Monday, October 3, 2011

"ടാഗോര്‍ നികേത"ന് ശിഹാബ് തങ്ങളുടെ പേരു നല്‍കാന്‍ നീക്കം

കോളേജുകള്‍ക്ക് മാര്‍ഗരേഖയില്ല; പരീക്ഷാനടത്തിപ്പില്‍ താളപ്പിഴ തുടര്‍ക്കഥ

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകള്‍ പാലിക്കേണ്ട നിബന്ധനകള്‍ അടങ്ങിയ മാര്‍ഗരേഖ പുതുക്കി പ്രസിദ്ധീകരിക്കാത്തത് പരീക്ഷാ നടത്തിപ്പില്‍ തുടര്‍ച്ചയായ താളപ്പിഴ ഉണ്ടാകാനിടയാക്കുന്നു. പരീക്ഷാ നടത്തിപ്പില്‍ അബദ്ധങ്ങള്‍ തുടര്‍ച്ചയായ സാഹചര്യത്തില്‍ മാര്‍ഗരേഖ ഉടന്‍ പ്രസിദ്ധീകരിക്കണമെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം. സര്‍വകലാശാല പല പരിഷ്കാരങ്ങളും നടപ്പാക്കിയെങ്കിലും കാലാനുസൃതമായി മാര്‍ഗരേഖ പുതുക്കാത്തതാണ് പാളിച്ചകളുണ്ടാകാന്‍ ഇടയാക്കുന്നതെന്നാണ് ആക്ഷേപം.

കോളേജുകളില്‍ പുതുതായി വരുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച സര്‍വകലാശാലാ നിബന്ധനകളെക്കുറിച്ച് വ്യക്തമായ ധാരണയില്ല. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വേഗത്തിലാക്കാന്‍ പല നടപടികളും സര്‍വകലാശാല കൈക്കൊള്ളുന്നുണ്ട്. എന്നാല്‍ പുതിയ രീതികള്‍ കോളേജുകള്‍ക്ക് പരിചയപ്പെടുത്താത്തതും പൊതുമാര്‍ഗരേഖ പ്രസിദ്ധീകരിക്കാത്തതും പരിഷ്കാരങ്ങള്‍ ഫലപ്രദമാകുന്നതിന് തടസ്സമാകുന്നു. മാസങ്ങള്‍ക്കുമുമ്പ് പല കോളേജുകളിലും തുടര്‍ച്ചയായി ചോദ്യപേപ്പര്‍ മാറി പൊട്ടിച്ച സംഭവമുണ്ടായി. ഇത് സര്‍വകലാശാലയും കോളേജുകളും തമ്മിലുള്ള ഏകോപനക്കുറവാണ് വ്യക്തമാക്കുന്നത്. ചില വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് കാണാതായ പ്പോള്‍ കോളേജ് അധികൃതരും പരീക്ഷാഭവന്‍ ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി രക്ഷപ്പെടുകയായിരുന്നു. വിദ്യാര്‍ഥി പ്രവേശം, പരീക്ഷാ നടത്തിപ്പ്, സിലബസ് പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം കോളേജ് അധികൃതര്‍ പരീക്ഷാഭവനിലേക്ക് ഫോണില്‍ വിളിച്ചാണ് സംശയം ദൂരീകരിക്കുന്നത്.

കോളേജുകളില്‍നിന്ന് ഉത്തരക്കടലാസ് കെട്ടുകള്‍ പരീക്ഷാഭവനിലേക്ക് കൊണ്ടുപോകുന്നതിന് താല്‍ക്കാലിക ജീവനക്കാരെയാണ് പലപ്പോഴും സര്‍വകലാശാലാ അധികൃതര്‍ ചുമതലപ്പെടുത്തുന്നത്. ഇവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാറില്ല. ഇതുമൂലം ഉത്തരക്കടലാസ് മാറിക്കൊണ്ടുവരുന്നതടക്കമുള്ള പിഴവ് സംഭവിക്കാറുണ്ട്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. എന്നാല്‍ കോളേജുകള്‍ പാലിക്കേണ്ട നിബന്ധനകള്‍ അടങ്ങിയ മാര്‍ഗരേഖ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നടപടിയായില്ല. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ അടക്കമുള്ള പുതിയ സമ്പ്രദായങ്ങള്‍ ആവിഷ്കരിച്ചതിനാല്‍ സിലബസും പരീക്ഷാ നടത്തിപ്പും സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ ഏറെയാണ്.

