Wednesday, October 5, 2011

പനിമരണം പെരുകുന്നു; മന്ത്രിക്ക് പഥ്യം മദ്യപാന തത്വശാസ്ത്രം

പനി ബാധിച്ചു മരിച്ചവരില്‍ ചിലര്‍ക്ക് കരള്‍രോഗമുണ്ടായിരുന്നു എന്നതുകൊണ്ട് അവരൊക്കെ മദ്യപാനികളായിരുന്നു എന്ന സംസ്ഥാന ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ പ്രസ്താവന കൗതുകകരമാണ്. മദ്യപാനികള്‍ക്കു മാത്രമേ കരള്‍രോഗമുണ്ടാകൂ എന്ന "വിദഗ്ധ നിഗമന"ത്തില്‍ മന്ത്രി എത്തിച്ചേര്‍ന്നത് എങ്ങനെയെന്ന് വിശദീകരിക്കാനുള്ള ബാധ്യത അദ്ദേഹത്തിനാണ്. ഇത്ര ഗൗരവതരമായ വിഷയത്തില്‍ മന്ത്രിപദവിയിലിരുന്നുകൊണ്ട് അന്തസ്സാരശൂന്യമായ പ്രസ്താവനകള്‍ നടത്താമോ എന്ന് തീരുമാനിക്കേണ്ടതും അദ്ദേഹം തന്നെയാണ്. ഏതായാലും നിരുത്തരവാദപരമായ ഈ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധം നിയമസഭയ്ക്കകത്തുതന്നെ ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയും ഖേദപ്രകടനം നടത്തി തടി ഊരിയിരിക്കുകയാണ്. ഈ ആരോഗ്യമന്ത്രി ഇപ്പോള്‍ മാത്രമല്ല, ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത്.
   
 പനിമരണം തുടങ്ങിയപ്പോള്‍ തന്നെ മന്ത്രി പറഞ്ഞത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കിയതുകൊണ്ടാണ് പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്നതെന്നാണ്. നഗരങ്ങളിലോ നഗരപ്രാന്തങ്ങളിലോ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധിച്ചതുകൊണ്ട് ഗ്രാമങ്ങളിലും കുഗ്രാമങ്ങളിലും പനി പടരുന്നതെങ്ങനെ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും മന്ത്രിക്കുണ്ട്. ആരോഗ്യമില്ലാത്തവരാണ് പനി പിടിച്ചു മരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ അടുത്ത വെളിപാട്. ഇത്തരം വങ്കത്തരങ്ങള്‍ മാലോകരോടു പറയാന്‍ തനിക്ക് ഒരുളുപ്പുമില്ലെന്ന് തുടക്കത്തിലേ തെളിയിച്ചയാളാണ് അടൂര്‍ പ്രകാശ്. മന്ത്രിസ്ഥാനം ഏറ്റെടുത്ത് ഒരു മാസം പോലും തികയുന്നതിനു മുമ്പു തന്നെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ നിര്‍ത്തിവച്ച സ്വകാര്യപ്രാക്ടീസ് പുനരാരംഭിക്കുമെന്ന് പ്രസ്താവന നടത്തിയയാളാണ് അടൂര്‍ പ്രകാശ്. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ , അനുബന്ധ ജീവനക്കാര്‍ , ചികിത്സാ സൗകര്യങ്ങള്‍ , മരുന്നിന്റെ ലഭ്യത തുടങ്ങിയ വിഷയങ്ങള്‍ മനസ്സിലാക്കുന്നതിനോ പഠിക്കുന്നതിനോ അവയ്ക്ക് പരിഹാരമുണ്ടാക്കുന്നതിനോ ശ്രമിക്കുന്നതിനു മുമ്പ് ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് പുനരാരംഭിക്കുന്നതിനാണ് അദ്ദേഹം പ്രാമുഖ്യം നല്‍കിയത്. ഇതൊരു സൂചനയായിരുന്നു. ഏതു കാര്യത്തിനാണ് മന്ത്രി മുന്‍ഗണന നല്‍കുന്നതെന്ന് ഈ ആദ്യപ്രസ്താവനയില്‍ നിന്നുതന്നെ തെളിയുന്നുണ്ട്.
   
