക്കുന്നു. ഈ കാരണത്താല്‍ മുഖ്യരാഷ്ട്രീയപാര്‍ടികളുടെ സംസ്ഥാന നേതൃത്വങ്ങള്‍ക്കോ കേന്ദ്ര നേതൃത്വങ്ങള്‍ക്കോ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല.
   
    ആന്ധ്രപ്രദേശില്‍ വലിയ ശക്തിയല്ലാത്ത ബിജെപി പറയുന്നത്, തങ്ങള്‍ കേന്ദ്രത്തില്‍ ഭരണത്തിലെത്തിയാല്‍ തെലങ്കാനാ സംസ്ഥാനം രൂപീകരിയ്ക്കും എന്നാണ്. അവര്‍ക്കും പ്രശ്നം അധികാരം തന്നെ. വളരെ ഗുരുതരമായി തുടരുന്ന സംസ്ഥാനത്തിലെ അനിശ്ചിതത്വത്തിന് ഉത്തരവാദി കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ്. പ്രാദേശികാടിസ്ഥാനത്തില്‍ സംസ്ഥാനത്തിലെ ജനങ്ങളെ നെടുകെ പിളര്‍ന്നതിനുശേഷം, അവിടത്തെ തമ്മിലടി കണ്ട് രസിയ്ക്കുകയാണ് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം എന്നു വേണം കരുതാന്‍ . കഴിഞ്ഞ ഏതാനും കൊല്ലക്കാലമായി സംസ്ഥാനത്തിലെ വികസന പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചിരിക്കുന്നു. ഭരണം നിശ്ചലമായിരിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പര്‍വതാകാരം പൂണ്ട് വളരുകയാണ്.
   
    രാസവളങ്ങളും മറ്റും ലഭിയ്ക്കാതെ കൃഷിക്കാര്‍ വിഷമിക്കുന്നു. വൈറല്‍ പനി സംസ്ഥാനത്ത് വ്യാപിച്ചുവരുന്നു. കരാര്‍ ജോലിക്കാര്‍ക്ക് കൂലി കിട്ടാത്തതുകൊണ്ട് അവര്‍ സമരരംഗത്താണ്. അതിലൊന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് വേവലാതിയുണ്ടെന്ന് തോന്നുന്നില്ല. അവര്‍ അതില്‍ ആനന്ദിക്കുന്ന പോലെ തോന്നുന്നു. സെപ്തംബര്‍ 13ന് ആരംഭിച്ച പണിമുടക്ക് സമരം കാരണം തെലങ്കാന മേഖലയാകെ നിശ്ചലമായിരിക്കുന്നു. മറ്റ് ഭാഗങ്ങളിലെയും സ്ഥിതി വഷളായിരിക്കുന്നു. വൈ എസ് രാജശേഖരറെഡ്ഡിക്കുശേഷം വന്ന രണ്ടു മുഖ്യമന്ത്രിമാര്‍ക്കും സംഘടനയേയോ ഭരണ സംവിധാനത്തേയോ ഏകോപിപ്പിക്കുന്നതിനോ ഭരണമെന്ന ഒന്നുണ്ടെന്ന തോന്നലുണ്ടാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. തലയ്ക്കു തീ പിടിച്ച കോണ്‍ഗ്രസ് ഹൈക്കമാണ്ട് ആകട്ടെ, പ്രശ്ന പരിഹാരത്തിനായി യാതൊന്നും ചെയ്യുന്നില്ല. പ്രശ്നത്തില്‍ വ്യക്തമായ ഒരു തീരുമാനം അടിയന്തിരമായി കൈക്കൊള്ളണമെന്ന സിപിഐ എമ്മിെന്‍റ നിരന്തരമായ ആവശ്യം അവഗണിക്കുന്ന കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്ര ഭരണവും, ആന്ധ്രപ്രദേശ് സംസ്ഥാനത്തെ അനിശ്ചിതത്വത്തിലേക്കും അരാജകത്വത്തിലേക്കും തള്ളിവിടുകയാണ് ചെയ്യുന്നത്.

നാരായണന്‍ ചെമ്മലശ്ശേരി ചിന്ത 071011

1 comment:

  1. സെപ്തംബര്‍ അവസാനത്തോടുകൂടി തെലങ്കാനാ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടും കേന്ദ്ര ഗവണ്‍മെന്‍റും പറഞ്ഞിരുന്നത്. സംസ്ഥാനത്തിനുപറ്റിയ ഒരു ഫോര്‍മുല കണ്ടെത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട്, ആന്ധ്രപ്രദേശിെന്‍റ ചാര്‍ജ്ജുള്ള ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിനെ ഏല്‍പിച്ചിരുന്നതുമാണ്. എന്നാല്‍ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുങ്ങിക്കിടക്കുന്ന കേന്ദ്ര നേതൃത്വത്തിന് തെലങ്കാനാ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമയമോ കഴിവോ ദീര്‍ഘവീക്ഷണമോ വ്യക്തമായ നയമോ ഒന്നുമില്ല എന്നതാണ് വസ്തുത.

    ReplyDelete