Monday, October 3, 2011

നിര്‍ദ്ദേശത്തിന് പിന്നില്‍ ഫണ്ടിംഗ് ഏജന്‍സികള്‍

കുടിവെള്ളത്തിന്റെ വില കുത്തനെ കൂട്ടുന്നത് എ ഡി ബിയടക്കമുള്ള ഏജന്‍സികള്‍ക്കുവേണ്ടി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തിരസ്‌കരിച്ച നിര്‍ദ്ദേശമാണ് വീണ്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കൈവശം വേണ്ടത്ര മുതല്‍ മുടക്കില്ലാത്തതിനാല്‍ എ ഡി ബി, ജപ്പാന്‍ ബാങ്ക് തുടങ്ങിയ വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്താണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. വായ്പ സ്വീകരിക്കുമ്പോള്‍ ജലഅതോറിറ്റിയും ഫണ്ടിംഗ് ഏജന്‍സിയും തമ്മില്‍ കരാര്‍ ഒപ്പിടും. ഈ കരാറിലാണ് ഫണ്ടിംഗ് ഏജന്‍സികള്‍ വിവിധ വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും പാവപ്പെട്ട ജനങ്ങെള പ്രതികൂലമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എ ഡി ബി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സ്ഥിതിഗതികള്‍ ആകെ മാറി. വെള്ളക്കരം വര്‍ധിപ്പിക്കണമെന്ന് ഇവര്‍ പുതിയ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് അത്തരമൊരു നിര്‍ദ്ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാന്‍ ജല അതോറിറ്റി തയ്യാറായി.
ഇതിന് വകുപ്പ് മന്ത്രിയുടെ മൗന സമ്മതവും ലഭിച്ചതായി ബോര്‍ഡ് അംഗങ്ങള്‍തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച നടന്ന ബോര്‍ഡ് യോഗത്തില്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനെതിരെ ചില ബോര്‍ഡ് അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

നിലവിലുള്ള രീതിയില്‍ വാട്ടര്‍ അതോറിറ്റിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളക്കരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രസരണ നഷ്ടം, പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവ്, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള ചെലവ് തുടങ്ങിയ ഭീമമായി വര്‍ധിക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതൊക്കെ ചാര്‍ജ് കൂട്ടുന്നതിനുള്ള മുടന്തന്‍ ന്യായങ്ങള്‍ മാത്രമാണ്. പ്രസരണ നഷ്ടം കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ ടെക്‌നിക്കല്‍ മെമ്പര്‍ അവതരിപ്പിച്ചിരുന്നു.
നിലവിലുള്ള പി വി സി, ജി ഐ (ഇരുമ്പ്) തുടങ്ങിയ പൈപ്പുകള്‍ മാറ്റി എം ഡി പി ഇ (മീഡിയം ഡെന്‍സിറ്റി പോളീ എത്തിലീന്‍) പൈപ്പുകള്‍ സ്ഥാപിച്ചാല്‍ പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രത്യേക നിര്‍ദ്ദേശവും ടെക്‌നിക്കല്‍ മെമ്പറുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. നിലവിലുള്ള പ്രസരണ നഷ്ടം 32  ശതമാനമാണ്. പുതിയ സംവിധാനം നടപ്പാക്കിയാല്‍ നഷ്ടം കേവലം ഏഴ് ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പൈപ്പുകള്‍ പൊട്ടുന്നതിനുള്ള മുഖ്യകാരണം ഭാരമേറിയ വാഹനങ്ങള്‍ പൈപ്പിന്റെ പുറത്ത് കൂടി പോകുന്നതാണ്. എന്നാല്‍ എം ഡി പി ഇ പൈപ്പുകള്‍ ഉപയോഗിച്ചാല്‍ പൊട്ടല്‍ ഒഴിവാക്കാന്‍ കഴിയും. കൂടാതെ വിതരണ കുഴലുകള്‍ കടന്ന് പോകുന്ന സ്ഥലങ്ങളില്‍ 200 മീറ്റര്‍ ഇടവിട്ട് എയര്‍വാല്‍വുകള്‍ സ്ഥാപിക്കണം. എയര്‍വാല്‍വുകള്‍ സ്ഥാപിക്കുന്നതിലൂടെ പൈപ്പുകളിലെ അമിത മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയും. ഇതിലൂടെ ജല അതോറിറ്റിക്ക് കോടികളുടെ ലാഭം പ്രതിമാസം നേടാന്‍ കഴിയും.

ഗാര്‍ഹിക കണക്ഷനിലെ ബോറിംഗ് പോയിന്റിലുള്ള ചോര്‍ച്ച തടഞ്ഞാലും പ്രസരണ നഷ്ടം കുറച്ച് വന്‍തുക ലാഭിക്കാന്‍ കഴിയും. കൂടാതെ സംസ്ഥാനത്ത് ആകെ സ്ഥാപിച്ചിട്ടുള്ള 65 ശതമാനം വാട്ടര്‍ മീറ്ററുകളാണ് കൃത്യമായി പ്രവര്‍ത്തിക്കുന്നത്. ഇത് പരിശോധിച്ച് കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചാലും വന്‍തുക ചാര്‍ജ് ഇനത്തില്‍ ജല അതോറിറ്റിക്ക് ലഭിക്കുമെന്നും കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ച ടെക്‌നിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇത്തരം ക്രീയാത്മകമായ നിര്‍ദ്ദേശങ്ങല്‍ അവഗണിച്ച് വെള്ളംക്കരം കൂട്ടി നഷ്ടം നികത്താനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്.

യു ഡി എഫ് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടത് ഒഴിവാക്കാവുന്ന വെള്ളക്കര വര്‍ധനയാണ്. നൂറ് ദിനം വിസമയത്തിന്റെ തുടര്‍ചലനങ്ങള്‍ ഒരിക്കലൂടെ സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഇരുട്ടടിയാകുമോയെന്നാണ് ഇനി അറിയാനുള്ളത്.

കെ ആര്‍ ഹരി janayugom 031011

1 comment:

  1. കുടിവെള്ളത്തിന്റെ വില കുത്തനെ കൂട്ടുന്നത് എ ഡി ബിയടക്കമുള്ള ഏജന്‍സികള്‍ക്കുവേണ്ടി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തിരസ്‌കരിച്ച നിര്‍ദ്ദേശമാണ് വീണ്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരുന്നത്.

    സംസ്ഥാന സര്‍ക്കാരിന്റെ കൈവശം വേണ്ടത്ര മുതല്‍ മുടക്കില്ലാത്തതിനാല്‍ എ ഡി ബി, ജപ്പാന്‍ ബാങ്ക് തുടങ്ങിയ വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്താണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. വായ്പ സ്വീകരിക്കുമ്പോള്‍ ജലഅതോറിറ്റിയും ഫണ്ടിംഗ് ഏജന്‍സിയും തമ്മില്‍ കരാര്‍ ഒപ്പിടും. ഈ കരാറിലാണ് ഫണ്ടിംഗ് ഏജന്‍സികള്‍ വിവിധ വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കുന്നത്.

    ReplyDelete