"എലിപ്പനിയില്‍ വിറച്ച് കേരളം" എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത സെപ്തംബര്‍ 22 ന്റെ മലയാള മനോരമയുടേതാണ്. ഉമ്മന്‍ചാണ്ടി ഭരണത്തിന് താങ്ങും തണലുമായി കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന മനോരമയ്ക്കു പോലും മറച്ചുവയ്ക്കാന്‍ കഴിയാത്ത തരത്തില്‍ പനിയും പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നു എന്നാണ് പ്രസ്തുത വാര്‍ത്ത വിശദമാക്കിയത്. വിവിധ ജില്ലകളില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് എലിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം, കോളറ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ പിടിയിലാണ് കേരളമെന്നാണ്. ഇതിനകം ഇരുന്നൂറോളം പേര്‍ മരിച്ചുവെന്ന് ഔദ്യോഗിക കണക്ക്. യഥാര്‍ത്ഥ കണക്ക് ഇതിന്റെ മൂന്നിരട്ടിയാണെന്നും വാര്‍ത്തകളുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ളതാണ് ഈ കണക്ക്. സ്വകാര്യ ആശുപത്രികളിലെ മരണസംഖ്യ ഇതിനു പുറമേയാണ്. രോഗബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെയും ചികിത്സ തേടാനാവാതെ സ്വന്തം വീടുകളില്‍ കഴിഞ്ഞുകൂടുന്നവരുടെയും എണ്ണം കൂടി കൂട്ടുമ്പോള്‍ സംഖ്യ ആയിരങ്ങളിലെത്തും.

എന്തുകൊണ്ട് പകര്‍ച്ചവ്യാധികള്‍ ?

വിവിധയിനം പനിയും മറ്റ് പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുന്നത് പൊതുവില്‍ ആരോഗ്യപരിപാലന രംഗത്തുണ്ടായിട്ടുള്ള ജാഗ്രതക്കുറവിന്റെ ഫലമാണെന്ന് കണ്ടെത്താന്‍ ഏറെയൊന്നും മിനക്കെടേണ്ടതില്ല. ഇപ്പോള്‍ പടരുന്ന രോഗങ്ങളൊക്കെ ജല-പരിസര മലിനീകരണത്തിന്റെ ഫലമാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്. ഇതിനൊപ്പം രോഗപ്രതിരോധ-നിയന്ത്രണപ്രവര്‍ത്തനങ്ങളും ചികിത്സാ സംവിധാനങ്ങളും ചിട്ടപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയും സാഹചര്യങ്ങള്‍ വഷളാക്കുന്നുണ്ട്. മാലിന്യനിര്‍മാര്‍ജനത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുകയും പ്രസ്താവനകള്‍ ഇറക്കുകയും സെമിനാറുകള്‍ നടത്തുകയും ചെയ്യുന്നതല്ലാതെ മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നതിന് ഫലപ്രദമായ ഒരു നടപടിയും സര്‍ക്കാര്‍ ഇതേവരെ സ്വീകരിച്ചിട്ടില്ല. സാധാരണഗതിയില്‍ മഴക്കാലത്താണ് ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലുള്ളത്. സവിശേഷമായ ഭൂഘടനയുള്ള കേരളത്തില്‍ മഴക്കാലം രോഗങ്ങള്‍ക്ക് സാധ്യത ഏറെയുള്ളതാണെന്ന് അറിയാത്തവരായും ആരുമുണ്ടെന്നു തോന്നുന്നില്ല. ഇതു മനസ്സിലാക്കി മുന്‍കൂട്ടി മാലിന്യനിര്‍മാര്‍ജനത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കുകയും അത് കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഈ ദിശയില്‍ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തില്ലെന്നാണ് ഇപ്പോഴത്തെ രോഗാതുരമായ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തുന്നത്. മാലിന്യമുക്തകേരളം എന്ന പദ്ധതിയെപ്പറ്റി ആവേശപൂര്‍വം പറയുന്നതല്ലാതെ ഇതിനാവശ്യമായ സമഗ്രപദ്ധതികള്‍ ആവിഷ്കരിക്കുകയോ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ അത് പ്രായോഗികമാക്കാന്‍ ശ്രമിക്കുകയോ ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കേണ്ടത് ആരോഗ്യവകുപ്പാണ്. അതിന് അവര്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനും കൃത്യമായ ദിശാബോധം നല്‍കാനും മുഖ്യമന്ത്രിക്കുള്ള ചുമതലയും കുറച്ചുകാണാന്‍ കഴിയില്ല. എന്നാല്‍ ജനങ്ങളുടെ ജീവനും നിലനില്‍പ്പിനും പരമപ്രാധാന്യം കല്‍പ്പിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാരാകട്ടെ, മറ്റു പല സ്വയംകൃതാനര്‍ത്ഥങ്ങളിലും പ്രതിസന്ധികളിലുംപെട്ട് ഉഴലുന്ന കാഴ്ചയാണ് കഴിഞ്ഞ മൂന്നുനാലു മാസമായി ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അല്ലെങ്കില്‍ത്തതന്നെ ഓരോ ദിവസവും അഴിമതിയാരോപണങ്ങളുടെയും അഴിമതിക്കേസുകളുടെയും ഊരാക്കുടുക്കില്‍പ്പെട്ട് നട്ടം തിരിയുന്ന മന്ത്രിമാര്‍ക്ക് സ്വന്തം നിലനില്‍പ്പു തന്നെ തുലാസിലാടുമ്പോള്‍പ്പിന്നെ ജനങ്ങളുടെ ക്ഷേമമന്വേഷിക്കാന്‍ എവിടെയാണ് നേരം കിട്ടുക?
   
എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നടപടികള്‍ അട്ടിമറിച്ചത് പ്രശ്നമായി

2006-11 കാലത്ത് അധികാരത്തിലിരുന്ന എല്‍ഡിഎഫ് ഗവണ്‍മെന്റ് ആരോഗ്യപരിപാലനരംഗത്ത് നടപ്പാക്കിയ കുറ്റമറ്റതും ദീര്‍ഘവീക്ഷണത്തോടെയുമുള്ള പദ്ധതികള്‍ തകിടം മറിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പ്രധാന കാരണം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിന്റേയും പ്രശംസ പിടിച്ചുപറ്റിയ നടപടികളായിരുന്നു അന്നത്തെ മന്ത്രി പികെ ശ്രീമതിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്രഗവണ്‍മെന്റുതന്നെ ആ പദ്ധതികളെ പുകഴ്ത്തി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. അന്ന് എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരമേറ്റെടുത്ത് ഏറെ കഴിയുംമുമ്പാണ് സംസ്ഥാനത്ത് പല ജില്ലകളിലും ചിക്കുന്‍ ഗുനിയയും എച്ച്1 എന്‍1 പനിയും പടര്‍ന്നത്. വല്ലാതെ ഭീതിജനിപ്പിച്ച അന്തരീക്ഷമായിരുന്നു അന്ന് കേരളത്തില്‍ . പക്ഷേ, ഗവണ്‍മെന്റ് യുദ്ധകാലാടിസ്ഥാനത്തില്‍ത്തന്നെ രോഗപ്രതിരോധ-നിയന്ത്രണ നടപടികള്‍ സ്വീകരിച്ചു. സംസ്ഥാനതലത്തില്‍ രോഗപ്രതിരോധ-നിയന്ത്രണ സെല്‍ രൂപീകരിച്ചു. ഇതിന് ജില്ലാതല യൂണിറ്റുകളും സ്ഥാപിച്ചു. സെല്ലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും വകുപ്പ് മന്ത്രിതന്നെ നേരിട്ട് നേതൃത്വം നല്‍കി.
   