"ടാഗോര്‍ നികേത"ന് ശിഹാബ് തങ്ങളുടെ പേരു നല്‍കാന്‍ നീക്കം

തേഞ്ഞിപ്പലം: സര്‍വകലാശാല ക്യാമ്പസിലെ വിവിധോദ്ദേശ്യ കെട്ടിടത്തിന് ടാഗോറിന്റെ നാമധേയത്തിന് പകരം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേര് നല്‍കാന്‍ നീക്കം. "ടാഗോര്‍ നികേതന്‍" എന്ന പേരായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. അതുമാറ്റി മുഹമ്മദലി ശിഹാബ് തങ്ങളുടെ പേര്നല്‍കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയിലെ മുസ്ലിംലീഗ് അനുകൂല അധ്യാപക സംഘടന രംഗത്തെത്തി. ലീഗ് ആവശ്യത്തിന് വഴങ്ങി കഴിഞ്ഞ 23ന് ചേര്‍ന്ന യുഡിഎഫ് സിന്‍ഡിക്കേറ്റിന്റെ ആദ്യയോഗം "ടാഗോര്‍ നികേതന്‍" എന്ന പേര് മരവിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജൂലായ് രണ്ടിന് ആക്ടിങ് വൈസ് ചാന്‍സലര്‍ ടോംജോസിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് വിവിധോദ്ദേശ്യ കെട്ടിടത്തിന് "ടാഗോര്‍ നികേതന്‍" എന്ന പേര് നല്‍കിയത്. ടാഗോറിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടി നടത്താന്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് സര്‍വകലാശാലക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം സിന്‍ഡിക്കേറ്റ് മിനുട്ട്സില്‍ രേഖപ്പെടുത്തുകയുംചെയ്തു. മുന്‍ സര്‍ക്കാരിന്റെ സഹായത്തോടെ അഞ്ച് കോടി ചെലവിലാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. അന്നത്തെ വൈസ് ചാന്‍സലര്‍ പ്രൊഫ. അന്‍വര്‍ ജഹാന്‍ സുബേരിയുടെയും എല്‍ഡിഎഫ് സിന്‍ഡിക്കേറ്റിന്റെയും പ്രത്യേക താല്‍പ്പര്യപ്രകാരം പത്ത് മാസംകൊണ്ടാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ , കംപ്യൂട്ടറൈസ്ഡ് ചലാന്‍ കൗണ്ടര്‍ , സൈബര്‍ സ്പോട്ട്, എസ്സി-എസ്ടി വിദ്യാര്‍ഥികള്‍ക്കും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഫിനിഷിങ് സ്കൂള്‍ തുടങ്ങിയ സൗകര്യങ്ങള്‍ വിവിധോദ്ദേശ്യ കെട്ടിടത്തില്‍ ഒരുക്കാനാണ് മുന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

ദേശാഭിമാനി 031011

2 comments:

  1. സര്‍വകലാശാല ക്യാമ്പസിലെ വിവിധോദ്ദേശ്യ കെട്ടിടത്തിന് ടാഗോറിന്റെ നാമധേയത്തിന് പകരം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേര് നല്‍കാന്‍ നീക്കം. "ടാഗോര്‍ നികേതന്‍" എന്ന പേരായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. അതുമാറ്റി മുഹമ്മദലി ശിഹാബ് തങ്ങളുടെ പേര്നല്‍കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയിലെ മുസ്ലിംലീഗ് അനുകൂല അധ്യാപക സംഘടന രംഗത്തെത്തി. ലീഗ് ആവശ്യത്തിന് വഴങ്ങി കഴിഞ്ഞ 23ന് ചേര്‍ന്ന യുഡിഎഫ് സിന്‍ഡിക്കേറ്റിന്റെ ആദ്യയോഗം "ടാഗോര്‍ നികേതന്‍" എന്ന പേര് മരവിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

    ReplyDelete
  2. ivar ithum cheyyum baki kanan irikkunnathe ullu.

    ReplyDelete