ആരോഗ്യവകുപ്പിലെ 15,000ത്തോളം പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി വര്‍ക്കര്‍മാരുടെയും സേവനവും രോഗപ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുന്ന തദ്ദേശ,വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പുകളെ ആരോഗ്യവകുപ്പുമായി ഏകോപിപ്പിച്ചായിരുന്നു ഈ പ്രവര്‍ത്തനങ്ങളാകെ നടത്തിയത്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രോഗബാധിതമേഖലകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ചിക്കുന്‍ ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി എന്നീ കൂടുതല്‍ ഭീതിജനകമായ നാല് രോഗങ്ങള്‍ നിയന്ത്രിക്കാന്‍ "ഫോര്‍ പ്ലസ്" എന്ന പേരില്‍ തീവ്രയജഞ പരിപാടി നടപ്പാക്കി. ഈ പരിപാടി ദേശീയശ്രദ്ധ നേടിയതും ആരോഗ്യപരിപാലന രംഗത്തെ കേരളത്തിന്റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി. മഴക്കാലപൂര്‍വരോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ , ഡ്രൈഡേ ദിനാചരണം എന്നിവയും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചികിത്സാ സംവിധാനങ്ങളിലും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചാണ് ഈ രംഗത്ത് എല്‍ഡിഎഫ് ഗവണ്‍മെന്റ് പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജീവന്‍രക്ഷാമരുന്നടക്കം ചികിത്സയ്ക്കാവശ്യമായ എല്ലാ മരുന്നുകളും മെഡിക്കല്‍ കോളജ് മുതല്‍ ഡിസ്പെന്‍സറി വരെയുള്ള ആശുപത്രികളില്‍ ഉറപ്പാക്കിക്കൊണ്ടായിരുന്നു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രൂപീകരിച്ചു. നേരത്തെ ഉണ്ടായിരുന്ന കേന്ദ്രീകൃത മരുന്നുവാങ്ങല്‍ സമ്പ്രദായത്തില്‍ കൊടികുത്തിവാണിരുന്ന അഴിമതി അവസാനിപ്പിക്കാനും യഥാര്‍ത്ഥത്തില്‍ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും വേണ്ടിയായിരുന്നു ഇത്തരമൊരു കോര്‍പറേഷന്‍ രൂപീകരിച്ചത്. ഇത് ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന തമിഴ്നാടിന്റെ മാതൃക സ്വീകരിച്ചാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ഉടന്‍തന്നെ ഈ കോര്‍പറേഷന്‍ രൂപീകരിച്ചത്.

ഇതിനു മുമ്പുണ്ടായിരുന്ന കേന്ദ്രീകൃത സംവിധാനത്തില്‍ മരുന്നുവാങ്ങലിന്റെ എല്ലാ തലങ്ങളിലും അരങ്ങേറിയിരുന്നത് നഗ്നമായ അഴിമതിയായിരുന്നു. ഓര്‍ഡര്‍ നല്‍കുന്നതു മുതല്‍ മരുന്ന് എത്തിക്കുന്നതു വരെയുള്ള വിവിധ ഘട്ടങ്ങളിലെല്ലാം ഏജന്റുമാര്‍ക്കും ഇടനിലക്കാര്‍ക്കുമൊക്കെ കമ്മീഷന്‍ നല്‍കേണ്ട സ്ഥിതിയായിരുന്നു. മരുന്നിന് കൂടുതല്‍ വില നല്‍കേണ്ടി വരിക, ആവശ്യമുള്ള മരുന്നുകള്‍ ലഭിക്കാതിരിക്കുക, ആവശ്യമില്ലാത്ത മരുന്നുകള്‍ താഴെ തട്ടിലുള്ള പല ആശുപത്രികളിലും നല്‍കേണ്ടി വരിക എന്നിവയൊക്കെയായിരുന്നു ഇതുമൂലം നടന്നിരുന്നത്. ആ വര്‍ഷങ്ങളില്‍ ശരാശരി 120 കോടിയുടെ മരുന്നുകളാണ് ഒരു വര്‍ഷം ആരോഗ്യവകുപ്പ് വാങ്ങിയിരുന്നത്. എന്നാല്‍ ഇതില്‍ 40 കോടിയും കമ്മീഷനായി നല്‍കുന്ന സ്ഥിതിയായിരുന്നു. ഈ അനാശാസ്യപ്രവണതകള്‍ ഇല്ലാതാക്കാനാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് രൂപം നല്‍കിയത്. ഇതുവഴി ടെന്‍ഡര്‍ നടത്തി മരുന്നുലഭ്യത ഉറപ്പാക്കാന്‍ അന്ന് കഴിഞ്ഞു. 120 കോടിയുടെ മരുന്ന് വാങ്ങുമ്പോള്‍ 120 കോടിക്കുമുള്ള മരുന്നുകള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടായി. ഏജന്റുമാരുടെയും ഇടനിലക്കാരുടെയും കഴുത്തറുപ്പന്‍ കമ്മീഷന്‍ ഒഴിവായതോടെ മുന്നൂറോളം ഇനം മരുന്നുകള്‍ക്ക് 20-30 ശതമാനം വരെ വില കുറച്ചാണ് മരുന്നു കമ്പനികള്‍ വില ക്വാട്ട് ചെയ്തിരുന്നത്. ഇതിലൂടെ ആവശ്യമുള്ള എല്ലാ മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞു. ഇതിനു പുറമെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ മൂന്നു മാസത്തെ മരുന്ന് കരുതല്‍ശേഖരമായി സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തി.

കേന്ദ്ര-സംസ്ഥാന-ഗുണഭോക്തൃ വിഹിതങ്ങള്‍ ഉള്‍പ്പെട്ട ഇന്‍ഷ്വറന്‍സ് ഫണ്ടായ ആര്‍എസ്ബിവൈ (രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന) ഫലപ്രദമായി നടപ്പാക്കി. ഡോക്ടര്‍മാരുടെ ഒഴിവുനികത്തുന്നതിലും എല്‍ഡിഎഫ് ഗവണ്‍മെന്റ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. 2006ല്‍ ആരോഗ്യവകുപ്പില്‍ 45 ശതമാനത്തോളം ഡോക്ടര്‍മാരുടെ ഒഴിവുള്ളപ്പോഴായിരുന്നു എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരമേറ്റെടുത്തത്. 2011 മെയ് മാസത്തില്‍ അധികാരമൊഴിയുമ്പോള്‍ ഡോക്ടര്‍മാരുടെ 95 ശതമാനം ഒഴിവുകളും നികത്തിയിരുന്നു. പിഎസ്സി ടെസ്റ്റും അനുബന്ധ നടപടികളും നീണ്ടുപോകുന്നത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളൊഴിവാക്കാന്‍ പിഎസ്സി യുമായി ചര്‍ച്ച ചെയ്ത് ടെസ്റ്റ് ഒഴിവാക്കി ഇന്റര്‍വ്യൂ മാത്രം നടത്തി വളരെ പെട്ടെന്നു തന്നെ എംബിബിഎസുകാരെ നിയമിച്ചു. ഡോക്ടര്‍മാരുടെ ശമ്പളം ആകര്‍ഷകമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിനു പുറമെ രാജ്യത്ത് ആദ്യമായി ഗ്രാമീണമേഖലയില്‍ ഡോക്ടര്‍മാരുടെ സേവനം നിശ്ചിത കാലയളവില്‍ നിര്‍ബന്ധമാക്കുക വഴി ഗ്രാമങ്ങളില്‍ ആയിരത്തോളം ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞു. കൂടാതെ എന്‍ആര്‍എച്ച്എം ഫണ്ടുപയോഗിച്ച് 1000 ഡോക്ടര്‍മാരെ കോണ്‍ട്രാക്ട് വ്യവസ്ഥയിലും നിയമിച്ച് ചികിത്സാസംവിധാനം ശക്തിപ്പെടുത്തി.

ഇപ്പോഴത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും

മാലിന്യനിര്‍മാര്‍ജന നടപടികളിലുണ്ടായ അലംഭാവത്തിനൊപ്പം ഈവക സംവിധാനങ്ങള്‍ തകര്‍ത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. രോഗപ്രതിരോധ-നിയന്ത്രണ നടപടികള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന സംവിധാനങ്ങള്‍ ഒന്നുപോലും ഫലപ്രദമായി നടപ്പാക്കാന്‍ ഗവണ്‍മെന്റ് ശ്രദ്ധിക്കുന്നില്ല. എന്തിനേയും ലാഭക്കണ്ണോടെ കാണുന്ന യുഡിഎഫ് ഭരണത്തിന്റെ പൊതുതത്വശാസ്ത്രം ആരോഗ്യമേഖലയിലും അരങ്ങുവാഴാന്‍ തുടങ്ങിയതോടെ സകലതും താളം തെറ്റുകയായിരുന്നു. മരുന്നുകമ്പനികളും ഏജന്റുമാരും ഇടനിലക്കാരുമായുള്ള അവിശുദ്ധസഖ്യം വീണ്ടും സജീവമായി. ഇപ്പോള്‍ ഒരു വര്‍ഷം 180 കോടിയുടെ മരുന്നാണ് ആരോഗ്യവകുപ്പ് വാങ്ങുന്നത്. കമ്മീഷന്‍ വ്യവസ്ഥ സജീവമാകുന്നതോടെ ഇതില്‍ 50 കോടിയിലേറെ രൂപ വിവിധ തലങ്ങളിലെ കമ്മീഷനായി ചോരുന്ന സ്ഥിതിയുണ്ടാകും.മെഡിക്കല്‍ കോര്‍പറേഷന്റെ ടെന്‍ഡര്‍ നടപടികള്‍ അനിശ്ചിതമായി നീണ്ടു.
   
കോര്‍പറേഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും ഭംഗം കൂടാതെ നിലനിര്‍ത്തിയിരുന്ന മൂന്നു മാസത്തെ കരുതല്‍ മരുന്നുശേഖരം ഇപ്പോഴില്ലാതെയായി. കഴിഞ്ഞ മാര്‍ച്ച് 31നു മുമ്പ് അന്നത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റ് ജൂണ്‍ വരെയുള്ള മൂന്നു മാസത്തെ മരുന്നു ശേഖരിച്ചുവച്ചിരുന്നു. വിത്തെടുത്ത് കുത്തുന്നു എന്നു പറയുന്നതുപോലെ, എല്‍ഡിഎഫ് ഗവണ്‍മെന്റ് കരുതിവച്ചിരുന്ന മരുന്നാണ് ഈ ഗവണ്‍മെന്റ് ജൂണ്‍ വരെ ഉപയോഗിച്ചത്. പിന്നീട് മരുന്ന് ശേഖരിക്കാന്‍ ഒന്നും ചെയ്തതുമില്ല. അതാണ് ഇപ്പോഴത്തെ മരുന്ന്ക്ഷാമത്തിന് കാരണം. പുതിയ ടെന്‍ഡര്‍ പൂര്‍ത്തിയാക്കാത്തതുകൊണ്ട് പഴയ ടെന്‍ഡറിന്റെ നിരക്കില്‍ മരുന്ന് വിതരണം ചെയ്യാന്‍ കമ്പനികളോട് ആവശ്യപ്പെടുക മാത്രമാണ് ഗവണ്‍മെന്റ് ചെയ്തത്. ഇതനുസരിച്ച് കമ്പനികള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ വിലയുള്ള മരുന്നുകള്‍ മാത്രമേ വിതരണം ചെയ്യാന്‍ തയ്യാറായുള്ളൂ. പകര്‍ച്ചവ്യാധി ചികിത്സയ്ക്കുള്ള മരുന്നുകള്‍ ലഭ്യമല്ലാതായത് ഇതുകൊണ്ടാണ്. ആര്‍എസ്ബിവൈ ഫണ്ട് വകമാറ്റി ചെലവഴിച്ചതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.
   
ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്ന കാര്യത്തിലും ഗവണ്‍മെന്റ് തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്. മുമ്പ് ഡോക്ടര്‍മാരുടെ ദീര്‍ഘകാല അവധിക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ അതൊക്കെ കാറ്റില്‍ പറത്തിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ ഗ്രാമീണസേവനം കര്‍ശനമാക്കുന്നതിലും ഇപ്പോള്‍ പഴുതുകള്‍ ഏറെയാണ്. ഇതുമൂലം ഗ്രാമീണമേഖലയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലടക്കം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിരവധിയാണ്. ഗ്രാമീണമേഖലയിലാണ് പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപകമായി പടര്‍ന്നുപിടിക്കുന്നതെന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.

കെ വി സുധാകരന്‍ ചിന്ത 071011

1 comment:

  1. പനി ബാധിച്ചു മരിച്ചവരില്‍ ചിലര്‍ക്ക് കരള്‍രോഗമുണ്ടായിരുന്നു എന്നതുകൊണ്ട് അവരൊക്കെ മദ്യപാനികളായിരുന്നു എന്ന സംസ്ഥാന ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ പ്രസ്താവന കൗതുകകരമാണ്. മദ്യപാനികള്‍ക്കു മാത്രമേ കരള്‍രോഗമുണ്ടാകൂ എന്ന "വിദഗ്ധ നിഗമന"ത്തില്‍ മന്ത്രി എത്തിച്ചേര്‍ന്നത് എങ്ങനെയെന്ന് വിശദീകരിക്കാനുള്ള ബാധ്യത അദ്ദേഹത്തിനാണ്. ഇത്ര ഗൗരവതരമായ വിഷയത്തില്‍ മന്ത്രിപദവിയിലിരുന്നുകൊണ്ട് അന്തസ്സാരശൂന്യമായ പ്രസ്താവനകള്‍ നടത്താമോ എന്ന് തീരുമാനിക്കേണ്ടതും അദ്ദേഹം തന്നെയാണ്. ഏതായാലും നിരുത്തരവാദപരമായ ഈ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധം നിയമസഭയ്ക്കകത്തുതന്നെ ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയും ഖേദപ്രകടനം നടത്തി തടി ഊരിയിരിക്കുകയാണ്. ഈ ആരോഗ്യമന്ത്രി ഇപ്പോള്‍ മാത്രമല്ല, ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത്.

    ReplyDelete